Archives / july 2021

കുളക്കട പ്രസന്നൻ
ഭക്ഷ്യ സാക്ഷരത അനിവാര്യം

ഓരോ നാടിൻ്റെയും കാലാവസ്ഥയ്ക്കനുസരിച്ച് അതാതിടങ്ങളിൽ വിളയുന്ന വിഭവങ്ങൾ ഭക്ഷ്യ യോഗ്യമാക്കുന്നതിനാണ്   പ്രാധാന്യം. അല്ലാതുള്ള ഭക്ഷ്യ സാധനങ്ങൾ ഉപയോഗിക്കരുത് എന്നല്ല ഈ പറഞ്ഞു വരുന്നത്. ആരുടെയും ഭക്ഷ്യ ശീലത്തിലേക്ക് കടന്നു കയറുക എന്ന ഉദ്ദേശ്യവും ഈ കുറിപ്പിനില്ല.

നമ്മുടെ മലയാളികൾക്ക് ഒരു ഭക്ഷണം ക്രമമുണ്ടായിരുന്നു. അതായത് രാവിലെ പഴങ്കഞ്ഞി , ഉച്ചയ്ക്ക് മുത്താഴം അല്ലെങ്കിൽ പോക്കഞ്ഞി. രാത്രിയിൽ അത്താഴം. ഇതിനിടയിൽ പകൽ മണിക്ക് ചായ, പതിനൊന്ന് മണിക്ക് കഞ്ഞിയും പുഴുക്കും കാന്താരിമുളക് ചമന്തി അല്ലെങ്കിൽ അച്ചാറ് . വൈകിട്ട് നാല് മണിക്ക് ചായയും കൂടാതെ അട, വത്സൻ, അവൽ ഏതേലും ഒന്ന് കാണും. സത്യത്തിൽ സമ്പത്തുള്ളവരുടെ തീൻമേശയിലെ വിഭവസമൃദ്ധമായ വിഭവങ്ങൾ ഇതായിരുന്നു. പിൽക്കാലത്ത് ഇതു സമ്പന്നൻ്റെ തീൻമേശയിൽ നിന്നു മാറി പാവപ്പെട്ടവൻ്റെ അടുക്കളയിൽ ഇവ സ്വാദിഷ്ടമായി.

ഭക്ഷണ രീതി കൊണ്ട് സമ്പന്നനും പാവപ്പെട്ടവനും അതിരുണ്ടായി. ബിരിയാണി, ബർഗർ, പിസ്ത , ഷവർമ്മ തുടങ്ങിയ വിഭവങ്ങൾ സമ്പന്നൻ്റെ തീൻമേശയിൽ വന്നു. കേരളം ജീവിത ശൈലി രോഗികളുടെ നാടായി മാറി. വന്നു വന്ന് പണക്കാരനും പാവപ്പെട്ടവനും എന്ന വ്യത്യാസമില്ലാതെ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ ഇത്യാദി രോഗികളാകുന്ന കാഴ്ച ആശുപത്രികളിൽ കണ്ട നീ ക്യൂ ഓർത്തെടുത്താൽ മതി. കൊവിഡ് 19 മൂലം ആശുപത്രികളിൽ തിരക്കു കുറഞ്ഞു എന്നു മാത്രം.

പണ്ട് കഴിച്ച വിഭവങ്ങൾ ദഹിക്കാൻ ഓരോരുത്തരുടെയും അദ്ധ്വാനം സഹായകരമായിരുന്നു. വീട്ടാവശ്യങ്ങൾക്ക് സമീപത്തെ കടയിലും ചന്തയിലും പോയിരുന്നത് നന്നായിരുന്നു. കുട്ടികൾ സ്കൂളിൽ പോയിരുന്നത് നടന്നാണ്.  വെള്ളം കോരുക, തുണി അലക്കുക , മുറ്റമടിക്കുക അങ്ങനെ എന്തെല്ലാം ജോലികൾ മനുഷ്യ അദ്ധ്വാനമായിരുന്നു. മനുഷ്യ പ്രയത്നങ്ങൾക്ക് വാഹനവും വാഷിംഗ് മെഷീനും ക്ലീനറും പമ്പ് സെറ്റും എല്ലാം എത്തിയപ്പോൾ മനുഷ്യ അദ്ധ്വാനം കുറഞ്ഞു. എന്നാൽ ആ സമയം ഭക്ഷണം പാചകം ചെയ്യാനെങ്കിലും എടുത്തു കൂടെ ? അതില്ല. എന്നിട്ടും മനുഷ്യൻ പറയുന്നു തിരക്കാണെന്ന്. യഥാർത്ഥ തിരക്കുള്ളവർ ഉണ്ട്. അവർ ആത്മാർത്ഥമായും ജോലി ചെയ്യുന്ന ആളുകളാണ്. എന്നു കരുതി മറ്റുള്ളവർ ആത്മാർത്ഥമായി ജോലി ചെയ്യുന്നില്ല എന്നു കരുതരുത്. മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്തി അത് നാലാളോട് പറഞ്ഞ് രസിക്കുന്നുണ്ട്. അതിവിടെ പറഞ്ഞിട്ടെന്ത് കാര്യമെന്ന് ആരേലും ചോദിച്ചാൽ കുറ്റം പറയരുത്. പട്ടിയുടെ വാൽ പന്തീരാണ്ടുകാലം കുഴലിൽ ഇട്ടാലും നിവരില്ല. 

മുത്താഴം (ഉച്ചഭക്ഷണം) കഴിഞ്ഞാൽ മുള്ളിന്മേലെങ്കിലും കിടക്കണം എന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത്. കേരളത്തിൽ ഓടയിൽ കിടക്കുന്നവരെ കണ്ടിട്ടുണ്ട്. അതിൽ ചിലർ നാടോടികളോ, പട്ടിണി പാവങ്ങളോ ആയിരിക്കും. അവരെ കുറിച്ചല്ല ഇവിടെ പറയുന്നത്. മദ്യപിച്ച് ലക്കുകെട്ട് ഓടയിൽ വീണു കടക്കുന്നവരുണ്ട്. മദ്യപാനത്തിനും ഒരു സാക്ഷരതയില്ല. മദ്യപിക്കുക എന്നാൽ ലക്കുകെട്ട് എവിടെയെങ്കിലും വീണു കിടക്കുക. 

ഭക്ഷ്യ വിഷയത്തിലേക്ക് വരാം. വിശപ്പുള്ളപ്പോൾ കഴിക്കുക എന്നതാണ് അതിൻ്റെ ശരി. ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി പറയുന്നത് രാവിലെ രാജാവിനെ പോലെ, ഉച്ചയ്ക്ക് രാജകുമാരനെപ്പോലെ, രാത്രിയിൽ ദരിദ്രനെപ്പോലെ എന്നാണ്. ഇങ്ങനെ പറയുന്നതിൽ ശാസ്ത്രീയതയുണ്ട്. രാത്രിയിൽ ജോലി ചെയ്യുന്നില്ല എന്നതുകൊണ്ട് വാരിവലിച്ചു തിന്നാൽ ദഹനക്കേടു ഉണ്ടാവും എന്നതുകൊണ്ടാണ് പഴമക്കാർ ഇതു പറഞ്ഞത്. മറ്റൊന്നുകൂടി പണ്ഡിതർ പറഞ്ഞിട്ടുണ്ട്. ഭക്ഷണം ഒരു വട്ടം കഴിക്കുന്നവൻ യോഗി, നാലുവട്ടം കഴിക്കുന്നവൻ രോഗി. നമ്മുടെ നാട്ടിലെ ജനങ്ങൾ ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ ആദ്യം കേരളീയനാവണം.

പ്രകൃതി അനുഗ്രഹിച്ച ഒരു നാടാണ് കേരളം. നാൽപ്പത്തിനാല്പുഴകൾ, കേരളത്തെ പുണർന്ന് കടൽ, നായകസ്ഥാനത്ത് വനം, ഭൂമിയുടെ ഗർഭപാത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന വയൽ. കേരളം സ്വർഗ്ഗമാണ്. ഇതിനെ നരകമാക്കാൻ ചില വികൃതി കുട്ടന്മാർ ശ്രമിച്ചു.അതിനാൽ പ്രകൃതി ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും സമ്മാനിച്ചു. ഇനിയും ഇത്തരം പ്രകൃതിദുരന്തങ്ങൾ നേരിട്ടേക്കാം. കാരണം പ്രകൃതിയോടുള്ള ക്രൂരത അവസാനിച്ചിട്ടില്ല.

