Archives / November 2020

സുനിത ഗണേഷ്
പടിയിറങ്ങുമ്പോൾ

കളിചിരിക്കൊപ്പം നട്ടുവളർത്തിയ

ബട്ടൺ റോസ,

വയലറ്റ് ചെമ്പരത്തി,

ചോപ്പൻ മൈലാഞ്ചി,

ചിരിച്ചോണ്ട് നിൽക്കും സൂര്യകാന്തി,

പേര് കൊത്തിയ വേപ്പ് മരം,

പൂത്തുലഞ്ഞ മോട്ടോർ മുല്ല,

കളിവീട് കെട്ടിയ 

പൊണ്ണൻ വാഴത്തണൽ,

മുളയ്ക്കാൻ കുഴിച്ചിട്ട 

സ്വപ്നത്തിൻ വിത്തുകൾ, 

മയക്കും ഗന്ധമുള്ള 

പനമ്പഴങ്ങൾ, 

കൊയ്യാപ്പഴം പങ്കു വെക്കും കൂട്ട്

കുരുവിക്കുഞ്ഞുങ്ങൾ..

പൂർണ നിലാവൊഴുകുന്ന

ചാണമുറ്റം, 

നടത്തം..

കളി,

വിയർപ്പ്,

കുപ്പിവളപ്പൊട്ടുകൾ,

എന്തൊക്കെ!

പടിയിറങ്ങുമ്പോൾ 

എന്തൊക്കെയാണ് 

ഉള്ളിൽ നിന്നും പറിച്ചു മാറ്റുന്നത്!

 

 

അകത്തളങ്ങളിൽ, 

ജീവിത കോശങ്ങളിൽ

കവിത കൊരുത്ത

മുക്ക്, 

മുറി, 

ജനൽ, 

പുസ്തകങ്ങൾ

നെഞ്ച് നീറി വിങ്ങും പോലെ...

ഋതു കാലങ്ങളിൽ

അടിവയറിൽ ചേർന്ന് കിടന്ന്

സാന്ത്വനിപ്പിച്ച,

സാരിത്തുണിയൂടുപ്പിട്ട 

കുട്ടിത്തലേണ,

വേദന കുറയ്ക്കാൻ ഇറുകേപ്പിടിച്ച

കട്ടിൽക്കാലുകൾ,

വിജയനിമിഷങ്ങളിൽ ചേർത്തുപിടിച്ച്

ആശ്ലേഷിക്കുന്ന 

വെള്ളച്ചുവര്‌,

സ്വപ്നചിത്രങ്ങൾ ചേർത്ത് വെച്ച്

ചലച്ചിത്രം രചിക്കുന്ന മാന്ത്രികക്കണ്ണാടി..

വിങ്ങുമ്പോൾ വന്നു മൂടുന്ന

സ്നേഹപ്പുതപ്പ്‌..

എഴുതി, വരച്ചു കൂട്ടി മുഷിഞ്ഞ

പേജുകൾ...

ഓരോ ചിന്തയും പങ്കിട്ടെടുത്ത

ശ്വാസ സ്പന്ദനങ്ങൾ...

പടിയിറങ്ങുമ്പോൾ വാരിക്കെട്ടി കൊണ്ടുപോകാൻ കഴിയാത്ത

എന്തൊക്കെയാണ് 

ആത്മാവിൽ നിന്നും

അടർത്തി വെക്കുന്നത്!

 

അതേ,

പടിയിറങ്ങുന്നത്‌ 

പ്രതീക്ഷകളുമായി തന്നെ..

പെറ്റ വീട്ടിലെ സകല

ജൈവാജൈവ ബിന്ദുക്കളും

തിരികെയെത്തുന്ന തന്നെ

കാത്തിരിക്കും 

എന്ന പ്രതീക്ഷയിൽ തന്നെ...

ഓടിയെത്തി

മുഗ്ധചുംബനം നൽകി

സന്തോഷക്കണ്ണീർ പുഞ്ചിരിപ്പൂ 

വിതറി

രാജകുമാരിയായി

മുറ്റത്തൂടെ

ആലോലം

ഓടിയോടി നടന്നു

ഓരോ മുകുളങ്ങളെയും 

തൊട്ടുണർത്തി... ഹാ

 

ഹാ! കൂട്ടരേ

തിരികെ വന്നപ്പോൾ

പൂക്കളില്ല,

ചെടികളില്ല...

മുറ്റമില്ല,

മുല്ലയില്ല,

കുഴിച്ചിട്ട സ്വപ്നങ്ങൾ തൻ 

കടയില്ല, 

കമ്പില്ല..

മുക്കില്ല,

മുറിയില്ല,

ജനലും,

പുസ്തകങ്ങളുമില്ല,

ഉള്ളിൽ 

ചുവരു പോലും ....

 

അടുക്കളയിലേക്ക് വലിയുന്ന

ഇരു കണ്ണുകൾ,

ചാരു കസേരയിലേക്ക് ചായുന്ന

ഒരു നടു മുതുക്, 

പടിയിറക്ക് ചടങ്ങിന്റെ,

ബാധ്യതാ കണക്കിന്റെ,

കിട്ടാക്കടത്തിന്റെ ഏടുകളുമായി

ഒരു

നോട്ടുപുസ്തകം ...

രസമോ, നീരസമോ കനം തൂങ്ങിയ 

ചിരി...

പടിയിറങ്ങാൻ മാത്രം പടച്ച ജന്മം.

ഇപ്പൊൾ

പടിയിറങ്ങുമ്പോൾ,

പുതിയ കല്ലുകൾ വന്നിറങ്ങുന്നു.

പുതിയ തിരക്കുകൾ..

പിറകിലെ ലോകം 

പുതിയ കഥകൾ

കൊത്തിയുണ്ടാക്കുന്നു.

 

ഇരുണ്ട ഇടനാഴി,

തണുപ്പ്,

ആശ്വാസം,

തലോടൽ,

കളിചിരി,

ചില വെറും വാക്കുകൾ.

 

ഇപ്പോൾ

പടിയിറങ്ങുമ്പോൾ

എഴുതിയാലും

എഴുതിയാലും

തീരാത്ത, 

സ്നേഹ നിരാസത്തിന്റെ 

പഴുത്തൊലിക്കും

പുഴു ജന്മപ്പിടച്ചിലുകൾ..

കൺകോണിൽ രണ്ടിറ്റ് ജലം

അതിനെ

കണ്ണു നീരെന്നും വിളിക്കാം.

 

 

Share :