Archives / November 2020

സന്തോഷ്‌ ശ്രീധർ
സബർമതീ ചാരേ

ഇൻകം ടാക്‌സിറങ്ങി,
രാജവീഥിയിലൂടെ നടക്കവേ -------
കാണായതാമൊരു പുഴതൻദുഃഖചിത്രണം.
കാളിന്ദിയല്ലിത് യമുനയുമല്ല ഗംഗയുമല്ല
അഹമ്മദ് നഗരത്തിൻ സ്വപുത്രി,
സബർമതിയാം ദുഃഖപുത്രി.
മലിനയാമിന്നവൾ, തൻ രോദനം
വന്നലക്കുന്നെൻ, കർണ്ണപുടങ്ങളിലിന്നും.

അഹമ്മദാബാദിനെ കുളിരണിയിച്ചവളിവൾ
ഇളയിലിളയവളാമൂർമ്മിളയെ പോലെ.
കുടിലയാം നഗരത്തിൻ സ്വത്വവും പേറി
ഗതിയില്ലാതൊഴുകുന്നു, കരയുന്നു,
തെരയുന്നു തൻ പുളിനങ്ങളോരോന്നും ആർത്തലയ്ക്കുന്നതറിയാതെ,
സ്വച്ഛന്ദമായൊഴുകിയ രാവുകളോർത്ത്
കണ്ണീരണിഞ്ഞ മുഖപടമുയർത്തി നോക്കുന്നിവൾ, ഒരു കൈ താങ്ങായി
ആരേലും വന്നങ്കിലെന്ന്
ആർത്തിയോടാശിപ്പൂ
വിവൾ തൻ നിസ്വനം.


കുളിർകാറ്റു വീശിയടിക്കും മനസ്സിന്റെ
സ്വാന്തനമായി നീരണിയിച്ച രാവുകളോരോന്നും
സ്വപ്‌നമായവശേഷിക്കേ,
നാളെയെയോർത്തു വിങ്ങി പൊട്ടുന്നു ചെറുമീനുകൾ.


സ്വച്ഛ് ഭാരതമെന്നുത് ഘോഷിക്കുമീ വേളയിൽ -
സർവ്വ മാലിന്യവും പുഴയിലേക്കൊഴുക്കി,
തലയുയർത്തി നിൽക്കുന്നു,
ഘോര ഘോരമീ നഗരവും ശാലകളും,
യന്ത്രങ്ങൾ തൻ മൂളലും മുരളലും.

കലുഷമാകുന്നെൻ രാത്രികളോരോന്നും
ഉറക്കമില്ലാകയത്തിലേക്കാണ്ടു
പോകുമീ രോദനം,
എന്നുമെൻ യാത്രയിൽ
കേൾക്കായതാ പുഴതൻ രോദനം.

കണ്ടൂ ഞാൻ മാലിന്യം നിറഞ്ഞതാം
പുഴയുടെ ദൈന്യത.
തന്നിളം കാലുകൾ കെട്ടിയിട്ടവർ
ഭ്രാന്തിയാക്കിയെൻ ഗതി
തടയുന്നു ചുറ്റിലും.

പുഴയുടെ ദൈന്യത തേടിയലഞ്ഞുഞാൻ
വീഥിയിലൂടെന്നുമെൻ രാവുകൾ.
മണിനഗരവും കടന്നെൻ കാലടിപ്പാടുകൾ
ചെന്നു നിൽപ്പതാമൊരാശ്രമ കവാടത്തിങ്കൽ.

കാണരുത് കേൾക്കരുത് മിണ്ടരുത്
എന്നോതും പ്രതീകങ്ങൾ
മൂവരാം വാനരവർ
വിരാജിക്കുന്നിവിടെയാ-
കവാടത്തിന്നിരു വശങ്ങളിലായി.
ദ്വാര പാലകരാമിവർ നൽകുന്ന
പാഠമിന്നെത്ര ധന്യമാണെന്നോർത്ത് -
നിൽക്കവേ, ആ, പ്രതീകങ്ങൾ തീർത്ത,
കരവിരുതിനെയോർത്തു
നമിച്ചുപോയെൻ മനം.

സമകാലിക ചരിത്രമത്രമേലുണ്ടാവാമീ
രചനതന്നുള്ളിലെ കാല വൈഭവം.

ആശ്രമം ചുറ്റി നടന്നു ഞാൻ വീണ്ടും
ചരിത്ര പുരുഷന്റെ പാദുകം
തൊട്ട് നമിക്കവേ,
എന്നകതാരിൽ,
മുഴങ്ങി കേൾക്കായതാ ധ്വനി
ഭാരതത്തിൻ കമനീയ ശബ്ദം
ബാപ്പുജി തന്നാഹ്വാനം
ഇന്ത്യതന്നാന്മാവെന്തെന്നറിയുവാൻ
ഗ്രാമങ്ങളെയറിയുക.
ഗ്രാമങ്ങളുണരുമ്പോൾ,
നഗരങ്ങൾ വളർന്നീടും.

ദണ്ഡിയെയുണർത്തിയ
പാവമാ മാനുഷൻ,
നവഖാലി കണ്ടു കണ്ണീർ പൊഴിച്ചതു
മെന്നകതാരിലൊരു-
കൊള്ളിയാനായി മിന്നവേ,
രണ്ടു നീർച്ചാലുകൾ ഒഴുകുവാനാവാതെ,
ഗതിയില്ലാ പ്രേതമായലയുന്നു    
വീണ്ടുമീ ഭൂമിയിൽ.

സബർമതീ ചാരേയെത്തി
ഞാൻ നിൽക്കവേ,
ഒളിവീശിയെത്തിയൊരാ കാറ്റേറ്റു പാടി
ഹേ, മഹാത്മാവേ
അറിയുന്നു ഞങ്ങളങ്ങയെ
വീണ്ടുമൊന്നിടം വന്നു പോകുവാൻ
ത്രാണിയുണ്ടാവണം.

ദുഃഖ പുത്രിയാമെന്നമ്മ തൻ
തലോടലേറ്റു വാങ്ങുവാൻ
വീണ്ടും വരും നീയൊരു നാൾ
കുളിർകാറ്റേറ്റു വീണ്ടും ചിരിക്കും
കളകളാരവത്തോടെ
വീണ്ടും ഉദിക്കും നീയുഷസ്സായി
ഒരു നാൾ,
ചാരുഹാരിയാം ഫീനിക്സിനെ പോലേ.

Share :