Archives / November 2020

രാഹുൽ കൈമല
അപ്പെ

അവളുടെ മുലഞ്ഞെട്ടു കടിച്ചു പിടിച്ച് അവസാന ശ്വാസം കഴിക്കുകയാണ് എൺപത്തിരണ്ടുകാരനായ വൃദ്ധൻ. വൃദ്ധൻ മരണവേദനയിൽ പിടയുമ്പോൾ മാറിടത്തിലെ വേദനകൊണ്ട് പുളയുകയാണ് ഇരുപത്തിയെട്ടുകാരിയായ ഷാഹിന. അവൾ അസഹ്യമായ വേദനയോടെ വൃദ്ധന്റെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞമരുന്ന അവളുടെ മുലകണ്ണ് വലിച്ചെടുത്തു. മുലകണ്ണ് മുറിഞ്ഞ് ചോരയൊലിച്ചു. ആ ചോര തുള്ളികൾ നിശ്ചലമായി കിടക്കുന്ന വൃദ്ധന്റെ മുഖത്തേക്ക് ഇറ്റുവീണു ... മുറിവിന്റെ നീറ്റലിനൊപ്പം വൃദ്ധന്റെ ശ്വാസത്തിന്റെ ചൂട് അപ്പോഴുമവൾക്ക് അനുഭവപ്പെട്ടു. മെല്ലെ മരണത്തിന്റെ മരവിപ്പിൽ മറ്റെല്ലാം നിശ്ചലമായി. സമയ സൂചികയും ...

നടക്കാത്ത വാച്ചിന് കീകൊടുത്ത് മുഷിഞ്ഞിരിക്കയാണ് ആശാൻ. സമയം ശരിയാക്കാൻ ഒരു പാഴ്ശ്രമം. 
"അതിന് സമയം കൂടി ശരിയാവണ്ടെ"
ഐ ടി പാർക്കിലെ മെസ്സ് നടത്തിപ്പുകാരനായ അയാൾ സ്വയം പറഞ്ഞു. വാച്ചിൽ നിന്നും മുഖമുയർത്തിയപ്പോഴാണ് മെസ്സിൽ ഒറ്റക്കിരിക്കുന്ന ശ്യാമിനെ ശ്രദ്ധിച്ചത്. ആശാൻ എഴുന്നേറ്റ് ശ്യാമിനഭിമുഖമായി ചെന്നിരുന്നു.
"അങ്ങനെ കർക്കടകം കഴിഞ്ഞു കിട്ടി. ഇനി കഷ്ടകാലൊക്കെ മാറും സാറെ. നാളെ ചിങ്ങം തൊടങ്ങല്ലേ ... അല്ല മാഡത്തിനിപ്പം എങ്ങനുണ്ട്"... 
"മാറ്റമുണ്ട്"
ആശാന്റെ അന്വേഷണത്തിന് ശ്യാം ഒറ്റവാക്കിൽ മറുപടിയൊതുക്കി.
"സാറിന് മാറ്റമൊന്നുമില്ല. ഒന്ന് ഉഷാറാവ് സാറെ. ചിങ്ങം പെറക്കല്ലേ"
മറുപടിയായി ശ്യാമൊന്ന് ചിരിച്ചെന്ന് വരുത്തി. കാസർകോട്ടുകാരനാണെങ്കിലും ഉപയോഗിക്കേണ്ടിടത്തേ ആശാൻ ആ ഭാഷ പ്രയോഗിക്കൂ. എല്ലാവരും ആശാനെന്ന് വിളിച്ച് അയാളിപ്പോൾ പേര് തന്നെ മറന്ന മട്ടാണ്. മെസ്സിലെത്തുന്നവർ ആശാന്റെ ഭാഷ ആസ്വദിച്ച് രസം പിടിക്കാൻ  അയാളെക്കൊണ്ട്‌ ഓരോന്ന് സംസാരിപ്പിക്കും. സ്വതവേ സംസാരപ്രിയനായ ആശാനത് വലിയ സന്തോഷവുമാണ്. ശ്യാമും ഈ അടുത്ത കാലംവരെ അക്കൂട്ടത്തിൽ ഒരാളായിരുന്നു. എന്നാലിപ്പോഴത്തെ മാനസിക അവസ്ഥയിൽ ശ്യാമിനോടത്തരം ഭാഷണം വേണ്ടെന്നയാൾക്ക് തോന്നി. എങ്കിലും ശ്യാമിനെ ഒന്ന് ഉൻമേഷവാനാക്കാൻ അയാൾ തീരുമാനിച്ചു.
"കേട്ടോ സാറെ ഞങ്ങടെ നാട്ടിലെ , തുളുനാട്ടില് ... ഓണം രണ്ടാണ്. മഹാബലി രണ്ടു തവണ വരും. ചിങ്ങത്തിലെ തിരുവോണനാളിലും പിന്നെ തുലാമാസത്തിലെ ദീപാവലിക്കും. ദീപാവലിക്ക് പൊലിയന്ത്രം എന്നും പേരുണ്ടവിടെ. മഹാബലീടെ കഥയില് രണ്ടിനും സാമ്യോം വ്യത്യാസോം ണ്ട്. മലനിരകൾ മുതൽ അലയാഴി വരെ നീണ്ടു കിടക്കുന്ന സാമ്യാജ്യത്തിന്റെ രാജാവായിരുന്ന ബലിന്ദ്രനെ മൂന്നടി ചോദിച്ചെത്തിയ വാമനനാണല്ലോ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. നീതിക്കുവേണ്ടി നീക്കിവെച്ച നിലത്തിലാണ് മുന്നാമത്തെ അടി അളക്കുന്നത്. അതെന്ത് നീതിയാ സാറെ" ... 
ശ്യാം താൽപ്പര്യമില്ലാതെ ആശാനെയൊന്ന് നോക്കി. ആശാനത് വകവെക്കാതെ തുടർന്നു ...
