Archives / july 2021

ഫൈസൽ ബാവ
പടച്ചോന്റെ ചിത്രപ്രദർശനത്തിന്റെ വർത്തമാനം 

    

പുതിയ എഴുത്തുകാരിൽ  ശ്രദ്ധേയനായ പി.ജിംഷാറിന്റെ കഥകൾ പുതിയ കാലത്തിന്റെ അടയാളപ്പെടുത്തലാണ്. പടച്ചോന്റെ ചിത്രപ്രദർശനം എന്ന സമാഹാരത്തിന്റെ ശീർഷകം തന്നെ എവിടെയൊക്കെയോ ആരെയൊക്കെയോ അലോസരമുണ്ടാകുന്നു  എങ്കിൽ, ഏതെല്ലാമോ  മതിൽക്കെട്ടുകൾ  തകർക്കുകയും ആരുടെയൊക്കെയോ നെഞ്ചിലേക്ക് ഒരമ്പ് പായുന്നോ എന്ന് ഭയപ്പെടൽ കാണാം. ഇങ്ങനെ സംശയാലുക്കളുടെ ഒരു ഭൂമികയായി ഇവിടം മാറുമ്പോൾ എഴുത്തുകാരുടെ  ഉത്തരവാദിത്വം കൂടുകയാണ്.

  

'പടച്ചോന്റെ ചിത്രപ്രദർശനം'  എന്ന ഈ കഥാ സമാഹാരത്തിൽ ഈകഥയടക്കം  'ആങ്ഗ്രി ഫ്രോഗ് അഥവാ ഗട്ടറിൽ ഒരു തവള', 'മേഘങ്ങൾ നിറച്ചുവെച്ച സിഗരറ്റുകൾ, 'തൊട്ടാവാടി', 'മരണം പ്രമേയമാക്കിയ ന്യൂ ജനറേഷൻ കഥ', 'ഉപ്പിലിട്ടത്',  'മുണ്ടൻ പറമ്പിലെ ചെങ്കൊടി കണ്ട ബദർ യുദ്ധം',  'ചുവന്ന കലണ്ടറിലെ ഇരുപത്തിയെട്ടാം ദിവസം', 'ഫീമെയിൽ ഫാക്ടറി', ഇങ്ങനെ ഒമ്പത്  കഥകളാണുള്ളത്. 

"വെള്ളിക്കോല്  കൊണ്ട് അസ്മാബി ബാർബി പാവയുടെ ഉണ്ടക്കണ്ണിൽ ഒരു വര വരച്ചു" ഇങ്ങനെയാണ്  പടച്ചോന്റെ ചിത്രപ്രദർശനം എന്ന കഥ  തുടങ്ങുന്നത്. പഴയകാലത്തിന്റെ ചിഹ്നമോ, മറന്നു പോയതോ ആയ   വെള്ളിക്കോലുകൊണ്ടു  ഏറ്റവും പുതിയ കാലത്തിന്റെ ഒന്നായ ബാർബി പാവയെ തോടുന്നതിലൂടെ രണ്ടു കാലഘട്ടത്തിന്റെ ചിത്രവും പതിഞ്ഞുകിടക്കുന്ന നാട്ടു ശേഷിപ്പിലേക്കും, ഒപ്പം ദ്രുതഗതിയില്‍ നടക്കുന്ന നഗരവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തിലേക്കും കഥ ഇറങ്ങി ചെല്ലുകയാണ്. പൊതുവെ കണ്ടുവരുന്ന നഗരവത്കരണത്തോടുള്ള വിമുഖതയും ഗ്രാമീണതയുടെ പച്ചപ്പിനോടുള്ള മാനസികാടുപ്പവും പുറത്തേക്ക് തെറിച്ചു വരുന്നുണ്ട്.

 "ചകിരിനാര് പോലുള്ള മുടിയിൽ വിരലുകളുടക്കിയതറിഞ്ഞു അവളൊന്നു കുനിഞ്ഞു. പിടിച്ച് വലിക്കുന്ന മുടിയിഴകളിൽ നിന്നും വളരെ പതുക്കെ വിരൽപോലുമറിയാതെ അവൾ മുടിയെ സ്വാതന്ത്രയാക്കി. നെറ്റിത്തടത്തിൽ തലോടി ഒരു ഉമ്മ കൊടുത്തു.  ബെഡ് ലാമ്പിന്റെ നീലവെളിച്ചത്തിൽ സഫമോളുറങ്ങുന്നുണ്ടെന്നു ഉറപ്പുവരുത്തി." 

