Archives / November 2020

ലത രാം
പക്ഷികൾ വേർപിരിയുന്നതെങ്ങനെ

"ജയിച്ചൂന്നൊരു വിചാരണ്ട് നിനക്ക്, ല്ലെ?

ആ പരിഹാസച്ചിരി കാണുമ്പണ്ടല്ലൊ, എനിക്ക് മേലാകെ ഒരു വിറയാ വരുന്നത്.

എനിക്ക് വയ്യ നിന്നോടിനി  മത്സരിക്കാൻ.

ഞാൻ പാടുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത് നീ കാണാത്തതോണ്ടൊന്ന്വല്ലല്ലോ! അപ്പോഴെങ്കിലും നിനക്കൊന്ന് തോറ്റ്വന്നൂടെ? 

അതെങ്ങന്യാ !

വല്യ കൊമ്പത്തെ ഗായികയാന്നുള്ള ഗമയല്ലെ നിനക്ക് ?"

വടക്കേ ഭാഗത്തെ പ്ലാവിൻകൊമ്പിലേക്ക് നോക്കി 

മാളു ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് കൊണ്ടേയിരുന്നു. 

സന്ധ്യക്കാണെങ്കിലോ ? നിലവിളക്ക് കത്തിച്ച് ഇറയത്ത്  വെക്കുമ്പോൾ തുടങ്ങും ചീവീടുകളുടെ നാമം ചൊല്ലൽ.

മൊത്തം അവതാളമാണെങ്കിലും, ഓരോ ചീവീടിനും ഓരോ ശ്രുതിയാണെങ്കിലും കേൾക്കാൻ നല്ല സുഖമുണ്ട്. 

ഒരു സപ്തസ്വരസമ്മേളനം !

രാത്രിയായാലോ? 

എല്ലാ ജീവജാലങ്ങളും ഉറക്കം പിടിക്കുമ്പോഴാണ് തവളകൾക്ക് മഴയോടുള്ള പ്രണയം തുടങ്ങുക. 

രാത്രിയുടെ നിശബ്ദതയിൽ എത്ര ഉച്ചത്തിലാണവർ പ്രണയം വിളിച്ചു പറയുന്നത് !

അതിലെല്ലാം രസം എന്താണെന്നറിയാമോ?

എന്നെ എന്നും വിളിച്ചുണർത്തുന്ന എൻ്റെ സുന്ദരികളായ അടക്കാക്കുരുവികളാണ്.

ചുണ്ടുകളും ചിറകുകളും കൊണ്ട് ജനൽച്ചില്ലകളിൽ ചിത്രം വരക്കാൻ തുടങ്ങും. 

എന്ത് സുഖമാണ് അവരെ നോക്കിക്കിടക്കാൻ എന്നറിയാമോ ! 

മാളുവിൻ്റെ ശബ്ദം വീണ്ടും ഉച്ചത്തിലായി. ഇതൊക്കെ കണ്ടോണ്ടിരുന്ന അമ്മ ബലമായിത്തന്നെ അവളെ കൂട്ടി അകത്തേക്ക് പോയി.

'ഇങ്ങനെണ്ടോ പെൺകുട്ട്യാള് !

സ്വന്തം ഓരോന്നും പറഞ്ഞോണ്ട് പറമ്പിലൂടെ നടക്കാൻ തുടങ്ങീട്ട്   നേരമെത്രയായീന്നറിയ്യോ നിനക്ക് ? 

അച്ഛൻ വരട്ടെ. പറയണണ്ട് ഞാനെല്ലാം.'

രാത്രിയിൽ അച്ഛൻ വന്നപ്പോൾ അമ്മ പതം പറഞ്ഞ് കരയുന്നതും മൂക്ക് പിഴിയുന്നതും കണ്ടു. 

എന്നെക്കുറിച്ചാണെന്നറിയാവുന്നത് കൊണ്ട് പുതപ്പ് തലയിലൂടെ ഇട്ട് മൂടി പുതച്ച് കിടന്നു.

രാവുമുഴുവനും പ്രതീക്ഷയാണ്; എന്റെ അടയ്ക്കാക്കുരുവികളുടെ വരവിനായി. 

അതുകൊണ്ട് തന്നെ  ഉറങ്ങാറില്ല. 

അടക്കാക്കുരുവികൾ എന്നെ വിളിച്ചുണർത്തണം. അവർ വരുന്നത് എനിക്ക് കാണണം. 

അതിനാണ് പുതപ്പിനുള്ളിൽ കയറി അച്ഛനെയും അമ്മയെയും ഇങ്ങനെ പറ്റിക്കുന്നത്.

അവൾ പുതപ്പിനുള്ളിൽ കിടന്നു കുലുങ്ങിച്ചിരിച്ചു. 

രാവിലെ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മ പറഞ്ഞത്.

'നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്.   വേഗം കുളിച്ച് റെഡിയാകണം'

എനിക്ക് ദേഷ്യം വന്നു.

കൈയ്യിലിരുന്ന ഗ്ലാസ്സും പാത്രവും ശക്തിയായി തറയിലേക്ക് വലിച്ചെറിഞ്ഞു.

'ഞാൻ വന്നാൽ ശരിയാകില്ലെന്നമ്മക്കറിഞ്ഞൂടെ? 

കോഴികളെ തുറന്ന് വിടണ്ടെ?

താറാവ്കളെ വെള്ളത്തിലിറക്കണ്ടെ?

കുളത്തിലെ മീനുകൾക്ക് തീറ്റ കൊടുക്കണ്ടേ?'

പിന്നെയും എന്തൊക്കെ ചെയ്യാനുണ്ട് !

രാവിലെ അടക്കാക്കുരുവികളോട് കിന്നാരം പറയണം. 

വൈകിട്ട് അവളൊടൊപ്പം പാടണം. 

സന്ധ്യക്ക് നാമം ചൊല്ലണം.

രാത്രിയിൽ തവളകൾക്കൊപ്പം മഴയെ പ്രണയിച്ച് കിടക്കണം.

അങ്ങനെ നൂറ് കൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്.

അതിനിടയിലാണ്.

അവളുടെ കണ്ണുകൾ തീഗോളങ്ങളായി.

പല്ലുകൾ ഞെരിഞ്ഞമർന്നു.

മേലാകെ ദേഷ്യം കൊണ്ട് വിറച്ചു.

ശരീരം അദൃശ്യമായ ശക്തിയാൽ ഭീമാകാരമായത് പോലെ അമ്മക്ക് തോന്നി.

അമ്മ കരഞ്ഞ് കൊണ്ട് പുറത്തേക്കോടി. അച്ഛനും കൂട്ടുകാരനും മാളുവിനെ ബലമായി പിടിച്ച് വണ്ടിയിൽ കയറ്റി.

തിരിച്ചു വരുമ്പോൾ വണ്ടിയിൽ നിശബ്ദതയായിരുന്നു.

ഉറക്കഗുളികയുടെ ശക്തിയാൽ മാളു കൂർക്കം വലിച്ചുറങ്ങുന്നു.

രാവിലെ അമ്മ വന്ന് വിളിച്ചപ്പോഴാണറിഞ്ഞത്. ജനൽചില്ലുകളിൽ പക്ഷികളുടെ നിലവിളികൾ.

"അമ്മേ, എന്തൊരു ശല്യമാണിത് ?

കർട്ടൻ വലിച്ചിടൂ."

അമ്മയുടെ ചുണ്ടിൽ ചിരിയുടെ ഉപ്പുരസം വിരിഞ്ഞു.

Share :