Archives / November 2020

രമ പിഷാരടി ബാംങ്കളൂർ
ദീപാവലി

ഇരുളിടങ്ങളിൽ കൃഷ്ണപക്ഷങ്ങളിൽ 

തെളിയുമോരോ വിളക്കിന്റെയുള്ളിലും

മിഴിയിലെ സൂര്യചന്ദ്രനെ   തേടുന്ന

പകലുകൾ  കടന്നെത്തുന്ന സന്ധ്യകൾ

പ്രളയസത്യം  പ്രപഞ്ചവാതായനം,

പതിയെ നീങ്ങും ഗ്രഹാരൂഢ സൗഹൃദം

ശിലകളുൽക്കകൾ, ഉന്മത്തവർഷങ്ങൾ

മിഴിയടച്ചുറങ്ങീടുന്ന താരകൾ

തണുതണുപ്പാർന്ന ശീതവാതങ്ങളിൽ

വഴിയിലാകെപ്പടരും നിശൂന്യത

ഗഗനമേ  ഭൂമി ദീപാവലിക്കായി

പുതിയ സന്ധ്യാവിളക്കുമായെത്തവേ

മഴയുലച്ചിട്ട മേഘങ്ങളിൽ നിന്ന്

മരണമൗനം  പകർന്ന ശോകത്തിലെ

വ്രണിതമാകും ജലപ്പെരുക്കങ്ങളിൽ

പുഴ  കുടഞ്ഞിട്ട ദുസ്വപ്നധൂളിയിൽ

സ്‌മൃതികളെല്ലാം നിസ്സംഗമായീടവേ

പ്രകൃതി തൻ മൺസുഗന്ധത്തിലായിരം

ചെറുവിളക്കുകൾ കത്തിനിന്നീടവേ

ഇരുളു മായുന്നു  മുന്നിൽ ശരത് ഋതു

ഇല പൊഴിച്ചോരു പൂമരച്ചില്ലയിൽ

ചിറകു  നീർത്തുന്നു   ദേശാടനത്തിന്റെ 

സ്മൃതി പകർത്തുന്ന പ്രാണന്റെ പക്ഷികൾ

കനകസന്ധ്യയിൽ അഗ്നിദീപങ്ങളിൽ

പ്രതിഫലിക്കുന്നു  ദീപദീപാവലി

Share :