"അക്ബർക്കാ മോൾടെ മേത്ത്ക്ക് ഉരുളല്ലേ, ഞാനൊന്ന് ബാത്ത്റൂമില് പോയി വരാം"  

കഥയിലെ വൈകാരിക നിമിഷങ്ങളിൽ ഒന്നാണ് ഇത് പാവക്കുട്ടിയെ തലോടുമ്പോൾ അയാളിൽ നിന്നും കണ്ണുനീർ വീണുരുണ്ടത് കഥയിലെ  ആ സാഹചര്യത്തെ പറയാതെ പറഞ്ഞ രീതിയും മികച്ചതാക്കി. വേദനയുടെ ചിത്രം ആകാശത്തു തൂക്കിയിട്ടുള്ള ദൈവത്തിന്റെ ചിത്രപ്രദർശനം വേറിട്ട അനുഭവം നൽകുന്നു. 

'തൊട്ടാവാടി' എന്ന കഥയിലെ കുഞ്ഞൻ നായർ നമുടെ ഒട്ടുമിക്ക വീടുകളിലും ഏകാന്തതയുടെ തടവിൽ കഴിയുന്ന അപ്പൂപ്പന്മാരാണ്. "നാല് ചുമരുകൾക്കുള്ളിൽ തടവിൽ കഴിയുന്ന മനുഷ്യർ, ഏകാന്തത തടവിലിട്ട തന്റെ ശരീരത്തെ കൊന്നുകളയാൻ കുഞ്ഞൻ നായർ അതിയായി ആഹ്രഹിച്ചു" ഇങ്ങനെ ചിന്തിക്കുന്ന തരത്തിലേക്ക് ഈ പ്രായത്തിൽ ഒരുവിധമെല്ലാവരും എത്തിച്ചേരുന്നു എന്ന അവസ്ഥയെ കൂടി ചേർത്ത് വായിക്കാം. മകനോട് ഈർഷ്യം തോന്നുന്നു എങ്കിലും അയാൾ ആശ്വസിക്കുന്നത് ടെക്കി ആണെങ്കിലും അവർ തന്നെ വൃദ്ധസദനത്തിൽ ആക്കാതെ പറ്റും വിധം നോക്കുന്നുണ്ടല്ലോ എന്നാണ്. കുഞ്ഞൻ നായർ ആശ്വസിക്കുന്നത്. കഥയിലെ മീനുമോളും ലക്ഷ്മിയും പരിചിതമായ കഥാപാത്രങ്ങൾ തന്നെ. പക്ഷെ മനഃശാസ്ത്രപരമായ ഒരു സമീപനത്തോടെ വേണം ഈ കഥയെ വായിക്കാൻ. എഴുപതും എൺപതും കഴിഞ്ഞ വൃദ്ധരായ അപ്പൂപ്പന്മാരിൽ എന്തുകൊണ്ട് ഇത്തരം തോന്നലുകൾ വന്നു കേറുന്നു എന്നത് ആഴത്തിൽ ചിന്തിക്കേണ്ട വിഷയമാണ്. അത് വാർദ്ധക്യകല വൈകല്യമായി ചുരുക്കാതെ ആജീവനാന്തം നമ്മുടെ ജീവിതവുമായി കൂട്ടിക്കിഴിച്ചു നോക്കണം. കുടുംബ ജീവിതത്തിൽ വളരെ പെട്ടെന്ന്  വറ്റിപോകുന്ന ലൈംഗിക ദാരിദ്ര്യവുമായി ചേർത്ത് വായിക്കണം. ആ തുടർച്ചയുടെ പാകപ്പിഴകൾ വാർദ്ധക്യകാല മനസുകൾ മാറുന്നു എങ്കിൽ അതിന്റെ കാതലായ പ്രശ്‍നം മിനിയെന്ന  കൊച്ചു കുട്ടിയോട് അരനിമിഷം  തോന്നുന്ന കാമത്തിന്റെ അക്ഷരതെറ്റ് മാത്രമല്ല എന്ന് കൂടി വായിച്ചെടുക്കണം. വളരെ ചെറിയ കഥയാണ് എങ്കിലും ഒതുക്കത്തോടെ പറഞ്ഞു തീർത്തു.   

  *മരണം പ്രമേയമാക്കിയ ഒരു ന്യൂജെനറെഷന്‍ കഥ, എന്ന കഥയിലെ സുമേഷ് എന്ന ചെറുപ്പക്കാരൻ വായനക്കാരുടെ മനസ്സിൽ എന്നും കോറിയിടുന്ന ഓർമയാണ്. ആരും ഒട്ടും ആഗ്രഹിക്കാത്ത ഒരു കാത്തിരിപ്പാണ് മരണത്തിനായുള്ള കാത്തിരിപ്പ്.  അൻവർ, സുമേഷ് പിന്നെ ഇട്ടൂപ്പച്ചായൻ ഇവരുടെ കാത്തിരിപ്പ് അവർക്കു മുന്നിൽ വന്നു ചേരുന്ന അവസ്ഥയും കഥയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. കഥ തീരുമ്പോൾ സുമേഷ് ഉള്ളിൽ തങ്ങി നില്ക്കും. 