"എന്ത് നീതിയാണെങ്കിലും ചവിട്ടി താഴ്ത്തി കളഞ്ഞില്ലേ.  തിരുവോണത്തിന് പുള്ളി വരുന്നത് ഒരു ദിവസമാണെങ്കിൽ പൊലിയന്ത്രത്തിനത് മൂന്ന് ദിവസമാണ്.
പൊലിയന്ത്രത്തിന് ബലിന്ദ്രനെ ദീപം തെളിച്ചും അരിയെറിഞ്ഞും വരവേൽക്കും. എന്നാ ചില ഉപാധികളോടെ പുള്ളിക്ക് രാജ്യം തിരിച്ചു കൊടുക്കാമെന്ന് വാമനൻ പറഞ്ഞിട്ട്ണ്ടെന്നാണ് കഥ! എപ്പഴാണെന്നോ. കല്ല് കായയാവുന്ന കാലത്ത്. മുറ്റം പാറയാവുന്ന കാലത്ത്. വെള്ളാരംകല്ല് പൂക്കുന്ന കാലത്ത്. ഉഴുന്ന് മദ്ദളമാവുന്ന കാലത്ത്. ഉപ്പ് കർപ്പൂരമാവുന്ന കാലത്ത്. തുമ്പത്തണലിൽ പെരുംകൂട്ടം കൂടുന്ന കാലത്ത്. നെച്ചിക്കാടിനടിയിൽ ബയലാട്ടം നടക്കുന്ന കാലത്ത്. തൂമ്പിന് പാലം പണിയുന്ന കാലത്ത്"...
മുഖമുയർത്തി അവിശ്വസനീയമായി ആശാനെതന്നെ നോക്കിയിരിക്കുന്ന ശ്യാം ബാക്കി പൂരിപ്പിച്ചു ...
"മോരിൽ വെണ്ണ മുങ്ങുന്ന കാലത്ത് ... കുന്നിക്കുരുവിന്റെ കറുത്തകല മാഞ്ഞു പോവുന്ന കാലത്ത് ... മരം കൊത്തിപക്ഷി തന്റെ തലയിലെ കുടുമ താഴെയിറക്കുന്ന കാലത്ത് ... അങ്ങനല്ലെ ?"
"അതെ ! സാറിനിതെങ്ങനെ"
അൽഭുതത്തോടെ ആശാൻ ചോദിച്ചു.
"ഒരാഴ്ച്ചയായിട്ട്, ഇതെന്താണെന്നാണ് ഷാഹിന എന്നോട് ചോദിച്ചു കൊണ്ടിരിക്കുന്നത്"
ശ്യാം സ്വയമെന്നോണം പറഞ്ഞു. "മേഡത്തിനിതെവിടന്ന് കിട്ടി.. ഇത് ഞങ്ങള് തുളുനാട്ടുകാരുടെ കഥയല്ലേ" 
ആശാൻ അൽപ്പം അവകാശ സ്വരത്തിൽ പറഞ്ഞു. 
"അറിയില്ല ... ഏതായാലും കാര്യം മനസ്സിലായല്ലോ"
അതു പറയുമ്പോഴേയ്ക്കും ശ്യാംമിന്റ മൊബൈൽ ശബ്ദിച്ചു തുടങ്ങി. ഷാഹിനയുടെ കോളാണ്. അവൻ മൊബൈലെടുത്ത് സ്നേഹത്തോടെ പറഞ്ഞു. 
"ഷാനി , നിന്റെ മരംകൊത്തി പക്ഷിക്ക് ഉത്തരം കിട്ടീട്ടോ" 
മറുതലക്കൽ നിന്നും ഷാഹിനക്ക് സംസാരിക്കാൻ കഴിയുന്നില്ല. അവൾ നാവനക്കാനാവാതെ വിഷമിച്ചു. 
"എന്തേ" ... 
ശ്യാം ചോദിച്ചപ്പോഴേക്കും ഷാഹിന കോൾ കട്ടു ചെയ്തു. അസ്വാഭാവികമായതെന്തോ സംഭവിച്ചിട്ടുണ്ട്. ശ്യാമിന്റെ ആലോചനക്ക് തീപിടിക്കും മുമ്പ് പെട്ടന്ന് വരാനുള്ള അവളുടെ മെസേജ് വന്നു. ശ്യാം ധൃതിയിലെഴുന്നേറ്റു.
കഴക്കൂട്ടത്തു നിന്നും കേശവദാസപുരത്തേക്ക് അധികം ദൂരമില്ലെങ്കിലും വൈകുന്നേരത്തെ ട്രാഫിക്ക് ബ്ലോക്കിലൂടെ കാറ് തുഴഞ്ഞങ്ങെത്താൻ സമയമെടുക്കും. ആ സമയം കൊണ്ട് ഇരുവരേയും കുറിച്ച് കുറച്ചു പറയാം. 

തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ ഒരുമിച്ച് പഠിച്ച് കഴക്കൂട്ടത്തെ ഐടി പാർക്കിൽ ഒരുമിച്ച് ജോലി ലഭിച്ചവരാണ് തിരുവനന്തപുരം സ്വദേശികളായ  ഷാഹിനയും ശ്യാമും. ഇരുവരുടേയും പ്രണയം മതസംഘർങ്ങൾ സൃഷ്ടിക്കാതെ വിട്ടുകാരുടെ സമ്മതത്തോടെ സാക്ഷാൽക്കരിക്കപ്പെട്ടു.  അവരുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുത്ത ഭാഗ്യമവർക്ക് സന്താന സൗഭാഗ്യം നൽകിയില്ല. വർഷങ്ങൾ കഴിഞ്ഞാണ് ചികിൽസയും വീട്ടുകാരുടെ പ്രാർത്ഥനയുമൊക്കെയായി ഒമ്പത് മാസം മുമ്പ് ഷാഹിന ഗർഭിണിയായത്. കാത്തിരുന്ന് കൈവന്ന സൗഭാഗ്യത്തിലവർ അത്യധികം ആനന്ദിക്കുകയും ചെയ്തു. ഏതാണ്ട് ഏഴ് മാസം വരെ ഷാഹിന ജോലിക്കു പോയിരുന്നു. പിന്നെ ഒരാറു മാസത്തേക്ക് ലീവെടുത്തു. എട്ടാം മാസത്തിൽ നിലക്കാത്ത ബ്ലീഡിങ്ങിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഓപ്പറേഷൻ നടക്കുകയും കുഞ്ഞിനെ നഷ്പ്പെടുകയും ചെയ്തു. മണിക്കൂറുകൾ കൊണ്ടാണ് മനസ്സ് തകിടം മറഞ്ഞത്. ആറു വർഷത്തെ സ്പനം അവസാനിച്ചത്. അതിന്റെ ആഘാതത്തിൽ നിന്നും അവരിപ്പോഴും മോചിതരായിട്ടില്ല. എന്നാൽ എത്ര ആഴത്തിലുള്ള മുറിവുകളും കാലം മായ്ക്കുമെന്നവർ ആശ്വസിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി ഷാഹിനയിൽ അതിന്റെ മാറ്റങ്ങൾ കണ്ടു തുടങ്ങി. ആ ഒരാശ്വസത്തിലാണ് ശ്യാം ജോലിക്ക് പോയി തുടങ്ങിയത്. ഇപ്പോൾ മറന്നു പോയ അവളുടെ സൗന്ദര്യം അവൾ ഇടയ്ക്കൊക്കെ ഓർമ്മിപ്പിക്കുന്നുണ്ട്. ചിരിയാണ് ഷാഹിനയെ ഏറെ സുന്ദരിയാക്കുന്നത്. ആ ചിരിയുടെ അഭൗമ സൗന്ദര്യത്തിലാണ് ശ്യാമവളെ പ്രണയിച്ചു തുടങ്ങിയത്. അവൾ ചുണ്ടിലൊളിപ്പിക്കുന്ന  മധുരമൂറുന്ന ചിരിയിൽ പലപ്പോഴും മാധവം പിറക്കും. അനസ്യൂതമായ ആ പ്രണയ വസന്തത്തിലാണ് അവിരാമം ശ്യാം തേൻ നുകർന്നത്.

ശ്യാമിന്റെ കാറിപ്പോൾ കേശവദാസപുരത്ത് സിഗ്നൽ കാത്തുകിടക്കുകയാണ്. അപ്പോൾ ഷവറിനു കീഴിൽ മനസ്സിനൊപ്പം ശരീരവും നനയുകയാണ് ഷാഹിന.
മലബാർ ബിൽഡേർസിന്റെ പ്രൗഢ ഗംഭീരമായ ഫ്ലാറ്റുകൾ തലഉയർത്തി നിൽക്കുന്ന കേശവദാസപുരത്തെ മലബാർ സിറ്റിയിലേക്ക് ശ്യാമിന്റെ കാർ ഇരമ്പിയെത്തി. പതിവില്ലാത്ത വേഗത്തിലും നേരത്തിലും ശ്യാമിന്റെ കാറ് കണ്ട് ചീഫ് സെക്യൂരിറ്റി ഓഫീസർ ജോളി ജോസഫ് ഒന്നു പകച്ചു. അയാൾ ശ്യാമിനെ മൊബൈലിൽ വിളിച്ചു. കാർ പാർക്ക് ചെയ്യാൻ കീ സെക്യൂരിറ്റിയെ ഏൽപ്പിച്ച് ജോളി ജോസഫിന്റെ കോളെടുക്കാതെ ശ്യാം വേഗത്തിൽ ലിഫ്റ്റിലേക്ക് കയറി.  ഉയരുന്ന ലിഫ്റ്റിനൊപ്പം അയാളുടെ ആശങ്കയും ഉയർന്നു. മുകളിലേക്കുള്ള ചുമന്ന സുചികയും അക്കങ്ങളും അയാളുടെ ഹൃദയമിടിപ്പ് കൂട്ടി. അയാൾ കോളിങ്ങ് ബെല്ലിൽ വിരലമർത്തി അസ്വസ്ഥനായി നഖം കടിച്ചു നിന്നു. ഡോറു തുറന്ന് നനഞ്ഞു കുതിർന്ന ഷാഹിന ശ്യാമിലേക്ക് വീഴുകയായിരുന്നു. അവളേയും കൊണ്ടവൻ അകത്തേക്ക് നീങ്ങി. ഇരുവരും സോഫയിലേയ്ക്ക് വീണിരുന്നു. 
"എന്താ" 
അവന്റെ ചോദ്യത്തിനവൾ കരച്ചിലടക്കാനാവാതെ വിറച്ചു കൊണ്ട് ബെഡ്റൂമിലേയ്ക്ക് കണ്ണോടിച്ചു. അയാൾ പതുക്കെ എഴുന്നേറ്റ് ബെഡ്റൂമിലേയ്ക്ക് നടന്നു. അവിടെ ബെഢിൽ അനക്കമില്ലാതെ ചെരിഞ്ഞു കിടക്കുകയാണ് വൃദ്ധൻ. പരിഭ്രമത്തോടെ വൃദ്ധനടുത്ത് ചെന്ന് സൂക്ഷിച്ച് നോക്കി. അറിയാതെയവൻ ഉമിനീരിറക്കി പോയി. സംശയത്തോടെ ശ്വാസഗതി പരിശോധിച്ചു. മരിച്ചിരിക്കുന്നു ...
ഒരു മരവിപ്പിൽ തിരിച്ചു നടന്നു. അപ്പോഴേക്കും ശ്യാമിന്റെ തൊണ്ട വരണ്ട് നാക്ക് കുഴഞ്ഞിരുന്നു. അവന്റെ വിറങ്ങലിച്ച ചുണ്ടുകളിൽ ചിതറുന്ന വാക്കുകൾ ശബ്ദിച്ചു.
