Archives / October 2020

ഡോ. നീസാ. കൊല്ലം
അശാന്ത ഭൂമി

എന്തു ശാന്തം ഇന്നിവിടം
കാറ്റില്ല കോളില്ല ഓളങ്ങളില്ല;
ഒരു പിടിസ്വപ്നത്തിന്‍ ചാരവുമായ്
ഒറ്റക്ക് തുഴയുമീ നൗക മാത്രം.

ഊടുവഴികള്‍ പലതിലൂടെയും
ദിശയേതെന്നറിയാതെ
പലവുരു നിശ്ശബ്ദം താണ്ടുന്ന
ലക്ഷ്യമില്ലാത്ത യാത്രയിത്.

 ഉലയാതെ ചലിക്കുമീ വഞ്ചിയില്‍
ആടിതിമിര്‍ക്കും മേളങ്ങളില്ല.
കണ്ണഞ്ചിപ്പിക്കും ദൃശ്യങ്ങളില്ല
കൂകിയാർക്കാൻ സഹയാത്രികരില്ല.

യാത്രാമദ്ധ്യേ ചിലർ കയറിയാലും
വെറും കുതൂഹലത്തിനായ് മാത്രം.
വിരസമായി ചുറ്റുപാടും വീക്ഷിച്ച്
പൊടുന്നനെ താവളം മാറുന്നു.

സമയമില്ലെന്ന ന്യായമോതി
വെറുതെ തിരക്കഭിനയിക്കുന്നു;
പരസ്പരം ചവിട്ടി മെതിച്ചും
തിക്കി തിരക്കി മുന്നേറുന്നു.

സ്വസ്ഥതയെന്നത് അന്യമായ
സംഘര്‍ഷം നിറഞ്ഞ ജീവിതത്തില്‍
ഏകാന്തതയുടെ മടിത്തട്ട്
സാന്ത്വനമേകുന്ന നിമിഷങ്ങൾ.

Share :