അപ്പെ (കഴിഞ്ഞ ഭാഗത്തിൻ്റെ തുടർച്ച.)
(കഴിഞ്ഞ ഭാഗത്തിൻ്റെ തുടർച്ച.)
കാസർകോട്ട് നിന്നും അയാളുടെ അനിയനെത്തിയിരിക്കുന്നു. അയാളുടെ കൂടെ പ്രായമായൊരു സ്ത്രീയുമുണ്ട്. ഫ്രീസറിൽ നിന്നെടുത്ത് വൃദ്ധന്റ മൃതശരീരം നിലംകൊള്ളിച്ചു. അവർ അയാൾക്ക് പൂവും നീരും നൽകി. ഷാഹിനയ്ക്കും അവസാനമായി അയാൾക്ക് ഒരു തുള്ളി മുലപ്പാലെങ്കിലും നൽകണമെന്നുണ്ടായിരുന്നു. എല്ലാവരുടേയും മുന്നിൽ വെച്ച് അതിന് സാധിക്കാത്തതു കൊണ്ട് അവളത് മനസ്സുകൊണ്ട് നൽകി. ആ മുലപ്പാലവൾ സ്വയം ഞെക്കിപ്പിഴിഞ്ഞു കളഞ്ഞു. അസോസിയേഷന്റെ റീത്ത് കേണൽ മൃതദേഹത്തിൽ വെച്ചു. മൃതദേഹം ആംബുലൻസിലേക്ക് കയറ്റി. അനിയനും കൂടെയുള്ള സ്ത്രീയും അതിൽ കയറി. വാഹനം തൈക്കാട് ശ്മശാനത്തിലേയ്ക്ക് നീങ്ങി. കേണലും ജോളിയും ശ്യാമും ഷാഹിനയും അവരെ അനുഗമിച്ചു. ഇലട്രിക്ക് ശ്മശാനത്തിൽ നിമിഷ നേരം കൊണ്ട് ആ എൺപത്തിരണ്ടുകാരൻ കത്തിയമർന്നു .ഷാഹിന പിടിച്ചു കെട്ടിയ കരച്ചിൽ അഴിച്ചുവിട്ടു. അനിയനോടൊപ്പം വന്ന പ്രായം ചെന്ന സ്ത്രീ അവളെ ചേർത്ത് പിടിച്ച് സാന്ത്വനിപ്പിച്ചു. ഒന്നും മനസ്സിലാവാതെ ശ്യാം മിഴച്ചു നിന്നു. ഒന്നും ഒളിച്ചു വെക്കാനില്ലാത്ത സുതാര്യമായ ബന്ധമായിരുന്നു അവരുടേതെന്ന് അഹങ്കരിച്ചിരുന്ന ശ്യാം അതൊരു തെറ്റായ ധാരണയായിരുന്നെന്ന് മനസ്സിനെ പറഞ്ഞു തിരുത്തി.
വൃദ്ധന്റെ അനിയനും കൂടെയുള്ള സ്ത്രീയും പിറ്റേന്ന് വൈകുന്നേരത്തോടെ ഷാഹിനയെ കാണാൻ ഫ്ലാറ്റിലേക്കു വന്നു. ശ്യാമപ്പോൾ ഓഫീസിലായിരുന്നു.
"കുറച്ച് ക്ലിയറൻസുണ്ടായിരുന്നു. അതു കഴിഞ്ഞു. നാളെ ഞങ്ങള് തിരിക്കും. കുട്ടിയോടൊന്ന് സംസാരിക്കണമെന്ന് തോന്നി. ജോളി കാര്യങ്ങളൊക്കെ പറഞ്ഞു"
വന്നയാൾ പറഞ്ഞത് കേട്ട്
ഷാഹിന പതിയെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. പ്രായം ചെന്ന സ്ത്രീ അടുത്ത് വന്ന് ഷാഹിനയുടെ കൈ പിടിച്ചു.
"കുട്ടി പേടിക്ക്യണ്ട. ഇവിടെ വെച്ചായിരുന്നു അവസാനം. അല്ലെ"
ആ സ്ത്രീയുടെ ചോദ്യത്തിന്
അവൾ പതുക്കെ തലയാട്ടി.