"ഇയാളെങ്ങനെ ഇവിടെ"
അവൾ പൊട്ടിക്കരഞ്ഞ് പറയാൻ വിതുമ്പി ...
"കുടിക്കാൻ" 
മരവിച്ച വാക്കു മുറിഞ്ഞ് ശ്യാമിനുള്ള മറുപടി മുഴുമിപ്പിക്കാൻ ഷാഹിനക്കായില്ല. അവളുടെ വാക്കുകളും വൃദ്ധനോടൊപ്പം മരണപ്പെട്ടതു പോലെ ശ്യാമിന് തോന്നി.
ശ്യാം എന്തു ചെയ്യണമെന്നറിയാതെ അവന്റെ നെഞ്ചിടിപ്പിൽ നിമിഷനേരം മിഴിച്ചിരുന്നു. പിന്നെ ചിന്തകൾക്ക് തീപിടിച്ചു തുടങ്ങിയപ്പോൾ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളമെടുത്ത് ഒറ്റശ്വാസത്തിൽ കുടിച്ചു. ഒടുവിൽ ഒരാളെ വിളിക്കാൻ തന്നെ തീരുമാനിച്ചു. ശ്യാമിനവിടെ  അടുപ്പമുണ്ടായിരുന്നത് ജോളി ജോസഫിനോട് മാത്രമാണ്. മാത്രമല്ല മരിച്ചു കിടക്കുന്ന വൃദ്ധനെ കുറിച്ച് കുറച്ചെന്തെങ്കിലും അറിയാവുന്നതും അയാൾക്ക് മാത്രമാണ്.

ജോളി ജോസഫ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ മുറി പൂട്ടിയിറങ്ങി. അയാൾ പതിനാലാം നിലയിലെ ശ്യാമിന്റെ ഫ്ലാറ്റിലേക്കെത്താൻ അൽപ്പം നേരമെടുക്കും. അത്രയും നേരം അയാളെ കുറിച്ചു തന്നെ പറയാം. മലബാർ സിറ്റിയിലെ അന്തേവാസിയും അവിടത്തെ അസോസിയേഷൻ പ്രസിഡന്റുമായ കേണൽ കോശിച്ചായന്റെ കീഴുദ്യോഗസ്ഥനായിരുന്നു ജോളി ജോസഫ്.  പട്ടാളത്തിൽ നിന്നും പിരിഞ്ഞ ശേഷവും ജോളി കേണലിനെ പിരിഞ്ഞില്ല. കോട്ടയമാണ് സ്വദേശം. ഭാര്യ മരിച്ചു. രണ്ടു പെൺമക്കളേയും കെട്ടിച്ചയച്ചു. നാട്ടിലുണ്ടായിരുന്ന സ്ഥലവും വീടുമൊക്കെ വിറ്റ് മൂന്നായി ഭാഗിച്ചു. ഇപ്പൊൾ ഇവിടെ തന്നെ സ്ഥിരതാമസം. രാവിലേയും രാത്രിയും എട്ട് മണിക്ക് മുമ്പ് കേണലിന്റെ ഒരു വിസിറ്റുണ്ട്. അപ്പോൾ ഓർമ്മ പുതുക്കി ജോളിയൊരു സെലൂട്ടടിക്കും. കേണലത് അഭിമാനത്തോടെ മാറ് വിരിച്ച് നിന്ന് സ്വീകരിക്കും. കേണലു പോയാൽ പിന്നെ പട്ടാള കോട്ടയിലൊന്നിന്റെ കഴുത്തറുത്ത് സേവ തുടങ്ങുക പതിവാണ്. അവധി ദിവസങ്ങളിൽ പതിവായി കൂട്ടിന് ശ്യാമുമുണ്ടാവും. ശ്യാമതിന് കൃത്യമായൊരു തുക മാസാവസാനം നൽകുന്നതും പതിവാണ്.

പതിവില്ലാത്തൊരു വെപ്രാളത്തിൽ ശ്യാമിന് പറഞ്ഞതൊക്കെ തെറ്റി. അവൻ ആദ്യം മുതൽ പിന്നേം പറഞ്ഞു ...
"ഗ്യാസ് തീർന്നതോണ്ട് കുടിക്കാനുള്ള വെള്ളത്തിന് വന്നതാ. ഷാഹിന വെള്ളമെടുത്ത് വന്നപ്പോഴേക്കും തലചുറ്റുന്നതായും കിടക്കണമെന്നും പറഞ്ഞു. അവളുടനെ ബെഢിൽ കൊണ്ടു കിടത്തി. ആ കെടപ്പാ"...
"ഏതായാലും ഇവിടെ കിടത്തണ്ട. സാറിന്റെ ഫ്ലാറ്റിലോട്ട് കൊണ്ടോവാം. താനാരെങ്കിലും വരുന്നുണ്ടോന്ന് നോക്ക്"
ജോളി പറഞ്ഞതനുസരിച്ച് ശ്യാം കോറിഡോറിൽ കണ്ണും നട്ടു നിന്നു. ജോളി വൃദ്ധനേയുമെടുത്ത് നേരെ എതിരെയുള്ള അയാളുടെ ഫ്ലാറ്റിലേക്ക് നടന്നു. ശ്യാമയാളെ അനുഗമിച്ചു. വൃദ്ധനെ അയാളുടെ ബെഡ്റൂമിൽ കൊണ്ട് കിടത്തി. ശ്യാം ആദ്യമായാണ് ആ ഫ്ലാറ്റിലേക്ക് കയറുന്നത്. കുറച്ചു സാധനങ്ങളെ ഉള്ളുവെങ്കിലും ഉള്ളതെല്ലാം വൃത്തിയായി അടുക്കി വെച്ചിട്ടുണ്ട്. അയാളെ പുറത്തേക്കൊന്നും കാണാറില്ല. ആരോടും സംസാരിച്ചതായും അറിവില്ല. അവിടാർക്കും അയാളെകുറിച്ച് ഒന്നും അറിയില്ല. ജോളിചേട്ടൻ മാത്രമാണ് അയാളെ നിത്യവും കാണാറുള്ളത്.
