Archives / july 2021

കുളക്കട പ്രസന്നൻ
ഹൗഡി മോഡിയും നമസ്തേ ട്രംപും ലോകം മുഖവിലയ്ക്കെടുത്തില്ലെ

ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയും ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന ഭാവമാണ് ഒരേ വേദിയിൽ കണ്ടുമുട്ടിയ വേളയിലൊക്കെ പ്രകടമാക്കിയിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും സർവ്വ ശക്തരെന്ന് പറഞ്ഞു നടക്കുന്ന അമേരിക്കയും ഒരു കുടക്കീഴിൽ നിൽക്കണമെന്ന് പലരും ആഗ്രഹിച്ച നിമിഷങ്ങളാണ്  ഇരുവരും കൂടി നടത്തിയ സ്നേഹ പ്രകടനവേളകൾ. എന്നാൽ  അമേരിക്കയുടെ സ്നേഹപ്രകടനം ഇന്ത്യയെ അമേരിക്കൻ ചേരിയിൽ എത്തിക്കുന്നതിനുള്ള അടവുനയമാണെന്ന് ആർക്കും മനസ്സിലാകും.ഇന്ത്യ അമേരിക്കയുമായി അല്ലാതെ മറ്റൊരു രാജ്യവുമായി ആയുധ കച്ചവടമോ, എണ്ണ കച്ചവടമോ നടത്തിയാൽ അമേരിക്ക മുറുമറുക്കും. അതാണ് അമേരിക്ക.

ഇന്ത്യ - ചൈന യുദ്ധസമയത്ത് അമേരിക്കയുടെ ഏഴാം നാവികപ്പട ഇന്ത്യക്കെതിരെ ചീറിപ്പായാൻ തുടങ്ങിയത് ചരിത്രമാണ്. അന്ന് സോവിയറ്റ് യൂണിയൻ ഇന്ത്യക്ക് അനുകൂലമായി നിലപാട് എടുത്തതു കൊണ്ട് അമേരിക്ക ആ യുദ്ധമുഖത്ത് നിന്നു പിന്മാറി. ഇന്ത്യക്കെതിരെ പാകിസ്ഥാനുവേണ്ടി അമേരിക്ക നൽകി വന്ന സഹായങ്ങളും ചെറുതല്ല.

ഇപ്പോൾ ലോകത്ത് ഒരു സാമ്രാജ്യത്വ ചേരിക്ക് ചൈന ശ്രമിക്കുന്നു. ആ ചേരിയിൽ പാകിസ്ഥാനുമുണ്ട്. ലോകത്ത് അത്തരമൊരു ചേരി ഉണ്ടാവുന്നത് അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് അവർ കരുതുന്നു. എന്നാൽ ചൈനയ്ക്ക് എതിരെ നേരിട്ട് ശബ്ദിക്കാൻ അമേരിക്ക തയാറുമല്ല. ആ സാഹചര്യത്തിൽ ഇന്ത്യയെ കൂടെ നിർത്തുക എന്നതാണ് അമേരിക്കൻ തന്ത്രം. അപ്പോഴും അമേരിക്കയെ എത്രത്തോളം  വിശ്വസിക്കാം എന്ന് കാലം തെളിയിക്കും.

കൊവിഡ് - 19 നെതിരെ മലേറിയ രോഗ പ്രതിരോധ മരുന്ന് ഉപയോഗിക്കുന്ന സാഹചര്യത്തിൽ ആ പ്രതിരോധ മരുന്ന് ഇന്ത്യ കയറ്റുമതി ചെയ്യേണ്ട എന്നു തീരുമാനിച്ച ഘട്ടത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ആയിരിക്കെ ഡൊണാഡ് ട്രംപ് പ്രഖ്യാപിച്ചത് ഇന്ത്യ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ്. ട്രംപിൻ്റെ ഈ പ്രഖ്യാപനത്തോടെ ഇന്ത്യ നിലപാട് മാറ്റി. മാനുഷിക പരിഗണന വച്ച് കയറ്റുമതി തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യ - അമേരിക്ക ഭായി ഭായി കാലഘട്ടത്തിൽ ഇതു പോലെ പല സന്ദർഭങ്ങളും ഉണ്ടായി.

ഈ സാഹചര്യത്തിൽ 2016ലെ നവംബർ 8 ഓർത്തു പോകുന്നു. അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് വിജയത്തിലേക്ക് എന്ന വാർത്ത വരുന്നു. അതിനു പിന്നാലെ അന്ന് രാത്രി 8 മണിക്ക് ഇന്ത്യൻ ജനതയെ ഞെട്ടിച്ചുകൊണ്ട് ആ പ്രഖ്യാപനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി. നോട്ടു നിരോധനം. അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ വാർത്തയിൽ ലോകം സാകൂതം ശ്രദ്ധിക്കുമ്പോൾ ഇന്ത്യയിലെ 500, 1000 രൂപയുടെ നോട്ടു നിരോധനം വാർത്താപ്രാധാന്യം  നേടാതെ പോകുമെന്ന് കേന്ദ്ര സർക്കാർ കണക്കു കൂട്ടി. അവിടം മുതൽ ട്രംപി നോട്  മോദിക്ക് ആരാധന തുടങ്ങിയോ ?

