Archives / july 2021

ശ്രീജ വാര്യർ
എന്റെ വായന .. 2020  കല്പിതവൃത്താന്തം എന്ന് വച്ചാൽ കഥ

പ്രജിത്ത് പനയൂർ . 

മലപ്പുറം ജില്ലയിലെ  പേരക്ക ബുക്ക്‌സ് പ്രസിദ്ധീകരിച്ച  ഈ കഥാസമാഹാരത്തിന്റെ വില 100 രൂപയാണ്. പ്രജിത്തിന്റെ  രണ്ടാമത്തെ  കഥാസമാഹാരമാണ്  'കല്പിതവൃത്താന്തം'. മനോഹരമായ 10 കഥകളാണ് ഇതിലുള്ളത്. 'കഥവിളയുമിടം' എന്ന ആദ്യത്തെ കഥാസമാഹാരത്തിലൂടെ  വായനക്കാരുടെ മനസ്സിലിടംപിടിച്ച  കഥാകാരനാണ്  പ്രജിത്ത് . 

പാലക്കാട് ജില്ലയിലെ വാണിയംകുളത്തിന്നടുത്ത് പനയൂർ സ്വദേശിയാണ്  ഈഎഴുത്തുകാരൻ. 

പാലക്കാടിന്റെ പ്രിയ എഴുത്തുകാരി ശ്രീമതി  മിനി. എം. ബി. യുടെ അവതാരിക കഥയുടെ  ആഴവും അഴകും കാണിച്ചുതരുന്നു.   

തന്നെ സൃഷ്ടിച്ച കഥാകാരനെ തേടിയിറങ്ങിയ  കഥാപാത്രത്തെ ആദ്യകഥയിൽ കാണാം ( കല്പിതവൃത്താന്തം എന്ന് വച്ചാൽ കഥ ). തന്റെ ജീവിതം  തന്റെ ഇഷ്ടത്തിനനുസരിച്ചല്ലാതെയാക്കിയത്  കഥാകൃത്ത് ഒറ്റയൊരുത്തനാണെന്നും,  അതിനു പ്രതികാരമായി കഥാകൃത്തിനെ കൊല്ലണമെന്നും  ചിന്തിക്കുന്ന കഥാപാത്രം  വായനക്കാരെ  പരിഭ്രമിപ്പിക്കുന്നു. ഈ കഥാപാത്രം  അവസാനത്തെ കഥയിൽ വീണ്ടും വരുന്നു.  കഥാകൃത്തിനെക്കണ്ട്  തന്റെ  ലക്ഷ്യം പറയുകയും , മരണത്തിൽനിന്നു രക്ഷപ്പെടാൻ, കഥയിൽ മാറ്റം വരുത്താൻ അദ്ദേഹം തുനിയുകയും ചെയ്യുന്നു . 

'എഴുത്തിനേക്കാൾ വലുത് കഴുത്തുതന്നെ..' എന്നുറപ്പിക്കുന്ന ആ എഴുത്തുകാരൻ  പലതും നമ്മെ ഓർമ്മിപ്പിക്കുന്നു.            

ഉമേഷ് എന്ന താൽക്കാലിക അദ്ധ്യാപൻ (അധോലോകനായകൻ,  ജനനവും മരണവും), തന്റെ രക്ഷയ്ക്കുവേണ്ടി  മനമില്ലാമനസ്സോടെ കള്ളം പറഞ്ഞ്  വൃദ്ധദമ്പതികളെ ബൈക്കിടിച്ച കുറ്റത്തിൽ നിന്നു മോചിതനാവുകയും, പിന്നീട് ആ കുറ്റബോധവും പേറി ജീവിക്കേണ്ടിവരികയും  ചെയ്യുന്ന രഘു (കള്ളം),  ലളിതച്ചേച്ചി (അകലം)  എന്നിവരെല്ലാം   നമുക്കുചുറ്റും ഉള്ളവരാണെന്നത് ഒരു സത്യമാണ് .  

