Archives / November 2020

സുഷമ.കെ.ജി
വീട്

വാക്കുകളിലൂടെ നീ.., അറിയാതെ

എനിക്കില്ലാതെ പോയൊരു 

വീടു തീർക്കുന്നുണ്ട്..

അവിടെ,

ആശിച്ചിട്ടും ആകാതിരുന്നൊരു

ഗൃഹസ്ഥയായ് കൊഞ്ചിച്ചും,

സ്നേഹിച്ചും, പരിഭവിച്ചും

ഊട്ടിയും , ഉണ്ടും

അമ്മയും, പെണ്ണും,

സഖിയുമാകാറുണ്ട്.

 

മഴ നനഞ്ഞെത്തുന്ന 

നിൻ്റെ ഉച്ചി തോർത്തുന്നൊരു

പെണ്ണവിടെ ഇറയത്ത് നിൽക്കുന്നുണ്ട്.

നീ എത്താൻ വൈകുമ്പോൾ

പിടയലോടവൾ

അലയുന്നുണ്ട്..

 

ഒന്നിച്ചു  നട്ട നാലു മണിയും,

ഗന്ധരാജനും, ചെമ്പരത്തിയും

പിച്ചകവും, സന്ധ്യകളിൽ

കുടമുല്ലയും ,പൂത്തു ഗന്ധം പരത്തുന്നുണ്ട്

 

ആ ഒറ്റമുറി വീട്ടിൽ 

അതിരില്ലാ സ്നേഹ നദിയിലെ

അരയന്നങ്ങളായ് നമ്മൾ നീന്തി

തുടിക്കാറുണ്ട്..

 

പണിക്കിറങ്ങും നേരം 

പടിവാതിലിൽ വച്ച്

പതിവായ് നീ തിരിഞ്ഞു 

നോക്കാറുണ്ട്

അതിനായ് മാത്രം ഞാനാ 

നോട്ടത്തിൻ്റെ

ലക്ഷ്യത്തിൽ ഉണ്ടാകാറുണ്ട്..

നിമിഷങ്ങൾ നീളുമ്പോൾ 'പോകണ്ടേ' ?

എന്ന ചോദ്യനോട്ടത്തിൽ

'പോകാടീ' എന്നൊരു കുസൃതി

കണ്ണിൽ വിരിയാറുണ്ട്...

 

നിൻ്റെ ചെറിയ അസ്വസ്ഥതകളിലും

കടൽ തിരകൾ മനസ്സിലുയരാറുണ്ട്

വയ്യായ്കകൾ ഒളിപ്പിക്കാൻ നീ ശ്രമിക്കുമ്പോൾ..

ആശങ്കകളുടെ അലകൾ ഞാനും

അടക്കി വയ്ക്കാറുണ്ട്..

 

നീയൊരു സ്നേഹ നദിയായ്

ഒഴുകുമ്പോളതിൽ ഒപ്പം ചരിക്കുന്നൊരു

പരുക്കൻ കല്ലാണു ഞാൻ

യാത്രക്കൊടുവിൽ

മനോഹരമായ് മിനുസമാക്കിയൊരു

ഉരുളൻ കല്ലാക്കി 

നീയെന്നെ മാറ്റും എന്നു ഞാനറിയുന്നുണ്ട്....

 

 

Share :