Archives / October 2020

ഫില്ലീസ് ജോസഫ്
മൂലധനം (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_7)

             

ഞായറാഴ്ചകളിൽ ഒന്നാമത്തെ പൂജ കഴിഞ്ഞ് (ഇവിടുത്തുകാർ പള്ളികുർബാനയ്ക്ക് പൂജ എന്നാണ് പറയുന്നത്) വീട്ടിലെത്തിയാൽ പിന്നെ മൊത്തത്തിലൊരു തിമിർപ്പാണ് ഞങ്ങൾ കുട്ടികൾക്ക്!

അക്കരെയമ്മച്ചിക്ക് ഒരു അനുജത്തിയും രണ്ട് ആങ്ങളമാരും ആണ് ഉണ്ടായിരുന്നത്.തറവാട്ടിലെത്തുന്ന വല്യമ്മാച്ചനും ആന്റിമ്മാച്ചനും എല്ലാവരും സ്തുതി ചൊല്ലുന്നത് പതിവാണ്,'ഈശോമിശിഹായ്ക്ക്സ്തുതിയായിരിക്കട്ടെ' എന്ന് പറയുമ്പോൾ അവരെന്റെതൊഴുതുപിടിച്ച കൈകളിൽ ഇടതുകൈ കൊണ്ട്മുറുകെപിടിക്കുകയും വലതു കൈ കൊണ്ട് നെറുകയിൽ തൊട്ട് അനുഗ്രഹവാക്കുകൾ പറയുകയും ചെയ്യുമായിരുന്നു. പെൺ മക്കളും മൂത്തമരുമക്കളും തന്റെ ആങ്ങളമാരെ ആദരവോടെ സ്വീകരിക്കുന്നതിനും ഭക്ഷണം നൽകുന്നതിനും ചുക്കാൻ പിടിച്ചു കൊണ്ട് അക്കരെയമ്മച്ചി പതിവിലും സന്തോഷവതിയായി സൂപ്പർവൈറ്റ് മുക്കിവെളുപ്പിച്ച മുണ്ടും ചട്ടയും ധരിച്ച് കോന്തലയിലെ താക്കോൽ കൂട്ടം കിലുക്കി ഓടി നടക്കുന്നതും കാണാമായിരുന്നു.

   ഉച്ചയൂണ് കഴിഞ്ഞ് ആണുങ്ങളുംപെണ്ണുങ്ങളും വെവ്വേറേ വട്ടത്തിൽ നീലപ്ലാസിക് വള്ളി വരിച്ചിലുള്ള കമ്പി കസേരകളിലിരുന്ന് സൊറ പറഞ്ഞിരിക്കുമ്പോൾ കായലിൽ നിന്ന് തീരത്തേയ്ക്ക് വീശിയടിക്കുന്ന കാറ്റിനോട് കിന്നാരം പറഞ്ഞ് ഞാൻ എല്ലാവർക്കും ഇടയിലൂടെ കുഞ്ഞനുജനുമായി ഓടിക്കളിക്കും.

 അങ്കിളുമാരും അമ്മാവൻമാരും തമാശകൾ പൊട്ടിച്ച് ഉറക്കെ ഉറക്കെ ചിരിക്കുമ്പോൾ കായലോളങ്ങൾ അതിന്റെ താളത്തിനൊത്ത് ഇളകിമറിയും! 

അക്കരെയപ്പച്ചൻ  അപ്പോഴൊക്കെ എല്ലാം കണ്ടും കേട്ടും  കായൽ ദർശനമുള്ള മുറിയിൽ ചാരുകസേരയിൽ കണ്ണിലെ കണ്ണട മാറ്റാതെ ചാരിക്കിടക്കുന്നുണ്ടാവും. പപ്പ എന്നെയും അനുജനെയും കരുതലോടെ നോക്കി കൊണ്ട് വരാന്തയിലിരുന്ന് സിഗററ്റോ ബീഡിയോ വലിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

അത്തരമൊരു ഞായറാഴ്ചയുടെ സൗന്ദര്യവൈകുന്നേരത്തെആൺക്കൂട്ടവർത്തമാനച്ചിരിയിലാണ്, പത്തനംതിട്ട കോന്നി സ്വദേശിനിയായ എന്റെ അമ്മയുടെതുണിയലക്കിന്റെതമാശകഥയറിഞ്ഞത് .

അച്ചൻകോവിലാറിന്റെ ശാഖകളൊഴുകി നിറയുന്ന കിഴവള്ളൂരെന്നും ഇളകൊള്ളൂരെന്നും പേരുള്ള മനോഹരമായ സ്ഥലത്ത് ജനിച്ച് വളർന്ന് ആറ്റിൽ നീന്തിക്കുളിച്ച് വളർന്നവൾ. കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം അലക്കാനുള്ള തുണികളും സോപ്പുമെടുത്ത് കായൽത്തീരത്ത് തുണിയലക്കാൻ പോയ കഥ പറഞ്ഞാണവർ ചിരിച്ചത്.

"എന്നാലുമെന്റെ ലീലചേച്ചീ...." അനിയൻമാരും നാത്തൂൻമാരും വീണ്ടും വീണ്ടും പറഞ്ഞു ചിരിച്ചു. മനോഹരമുഖത്ത് സ്വതസിദ്ധമായൊരു പുഞ്ചിരിയോടെ അച്ചൻകോവിലാറിന്റെയും അഷ്ടമുടിക്കായലിന്റെയും കുലീനത എന്റെ അമ്മ അവരുടെ മുഖത്ത് നിറച്ചു വച്ചു.