'ഇത' എന്നതിൽ ഇത തന്നെയാണ് കഥ പറയുന്നത്. 

'ഇല്ലായ്മകൾക്കിടയിൽ ഓലമറയായും ഉള്ളവർക്കിടയിൽ  ചില്ലുമറയായും  മേവുന്നത് ഒരേ താൻ തന്നെയെന്നത് ഇതയെ  തന്റെ വംശവൈവിദ്ധ്യത്തെയും  സമത്വഭാവത്തെയും കുറിച്ച്  ബോധ്യമാക്കുന്നുണ്ടായിരുന്നു.'  

ചെറുതെങ്കിലും  അർത്ഥസമ്പുഷ്ടമായ ഒരു കഥയാണ് 'ഇത ' 

മിക്ക കഥകളിലും  ആത്മകഥാംശമുള്ള എഴുത്തുശൈലിയാണ് പ്രജിത്ത് ഉപയോഗിച്ചിരിക്കുന്നത്. പ്രജിത്തും ചിലകഥകളിൽ കഥാപാത്രമായി വരുന്നു. മഹേഷ് ദോഹ എന്ന  എഴുത്തുകാരന്റെ കഥ (നുണക്കഥയിലെ  രാജകുമാരി )  ഇതിനുദാഹരണമാണ്. അതിലെ എഴുത്തുകാരന്റെ  അച്ചാച്ചനെക്കുറിച്ചുള്ള  ഭാഗം നമ്മെ ചിരിപ്പിക്കും. എഴുത്തും ജീവിതവും തമ്മിൽ എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് ആ കഥയിലെ അച്ചമ്മയിലൂടെ  വ്യക്തമാക്കുന്നു. 

'മൂപ്പര്  പറയും നല്ല വൃത്തിള്ള കഥോള്. മൂപ്പരുടെ കഥേലെ കാട്ട് വഴി മ്മടെ പഞ്ചായത്ത് റോഡിനേക്കാ  ഭങ്ങീള്ളതാകും  ട്ടോ.  ആൾക്കാരൊക്കെ അത് വിശ്വസിക്കേം ചെയ്യും.... ' 

അച്ചമ്മയുടെ  വിവരണം ഇങ്ങനെ രസകരമായി നീണ്ടുപോകുന്നു. 

ആദ്യകൃതിയിൽനിന്നു  ഇതിലേയ്ക്കെത്തിയപ്പോൾ  പ്രജിത്തിന്റെ  കഥകൾ കൂടുതൽ  ഗൗരവമുള്ളതായിക്കാണുന്നു. കഥാപാത്രങ്ങൾ സമൂഹത്തിൽ ചിരപരിചിതമായവരാകുന്നു.  സമൂഹത്തിലെ നിലയ്ക്കാത്ത സംഘർഷങ്ങളെ  കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച് അവയെ എഴുത്തുകാരന്റെയും വായനക്കാരന്റെയും  സംഘർഷങ്ങളാക്കുന്ന ഈ കഥകൾ, നമ്മെ    പ്രശ്‌നങ്ങളെ തിരിച്ചറിയാൻ സഹായിക്കുകയും അതിനെക്കുറിച്ച്  ചിന്തിപ്പിക്കുകയും പ്രശ്‌നപരിഹാരത്തിന്  പ്രാപ്തരാക്കുകയും ചെയ്യുന്നു.  

നല്ലൊരു വായന 

സമ്മാനിച്ച  ഈ കഥാപുസ്തകം  പുറത്തിറക്കിയ  പേരക്ക ബുക്ക്‌സ് അധികൃതർക്കും  എഴുത്തുകാരനും ആശംസകൾ. 

പുതിയ കഥകളുമായി  ഇനിയും ഈ വഴിയേ മുന്നോട്ടുപോകുവാൻ പ്രജിത്തിന് കഴിയട്ടെ .. അഭിനന്ദനങ്ങൾ  ..

Share :