രാവിലേയും വൈകിട്ടും അയാളുടെ കാര്യങ്ങൾ അന്വേഷിക്കാൻ ജോളി ചേട്ടൻ വരാറുണ്ട്. വേണ്ടതൊക്കെ വാങ്ങിച്ചു കൊണ്ടു കൊടുക്കുകയും ചെയ്യും. ആ നിലയ്ക്കൊരു ആത്മബന്ധം ജോളി ചേട്ടനുമായിട്ടയാൾക്ക് ഉണ്ടായിരുന്നിരിക്കണം.
"എവിടെ. അങ്ങനെയൊന്നുവില്ലെന്നേ. സാറിതുവരെ ഒന്നു ചിരിച്ചു പോലും ഞാൻ കണ്ടിട്ടില്ല.. പിന്നാ. ഒരു പിടിയും കിട്ടിയിട്ടില്ല"
ജോളി ചേട്ടന്റെ സംസാരത്തിൽ നിന്നും അയാളെ കുറിച്ച് കൂടുതലൊന്നും അറിയാൻ കഴിഞ്ഞില്ല. 
ഗ്യാസ് ലീക്ക് ചെയ്യുന്ന ഗന്ധം ശ്വസിച്ച് ഇരുവരും കിച്ചണിലേക്ക് നടന്നു. അവിടെ കത്തുന്ന ഗ്യാസ് സ്റ്റൗവ്വിൽ വെള്ളം വറ്റി കരിഞ്ഞ് പാത്രം പുകയുന്നത് കണ്ട് ജോളി ശ്യാമിനെ ഒന്നു നോക്കി.
"ഷാനു പറഞ്ഞതാ" 
ശ്യാം പെട്ടന്ന് ജാമ്യമെടുത്തു. ജോളി ഗ്യാസ് സ്റ്റൗ ഓഫ് ചെയ്തു.
"സാറിന്റെ അനിയനെ വിവരമറിയിക്കണം. അതിനു മുമ്പ് കേണൽ സാറിനെ അറിയിക്കണം. അതിനും മുമ്പ് ഈ കോറിഡോറിലെ  വിഷ്വൽസ് റിമൂവ് ചെയ്യണം. താൻ വാ" ജോളി ശ്യാമുമായി
സി സി ടി വി റൂമിലേക്കെത്തി. ജോളി ശ്യാമിന്റെ റൂമിൽ നിന്നും വൃദ്ധനേയും ചുമലിലേറ്റി പോവുന്നതിന്റെ വിഷ്വൽ ശ്യാം ഡിലീറ്റ് ചെയ്തു. എന്നാൽ ഷാഹിന പറഞ്ഞതിലെ പൊരുത്തക്കേട് ശ്യാമിനെ വല്ലാതെ അസ്വസ്ഥനാക്കി.അവൻ മറ്റു ദൃശ്യങ്ങളിലേക്കും സഞ്ചരിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായിട്ട് ഈ വൃദ്ധൻ ദിവസേന തന്റെ ഫ്ലാറ്റിലേക്ക് പോവുന്നതും വളരെ നേരം കഴിഞ്ഞ് തിരിച്ചു വരുന്നതും കണ്ടു. പലപ്പോഴുമയാൾ കുളി കഴിഞ്ഞ് ഈറനോടെ അർദ്ധനഗ്നനായിട്ടായിരുന്നു പോയിരുന്നത്.
"ആവശ്യമില്ലാത്തതൊന്നും ആലോചിച്ച് കൂട്ടണ്ട. ഇപ്പൊ അതു മുഴുവനങ്ങ് ഡിലീറ്റ് ചെയ്തേര്" 
ജോളി പറഞ്ഞതനുസരിച്ച് ശ്യാം ദ്യശ്യങ്ങളൊക്കെ നീക്കം ചെയ്തെങ്കിലും അവന്റെ ഉള്ളിലത് പുകഞ്ഞു തുടങ്ങി. പിന്നയത് തീയായി പടർന്ന് രക്തസമ്മർദ്ധം പെരുകി.

കേസ് കേണൽ ഏറ്റെടുത്തതോടെ അവിടെ തന്നെ അന്തേവാസിയായിരുന്ന ഡോക്ടർ ഡേവിസ് പരിശോധനയ്ക്കായി വൃദ്ധന്റെ ഫ്ലാറ്റിലേക്കെത്തി. പ്രാഥമിക പരിശോധനയിൽ ഹാർട്ട് അറ്റാക്കാണ് മരണകാരണമെന്ന് സ്ഥിതീകരിച്ചു. മൃതശരീരം ഫ്രീസറിലേയ്ക്ക് മാറ്റി. വൃദ്ധന്റെ അനിയനൊരാളുള്ളത് കാസർകോടാണ്. അയാളാണീ ഫ്ലാറ്റ് വാങ്ങിച്ചതും വൃദ്ധന്റെ കാര്യങ്ങൾ നോക്കാൻ ജോളിയെ ചുമതലപ്പെടുത്തിയതും എല്ലാം. മാസത്തിലൊരിക്കൽ അയാൾ കൃത്യമായി വരികയും ജോളിക്കുള്ളത് കൊടുക്കുകയും ചെയ്യാറുണ്ട്.
"അല്ല ആ വരുമാനവും നിന്നെന്ന് പറയുവായിര്ന്ന്" 
ജോളി കേണലിനോട് പറഞ്ഞു.