"ഞാനദ്ദേഹത്തിന്റെ ഭാര്യയാണ്. ഇതെന്റെ മകനും"
അവർ പറഞ്ഞതു കേട്ട് അവൾ അറിയാതെ സോഫയിലേക്ക് തന്നെ ഇരുന്നു പോയി.
"എന്നാ പിന്നെ നീ കാര്യൊങ്ങളൊക്കെ പറഞ്ഞിട്ട് വാ"
ആ സ്ത്രീ നടന്ന് എതിർവശത്തുള്ള ഫ്ലാറ്റിലേക്ക് പോയി. അയാൾ കഷണ്ടി കയറിയ തലയൊന്നു തടവി പറഞ്ഞു തുടങ്ങി ...
"അമ്മ സ്നേഹമില്ലാഞ്ഞിട്ടല്ല അച്ഛനുമായി പിരിഞ്ഞത്. ഒരു ഭാര്യയെന്ന നിലയ്ക്ക് സ്നേഹ കൂടുതലുകൊണ്ടാണ്. അമ്മയ്ക്ക് നഷ്ടപ്പെട്ടൊരു ദാമ്പത്യം ഞാനും വേണ്ടെന്ന് വെച്ചു. ഇപ്പൊ അമ്മയ്ക്ക് ഞാനും എനിക്കമ്മയും. സോറി. അമ്മയെ കുറിച്ച് പറയാതെ അച്ഛനിലേക്ക് വരാനാവില്ല. കാരണം അമ്മയാണ് വിഷയം.
മൂന്നൂ ഘട്ടങ്ങളിലൂടെയാണ് അസാധാരമായി അച്ഛൻ കടന്നു പോയത്. ഞാനച്ഛനെ നോക്കിയിരുന്ന ഡോക്ടറാണ്. അദ്ദേഹം കാരണമാണ് ഞാനൊരു സൈക്കാട്രിസ്റ്റായതു തന്നെ. childhood Trauma ആയിരുന്നു അച്ഛന്റെ പ്രോബ്ളം. മൂന്ന് ഘട്ടമെന്ന് ഞാൻ പറഞ്ഞത് അച്ഛന്റെ ബാല്യവും യവ്വൗനവും വാർദ്ധക്യവുമാണ്. വാർദ്ധക്യത്തിലെ രോഗാവസ്ഥയെ അതിജീവിക്കാൻ അച്ഛനു കഴിഞ്ഞില്ല. അല്ലെങ്കിലും അതൊരു ജീവിതമായിരുന്നില്ല. അറിയാതെയാണെങ്കിലും കുട്ടി അവസാനകാലത്ത് അതിലൊരു ഭാഗഭാക്കായി. കുട്ടിയുമായി അടുത്ത് ഇടപഴകിയ ശേഷം എന്നെ വിളിക്കുമ്പോഴൊക്കെ അച്ഛൻ വലിയ സന്തോഷത്തിലായിരുന്നു.കല്ല് കായയാവുന്ന കാലമെത്തി ... മുറ്റം പാറയാവുന്ന കാലമെത്തി എന്നൊക്കെ പറയുമ്പൊ കുട്ടിയുമായിട്ടുണ്ടായിരുന്നത് ഏത് തരത്തിലുള്ള ബന്ധമായിരുന്നെന്ന് എനിക്കൂഹിക്കാം. അതു കൊണ്ടാണ് ഞാനിതൊന്ന് പറയണമെന്ന് തീരുമാനിച്ചത്. എന്റെ അച്ഛൻ എനിക്ക് ഏട്ടനായ കഥ. അച്ഛനു ഞാൻ അനിയനായ കഥ. ഇത് ഒരു മുത്തശ്ശി കഥപോലെ കേട്ടങ്ങ് മറന്നേക്കണം. അനന്തനെന്നായിരുന്നു അച്ഛന്റെ പേര്"
കാസർഗോഡ് ജില്ലയിലെ പൈതൃക നഗരിയെന്ന നീലേശ്വരത്ത് പേരോൽ എന്ന സ്ഥലത്താണ് അനന്തന്റെ ജനനം. എപ്പോഴും മുലകുടിക്കുന്ന സ്വഭാവക്കാരനായിരുന്നു അവൻ. അമ്മയ്ക്ക് ഒരൊഴിവും സാവകാശവും കൊടുക്കാതെയുള്ള അവന്റെ മുലകുടി കുടുംബത്തിൽ തന്നെ വലിയ സംസാര വിഷയമായി. അനന്തനത് അത്ര