Archives / 

ഫില്ലീസ് ജോസഫ്
കൂടുമാറ്റം  (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ _8)

കിഴക്ക് വശത്ത് ഒരാൾക്ക് നടന്നുകയറാൻ , പാകത്തിന് വഴിയുള്ള ദീർഘചതുരാകൃതിയിലുള്ള സ്ഥലമായിരുന്നു അത്. അക്കരെയപ്പച്ചൻ നട്ട തെങ്ങിൻ തൈകൾ കായ്ക്കാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു അവിടെ.

 ടാറിട്ട റോഡരുകിലെ, വെട്ടുകല്ലു കൊണ്ട് പണിത ഓടിട്ട ഒറ്റമുറിപോസ്‌റ്റോഫീസിനെ തൊട്ട് ,ആ വഴി പുരയിടത്തിന്റെ മുന്നിലൂടെ കുറച്ചു ദൂരമുള്ള നടവഴിക്ക് ശേഷം കുന്നിറങ്ങി കായൽതീരത്തിലെത്തും.  പുരയിടം നോക്കാൻ  വന്ന അപ്പനെയും അമ്മയേയും ചിറ്റപ്പൻമാരേയും എന്ന് വേണ്ട അവിടെ നിന്ന സകല മനുഷ്യരുടെയും കണ്ണുവെട്ടിച്ച് ഞാൻ ഒറ്റഓട്ടത്തിന് കുന്നിറങ്ങി കായൽക്കരയെത്തി.

കായലിനക്കരെ എവിടെയെങ്കിലും ഇളം പച്ചപെയിന്റടിച്ച അക്കരെവീട് കാണാൻ പറ്റുമോ എന്ന് തിരഞ്ഞു. പക്ഷേ ... കണ്ടെത്താൻ എന്റെ ബാല്യത്തിന്റെ കൗതുകകണ്ണിന് കഴിഞ്ഞില്ല. 

ആരെങ്കിലും അറിയും മുൻപ് തിരികെ പുരയിടത്തിലെത്തണമെന്ന ചിന്ത എന്നെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു. തിരികെ നടക്കവെ കുത്തനെയുള്ള കുന്ന് കണ്ട് ഞാൻ ഞെട്ടി.   ഞാനെങ്ങനെ അനുജനൊപ്പം ആ കുന്നിറങ്ങിയെന്നത് ഇന്നും എന്നെ ആശ്ചര്യപ്പെടുത്താറുണ്ട് !

അവിടെയുള്ള  വൃദ്ധയായ ഒരു അമ്മയാണ് കുറ്റിക്കാടുകളിലെ കമ്പുകളിൽ പിടിച്ച് കുന്നു കയറാൻ എന്നെയും അനുജനെയും സഹായിച്ചത്. 

അങ്ങനെ ഏറെ പണിപ്പെട്ട് ഞാൻ അനിയനുമായി പുരയിടത്തിൽ തിരികെയെത്തി.

എല്ലാവരും തിരക്കിലാണ്. വീടിനുള്ള ഫൗണ്ടേഷൻ തയ്യാറാക്കാൻ കുറ്റി അടിച്ച് കയറു കെട്ടുകയാണ്, അക്കാലത്ത് നാട്ടിൽ പേരു കേട്ട സ്ഥപതിയും അക്കരെയപ്പച്ചന്റെ കൂട്ടുകാരനുമായ വേലുമേശിരി. ആൾക്കൂട്ടത്തിനിടയിലൂടെ ഞങ്ങൾ അമ്മയുടെ സാരിത്തുമ്പിലെത്തി.

ഒരു നിമിഷം പോലും കണ്ണുച്ചിമ്മാതെ ഞങ്ങളെ ശ്രദ്ധിക്കാറുള്ള അമ്മ അമ്പരന്നു . "ലീനാമോളേ,കുറച്ചുനേരം കണ്ടില്ലല്ലോ നിങ്ങളെ രണ്ടാളേം ഇവിടെ, മോനെ തട്ടിവീഴാതെ നോക്കണേ..". തിരക്കിനിടയിലും അമ്മ പറഞ്ഞു. പത്ത് മുപ്പത് കൊല്ലം മുൻപ് ഓടി നടന്നിടം മനസിൽ തികട്ടുന്നു. 

ഇന്നിപ്പോൾ ഈ തുരുത്തിലും കുട്ടികൾ പുറത്തിങ്ങാതെ കമ്പ്യൂട്ടറിലേയ്ക്ക് ഒതുങ്ങുന്നു. കുറ്റം പറയുന്നതെങ്ങനെ? കാലം അങ്ങനെയല്ലേ? കെട്ടുപോയ നന്മവിളക്കുകൾ നമ്മൾ തന്നെ കത്തിച്ചേ പറ്റൂ.

എങ്കിൽ മാത്രമേ കുഞ്ഞുങ്ങൾക്ക് പ്രകൃതിയെ നേരിട്ടറിയാനും സ്നേഹിക്കാനും സ്വാഭാവിക ജീവിതം നയിക്കാനും സാധിക്കൂ. ക്ഷമയും ശാന്തതയും കൈവരിക്കാനും അതു വഴി മാത്രമേ പാരസ്പര്യത്തിന്റെ മൂല്യവും തോൽവിയിലൂടെ ലഭിക്കുന്ന വിജയത്തിന്റെ സത്തയും ഏതൊരു മനുഷ്യജീവിക്കും മനസ്സിലാവുകയുള്ളു എന്നത് നിശ്ചയം തന്നെ. അന്ന് വൈകുന്നേരത്തോടെ

കാർന്നോൻമാരുടെ വെറ്റിലമുറുക്കിന്റെ ബാക്കി പാത്രം മാത്രം അവിടെ അനാഥമാക്കി ബന്ധുക്കൾ പിരിഞ്ഞു പോയി.

വേലുമേശിരിയും പപ്പയും പിന്നെയും കുറേനേരം സംസാരം തുടർന്നു. അപ്പോഴും അമ്മ എപ്പോഴത്തെയും പോലെ എന്തൊക്കെയോ ജോലിയിൽ തന്നെ വ്യാപൃതയായിരുന്നു.

പിന്നീട്,വർഷങ്ങൾക്കിപ്പുറം അതേ പുരയിടത്തിൽ വീട് പണിയാൻ സ്ഥപതിയായി  എത്തിയത് ,വേലുമേശിരിയുടെ മകനായിരുന്നു എന്നുള്ളത് മറ്റൊരു യാഥ്യശ്‌ചികത. അതും കുറ്റിയടിച്ച് ഫൗണ്ടേഷൻ ഇട്ടിട്ടും പപ്പാ വീട് വയ്ക്കാതെ പോയ അതേ സ്ഥാനത്ത്!

പക്ഷേ സാമ്പത്തീക പരിമിതിമൂലം തൊട്ടടുത്തുള്ള തീരെ ചെറിയ പണിക്കാർക്കായി പണിഞ്ഞ  മുറി ഞങ്ങളുടെ ഓടിട്ട മൂന്ന് മുറി വീടായി പരിണമിക്കുകയായിരുന്നു

ഒമ്പതാം വയസിലെ ഈ കൂടുമാറ്റം, ബാല്യത്തിന്റെ സ്വർണ്ണനിറമുള്ള ഒരേട് ,അഷ്ടമുടിക്കായൽക്കരയിൽ അടയാളപ്പെടുത്തിയതിന്റെ ഓർമ്മ കൂടിയാണെനിക്കിന്ന്....

 

 

 

 

 

Share :