Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
കരയുന്ന കണ്ണാടികൾ

കരയുന്ന കണ്ണാടികൾ

നല്ല ചിരിയുള്ള വെയിലിലും

പേമാരിപോലെയാർത്തു 

കരയുന്ന കണ്ണാടികൾ

 

നോവിന്റെ കണ്ണാടികൾ

ആനന്ദത്തിരകളിൽ സ്നാനം കഴിക്കുന്ന

പെരുമ്പാറ ശില പോലെ

കരയുന്ന കണ്ണാടികൾ

 

ഏകാന്ത കണ്ണാടികൾ,

വിഫലമായ് ആൾക്കൂട്ടമിടയിലും

തോൾചേർന്നു നില്ക്കുവാൻ

തോഴരെ തിരയുന്ന കണ്ണാടികൾ

 

കാവലായ് കണ്ണാടികൾ,

അസത്യവയലുകളിൽ സത്യം വിതച്ച്

വിള കാക്കുന്ന കണ്ണാടികൾ

കരയുന്ന കണ്ണാടികൾ

 

ഭ്രാന്തുള്ള കണ്ണാടികൾ

ചങ്ങലക്കണ്ണികളിൽ താരങ്ങളെണ്ണുന്ന 

ഭ്രാന്തെന്ന വിളികളിലൊളിവീട് തേടിയ

നട്ടഭ്രാന്തുള്ള കണ്ണാടികൾ

കരയുന്ന കണ്ണാടികൾ

 

നേരുള്ള കണ്ണാടികൾ 

നാട്യങ്ങൾ വാഴുമരങ്ങിൻ മൂലയിൽ

നാട്യമറിയാതുഴലുന്ന കണ്ണാടികൾ

നേര് ചൊല്ലുന്ന കണ്ണാടികൾ

 

കരയുന്ന കണ്ണാടികൾ

ചില്ലുടയുന്ന കണ്ണാടികൾ

ചിതറുന്ന കണ്ണാടികൾ

പൊള്ളുമഗ്നിയെരിയുന്ന കണ്ണാടികൾ

 

നേർ ചൊന്ന കണ്ണാടിയെറിഞ്ഞുടച്ചു

കുത്തിയിറങ്ങും ചീളുകൾ തൂത്തൊഴിച്ചു

കരിംതുണി കെട്ടിയാ 

നേരിന്റെ കണ്ണിനെ

കരിമ്പടം മൂടി മറച്ചൊതുക്കി

 

പിന്നെയും

കരയുന്ന കണ്ണാടികൾ

ഇരുളിലും വെട്ടത്തിൻ നാളങ്ങളുള്ളിൽ 

ഒളിപ്പിച്ചു തേങ്ങുന്ന കണ്ണാടികൾ

കരയുന്ന കണ്ണാടികൾ 

 

 

 

Share :