"മറുപടി പറയാതെ ഒരക്ഷരം പോലും എതിർ ത്തോ എതിർക്കാതെയോ പറയാതെ ഉത്തരങ്ങൾ എങ്ങനെ നൽകാമെന്ന് നിന്റെഅമ്മയ്ക്കറിയാമെന്ന് "നസീമയുടെ ഉമ്മ എന്നെ പതിയെനുള്ളി ചെവിയിൽ പറഞ്ഞു

നസീമയും റസാക്കും ഞാനും അനിയനും ഒളിച്ചു കളി അഥവാ സാറ്റ് കളിയുടെ തിരക്കിലായിരുന്നിരിക്കണം. കാരണം അന്നൊക്കെ സാറ്റ്, ക്യാമ്പ് എന്നിവയായിരുന്നു ഞങ്ങളുടെ മുഖ്യമായ കേളികൾ.എങ്കിലും പെറ്റമ്മയെ ക്കുറിച്ച് അഭിമാനിക്കത്തക്ക എന്തോ ഒന്നാണ് നസീമയുടെ ഉമ്മ പറഞ്ഞതെന്ന് എന്ന് എനിക്ക്തോന്നി.

വൈകുന്നേരത്തെ ചായ കുടികഴിഞ്ഞ്അമ്മാവൻമാർ പ്രധാനപ്പെട്ട കുടുംബ കാര്യങ്ങൾഅക്കരെയപ്പച്ചനുമായി ചർച്ച ചെയ്യും. രഹസ്യാത്മകതയുള്ള ഗൗരവസംഭാഷണങ്ങൾക്കൊടുവിൽ അവർ കുന്നു കയറി കൈവീശി നടന്നുമറയും. 

നന്ത്യാർവട്ടച്ചെടികൾ നിറയെ പൂത്ത് നിൽക്കാറുള്ള അടുക്കളക്കിണറിൽ നിന്ന് തൊട്ടി കൈകൊണ്ടിട്ട് വെള്ളം കോരി കാൽ കഴുകി എല്ലാവരും അവരവരുടെ ഇടങ്ങളിലേയ്ക്ക് പോകും. ആ നേരത്ത് ചിറ്റപ്പൻമാരിൽ ഒരാളെങ്കിലും കായലിലേയ്ക്ക് ചാഞ്ഞ് കിടക്കുന്ന പേരമരത്തിൻ കൊമ്പിൽ കിടന്ന് ഉറങ്ങിയിട്ടുണ്ടാവും!അക്കരെയപ്പച്ചൻ അമ്മച്ചിയോട് അളിയൻ മാർ തന്നോട് പങ്ക് വച്ച കുടുംബകാര്യങ്ങളും മറ്റും പറഞ്ഞിരിക്കുന്നുണ്ടാവു

പളളിയിലെ സന്ധ്യമണി കൃത്യം ആറര മണിയ്ക്ക്കേട്ടുകഴിഞ്ഞാലുടൻ തിരുഹൃദയ ചിത്രത്തിന്റെ മുന്നിൽ മെഴുകുതിരി തെളിയും. "തിരുന്താശ്എത്തിക്കാ"മെന്നാണ് അക്കരെയമ്മച്ചി പറയാറ്. കൂടെ കൊന്തമണിപ്രാർത്ഥനയും ബൈബിൾ പാരായണവും 'ദൈവമേ നീ ക്ഷമിക്ക'എന്ന് തുടങ്ങുന്ന പാട്ടും സ്തുതി പറച്ചിലുംഭക്തിസാന്ദ്രമാക്കിയ മുഹൂർത്തങ്ങൾ..........

ശേഷംഭ.ക്ഷണംകഴിക്കുകയും  വിശ്രമിക്കുകയോ വായിക്കുകയോ ചെയ്യും. അന്ന് ഞാൻ കണ്ട പുസ്തകമാണ് 'മൂലധനം'

ബൈബിൾ പോലെ ഒത്തിരി   പേജുകളുള്ള പുസ്തകമെന്ന് തോന്നിയ പുസ്തകം!

 ആ പുസ്തകത്തെക്കുറിച്ച് പപ്പയും ചിറ്റപ്പൻമാരും ചർച്ചചെയ്തുകൊണ്ടിരിക്കെയാണ്,  പപ്പ  തറവാട്ടിൽനിന്ന് മാറിത്താമസിക്കുന്നകാര്യം ആദ്യമായി അവതരിപ്പിച്ചത്

"കല്യാണം കഴിഞ്ഞ് കുടുംബമായവർ മാറിത്താമസിക്കുന്നത് നല്ലതാണ് " അക്കരെയപ്പച്ചനും സമ്മതഭാവം.   അങ്ങനെ ഞങ്ങളുടെ നാട്ടിലെ പോസ്റ്റ്ഓഫീസിനടുത്തുള്ള അപ്പച്ചന്റെ മൂലധനമായ അപ്പന്റെ ഇരുപത്തിയൊന്നു സെന്റിലേയ്ക്ക്  ഞാനും അനിയനും പപ്പയോടും അമ്മയോടും ഒപ്പം താമസം മാറി. കൈക്കുമ്പിളിൽ കോരി ഹൃദയത്തിലെടുത്ത് വച്ച അഷ്ടമുടിക്കായലിനെ ശനി ഞായർ ദിവസങ്ങളിൽ മാത്രം ഞാൻ സ്വതന്ത്ര്യയാക്കാൻ തുടങ്ങിയതും അന്ന് മുതൽ തന്നെ!

Share :