Archives / july 2021

കുളക്കട പ്രസന്നൻ
ഹൃദയവേദനയോടെ ,  കേരളം

കേരളത്തിൽ തളിർത്തു വളരുന്നത് നന്മകളാണോ;  അതോ തിന്മകളോ? വ്യക്തമായി ഒന്നും പറയാൻ കഴിയാത്ത സാഹചര്യം. പറഞ്ഞു വന്നത് കേരളം അതീവ ജാഗ്രതയോടെ ചർച്ച ചെയ്യേണ്ട ഒരു വിഷയം ചൂണ്ടിക്കാട്ടാനാണ്. അത് ഇന്നലകളിൽ മലയാളി സമൂഹത്തിന് ഗൗരവമുള്ള ഒരു വിഷയമായിരുന്നില്ല. ഇന്നത് ഞെട്ടിക്കുന്നതാണ്. ആ ഞെട്ടാനുള്ള വിഷയം എന്തെന്നാവും.  അതിലേക്ക് വരാം. കേരളത്തിൽ അവയവ മാഫിയ സജീവമാണ് എന്ന വാർത്ത ഒക്ടോബർ 22 ന് ചില ടിവി ചാനലിലും 23 ന് ചില പത്രങ്ങളിലും ഒരു ചെറിയ വാർത്തയായി. 

ആരോഗ്യ മേഖലയിൽ കേരളം ലോകത്തിനു മാതൃകയാണെന്ന് പറഞ്ഞു കേട്ടിട്ട് വർഷങ്ങളായി. എന്നിട്ടും തമിഴ്നാട്ടിൽ വെല്ലൂരും ഡൽഹിയിൽ എയിംസിലും വിദേശത്തും നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ചികിത്സ തേടി മലയാളികൾ പോകുന്നുണ്ട്. അതിൽ തെറ്റുമില്ല .ചികിത്സാരീതികൾ വ്യത്യസ്തമായതിനാൽ സുരക്ഷിതമായ വഴികൾ പലരും തേടും. അവരവരുടെ സാമ്പത്തിക നിലവാരം വച്ച് ആശുപത്രികൾ തെരഞ്ഞെടുക്കും. അതു സ്വാഭാവികം. എന്നു കരുതി കേരളത്തിൽ ആശുപത്രിക്ക് ഒരു കുറവുമില്ല. ഒരു നിയോജക മണ്ഡലത്തിൽ പരിശോധിച്ചാൽ സർക്കാർ ആശുപത്രിക്കു പുറമെ അലോപ്പതി, ഹോമിയോ, ആയൂർവേദ ആശുപത്രികൾ നിരവധിയുണ്ടാവും. സ്വകാര്യ ഹോമിയോ, ആയൂർവേദ ആശുപത്രികളെക്കാൾ കൂടുതൽ സാമ്പത്തിക ചെലവ് സ്വകാര്യ അലോപ്പതി ആശുപത്രിയിലാണ്. 

പിഴിച്ചിലും കിഴിയും ഉള്ള ചികിത്സാരീതി ആയൂർവേദത്തിൽ ആണ്. എന്നാൽ ഒരു രോഗിയെ കിട്ടിയാൽ സർവ്വത്ര പിഴിഞ്ഞെടുക്കുന്ന സമ്പ്രദായമാണ് മിക്ക സ്വകാര്യ അലോപ്പതി ആശുപത്രികളിലും . എന്നു കരുതി മറ്റിടങ്ങളിലും പൂർണ്ണ വിശ്വാസയോഗ്യമെന്നല്ല. ആയുർവേദം എന്ന പേരിൽ പിഴിച്ചിൽ സെൻ്റർ പേരിൽ തട്ടിപ്പുണ്ട്. 

ജീവിത ശൈലീ രോഗികൾ കൂടുതൽ ഉള്ള ഒരു നാട് എന്ന നിലയിൽ ആശുപത്രി രംഗം പണം കൊയ്യാനുള്ള മേഖലയായി ചിലർ കണ്ടപ്പോഴും നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നിടം എന്ന രീതിയിൽ ഈ വിഷയത്തെ  ജനം ലഘൂകരിച്ചു. എന്നാൽ പാലു കൊടുത്ത കൈക്ക് കൊത്തുന്ന  രീതിയിലേക്ക് അവയവ മാഫിയക്ക് വളം വച്ചു കൊടുക്കും വിധമായിരിക്കുന്നു കാര്യങ്ങളുടെ പോക്ക്.

