Archives / july 2021

എം.കെ..ഹരികുമാർ
: ചിന്തയിലാണ് ദൈവം

 വിഭ്രാമകമായ ആഗ്നേയ ലാവണ്യത്തിൻ്റെ ഒരു തുണ്ട്

കുമാരനാശാൻ്റെ 'സങ്കീർത്തനം' എന്ന കവിതയിലെ ആദ്യവരികൾ ഉദ്ധരിക്കുകയാണ്:
''ചന്തമേറിയ പൂവിലും
ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു
ചിത്രചാതുരി കാട്ടിയും
ഹന്ത !ചാരു കടാക്ഷമാലകളർക്ക-
രശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ
വിളങ്ങുമീശനെ വാഴ്ത്തുവിൻ "

ദൈവത്തെക്കുറിച്ചുള്ള സങ്കല്പത്തെയും വൈയക്തികമായ ദൈവാനുഭത്തെയും ആശാൻ പുനർനിർവ്വചിക്കുകയും വ്യാഖ്യാനിക്കുകയുമാണ് ചെയ്തിരിക്കുന്നത് .വിശ്വാസം ചിലപ്പോൾ നേരോ അന്ധവിശ്വാസമോ ആകാം .ആ വഴി വിട്ട് സ്വാനുഭവത്തിൻ്റെ സത്യസന്ധതയിലും ജൈവ സാക്ഷ്യത്തിലും ദൈവത്തെ അനുഭവിക്കുകയാണ് കവി.' ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ ' എന്ന പ്രയോഗം ഒരു പൊളിച്ചെഴുത്താണ്. ഈശ്വരൻ ചിന്തയിലുണ്ട് എന്ന തത്ത്വമാണത്.ചിന്തയ്ക്കുള്ളിൽ ഈശൻ വസിക്കുന്നു. അത് എങ്ങനെ വ്യക്തമാവുന്നു ? ചിന്ത കൊണ്ട്  തെളിയിക്കുകയും അനുഭൂതി തലത്തിൽ ഉൾക്കൊള്ളുകയും ചെയ്യുന്നതിൽ നിന്നാണ് അത് വ്യക്തമാവുന്നത്.പൂവിലും ശലഭത്തിലും ഇത്ര ലാവണ്യം എങ്ങനെ വന്നു ?അത് നമുക്കെങ്ങനെ മനസ്സിലാവുന്നു ?ഇതിനിടയിൽ ദൈവത്തെ കണ്ടെത്താമെന്നാണ് ആശാൻ്റെ പക്ഷം.
ദൈവം മനുഷ്യഭാവനയുടെ പരിധിയിലോ നിയന്ത്രണത്തിലോ അല്ലാത്തതുകൊണ്ട് അതിൽ ഒരു അജ്ഞാതമായ ലോകം അവശേഷിക്കുന്നുണ്ട്. നാം കാണാത്തതാണ് ദൈവികത. അല്ലെങ്കിൽ ലോകത്തിൻ്റെ മറഞ്ഞിരിക്കുന്ന ഒരു മാനമാണത്. അപ്പോൾ ചന്തം എന്ന നിലയിൽ നാം പ്രവൃത്തിയിലും ചിന്തയിലും അനുഭവിക്കുന്നതെന്താണ് ? അത് മറഞ്ഞിരിക്കുന്ന ലോകത്തിൻ്റെ സൂചനയായി കാണാവുന്നതാണ്. മയിൽപ്പീലികളുടെ സൗന്ദര്യം രണ്ടു കാര്യം നിലനിർത്തുന്നു. ഒന്ന്: അത് ഗാഢനീലയുടെ നിഗൂഢതയാണ്. രണ്ട്: പ്രാപഞ്ചിക ദൈവികതയുടെ വിഭ്രാമകമായ ആഗ്നേയലാവണ്യത്തിൻ്റെ സൂചന തരുന്ന ഒരു തുണ്ട്. അത് മനുഷ്യ മനസിനെ സംവേദനക്ഷമമാക്കുന്നതിൽ അർത്ഥത്തിൻ്റെ ഒരു മഹാസാഗരം അന്തർവഹിക്കുന്നുണ്ട്.

ഇതിനോട് ചേർത്തുവയ്ക്കാവുന്നതാണ് മഹാ ചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തിയുടെ അനന്തതയെക്കുറിച്ചുള്ള ആശയം. അദ്ദേഹം പ്രത്യക്ഷത്തിൽ ദൈവത്തെയല്ല തേടുന്നത്; അവനവനെയാണ്.കൃഷ്ണമൂർത്തി എപ്പോഴും പറയാറുണ്ട് ,നാം എന്താണെന്ന് സ്വയം തിരയണമെന്ന് .ഒരു സംഭാഷണത്തിൽ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ''ചിന്തയാണ് ദൈവത്തെ സൃഷ്ടിച്ചത്. അതു കൊണ്ട് ചിന്ത അതിൻ്റെ തന്നെ പ്രതിഛായയെ ആരാധിക്കുന്നു."
ആദിയിൽ ദൈവം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവർക്കും ഇതിനോട് ചേർന്നു പോകാം.കാരണം നമുക്ക് ചിന്തിക്കാൻ കഴിയുന്നതു കൊണ്ടാണ് ദൈവം എന്ന ആശയം തന്നെ ഉണ്ടാവുന്നത്‌.