മാത്രം ആസ്വദിച്ച് അനുഭവിക്കുകയായിരുന്നു. അമ്മിഞ്ഞപ്പാലിന്റെ മധുരവും അമ്മയുടെ ചൂടും സ്നേഹപരിലാളനകളും അവനെപ്പോഴും സാധ്യമാക്കി. അനന്തന് ഒരു വയസ്സു കഴിഞ്ഞപ്പൊൾ അമ്മ മരിച്ചു. അവന്റെ കുഞ്ഞു മനസ്സിനത് താങ്ങാനാവുന്നതായിരുന്നില്ല. അതുവരെ അനുഭവിച്ചു കൊണ്ടിരുന്ന അമ്മയുടെ അദമ്യമായ സ്നേഹത്തിന്റെ അഭാവം അവന് അതിജീവിക്കാനായില്ല. അവൻ ചുമരിൽ മാലയിട്ട് തൂക്കിയ അമ്മയുടെ ചിത്രത്തിനു താഴെ വന്ന് നിന്ന് നിർത്താതെ കരയുന്നത് പതിവായി. അവന്റെ കരച്ചിൽ അവസാനിപ്പിക്കാൻ അവസാനം അമ്മയുടെ ചിത്രങ്ങളെല്ലാം തന്നെ ആ വീട്ടിൽ നിന്നും നീക്കം ചെയ്തു. അപ്പോഴുമവൻ അമ്മയിൽ തന്നെ ഭ്രമണം ചെയ്തു കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവരൊക്കെ അമ്മ വരുമെന്ന പ്രതീക്ഷയിലവനെ നിലനിർത്തി. അനന്തൻ, ചെറിയമ്മ എന്നു വിളിക്കുന്ന അച്ഛന്റെ അനിയന്റെ ഭാര്യയാണ് അവനെ വളർത്തിയത്. സദാസമയവും അമ്മയെ കുറിച്ചുള്ള അവന്റെ അന്വേഷണത്തിൽ സ്വസ്ഥത നഷ്ട്ടപ്പെട്ട ചെറിയമ്മ , കണ്ടെത്തിയ ഉപായമാണ് ബലിന്ദ്രന്റെ കഥ. നാട്ടു പ്രചാരത്തിലുണ്ടായിരുന്ന മാവേലി കഥയിലെ ഒരിക്കലും വരാത്ത കാലം പറഞ്ഞ് ചെറിയമ്മയവനെ തൽക്കാലം സമാധാനിപ്പിക്കും. കല്ല് കായയാവുന്ന കാലം തൊട്ട് മരംകൊത്തി പക്ഷി കുടുമ താഴെയിറക്കുന്ന കാലം വരെ വന്നാൽ മാവേലിയോടൊപ്പം അവന്റെ അമ്മയും വരുമെന്നാണ് ചെറിയമ്മ പറഞ്ഞ് വിശ്വസിപ്പിച്ചത്. അമ്മയെ കാണാൻ അവൻ ആ കാലം വരുന്നതും കാത്തിരുന്നു. അവൻ എന്നും വെള്ളാരം കല്ല് പൂക്കുന്നതും , ഉഴുന്ന് മദ്ദളമാവുന്നതും , ഉപ്പ് കർപ്പൂരമാവുന്നതുമൊക്കെ നോക്കി നടന്നു. അവനോടൊപ്പം അവന്റെയുള്ളിൽ ആ കാത്തിരിപ്പും വളർന്നത് ആരുമറിഞ്ഞില്ല. അത് കനലു പോലെ കെടാതെ അവന്റെ ഉള്ളിലുണ്ടായിരുന്നു. അസ്വാഭാവികതകളൊന്നും പ്രകടപ്പിക്കാതെ അനന്തൻ പഠിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായി. ശാന്തനും മിതഭാഷിയുമായിരുന്ന അവൻ പരമാവധി ആളുകളിൽ നിന്നും അകന്നു മാറി. തലസ്ഥാന നഗരത്തെ അറിയാതെ സെക്രട്ടേറിയേറ്റിലെ സാധാരണ ആളൊഴിഞ്ഞ തന്റെ മുറിയും ലോഡ്ജു മുറിയുമായി അനന്തൻ ജീവിച്ചു. നഗരത്തിന്റെ ജനൽകാഴ്ച്ചകൾ പോലും അയാൾ കൊട്ടിയടച്ചു. ചെറിയമ്മയുടെ നിർബന്ധത്തിനു വഴങ്ങി മുറപ്പെണ്ണായ അമ്മാവന്റെ മകൾ തുളസിയെ വിവാഹം കഴിച്ചു. തുളസിക്ക് അവന്റെ അമ്മയുടെ ഒരു ഛായയുമുണ്ടായിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അവർക്കൊരു ആൺകുഞ്ഞ് പിറന്നു. മാധവൻ. മാധവനെ പ്രസവിച്ച് ഒന്നു തടിച്ചതോടെ തുളസി, അനന്തന്റെ അമ്മയെ പകുത്തു വെച്ചതു പോലെ രൂപസാദൃശ്യമുള്ളവളായി. മാധവനെ മുലയൂട്ടുമ്പോൾ ഒരു വേള അനന്തനും അതാഗ്രഹിച്ചു വന്നു. ആദ്യമായി ഒരു രസത്തിന് തുളസി ഭർത്താവിനേയും മുലയൂട്ടി. പിന്നതൊരു പതിവായി. തുളസിയുടെ മുലയൂട്ടൽ അച്ഛനും മകനും ഒരുപോലെ പങ്കിട്ടു തുടങ്ങി ... മകൻ നിർത്തിയിട്ടും മുലപ്പാല് തീർന്നിട്ടും അച്ഛനത് തുടർന്നു. തുളസി തന്റെ ദാമ്പത്യം നേർത്തു വന്ന് ഇല്ലാതാവുന്നത് നിസ്സഹായയായി നോക്കി നിന്നു. തുളസി അയാൾക്ക് പൂർണ്ണമായും അമ്മയായി കഴിഞ്ഞിരുന്നു. മാധവനെ കൊണ്ടയാൾ അച്ഛാ എന്നു വിളിപ്പിച്ചില്ല. പകരം ഏട്ടാ എന്ന് വിളിപ്പിച്ചു. തന്റെ അമ്മയുടെ മകനെ അനിയാ എന്ന് അയാളും വിളിച്ചു. മാധവന് അഞ്ചു വയസ്സാവുന്നതുവരെ തുളസി വല്ല വിധേനയും പിടിച്ചു നിന്നു. ഒരു ഭാര്യയുടെ എല്ലാ ചാപല്യങ്ങളുമുള്ള തുളസിക്ക് അമ്മയായി അഭിനയിക്കാൻ അതിലധികം കാലം കഴിയുമായിരുന്നില്ല. തന്നെ ഇനിയൊരിക്കലും ഭാര്യയായി കാണാൻ ഭർത്താവിന് കഴിയില്ലെന്ന് തുളസിക്ക് ബോദ്ധ്യപ്പെട്ടു. വീട്ടുകാർ വന്ന് തിരുവനന്തപുരത്തു നിന്നും അവളേയും മകനേയും കാസർകോട്ടേയ്ക്ക് കൊണ്ട് പോയി. മുറിഞ്ഞു വീണ അവരുടെ ദാമ്പത്യത്തിന്റെ മുറിവുകളിൽ കിടന്ന് കാലങ്ങളോളമവൾ കരഞ്ഞു. ക്രമേണ ഭാര്യയായിരുന്ന നല്ലകാലത്തിന്റെ ഓർമ്മകളുടെ വിരുന്നിൽ അവൾ ജീവിച്ചു തുടങ്ങി. തുളസിയുടെ വേർപാട് അനന്തന്റെ മനസ്സിനെയാകെ തകിടം മറിച്ചു. വിഷാദരോഗത്തിന് അടിമപ്പെട്ട അയാൾ മരുന്നുകളുടെ വീര്യത്തിൽ പതുക്കെ അതിജീവിച്ചു. ആരോരുമില്ലാതെ ആർക്കും വേണ്ടാതെ ഒറ്റക്കൊരു കൂട്ടിൽ അയാൾ ജീവിതം