ജോസഫ് എന്ന മലയാള സിനിമ നമ്മൾ കണ്ടതാണ്. അവയവ മാഫിയയുടെ ഹീന പ്രവൃത്തി ബോധ്യപ്പെടുത്തി തരുന്ന ഒരു സിനിമ ആയിരുന്നു അത്. മെഗാസ്റ്റാറും സൂപ്പർ സംവിധായകനും ഒന്നുമല്ലാത്തതു കൊണ്ട് ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ആ സിനിമയെ കുറിച്ച് എഴുതി തകർക്കാനും മത്സരമുണ്ടായില്ല. എന്നാൽ ആ സിനിമ പറഞ്ഞത് യാഥാർത്ഥ്യമായിരിക്കുന്നു. എന്നിട്ടും അപകടകരമായ നിശബ്ദത.

അവയവ മാഫിയക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയ സ്ഥിതിക്കെങ്കിലും ഇതൊരു വാർത്താപ്രാധാന്യത്തിലേക്ക് വരേണ്ടതായിരുന്നു . എന്നിട്ടും എന്താണ് പല മാധ്യമങ്ങളും ഈ വിഷയത്തിൽ കണ്ണടയ്ക്കുന്നത്. ഇവിടെയാണ് മാധ്യമ ധർമ്മം ചോദ്യം ചെയ്യപ്പെടുന്നത്. അതായത് ഒരു ദിവസം മുഴുവൻ ഈ വിഷയം നല്ല രീതിയിൽ ടി വി ചാനലുകളിൽ ചർച്ച നടന്നാൽ അന്വേഷണം ഊർജ്ജിതമാകും. തട്ടിപ്പിനിരയായ പലരും രം‌ഗത്തു വരും തട്ടിപ്പുവീരന്മാർക്ക് പിടി വീഴും. അതിലേക്ക് നയിക്കാൻ കുറ്റാന്വേഷണ മാധ്യമങ്ങൾ എന്തേ തയ്യാറാകത്തത് ?

അന്തി ചർച്ചകൾ ഇത്തരം വിഷയങ്ങൾ കൂടി ആവണം. അതല്ലാതെ വിഷയ ദാരിദ്ര്യത്തിൽ നടത്തുന്ന ചോദ്യം ചെയ്യലുകളും ആർത്തട്ടഹസിക്കലും അല്ല ചർച്ചകൾ എന്ന് വിവേകശാലികൾ ചിന്തിക്കുന്നു . അവിടെയാണ് സമാന്തര മാധ്യമങ്ങൾ ഉണ്ടാവുന്നതും.

1600 പേർ മൃത സഞ്ജീവി നിയിൽ പേര് രജിസ്റ്റർ ചെയ്തു വൃക്ക മാറ്റിവയ്ക്കലിന് കാത്തിരിക്കുമ്പോളാണ് വ്യക്കയ്ക്കും ഹൃദയത്തിനും ശ്വാസകോശത്തിനും 50 ലക്ഷവും അതിൽ കൂടുതലും കൈപ്പറ്റി അവയവ മാഫിയ തഴച്ചുവളരുന്നത്. ഈ മാഫിയാ സംഘത്തിൽ സ്വകാര്യ ആശുപത്രികളും ഡോക്ടർമാരും സർക്കാർ ജീവനക്കാരും ഏജൻറുമാരും അടങ്ങിയ ടീമാണെന്ന് ചില പത്രങ്ങളിലെങ്കിലും വാർത്തയുണ്ട്.

അവയവദാതാവിനെ പറഞ്ഞു പറ്റിച്ച് അവയവ മാഫിയകൾ നടത്തുന്ന ഈ തട്ടിപ്പ് നിസാരവത്ക്കരിക്കപ്പെടരുത്. ഒരു രോഗി ആശുപത്രിയിൽ എത്തപ്പെടുമ്പോൾ എത്രത്തോളം സുരക്ഷിതനാണെന്ന് സാക്ഷര കേരളം ആശങ്കപ്പെടുന്ന ഒരു ഘട്ടമാണിത്. കേന്ദ്ര നിയമമായ ട്രാൻസ്പ്ലാൻ്റേഷൻ ഓഫ് ഹ്യുമൻ ഓർഗൻസ് ആൻ്റ് ടിഷ്യൂസ് ആക്ട് നിലവിലുണ്ടായിട്ടും അവയവ കച്ചവടം നടക്കുന്നത്. നിയമത്തെ വെട്ടിക്കാൻ സ്ഥാപിത താല്പര്യക്കാർ ശ്രമിക്കുമ്പോൾ മാധ്യമ വിചാരണ ഉണ്ടാവേണ്ടതാണ്. അതില്ലാതെ പോയാൽ നമ്മുടെ നാട് കൂരിരിട്ടിലാവും.

കമൻ്റ്: അവയവ മാഫിയ ഈ വിധം മുന്നോട്ടു പോയാൽ കേരളം തന്നെ അപേക്ഷയുമായി നിയമത്തിനു മുന്നിൽ പോകുമോ ? ഈ ദുരിതങ്ങൾ കേൾക്കുമ്പോൾ ലേഖകൻ ഹൃദയവേദനയോടെ ചോദിച്ചു പോവുകയാണ്.
 

Share :