"അപ്പഴെങ്ങനാ. അയാള് കാസർകോട്ന്നിങ്ങെത്താൻ നേരം വെളുക്കത്തില്ലേ. മിക്കവാറും ഉച്ചയാവും. അതുവരെ ശവം അകത്തു വെച്ച് ഫ്ളാറ്റ് പൂട്ടിയിടാനൊക്കുവോ" വൃദ്ധന്റെ ഫ്ളാറ്റിൽ എല്ലാം കേട്ടുനിന്ന ഷാഹിന പെട്ടന്നു പറഞ്ഞു..
"ഞാനിരിക്കാം"
അവളുടെ ആ തീരുമാനം ശ്യാമിനെ ഞെട്ടിച്ചു. കേണലും കൂട്ടരും പോയപ്പോൾ ജോളി സ്വകാര്യമായി ശ്യാമിനോട് പറഞ്ഞു ...
"എന്നാ ഞാൻ പോയേച്ച് നാലെണ്ണം വിട്ടിട്ട് വരാം. നീയിന്നടിക്ക്യണ്ട. പെണ്ണും പിള്ളക്ക് കൂട്ടിരിക്ക്. അവളെ ഒറ്റക്കാക്കി പോണ്ട"
അത് ശ്യാമിനെ വീണ്ടും ഞെട്ടിച്ചു.
"ചതിക്കല്ലെ ചേട്ടാ ... ഇന്ന് രണ്ടെണ്ണം അടിക്കാതെങ്ങനാ. അതൊക്കെ അവള് മേനേജ്‌ ചെയ്തോളും"
ശ്യാം ഷാഹിനയ്ക്ക് മുഖം കൊടുക്കാതെ ജോളിയെ അനുഗമിച്ചു ... ഒരു മുറിയോർമ്മയുടെ മൗനത്തിൽ അവളിൽ നിന്നും ചുടു നിശ്വാസം അടർന്നുവീണു. ഷാഹിന വൃദ്ധൻ കിടക്കുന്ന തണുത്തുറഞ്ഞ ഫ്രീസറിൽ പതുക്കെ തലോടി. മഞ്ഞു തുള്ളികൾക്കിടയിലൂടെ അയാളുടെ മുഖം തെളിഞ്ഞു വന്നു. അപ്പോഴും അവളുടെ മുലകൾ അയാളുടെ ചുണ്ടിലുണ്ട്. അത് മുലപ്പാൽ ചുരത്തുന്നുണ്ട്. മരവിപ്പിക്കുന്ന തണുപ്പ് അവളുടെ സ്തനങ്ങളിലേക്ക് അരിച്ചിറങ്ങി. ശരീരത്തിന്റെ താപനില ഹിമപർവ്വം പോലെ ഉയർന്നു. മഞ്ഞുരുകും പോലെ മുറിപ്പാടിലെ നീറ്റലിൽ അയാളുടെ തണുത്ത് വിറങ്ങലിച്ച ചുണ്ടുകൾ മുലപ്പാലിനായ് നുണയുന്നുണ്ട്.

ഒരു കവിൾ മദ്യം നുണഞ്ഞ് ജോളി പറഞ്ഞു.
"അങ്ങനൊക്കെ ചോദിച്ചാ കൊഴയും കെട്ടോ. ഈ മരിച്ച സാറ്, മരിക്കാത്ത സാറിനെ അനിയാന്നാ വിളിക്കുന്നെ. മരിക്കാത്ത സാറ്, മരിച്ച സാറിനെ ചേട്ടാന്നും. അപ്പൊ പിന്നെ ചേട്ടാനിയമ്മാരല്യോ. മരിക്കാത്ത സാറ് മനശാസ്ത്രജ്ഞനാണെന്നാ പറഞ്ഞെ. മരിച്ച സാറ് സ്ഥിരമായിട്ട് മാനസികമായ എന്തോ അസുഖത്തിനുള്ള മരുന്നും കഴിക്കുന്നുണ്ട്. ഞാനല്ലേ വാങ്ങിച്ച് കൊടുക്കുന്നേ. അപ്പൊ പിന്നെ അവര് തമ്മില് ഒരു ഡോക്ടർ പേഷ്യന്റ് ബന്ധവും ആവാം. സത്യമായിട്ടും ഈ രണ്ട് സാറമ്മാരുടേയും പേരെനിക്കറിയത്തില്ല" ശ്യാം ഗ്ലാസിലെ റമ്മിലേക്ക് പതയുന്ന കോള പകർന്നു.