ഈ പറഞ്ഞതിന് അർത്ഥം മരം വെട്ടരുതെന്നോ, പാറപ്പൊട്ടിക്കരുത് എന്നോ അല്ല. ഇതൊക്കൊ പണ്ടും നടക്കുന്നുണ്ട്. പക്ഷെ അതിനൊക്കെ ഒരു ധാർമ്മികതയുണ്ടായിരുന്നു. പ്രകൃതി സ്നേഹിച്ചു കൊണ്ടായിരുന്നു.

വയലുകൾ നികത്തപ്പെട്ടതിനാൽ അരി വാങ്ങാൻ അയൽ സംസ്ഥാനങ്ങളെ കേരളം ആശ്രയിക്കുന്നു. നെൽവയലുകൾ നികത്തപ്പെട്ടപ്പോൾ ജനശ്രദ്ധ തിരിക്കാൻ നുണപ്രചരണം എവിടുന്നോ പൊട്ടി പുറപ്പെട്ടു. ഷുഗർ, കൊളസ്ട്രോൾ, പ്രഷർ ഇതൊക്കെ അരിയാഹാരം കഴിക്കുന്നവരിൽ കൂടുതലാണെന്ന്. പഴങ്കഞ്ഞിയും, മുത്താഴവും അത്താഴവും അവലും കഴിച്ച നമ്മളത് വിശ്വസിച്ചു. തവിട് കളയാത്ത അരിയാഹാരം കഴിച്ചു നോക്കു. അപ്പോൾ മനസ്സിലാകും ഈ പറഞ്ഞത് പെരും നുണയാണെന്ന്. വെളിച്ചെണ്ണയെ പറ്റിയും കളളപ്രചരണമുണ്ടായി. ഹാർട്ട് അറ്റാക്ക് വരാൻ കാരണമാകുമെന്ന്. ഇതു കേട്ടയുടൻ വെളിച്ചെണ്ണ ഒഴുവാക്കാൻ തുടങ്ങി. കേരം തിങ്ങി വളർന്ന നാടായതിനാൽ കേരളം എന്നു പേരു വീണ ഒരു നാട്ടിലെ ജനങ്ങൾക്കാണ് ഇത്തരം അബദ്ധങ്ങൾ പറ്റുന്നത്.

നമ്മുടെ തേങ്ങയും കുത്തരിയും കാട്ടുതേനും ചക്കയും മരച്ചീനിയും ചേനയും കാച്ചിലും ചേമ്പും എല്ലാം നമ്മുടെ ഭക്ഷ്യശീലങ്ങളാകണം. കുത്തരി എന്നാൽ റെഡ് ഓക്സൈഡ് ചേർത്ത അരിയല്ല.

നമ്മുടെ കേരളത്തെ തൊട്ടുരുമ്മി കടലമ്മ കിടക്കുമ്പോൾ മാസങ്ങൾ പഴക്കമുള്ള മീൻ വാങ്ങി കഴിച്ച് വയറിന് കേടുണ്ടാക്കരുത്. വിശ്വസനീയമായിടത്തു നിന്ന് മീൻ വാങ്ങുക. വീടുകളിൽ നാല് കോഴിയെ വളർത്താൻ കഴിഞ്ഞാൽ ആ കോഴിയുടെ മുട്ട മതിയാവും ഒരു വീടിന്. ഓ, ഓർത്തില്ല: കോഴി വീട്ടുമുറ്റത്ത് തൂറും. മുറ്റം വൃത്തികേടാകും.

കമൻ്റ്: ഏകദേശം 10 വർഷം മുമ്പ് വരെ ഒരു കല്യാണത്തിനു പോയാൽ സദ്യയ്ക്ക് തൂശിനിലയിൽ ഓരോ വിഭവങ്ങൾ വിളമ്പുന്നതിന് ഒരുക്രമം ഉണ്ടായിരുന്നു . പച്ചടി, കിച്ചടി അവിയൽ. അങ്ങനെ ഓരോന്ന്. ഇപ്പോ എല്ലാം അവിയലു പോലെയായി.
 

Share :