Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
എന്റെ കേരളം

എന്റെ കേരളം 

എത്ര സുന്ദരം. 

ഹാ !

എന്തൊരു കയ്യടി. 

നാടിനെ പറ്റി പുകൾ പറഞ്ഞ

നിർവൃതിയിൽ 

ഞാനും തിരിച്ചുനടന്നു. 

അതിർത്തി കടക്കാനാവാതെ 

വണ്ടി പെരുവഴിയിൽ നിന്നു

ഇന്നും സമരം.

 

കല്ലേറിൽ ചിതറിയ ചില്ലൊന്നു 

മഴുവേറിൽ പൊന്തിവന്ന 

നാടിനെ സ്മരിച്ചു. 

 

സഭയിലിരുപക്ഷവും 

പൊരിഞ്ഞ അടി .

 

തൊഴാൻ ചെന്ന പെണ്ണിന്റെ 

തലയടിച്ചു പൊട്ടിച്ചത്രേ, 

കണ്ണിൽ മുളകും തേച്ച് വിട്ട് 

അടിച്ചു വാരി അശുദ്ധി കളഞ്ഞു

ആശ്വാസം, ദൈവത്തിന്റെ വ്രതം കാത്തു

ദൈവത്തിന്റെ സ്വന്തം നാടിനു സ്തുതി.

 

ഇരു കുരുന്നുകൾ 

കഴുത്തിൽ കയർ കെട്ടി 

ഊഞ്ഞാലാടി കളിച്ചത്രേ,

തീവണ്ടിയിൽ നിന്നൊരുത്തി 

തെന്നി വീണു മരിച്ചത്രേ, 

ഒറ്റക്കയ്യൻ സാക്ഷി പറഞ്ഞു.

 

ഇടയിൽ ചിലർ 

കഞ്ഞിക്കു വകയില്ലാതെ 

സ്വർണ്ണം പൂശിയ

വിദേശ അരി തന്നെ വരുത്തി.

 

ആ, കഥകൾ തുടരുന്നു, 

തത്കാലം പത്രം മടക്കാം. 

 

ഇടക്കിടയ്ക്ക് 

പ്രളയവും മഹാമാരിയും 

വരുന്നത് കൊണ്ട് രക്ഷയുണ്ട്, 

"ഞങ്ങളൊറ്റ കെട്ട്" ഡയലോഗ്, 

പൊടി പിടിക്കാതെ 

ചിരിച്ച് നിൽക്കുന്നു. 

 

 

Share :