അന്നൊരു ഞായറാഴ്ച്ചയായിരുന്നു.രാത്രി എട്ടുമണിയോടെ  കടുത്ത തലവേദന അനുഭവപ്പെട്ട് ഷാഹിന ഫ്ളാറ്റിൽ നിന്നും പുറത്തേക്കിറങ്ങി.  ജോളിയോടൊപ്പം മദ്യസേവയിലായിരുന്ന ശ്യാമിനെ വിളിച്ച് ബുദ്ധിമുട്ടിക്കണ്ടെന്നും അവൾ വിചാരിച്ചു. കുഞ്ഞിനെ നഷ്ടമായി ബഢ്റസ്റ്റിലായിരുന്ന ഷാഹിന കുറച്ച് നാളുകൾക്ക് ശേഷമാണ് ഫ്ലാറ്റിൽ നിന്നും പുറത്തേക്കിറങ്ങുന്നത്.  സൂപ്പർമാർക്കറ്റും റസ്റ്റോറന്റും മെഡിക്കൽ ഷോപ്പും തുടങ്ങി സകല സൗകര്യങ്ങളാലും സമ്പന്നമാണ് അവരുടെ മലബാർ സിറ്റി. ഒഴിവു ദിവസം ആയതിനാൽ പുറത്ത് ആളുകൾ തീരെ കുറവായിരുന്നു.  മദ്യപാനത്തിന്റെ ആസ്വാദനത്തിൽ അറിയാത്തതു കൊണ്ടാവണം വൃദ്ധന്റെ കോളുകളൊന്നും ജോളി എടുത്തതേയില്ല. വൃദ്ധന്  ചിട്ടയായൊരു ദിനചര്യ ഉണ്ടായിരുന്നു. ആരോ അടിച്ചേൽപ്പിച്ച അച്ചടക്കം അയാൾ ഒരു മനുഷ്യപാവയെ പോലെ നിറവേറ്റുകയാണ്. ഉണരാൻ , ഭക്ഷണം കഴിക്കാൻ, മരുന്നു കഴിക്കാൻ, ഉറങ്ങാൻ ... അങ്ങനെ ഓരോന്നിനും അയാൾക്ക് ഓരോ നേരമുണ്ടായിരുന്നു. നേരം തെറ്റിയാൽ അയാൾക്ക് വെപ്രാളവും പരവശവും വരും. ഇപ്പോൾ അയാൾക്ക് മരുന്നു കഴിക്കേണ്ട നേരമാണ്. മരുന്ന് തീർന്നിരിക്കുന്നു. ഗത്യന്തരമില്ലാതെ അയാൾ തന്നെ മരുന്നു വാങ്ങാനിറങ്ങി. ഇരുവരും മരുന്നു വാങ്ങി തങ്ങളുടെ ബ്ലോക്കിലെ ലിഫ്റ്റിലേക്ക് കയറി. അവർ ആദ്യമായാണ് നേരിൽ കാണുന്നത്. ഷാഹിന പുഞ്ചിരിക്കാൻ ശ്രമിച്ചു. അയാൾ അതിനും മെനക്കെട്ടില്ല. എട്ടാം നില കഴിഞ്ഞ് ഒമ്പതാം നിലക്കിടയിൽ വെച്ച് ലിഫ്റ്റ് വലിയ ശബ്ദമുണ്ടാക്കി നിശ്ചലമായി. കറന്റും കട്ടായി. ആരെയെങ്കിലും ഒന്നറിയിക്കാനും നിവർത്തിയില്ല. രണ്ടാളും മൊബൈലെടുക്കാൻ മറന്നിരുന്നു. ഇരുവരും വിധിക്ക് കിഴടങ്ങി ഇരുട്ടറയിൽ ഇരുന്നു. ഏതാണ്ട് ഒന്നര മണിക്കൂറോളം അവരാ ഇരിപ്പു തുടർന്നു. വൃദ്ധൻ വായുവും വെളിച്ചവുമില്ലാതെ  പരിക്ഷീണിതനായി. അയാൾ തൊണ്ട വരണ്ട് തെളിനീരിനായ് വിലപിച്ചു. ഇരുട്ട് നിമിഷ നേരം കൊണ്ട് പ്രസവിക്കുന്നതായി ഷാഹിനക്ക് തോന്നി. അധികരിച്ചു വരുന്ന ഇരുട്ടിൽ അയാളുടെ യാചന കേട്ടിരിക്കാനെ ഷാഹിനക്കായുള്ളൂ. വായുവും വെളിച്ചവും വെള്ളവും കിട്ടാതെ അയാളിവിടെ കിടന്ന്  മരിക്കുമോയെന്ന് ഷാഹിന ഭയന്നു. ക്രമേണ അയാളുടെ കരച്ചിൽ ഞെരക്കങ്ങളായി മാറി. അതും കുറഞ്ഞ് ബോധം മറഞ്ഞ് അയാൾ നിശബ്ദനായി. അവൾ പുതച്ചിരുന്ന ഷാളെടുത്ത് അയാളെ വീശിക്കൊണ്ടിരുന്നു. നേരിയ കാറ്റിന്റെ ദയയിൽ അയാൾ അവ്യക്തമായി ഇടക്ക് വെള്ളമെന്ന് മന്ത്രിക്കുന്നുണ്ട്. ആ വൃദ്ധന്റെ ജീവൻ അതിജീവനത്തിനായി വെപ്രാളപ്പെടുന്നത് അവൾക്കധികനേരം സഹിക്കാനായില്ല. കൂടതലൊന്നും ആലോചിക്കാതെ അവൾ തന്റെ സ്തനങ്ങൾ അയാളുടെ മുഖത്തേക്കടുപ്പിച്ചു. കുഞ്ഞിന് കരുതിവെച്ചിരുന്ന സ്തനങ്ങളിൽ കിടന്ന് വിങ്ങുന്ന മുലപ്പാൽ അവൾ അയാളുടെ ചുണ്ടിലേക്ക് ഇറ്റിച്ചു കൊടുത്തു. മുലപ്പാലിൽ സാവധാനം ജീവൻ വെച്ച് അയാൾ ബോധത്തിലേക്കു തിരിച്ചു വന്നു. പിന്നെ അയാളുടെ ചുണ്ടുകൾ അവളുടെ മുലപ്പാല് കുടിച്ചു തുടങ്ങി. അവൾക്കത് തടയാനായില്ല. അയാളത് കുടിച്ചു കൊണ്ടേയിരുന്നു.
മദ്യസേവ കഴിഞ്ഞ് തന്റെ ബ്ലോക്കിലെത്തിയ ശ്യാം ലിഫ്റ്റിന്റെ തകരാറ് തിരിച്ചറിഞ്ഞു. വിവരമറിഞ്ഞെത്തിയ ടെക്നീഷ്യൻസ് അതിവേഗത്തിൽ തന്നെ ലിഫ്റ്റ് പ്രവർത്തന യോഗ്യമാക്കി. ലിഫ്റ്റ് പതിനാലാം നിലയിലേക്കെത്തി. ഇരുവരും ഇറങ്ങി. വൃദ്ധന്റെ വിറക്കുന്ന കൈകൾ ഷാഹിനയുടെ കൈ പിടിച്ചു. അവർ നടന്ന് അവരുടെ ഫ്ലാറ്റിന് മുന്നിലെത്തി. ഷാഹിന വൃദ്ധന്റെ കൈ അടർത്തിമാറ്റി അവളുടെ ഫ്ലാറ്റിലേക്ക് കയറി വാതിലടച്ചു. അൽപ്പനേരം അടഞ്ഞ വാതിലിലേക്ക് നോക്കി നിന്ന് എതിർവശത്തെ വാതിൽ തുറന്നയാൾ അകത്തു കയറി. അൽപ്പം കഴിഞ്ഞ് ഒന്നുമറിയാതെ ശ്യാം വന്നു കിടന്നു.
