Archives / October 2020

സന്തോഷ്‌ശ്രീധർ
മഹാഭാരതം

കദന ഭാരത്താൽ, വിങ്ങുന്നു ഭാരതം 
ശോഭയറ്റതാം തമോഗർത്തം പോലവേ, 
നിത്യ സുന്ദര സ്വപ്‌നങ്ങളെല്ലാമേ, 
നിത്യതയിലേക്കാഴ്ത്തിനാൾ ഒരുകൂട്ടർ. 

സ്വച്ഛതയെല്ലാം തകർത്തൂ 
ചിലരവർ വിരാജിക്കുന്നു, 
വീരോചിത വിചാരത്താൽ. 

വ്യാസനും ദാസനും വാല്മീകി പുംഗവനും 
തങ്കലിപികളിൽ കോറിയ ചിത്രങ്ങൾ 
തക്ഷകനെന്നപോൽ ചവിട്ടി മെതിച്ചിട്ട് 
താഴിട്ട് പൂട്ടുവാൻ വെമ്പുന്നു കേമന്മാർ. 

തന്ത്രങ്ങളല്ലിന്ന് കുതന്ത്രങ്ങളാലവർ 
രാഷ്ട്രചിന്തകൾ മാറ്റിമറിക്കുന്നു. 

വിന്ധ്യ ഹിമാചല കാശ്മീര ശൃംഗങ്ങൾ 
ഗോവിനെ ചൊല്ലി കലഹങ്ങൾ തീർക്കുന്നു. 

അങ്കികളെല്ലാം അറുത്തെടുത്തവർ 
അംഗഭംഗം വരുത്തി രസിക്കുന്നു. 
ചീറിയടിക്കും കൊടുങ്കാറ്റുപോലവർ 
തായകുലം തകിടം മറിക്കുന്നു. 

അദനത്തിനായി നീട്ടുന്ന കരങ്ങളിൽ 
അദന്തം നൽകിയട്ടഹസിക്കുന്നു. 
അഭിജാതയായൊരു ബാലികയെപ്പോലും 
അപേതയാക്കിയവർ മുന്നോട്ട് ഗമിക്കുന്നു. 

അർണ്ണം നിലച്ചൊരു അർണ്ണവത്തിൽപോലും 
അർഘടം കൂട്ടി കലർത്തി രസിക്കുന്നു
                                                ചിലരവർ.
അകർണ്ണവും വികർണ്ണവുമില്ലാതെയായി 
അകലുഷമെല്ലാമെ കലുഷതമായി, 
അകഴി ചാടുവാനാവാതെ മാനുഷർ 
അകലേക്കുപോയി മറയുന്നു പിന്നെയും    
                                                  പിന്നെയും. 

അക്ഷകീലം പോൽ ശോഭിച്ചൊരിടമിന്ന് 
അകായന്മാരെകൊണ്ട് നിറഞ്ഞു-
                                         കവിയുന്നു 
അക്ഷകൂടം തല്ലിചതച്ചവർ 
അക്ഷിപോലും ചൂഴ്ന്നെടുക്കുന്നു ചുറ്റും. 
എല്ലാം സഹിപ്പവൾ എന്നമ്മ ഭാരതം, 
പ്രളയാഗ്നി കൊണ്ട് മൂടുന്നു ചുറ്റിലും. 

                   

Share :