Archives / November 2020

സുനിമോൾബളാൽ.
മോക്ഷം

തന്റെ  ഇരുട്ടിലേക്ക് ഉറ്റുനോക്കുന്ന രാത്രിയുടെ ഒറ്റക്കണ്ണിലേക്ക് അവൾ തുറിച്ചു നോക്കി..... പള്ളിയറയിൽ നിന്നും രാത്രിസഞ്ചാരത്തിനിറങ്ങിയ ദേവതമാരുടെ ചിലമ്പൊലി ശബ്ദം അടുത്തടുത്തു വരുന്നതു പോലെ....മുറിയിലെ, വായു കടക്കാൻ മാത്രമുള്ള ദീർഘചതുരത്തിലുള്ള ഒറ്റക്കണ്ണിലൂടെ തീക്കണ്ണുകൾ അഗ്നി വാരിയെറിഞ്ഞു. കോരിച്ചൊരിയുന്ന മഴയത്തും അവൾ വിയർത്തു കുളിച്ചു. പുളിങ്കുരു വലുപ്പത്തിൽ മാറ് കുപ്പായത്തിനു പുറത്തേക്ക് ചാടാൻ സ്വാതന്ത്ര്യം കാട്ടിയതു മുതൽക്കേ അമ്മയും വല്യമ്മയും പറയുന്ന വാക്കുകൾ " നീ ബാല്യക്കാര്ത്തിയാവാനായി... ഇനി പള്ളിയറേരട്ത്തേക്കൊന്നും പോണ്ട.. പുറത്തായിക്കയ്ഞ്ഞാ പെണ്ണ് അശുദ്ധിയായി... അങ്ങനെന്തെങ്കിലുമായാല് നാഗങ്ങള് വന്ന് കൊത്തിക്കൊത്തിക്കൊല്ലും......" 

      ഇന്നു മുതൽ മാസത്തിൽ ഏഴുദിവസം  അമ്മയെപ്പോലെ.. ഈ ഇരുട്ടറയ്ക്കുള്ളിൽ.. വയ്യ.....

തുടയിടുക്കിലൂടെ ഇഴഞ്ഞിറങ്ങുന്ന തണുപ്പിൽ ആയിരം നാഗങ്ങൾ പുളഞ്ഞാടി...

പായയിൽ വിരിച്ചിരുന്ന അമ്മയുടെ വോയിൽ സാരിയിൽ തെരുപ്പിടിച്ച്, അവൾ വടക്കിനിയുടെ മൂലയിൽ, വർഷങ്ങളായി ശാപമോക്ഷം കാത്തിരിക്കുന്ന സ്റ്റൂളിനു മുകളിലേക്ക് പാദങ്ങളൂന്നി......

 

 

Share :