സമാഹാരത്തിലെ മികച്ച സാമൂഹിക രാഷ്ട്രീയ കഥയാണ്  'മുണ്ടൻ പറമ്പിലെ ചെങ്കൊടി കണ്ട ബദർ'. കേരളം കണ്ട ഒരു രാഷ്ട്രീയ കാലഘട്ടത്തിലെ സംഭവത്തിലൂടെ സഞ്ചരിക്കുന്ന കഥ ഭാഷയുടെ വ്യത്യസ്തത കൊണ്ടും കൊളോക്കിയൽ രീതികൾ കൊണ്ടും സംഭാഷണങ്ങളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ചേർത്തുള്ള ഈ കഥയുടെ രീതി   വ്യത്യസ്തമാണ്. കോട്ടപ്പടി മൈതാനത്തു മുഴങ്ങിയ മുദ്രാവാക്യങ്ങൾ ഒരു കാലത്ത് യഥാർത്ഥത്തിൽ  മുഴങ്ങിയത് തന്നെയാണ്. മ

ആങ്ഗ്രി  ഫ്രോഗ് അഥവാ ഗട്ടറിൽ ഒരു തവള   എന്ന കഥ ഒരു സറ്റയർ ആണ്. സാമൂഹിക രാഷ്ട്രീയത്തെ വിമർശനാത്മകമായി നിരീക്ഷിക്കുന്ന കഥ. വീഡിയോ ഗെയിം പോലെ ലോക രാഷ്ട്രീയ സാഹചര്യങ്ങളെ വിവരിക്കുമ്പോൾ ചില ഭാഗങ്ങളിൽ വിമർശനത്തിന്റെ കൂരമ്പുകൾ പെട്ടെന്ന് ആർക്കും സഹിക്കാനാവുന്ന ഒന്നാകണമെന്നില്ല. 

"അമ്മയെ കീഴ്പ്പെടുത്തി ഭോഗിക്കുന്നതും, മകളെ അച്ഛൻ ബലാൽസംഗം ചെയ്യുന്നതുമായ ആദ്യത്തെ സ്റ്റേജ് നന്ദുവിന് കളിക്കാൻ ഒട്ടും ബുദ്ധിമുട്ട് ഇല്ലായിരുന്നു. സെക്കന്റുകൾ കൊണ്ട് അവൻ ആ സ്റ്റേജ് കടന്നു. പിന്നെ ഇവയെല്ലാം വർത്തകളാക്കി വിളമ്പി വെക്കുന്നതും വിതരണം ചെയ്യുന്നതുമായ രണ്ടാം സ്റ്റേജുകൾ കൂടി അവൻ വേഗത്തിൽ മറി   കടന്നു. നാലാമത്തെ സ്റ്റേജ് ഇത്തിരി കടുപ്പമായിരുന്നു. അനീതിക്കെതിരെ പുറപ്പെട്ടുവരുന്ന തവളവിപ്ലവം അടിച്ചമർത്തുകയായിരുന്നു നാലാം സ്റ്റേജിൽ നന്ദുവിന് കടക്കേണ്ടിയിരുന്നത്."  ഈ നിരീക്ഷണം പുതിയ കാലത്തിന്റെ  ചില കറുത്ത യാഥാർഥ്യങ്ങളേ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.

മേഘങ്ങൾ നിറച്ചുവെച്ച സിഗററ്റ് എന്ന കഥയിൽ ലഹരിയുടെയും ലൈംഗികതയുടെയും ലോകമാണ്  "ലഹരി എന്നാല്‍ അതാണ്‌. കാണുന്നതൊക്കെയും നമുക്ക് സ്വന്തമെന്ന തോന്നൽ. മറ്റൊരുതലത്തില്‍ സ്വാര്‍ത്ഥ മനോഭാവത്തെ നിർബന്ധിതമായി  അണിയുക" കഥയുടെ ആഖ്യാനത്തിൽ കാണിച്ചിട്ടുള്ള ശ്രദ്ധ പ്രധാനമാണ്.

ഉപ്പിലിട്ടത്, എന്ന കഥ അക്ഷരാർത്ഥത്തിൽ ഉപ്പിലിടുന്ന അവസ്ഥ തന്നെ വെബ് കേമറക്ക് മുന്നിൽ കാമുകനുവേണ്ടി തുണിയഴിക്കുമ്പോൾ  സൈബര്‍ ലോകം അവരിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്ന കാര്യം മനസിലാകാത്തവർക്ക് ഒരു പാഠമാണ്. ഒന്നും മറച്ചുപിടിക്കുവാന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് മെര്‍ലിന്‍ ഒരു പാഠമാണ്. 

ഇങ്ങനെ ജിംഷാറിന്റെ കഥാലോകം വ്യത്യസ്തമാണ്. പുതിയ കാലത്തിന്റെ കഥകൾ ആകാൻ ഇവക്കവുന്നുണ്ട്.

Share :