നിറതിങ്കളിൽ ഒരു വാനം
പൂർണമായും നിലാവിൽ കുളിച്ച വാനം, പ്രണയം പൂത്തുലഞ്ഞ കാടുകൾ പോലെ മനോഹരമാണ് എന്ന് സങ്കൽപ്പിക്കുക. അതുപോലെ മാനസികോല്ലാസം തരുന്നതാണ് നല്ല സാഹിത്യസൃഷ്ടികളുടെ വായന. നല്ല സാഹിത്യമെന്നാൽ എന്തെന്നാകും അടുത്ത ചോദ്യം. അതിന് ഏവർക്കും സ്വീകാര്യമായ ഒരു ഉത്തരം പറയുക പ്രയാസമാകും. അഭിരുചിക്കനുസരിച്ചാവും അതിന്റെ ഗണനീയത. എങ്കിലും സാഹിത്യം ഏറ്റം ഗൗരവമായി കാണുന്ന ഒരാൾക്ക് തൃപ്തി നൽകുന്ന സൃഷ്ടി എന്ന് അതിനെ വിളിക്കാമെന്ന് തോന്നുന്നു. പക്ഷെ, അത് ഉത്തമ സാഹിത്യമാകണമെന്നുമില്ല.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാഹിത്യ സൃഷ്ടികൾ ഒരു പരിധിവരെ ആനുകാലിക വായന പ്രതീക്ഷിക്കുന്നവ തന്നെയാണ്. ഇവിടെയാണ് മുകളിൽ പറഞ്ഞ പ്രസ്താവനക്ക് കൂടുതൽ പ്രസക്തി. ഈ ആഴ്ചയിലെ ആനുകാലിക വായനയിൽ മുകളിൽ സൂചിപ്പിച്ച പോലെ തൃപ്തി തന്ന ഒരു സൃഷ്ടിയും ഉണ്ടായില്ല എന്നത് പറയാതെ വയ്യ. എങ്കിലും ഭേദപ്പെട്ട ചിലതെങ്കിലും ശ്രദ്ധയിൽപ്പെടുകയും ച്യ്തു.
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1184 കാവ്യ വായനക്ക് കൂടുതൽ ഇടം നൽകുന്നു. കളത്തറ ഗോപന്റെ ഒരുപാടു മുറിക്കുള്ളിൽ ഒരു മുറി എന്ന കവിത വായനാ സുഖം തരിക മാത്രമല്ല, വർത്തമാന മലയാള കവിതയുടെ ഒരു പരിഛേദമായി നിലകൊള്ളുക കൂടി ചെയ്യുന്നു. ഒരു മാജിക്കൽ ഗൃഹാതുരത്വം പകർന്ന്, ജീവബോധത്തിന്റെ അകത്തലങ്ങളെ പുറംമോടിയുടെ ബഹിർസ്പന്ദമായി സ്ഫുരിപ്പിക്കുന്നു. താളബോധം ഭംഗലേശമെന്യേ ദ്യോതിപ്പിക്കുകയും ഭാവവും രൂപവും പരസ്പരബന്ധിയായി വിഷയശരീരത്തിൽ വിലയിക്കുകയും ചെയ്യുന്നു എന്നതാണ് ഈ കവിതയുടെ എടുത്തുപറയേണ്ട സവിശേഷത. ഈ ആഴ്ച വായിച്ചതിൽ ഏറ്റവും ആകർഷിച്ച കവിതയും ഇതു തന്നെ.
ഇതേ ലക്കത്തിൽ കെ.കെ.എസ്.ദാസിന്റെ രണ്ടു കവിതകൾ കൂടി വായിക്കുന്നു. ഇതിൽ കവിതയുണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ട്. ഒറ്റയൊറ്റ ആശയങ്ങൾ പരസ്പര പൂരകങ്ങളാകാതെ മുഴച്ചു നിൽക്കുന്ന വിരുദ്ധ ഭാവങ്ങൾ! ഇങ്ങനെയും എഴുതാമെന്നാവും. എഴുതിക്കോളൂ...വായനക്കാരന്റെ ആയുസ്സ് ഇനിയും ബാക്കിയുണ്ടല്ലോ!
