Archives / November 2020

അനീഷ് ഹാറൂൺ റഷീദ്
വാട്ട്സപ്പ് വവ്വാലുകൾ.

രാവിലെയുറക്കമുണർന്നയെൻ

സ്വപുത്രി ദീയ

മൗനം ഭഞ്ജിച്ചുമെൻ

സ്വൈര്യം ലംഘിച്ചു

മൊരുചോദ്യം ?

 

" ഞാനിനിയൊട്ടുമിംഗ്ലീഷ്

പഠിക്കില്ലയൊരിക്കലും "

 

കാര്യമെന്തെന്നുലേറ്റവു 

തിടുക്കത്തിൽ

തിരക്കിയതിൽ

 

" ഇംഗ്ലീഷിൽ വവ്വൽസുണ്ടത്രെ "

 

ഇംഗ്ലീഷ് പഠിപ്പിച്ചു

ഇംഗ്ലീഷുകാരിയാക്കിയും

ഇംഗ്ലണ്ടിലേക്കെങ്കിലും 

കെട്ടിച്ചയക്കാനെത്രയോ

മോഹിച്ചയെന്നുടെയുള്ളിലുണ്ടായൊരു വൻഗദ്ഗദം

 

ഒടുവിൽ

വവ്വാലുകളെക്കുറിച്ചു

പഠിക്കുന്നതിനായിട്ടും 

മാധവിക്കുട്ടിയുടെ

" നരിച്ചീറുകൾ പറക്കുമ്പോൾ "

 

കുത്തിയിരുന്നത്രയും

വായനയിലിഴുകിയപ്പോഴും

ഉത്തരമില്ലാതലഞ്ഞുവെൻ മനം.

 

ഗൂഗിളിലും

വിക്കിപീടികയിലും

വവ്വാലുകൾക്കു പിറകേ

പറന്നിട്ടുമെങ്ങുമെത്തിയതുമില്ല.

 

അന്നേരമേതോ

പള്ളി മിനാരത്തിലെ

ഉച്ചഭാഷിണിയിൽ നിന്നും

മുക്രിയുടെ ഖുത്തുബ !

 

" നബി തിരുമേനി 

പറഞ്ഞിരുന്നുവത്രേ , 

റൂഹു പിടിക്കുമീ

വവ്വാൽക്കിളികളുണ്ടെന്നും "

 

പാതിരിയുടെ കരിസ്മാറ്റിക് 

ധ്യാനത്തിലും

നിപയും വവ്വാലുമാണത്രെ

ദൈവ നാമത്തിൽ

മുഴങ്ങിടുന്നത്....

 

എങ്കിലുമെന്നാലും

പുണർന്നാലിംഗന

മോക്ഷപ്രാപ്തിയേകുന്ന

വള്ളിക്കാവിലെയമൃത

ദേവിക്കൊരു സന്ദേശമയച്ചു.,

 

ആളൊന്നിനായിരമെന്നെ

ശ്രീശ്രീക്കൊരോലയയച്ചു

രോഗിതൻ വാട്ട്സപ്പിൽ

സുദർശന ക്രിയയുമാവാലോ,

 

നിപയും വവ്വാലും

പിന്നേയുമെന്റെ

ആത്മസംഘർഷങ്ങളിൽ

തീ കോരിയെറിഞ്ഞപ്പോൾ

 

വവ്വാലാവസിക്കാമെൻ

കിണറും കുളവും

മണ്ണിട്ടുമൂടിയും ,

 

തൊടിയിലെ

മാവും പേരയും

ശിരസ്സും ശിഖരങ്ങളും

അറുത്തിറക്കി ,

 

പിന്നെ

പുര മച്ചിലെ -

യുച്ചിയിൽ

തീയും കൊടുത്തു.

 

വാട്ട്സപ്പിലേയും

പോസ്ബുക്കിലേയും

ബുദ്ധിജീവികളോതിയോരോയിടങ്ങളും

തച്ചുതകർത്തതിൽ ശേഷം,

 

മൂടിയ കിണറിനുമീതെ നിന്നും

വെട്ടിയരിഞ്ഞ വൃക്ഷശിഖരങ്ങളുടെ

കുറ്റിതലകൾക്കിടയിലൂടെ

പുരയുടെയുച്ചിയിൽ

തീയാളിക്കത്തിയുണ്ടായ

ജ്വാലകൾക്കും മീതെ

ആകാശത്തിന്റെ

അനന്തവിഹായസ്സിൽ

അഞ്ചാറു വാട്ട്സപ്പു 

വവ്വാലുകൾ

പറന്നു പറന്നു

പോകുന്നതും

ഞാൻ കണ്ടു.....

 

 

Share :