പ്രധാനമന്ത്രി നരേന്ദ്രമോദി ആരാധനയോടെ കണ്ട ലോക നായകരിൽ ട്രംപും മറ്റൊന്ന് ഇസ്രയേൽ ഭരണാധികാരി ബഞ്ചമിൻ നെതന്യാഹുവും ആയിരിക്കണം. അതിൻ്റെ കാര്യകാരണം എന്തു തന്നെയായാലും ഇസ്രയേലിൽ പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ബഞ്ചമിൻ നെതന്യാഹുവിന് കേവല ഭൂരിപക്ഷം കിട്ടിയില്ല. ഇപ്പോൾ ട്രംപ്  പരാജിതനുമായി. 

2019 ൽ അമേരിക്കയിലെ ഹൂസ്റ്റണിൽ ഹൗഡി മോഡി എന്ന ഒരു ആഘോഷം സംഘടിപ്പിച്ചിരുന്നു.  ട്രംപും മോദിയും പങ്കെടുത്ത ആ പരിപാടിയിൽ അര ലക്ഷത്തിലധികം പേർ പങ്കെടുത്തു. ഹൗഡി മോഡി എന്നാൽ മോഡിക്ക് സുഖമാണോ എന്നതാണ് ആ പരിപാടിയുടെ അർത്ഥം. എന്നാൽ ആ പരിപാടിയുടെ ലക്ഷ്യം അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വോട്ട് ട്രംപിനു ഉറപ്പിക്കുകയായിരുന്നു. മറിച്ച് 2020ൽ ഇന്ത്യയിലും ട്രംപിനെ വരവേറ്റുകൊണ്ട് നമസ്തേ ട്രംപ് പരിപാടി നടന്നു . കൊവിഡ് ഭീഷണിയുടെ തുടക്കത്തിൽ ആയിരുന്നു നമസ്തേ ട്രംപ് പരിപാടി.  അതിനു ശേഷം ലോകം മാറുകയായിരുന്നു. കൊവിഡ് 19 ൻ്റെ വ്യാപനത്തിൽ ലോകം പ്രതിസന്ധിയിൽ ആയി. അല്ലായിരുന്നുവെങ്കിൽ ട്രംപിന് രണ്ടാമൂഴം കിട്ടാൻ സാധ്യതയുണ്ടായിരുന്നു .

2016ലെ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻ്റൻ വിജയിക്കുമെന്ന എല്ലാ പ്രവചനങ്ങളെയും നിഷ്പ്രഭമാക്കി കൊണ്ടാണ് ട്രംപ് അന്ന് വിജയിച്ചത്. ഒരു വനിത അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചിട്ടില്ലെന്നതും ട്രംപിന്  അനുകൂല  സാഹചര്യമായിട്ടുണ്ടാവാം.
കൂടാതെ വംശീയത മുതലാക്കി ട്രംപു നടത്തിയ നീക്കങ്ങളും അന്ന് രാഷ്ട്രീയ ധ്രുവീകരണത്തിനു വഴിവച്ചു. എന്നാൽ ട്രംപിൻ്റെ കണക്കുകൂട്ടലുകൾ കൊവിഡ് - 19 തെറ്റിച്ചു.  കൊവിഡ് -19 നെ പ്രതിരോധിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാതെ വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നതിലായിരുന്നു ട്രംപിനു വിനോദം. അവസാനം അദ്ദേഹം കൊവിഡ് ബാധിതനുമായി. വിഷയങ്ങളെ ഗൗരവത്തിലെടുക്കാതെ മണ്ടത്തരങ്ങൾ എഴുന്നള്ളിച്ച് മുന്നോട്ടു പോയതാണ് ട്രംപിൻ്റെ വീഴ്ച. അത് റിപ്പബ്ലിക്കൻ പാർട്ടിക്കു കൂടി ലഭിച്ച തിരിച്ചടിയാണ്.  

ട്രംപിനു മുമ്പ് രണ്ടു തവണ അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഒബാമയും അദ്ദേഹത്തിൻ്റെ പാർട്ടി ഡൊമോക്രാറ്റുമായും ഇന്ത്യ സൗഹൃദം പുലർത്തി പോരുകയായിരുന്നു. അതു വിസ്മരിച്ചു കൊണ്ടാണ് ട്രംപിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരക വേഷം ഇന്ത്യകെട്ടിയത്. വീണ്ടും ഡെമോക്രാറ്റുകൾ അമേരിക്കയിൽ അധികാരത്തിൽ വരുമ്പോൾ ഇന്ത്യയോടുള്ള സമീപനം ചർച്ച ചെയ്യപ്പെടും. സ്വാഭാവികമായി  ഭരണം മാറിയാലും അമേരിക്കയുടെ രാജ്യനയങ്ങളിൽ മാറ്റമുണ്ടാകാറില്ല എന്ന് ഇന്ത്യൻ ഭരണകൂടത്തിന് പ്രതീക്ഷ പുലർത്താം.

അമേരിക്കൻ പ്രസിഡൻ്റായി ജോ ബൈഡനും വൈസ് പ്രസിഡൻ്റായി കമലാഹാരിസും 2021 ജനുവരി 20 ന് അധികാരത്തിൽ വരുമ്പോൾ പ്രതീക്ഷ നൽകുന്ന ഭരണകൂടമാവുമോ? ഓരോ കാത്തിരിപ്പും പ്രതീക്ഷയുടേതാണല്ലോ.

കമൻ്റ്: കൊവിഡ് - 19 ലോകത്തെയാകെ മാറ്റിമറിക്കുമ്പോൾ അതിൽ ഭരണകൂടവും ഉൾപ്പെടുമെന്ന് അമേരിക്ക ബോദ്ധ്യപ്പെടുത്തുന്നു.

Share :