[ തനി മലയാളം, പച്ച മലയാളം, വ്യവഹാര മലയാളം, സംസാരമലയാളം, ദേശമലയാളം തുടങ്ങി മലയാളത്തിനുള്ളിലെ നിരവധി മലയാങ്ങൾ നാമറിയുന്നുണ്ട്. ഇത് മലയാളത്തിന്റെ മാത്രമല്ല, എല്ലാ ഭാഷകളുടെയും ഈടുവയ്പുകളാണ്; ഭാഷയുടെ പരിണാമത്തിന്റെ കൈവഴികൾ കൂടിയാണവ. ഇവിടെയിതാ, മാധ്യമം ആഴ്ചപ്പതിപ്പ് ചില ഗോത്ര ഭാഷാ കവികളെ പരിചയപ്പെടുത്തുന്നു. തനി മലയാളത്തിന്റെ ( എന്നു പറയാമോ?) ജന്മഭാവമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന 14 കവിതകൾ. സുകുമാരൻ ചാലിഗദ്ധ മുതൽ സുരേഷ് എം. മഞ്ഞളംബര വരെ 12 കവികൾ. ഗോത്ര ഭാഷകളിലുള്ള മൂലവും അതിന്റെ വ്യവഹാര മലയാളത്തിലുള്ള മൊഴിമാറ്റവും. ഇതിൽ പല കവിതകളും ഇരുത്തം വന്ന രചനകളാണ്. മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനുള്ള ശ്രമം നന്ന്. അപ്പോഴും കള്ളി തിരിച്ച് മാറ്റിനിറുത്തപ്പെടുന്ന ഫീൽ തന്നെയാണ് അനുഭവപ്പെടുന്നത്.
സമകാലിക മലയാളം വാരിക ലക്കം 24 ൽ ബി.എസ്.രാജീവിന്റെ ഒറ്റയാൾ എന്ന കവിത, പരിസരപ്രണയത്തിന്റെ ഒതുക്കുകല്ലുകളിൽ ജീവരതിയുടെ തനിയാവർത്തനം പകരുന്ന അനുഭവമാകുന്നു. ഒറ്റപ്പാലത്ത്, ഒറ്റപ്പെട്ടവരുടെ രക്ഷക്കെത്തുന്ന ഒറ്റയാളിലാണ് ഭാവമൂന്നുന്നത്. നിശബ്ദഭാവത്തിൽ ഒരു ചലനാത്മകത സൃഷ്ടിക്കലായി ഈ കവിത.
ഇതേ ലക്കത്തിൽ, ആർദ്ര കാഴ്ചപ്പാട് എന്ന കവിത എഴുതിയിരിക്കുന്നു. നന്നായി കവിത എഴുതിയിരിക്കുന്നു. പക്ഷെ, കാഴ്ചപ്പാട് ഒട്ടും തന്നെ മാറുന്നില്ല എന്നതാണ് കാതലായ പ്രശ്നം. സ്ത്രീ ശരീരത്തിൽ നിന്നും വേർപെട്ടൊരവസ്ഥയിലേക്ക് നമ്മുടെ വനിതാ എഴുത്തുകാർക്ക് വളരാൻ കഴിയുന്നില്ല എന്ന് ഓരോരുത്തരും പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഇതെ പംക്തിയിൽ മുമ്പൊരിക്കൽ സൂചിപ്പിച്ച പോലെ, വനിതാ ഭാഷ ശാരീരിക അകലം പാലിക്കുന്നില്ല. ഇതിന് മറ്റൊരു ഉദാഹരണം കൂടി ഈ ആഴ്ചയിലൽ നിന്നുതന്നെ എടുത്ത് കാട്ടാം.
മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 34 പല തലമുറകളിൽപെട്ട ഏഴ് എഴുത്തുകാരുടെ കഥകളുമായാണ് പുറപ്പെട്ടിരിക്കുന്നത്. പുതിയ വനിതാ എഴുത്തുകാരിൽ ശ്രദ്ധേയയായ സിതാര.എസ് എഴുതിയിട്ടുള്ള വാക്കുകളുടെ ആകാശം എന്ന കഥ നോക്കുക. കാൻസർ ബാധിതയായ യുവതി, കീമോ ചെയ്യാൻ കൊണ്ടുപോകുന്ന അറ്റൻററാൽ ബലാത്സംഗം ചെയ്യപ്പെടുന്നു. തുടർന്ന് ബോധത്തിലും അബോധത്തിലുമായി അവൾ അനുഭവിക്കുന്ന മന:സ്ഫോടനങ്ങൾ! വളരെ നന്നായി, രാഗഭാവശുദ്ധമായ ലയത്തിലും ഭാഷയിലും കഥ പറഞ്ഞു. പക്ഷെ, കഥയിലുടനീളം സ്ത്രീ ശരീരഭാഷയല്ലാതെ ആത്മഭാഷാഭാവം ഒട്ടും തന്നെ പുറപ്പെടുന്നില്ല എന്നതാണ് ദുഃഖകരം എന്ന് പറയാതെ വയ്യ.
ഭാഷയുടെ ലയവും ഭാവവും ഏത് സാഹിത്യ സൃഷ്ടിയുടെയും ജീവനാണ്. ആ ജീവത്ഭാഷയുടെ ഉയിരും ഉയിർപ്പുമില്ലാതെ പുറപ്പെട്ടു വരുന്നവയാണ് ഇക്കാല സാഹിത്യ സൃഷ്ടികളിലേറെയുമെന്നത് തികച്ചും ഖേദകരമാണ്. വായനക്കാരൻ അത് തിരിച്ചറിയുന്നുണ്ട് എന്ന് എന്നാണാവോ ഇവർ മനസ്സിലാക്കുക? നമസ്തേ!