ഒതുക്കിവെച്ചു. കാലം മാധവനെ ഒരു മനശാസ്ത്രജ്ഞനാക്കി. പിന്നെ മകൻ ചിട്ടപ്പെടുത്തികൊടുത്ത ജീവിതം ആ അച്ഛൻ ജീവിച്ചു തീർത്തു. ഇടവിട്ടുള്ള വർഷങ്ങളുടെ ലോങ്ങ് ലീവുകൾക്ക് ശേഷം സെക്രട്ടേറിയേറ്റിൽ നിന്നും പെൻഷൻ പറ്റിപിരിഞ്ഞു. തിരുവനന്തപുരത്ത് പിടിച്ചു നിർത്താൻ യാതൊരു വേരുകളുമില്ലാതിരുന്നിട്ടും അയാൾ കാസർകോട്ടേക്ക് മടങ്ങിയില്ല. തുളസിയിൽ അമ്മയെ നഷ്ടപ്പെട്ട അയാളുടെ അമ്പത് വർഷങ്ങളിലേക്കാണ് മാതൃത്വത്തിന്റെ അമൃതൂട്ടി ഷാഹിന സ്നേഹ കടലായി നിറഞ്ഞത്. അവളുടെ സ്നേഹ തണലിൽ അയാളിലെ കുഞ്ഞ്മനസ്സ് പുനർജനിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അയാളുമായുള്ള അവസാന നിമിഷങ്ങൾ അവളെ അടിമുടി തകർത്തു കളഞ്ഞു. അവൾ നെഞ്ചിലേറ്റിയ സങ്കടക്കടലിപ്പോഴും തിരയടങ്ങാതെ ആടിയുലയുകയാണ്. പതിവായുള്ള മുലയൂട്ടലിൽ അവൾ വികാരവിവശയായിരുന്നു. വാതായനത്തിലൂടെ നീണ്ടു വന്ന പോക്കുവെയിൽ അവളുടെ മുലയൂട്ടലിന് അനിർവ്വചനീയമായ നിറം പകർന്നു. കാറ്റ് അവളുടെ മുടിയിഴകളെ തിരമാലകൾ പോലെ ഉയർത്തി. ബാൽക്കണിയിൽ വന്നിരുന്ന് കുറുകുന്ന പ്രാവുകൾ മനസ്സിൽ അരുതാത്ത മോഹങ്ങൾ മുളപ്പിക്കുന്ന ശബ്ദ സന്ദേശങ്ങളയച്ചുകൊണ്ടേയിരുന്നു. മുമ്പെങ്ങും അനുഭവിക്കാത്ത അനന്യസാധാരണമായ ഒരനുഭൂതിയിൽ ഒരു നിമിഷമവൾ അയാളുടെ പ്രായം പോലും മറന്നു പോയി. അവൾ അയാളുടെ വെളുത്ത് ചുരുണ്ട തലമുടിയിലൂടെ താളാത്മകമായി വിരലോടിച്ചു കൊണ്ട് ചെവിയിൽ ചുണ്ടു ചേർത്ത് മന്ത്രിച്ചു ...
"എടാ" ...
അത് കേട്ട് ഒരു കുഞ്ഞിനെ പോലെ കൊഞ്ചിക്കൊണ്ടയാൾ പറഞ്ഞു ...
"കുഞ്ഞേ ...
കുഞ്ഞേന്ന് വിളിക്കമ്മേ" ...
മുല വലിച്ചു കുടിച്ച് ശ്വാസം അധികരിച്ച് ഒരു പിടച്ചിലോടെ അയാൾ മരണത്തിനു കീഴടങ്ങി. അല്ല അയാൾ അമ്മ ദൈവത്തിന്റെ ബയലാട്ടം നടക്കുന്ന മാവേലിത്തറയിലേക്ക് മടങ്ങി. തൊപ്പിമദ്ദളവും ചെണ്ടയും ചേങ്ങിലയും ഇലത്താളവും താളപ്പെരുക്കത്തിലവസാനിപ്പിച്ചു. പാട്ടും നിലച്ചു. നിറപ്പകിട്ടാർന്ന വേഷങ്ങൾ അഴിഞ്ഞു വീണു. അരങ്ങിൽ ആടി തകർത്ത ബയലാട്ടം അവസാനിച്ചു. ഇനി അയാൾ നിശബ്ദതയുടെ താരാട്ടിലുറങ്ങട്ടെ