Archives / july 2021

മാങ്ങാട് രത്‌നാകരൻ
അന്തംകമ്മിയും മറ്റും ( വാക്കും വാപ്പയും-12 )

സാമൂഹികമാധ്യമങ്ങൾ ഭാഷയെയും പ്രയോഗങ്ങളെയും മാറ്റിമറിച്ചിട്ടുണ്ട്. തെറിതന്നെയും മാറ്റി എഴുതി ഫലിപ്പിക്കുന്നുണ്ട്. 'മലരേ' എന്നെഴുതിയാൽ പൂവെന്നല്ല ഈ മാധ്യമത്തിൽ അർത്ഥം, അതുക്കും മേലെയാണ്!

രാഷ്ട്രീയമായി എളുപ്പം ചൂടുപിടിക്കുന്നവരാണ് പലരും. അവരിലേറെയും വാടകയ്‌ക്കെടുത്തവരും ന്യായീകരണത്തൊഴിലാളികളുമായതിനാൽ എതിർപക്ഷത്തുള്ളവരെ 'പ്രതിപക്ഷബഹുമാന'ത്തോടെ ഒരിക്കലും കാണില്ല.

ചുരുക്കിപ്പറഞ്ഞ് കാര്യം എളുപ്പമാക്കുകയും സമയം ലാഭിക്കുകയുമല്ല പരിഹാസത്തിലും നിന്ദയിലും കുളിപ്പിക്കുകയാണ് അവരുടെ അവതാരലക്ഷ്യം. സങ്കി, ചാണകസങ്കി, കോങ്ങി, കോങ്കി, കമ്മി, സുഡാപ്പി എന്നിങ്ങനെ രാഷ്ട്രീയപാർട്ടികൾക്ക് ചുരുക്കപ്പേരുകളുണ്ട്. അതിലെ കൂടിയതരമാണ് 'ചാണകസങ്കി'യും 'അന്തംകമ്മി'യും. ചാണകസങ്കി, തലച്ചോറിന്റെ സ്ഥാനത്ത് ചാണകം നിറഞ്ഞ 'സംഘി'കളാണ്. പണ്ടൊരിക്കൽ മാർക്‌സിസ്റ്റ് ചിന്തകനായ ഡോ.ടി.കെ.രാമചന്ദ്രനുമായി സംസാരിക്കുമ്പോൾ ഞാൻ 'സംഘപരിവാർ' എന്നു അറിയാതെ പറഞ്ഞുപോയി. സംസ്‌കൃതത്തിൽ പറയേണ്ട, മലയാളത്തിൽ 'ചണ്ടിപണ്ടാരം' എന്നു പറയൂ, ടി.കെ.പറഞ്ഞു. പിന്നീടൊരിക്കലും ഞാൻ സംസ്‌കൃതം ഉപയോഗിച്ചിട്ടില്ല!

അന്തംകമ്മിയോ?

അന്തംവിട്ട കമ്മിയോ (കമ്മ്യൂണിസ്റ്റ്) അന്തമില്ലാത്ത കമ്മിയോ? രണ്ടുംചേർന്നതോ?

'അന്തം എന്ന വാക്കിന് രൂപം എന്നാണ് സാമ്പ്രദായികമായ, ഏറെ അറിയപ്പെടുന്ന അർത്ഥം. സൗന്ദര്യം എന്ന് മറ്റൊരർത്ഥം. 'അന്തംചാർത്തൽ' എന്നാൽ സുന്ദരിയാക്കാനുള്ള അണിയിച്ചൊരുക്കൽ ആണല്ലോ. ക്‌നാനായക്കല്യാണങ്ങളിലെ പ്രധാന ചടങ്ങുകൂടിയാണ് ഇത്. നമ്മുടെ ഏറ്റവും പ്രശസ്തമായ നിഘണ്ടു (ശബ്ദതാരാവലി)യിൽ അവസാനം, നാശം, അതിര്, സമീപസ്ഥലം, അഗ്രം, ഭാഗം, ആകത്തുക എന്നിങ്ങനെ വിശദീകരിച്ചുകാണാം. അന്തംമറിയുക എന്നതിന്, പരിഭ്രമിക്കുക, കരണം മറിയുക എന്നീ അർത്ഥങ്ങളും നൽകുന്നു.

ആ അന്തമെല്ലാം ചേർന്നതും അതിനപ്പുറവുമാണ് അന്തംകമ്മിയിലെ അന്തം. അതെ, 'അതിനപ്പുറം പോകാനില്ലാത്ത' കമ്യൂണിസ്റ്റ്. 'അതിരില്ലാത്ത' കമ്യൂണിസ്റ്റ്. പക്ഷേ അന്തംകമ്മിയിൽ പരിഹാസച്ചുവയാണ് തിളച്ചുമറിയുന്നത്.

കുറച്ചുമാസങ്ങൾ മുമ്പ് വാട്‌സാപ്പ് സർവ്വകലാശാലയിലൂടെ ഒരു കാർട്ടൂൺ അയച്ചുകിട്ടുകയുണ്ടായി. എനിക്കതു വളരെ രസിച്ചു. അതു കൂടെ:

സങ്കീർത്തനം 119:20-ന്റെ വിശദാംശം ഇങ്ങനെ:

നിന്റെ അനുശാസനങ്ങൾ അറിയാനുള്ള വ്യഗ്രതയാൽ, എന്റെ മനസ്സു സദാ എരിയുന്നു.

നന്നായി മിനുങ്ങിയ സത്യക്രിസ്ത്യാനിയായ നമ്മുടെ കാർട്ടൂൺ ചങ്ങാതിക്കെന്ത് സങ്കീർത്തനം, അല്ലേ? 'സങ്കി'കളല്ലേ നാട്ടിൽ വാഴുന്നത്?

Share :