കൃഷ്ണമൂർത്തി വിവരിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതിനേക്കാൾ പ്രയാസമാണ് വേറൊരു മനുഷ്യനെ സ്നേഹിക്കുന്നതെന്നാണ്. കാരണം ദൈവം വിദൂരമായ ഒരു അമൂർത്തതയാണ്. നമ്മൾ ഒരാളെ സ്നേഹിക്കുകയാണെങ്കിൽ അത് തന്നെ ദൈവമാണെന്ന് അദ്ദേഹം പറയുന്നു.

അനശ്വരത

അതേസമയം അനശ്വരതയുണ്ട് എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. അത് നമുക്ക് അന്യമല്ല. കാലത്തിനും അപ്പുറമാണത്. അത് നേടാൻ നിങ്ങൾക്കൊരു മനസ്സ് വേണം. ജീവിതത്തിൻ്റെ സകല ചുമതലകളിൽ നിന്നും സ്വതന്ത്രമായാലേ അത് സാധ്യമാകൂ. നിങ്ങളുടെ പ്രതാപത്തിൽ നിന്ന് ,കോപത്തിൽ നിന്ന് ,സ്വാർത്ഥതയിൽ നിന്ന് മോചനം നേടണം. ഇതിനു നമുക്ക് കഴിയാറില്ല .നിങ്ങൾ വീണ്ടും പഴയ തലത്തിലേക്ക് പോകുന്നു. നിങ്ങൾ ഒരു കാട്ടിലാണ്. അവിടെ നിങ്ങൾ ഒറ്റയ്ക്ക് നടക്കണം.അതിനുവേണ്ടത് ഓജസ്സും വീര്യവും ശക്തിയുമാണ്.  ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് വെറുതെ പറയുന്നതിലല്ല കാര്യം. സത്യത്തെ തേടുമ്പോൾ ,വിശ്വാസം മാത്രം പോരാതെ വരും. അവനവനിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനെ അനശ്വരതയുമായുള്ള മുഖാമുഖം എന്ന് അദ്ദേഹം വിളിക്കുന്നു .അത് പ്രാപഞ്ചികമായ അനശ്വരതയിലേക്കുള്ള നമ്മുടെ സൂപ്പർ ഹൈവേയാണ്. ഇതുതന്നെയല്ലേ ദൈവം എന്ന പദം വിവക്ഷിക്കുന്നത് ?

അനശ്വരതയെ ഒരു വാക്ക് എന്ന നിലയിൽ ഒതുക്കാനാവില്ലത്രേ.കാരണം ആ വാക്ക് ഉദ്ദേശിക്കുന്ന അർത്ഥത്തിനും അപ്പുറത്താണ് അനശ്വരത .അദേഹം ചോദിക്കുന്നു: "നിങ്ങൾ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ ?എങ്കിൽ ആ പ്രേമത്തെക്കുറിച്ച് പറയുക.ഞാൻ ആ വാക്കുകൾ വിശ്വസിക്കാം. പക്ഷേ ,എനിക്കത് കിട്ടിയില്ല .പ്രേമത്തിൻ്റെ ആ പൂവ് കിട്ടിയില്ല; ആ സുഗന്ധം അനുഭവിക്കാനാകുന്നില്ല."

ഉപനിഷത് ആശയം

കൃഷ്ണമൂർത്തിയുടെ ദൈവം മനുഷ്യനെ ഭാരതത്തിൻ്റെ മഹത്തായ ഒരു ഉപനിഷത് ആശയത്തിലേക്ക് തന്നെ നയിക്കുന്നു. ഉപനിഷത്തിൽ ദൈവത്തെക്കുറിച്ചല്ലല്ലോ പ്രതിപാദിക്കുന്നത് ,സത്യത്തെക്കുറിച്ചാണ്.അത് അനശ്വരതയെക്കുറിച്ചള്ള സാഹിത്യമാണ്.

കൃഷ്ണമൂർത്തിയുടെ അനശ്വരത എന്ന ആശയം ദൈവത്തിൻ്റെ ചിന്താ പരമായ പരിഭാഷയാണ്.പ്രവർത്തിക്കുമ്പോൾ ദൈവമുണ്ട് എന്ന തത്ത്വം ,സ്നേഹിക്കുമ്പോൾ സുഗന്ധമായി വരുന്നതാണ് പൊരുൾ  എന്ന പ്രസ്താവനയിലൂടെ ഉറപ്പിക്കപ്പെടുന്നു. ചിന്തയിലാണ് ദൈവം എന്ന് ആശാൻ പറഞ്ഞിടത്തു തന്നെ നാം എത്തിച്ചേരുന്നു.പ്രാചീന ഗ്രീക്ക് ചിന്തകനായ പൈറോ(Pyrrho)യുടെ അതരാക്സിയ (Ataraxia) എന്ന ആശയത്തിൻ്റെ പൊരുൾ സകലമാനോവ്യാധികളിൽ നിന്നുമുള്ള വിടുതൽ എന്നാണ്‌.കൃഷ്ണമൂർത്തി യുടെ അനശ്വരതയെ അറിയാനും ഇതു തന്നെ വഴി.

Share :