Archives / November 2020

സിന്ധു ഗാഥ
ഇന്നിന്നലെകളുടെ ഉമ്മറത്തിണ്ണയിൽ*

ചിതലരിച്ച ഗ്രന്ഥ 

കെട്ടുകളിലെ 

അക്ഷരപ്പൊട്ടുകളെന്നെ

ഓർമ്മക്കയത്തിൻ 

ആഴങ്ങളിലേക്ക്  

തള്ളിയിടുന്നു....

 

അല്ലെങ്കിലും മറവിയുടെ 

മാറാലക്കപ്പുറത്തേക്ക് 

സ്‌മൃതിക്കൂട്ടങ്ങൾ 

ഇഴഞ്ഞു പോവാറില്ല...

 

മഴയിലൊഴുക്കാനും 

വെയിലിലുരുക്കാനും

പാഴ്ശ്രമം നടത്തി 

തോൽവിയെ പുണർന്നു 

 

ഇന്നിന്നലെകളുടെ 

ഉമ്മറത്തിണ്ണയിൽ 

കാലും നീട്ടിയിരിക്കുന്ന 

സ്മൃതിപഥങ്ങൾ ...

 

ഇന്നലെയിലേക്കും 

ഇന്നിലേക്കുമുള്ള 

ഓട്ടപ്പന്തയത്തിന്റെ  

കിതപ്പാറ്റുന്ന ഞാൻ ...

 

മടിച്ചുമടിച്ച് കയറിയ 

മറവിമലയുടെയുച്ചിയിൽ 

വരണ്ടരാത്രിയുടെ 

വേനലൊച്ചകളും 

പൊള്ളിപ്പനിച്ച  

മഴപ്പൊട്ടുകളുടെ 

നിലവിളികളും...

 

തിരുത്തപ്പെടേണ്ടുന്ന 

ഇന്നലെകളെ അയയിൽ 

അലക്കി തൂക്കിയിട്ടു 

 

റാന്തലിന്റെ വെട്ടത്തിൽ

കണ്ടതൊക്കെയും 

വെയിലുണക്കങ്ങളിലെ

ചിതറിവീണ വയറൊട്ടിയ 

നോവിന്നോർമ്മക്കുഞ്ഞുങ്ങളെ !!!

 

 

Share :