ഷാഹിന ഫ്രീസറിലേക്ക് കൈയും മുഖവും ചേർത്തുവെച്ച് കിടന്നു. അയാളുടെ തുറിച്ച കണ്ണുകൾ അവളെ തന്നെ നോക്കുന്നു. അവൾ ആ കണ്ണുകളിലേക്കു തന്നെ ഇമവെട്ടാതെ നോക്കി കിടന്നു.

"നോക്കി നിൽക്കാതെ ബാക്കി കൂടി അടിച്ചങ്ങ് തീർക്കെടേയ്. ഞാൻ ഫിറ്റാ" ജോളി പറഞ്ഞു. ശ്യാം മിച്ചമുള്ള മദ്യം ഗ്ലാസിലേക്ക് പകർന്ന് കോളയൊഴിച്ച് നിറച്ചു വെച്ചു. ജോളി തുടർന്നു ...
"പിന്നെ ഞാനാ സാറിനോട് .. സാറിനോട് മാത്രം സത്യം പറയും. ബോഡി കിടന്നത് നിന്റെ ഫ്ലാറ്റിലാണെന്ന്. ഞാനാ അത് മാറ്റിയതെന്ന്. അല്ലാതെനിക്ക് ഒറക്കം വര്കേല. നിനക്കൊരു കൊഴപ്പോം ഉണ്ടാവ്കേല. അത് പോരെ" ...
മറുപടിയും അയാൾ തന്നെ പറഞ്ഞു ...
"അതുമതി".
"പിന്നെന്തിനാ അത് മാറ്റിയത്" 
അൽപ്പം നീരസത്തോടെ ശ്യാം ചോദിച്ചു.
"അല്ലെങ്കി കാണാമായിരുന്നു... ഇവിടുള്ളവരെ ... ഇവനിതെവിടത്ത്കാരനാടാ" ...
ഇതും പറഞ്ഞ് ജോളി ശ്യാം ഒഴിച്ചു വെച്ച മദ്യം ഒറ്റ വലിക്ക് അകത്താക്കി.

അകത്തും പുറത്തും തണുപ്പുറഞ്ഞ് മനസ്സും ശരീരവും നിശ്ച്ചലമാണ്. ഫ്രീസറിൽ മുഖം ചേർത്തുവെച്ചുള്ള കിടപ്പവൾ തുടർന്നു. അവളുടെ മനസ്സിന്റെ സൂചിക അയാളുമായുള്ള അവസാന നിമിഷങ്ങളുടെ തീക്ഷ്ണതയിലേക്ക് ഒന്നു ചലിച്ചു. അയാൾ അവൾക്ക് ആരായിരുന്നു. അതിനയാൾ പറഞ്ഞ ഉത്തരമാണ് അവളെ തകർത്തു കളഞ്ഞത്. ലിഫ്റ്റിൽ അകപ്പെട്ടതിന്റെ പിറ്റേന്ന് ശ്യാമും ജോലിക്കാരിയും പോയി കഴിഞ്ഞ് അയാൾ ഫ്ലാറ്റിലേക്ക് വരികയായിരുന്നു. ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരിയിൽ അയാൾ അകത്തേക്ക് വന്നു. യാതൊരു സങ്കോചവുമില്ലാതെ ആവശ്യം അറിയിച്ചു. ശാഠ്യം പിടിച്ചു. ഭയനീയമായി യാചിച്ചു. അയാളെ പിന്തിരിപ്പിക്കാനും  പരമാവധി ഒഴിഞ്ഞുമാറാനും അവൾ ശ്രമിച്ചു. എന്നാൽ ഒരു കുഞ്ഞിന്റെ പിടിവാശിക്കു മുമ്പിലെന്ന പോലെ അവൾ പരാജയപ്പെട്ടു. അവൾക്ക് അയാളുടെ ആഗ്രഹത്തിന് വഴങ്ങികൊടുക്കേണ്ടി വന്നു. അന്നു തന്നെ ഇടവിട്ടവൾ ഒന്നിലധികം തവണ അയാളെ മുലയൂട്ടി. അതു പിന്നെ പതിവായി. ചിലപ്പോൾ കുളി കഴിഞ്ഞ് ഈറനോടെ തല തോർത്തികൊടുക്കാൻ അയാൾ ഓടിവരും ... ചിലപ്പോൾ ആഹാരവുമായി വാരിക്കൊടുക്കാൻ അയാൾ ഓടിവരും ... ഓരോ പ്രാവശ്യവും മുലയൂട്ടി കഴിഞ്ഞാൽ അയാൾ അവളുടെ ചൂടുപറ്റി ഗർഭാശയത്തിൽ കുഞ്ഞ് കിടക്കുന്നതു പോലെ ചുരുണ്ടു കിടക്കും. എന്നിട്ട് കല്ല് കായയാവുന്ന കാലം മുതൽ മരം കൊത്തിപക്ഷിയുടെ കാലംവരെ പല ആവർത്തി പറഞ്ഞു കൊണ്ടിരിക്കും. അതെന്താണെന്ന് അവൾക്കിനിയും മനസ്സിലായിട്ടില്ല. ഒടുവിൽ ഒടുവിലത്തെ ദിവസം. ഒടുവിലായി അയാളതു പറഞ്ഞ നിമിഷം ...

( തുടരും )

Share :