Archives / October 2020

അഖില ദിപു 
ഓർമ്മകൾക്കെന്തു സുഗന്ധം 

 " ഉം.. എന്തുപറ്റി? ഇന്ന് രാവിലെ മുതൽ നിങ്ങളുടെ അമ്മ സ്വപ്നലോകത്ത് തന്നെയാണല്ലോ... "

"അതേയച്ഛാ.. ഞങ്ങളും ഒരുപാട് വിളിച്ചു അമ്മയെ.. അച്ഛാ.. ഈയിടെയായി അമ്മയുടെ ഭ്രാന്തൻചിന്തകൾ കുറച്ചു കൂടുന്നുണ്ട്. പ്രശ്നമാകുമോ... "

"പോടിയവിടുന്ന്.. നിന്റെയമ്മയ്ക്ക് വട്ടാണെന്നാണോ നീ പറയുന്നത്.. അവൾ കേൾക്കണ്ട.. "

അച്ഛന്റെയും മക്കളുടെയും പൊട്ടിച്ചിരികൾ കാതിൽ മുഴങ്ങിക്കേട്ടപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. മുറ്റം ടൈൽ പാകി ഭംഗിയാക്കി മാറ്റിയപ്പോൾ മുതൽ കയറിക്കൂടിയ ചിന്തകളാണ്. കുട്ടികളുടെ കാലിൽ മണ്ണിൽ നിന്നുള്ള 'ഇച്ചീച്ചി ' പുരളില്ലെന്നു ഓർത്തപ്പോൾ അതിനുപരി മുറ്റത്തു വീഴുന്ന ചപ്പുചവറുകൾ അനായാസമായി നീക്കാമെന്നോർത്തപ്പോൾ ഞാൻ തന്നെയാണ് ആ ഉദ്യമത്തിന് മുൻകൈയെടുത്തത്. 

കുടുംബസ്വത്തായി കിട്ടിയ വീടും ഇളംചുവപ്പു കലർന്ന പഞ്ചസാരമണ്ണും ഒരുപാട് ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നവയായിരുന്നു. കുട്ടിക്കാലത്ത് ആ മണ്ണിൽ വെറും പാദങ്ങൾ പൂഴ്ത്തിവെച്ച് എത്രയോ സമയം ഇരുന്നിട്ടുണ്ട്. അപ്പോൾ കിട്ടിയ ആ കുളിർമ ഇപ്പോഴും അനുഭവവേദ്യമാകാറുണ്ട്. സന്ധ്യയാവോളം മണ്ണിൽ കളിച്ചിട്ടുണ്ട്. 'മണ്ണു വാരിയാൽ അടികൊള്ളും,  ചെരുപ്പിടാതെ മണ്ണിലിറങ്ങരുത്..' എന്നിങ്ങനെ ആരും വിലക്കിയിട്ടില്ല. വീടിന്റെ നീണ്ട വരാന്തയിലിരുന്ന് ആ നനുവാർന്ന മണ്ണിൽ ഇളം വിരലുകൾ പിടിച്ച് അക്ഷരമെഴുതിപ്പിച്ചിരുന്ന ആശാട്ടിയമ്മയുടെ മുഖവും മനസ്സിന്റെ നിലവറയ്ക്കുള്ളിൽ ഭദ്രമായിട്ടിരിപ്പുണ്ട്. 

 വീടിന്റെ മുന്നിലും പിന്നിലുമായി സ്വർണ്ണവർണ്ണത്തിൽ കണ്ണിമകളെ മഞ്ഞളിപ്പിച്ചുകൊണ്ട് വിടർന്നു വിലസി നിന്നിരുന്ന കണിക്കൊന്നമരം ഇന്നും മനസ്സിൽ മായാതെ നിൽപ്പുണ്ട്. കണിക്കൊന്നപ്പൂവിലെ മോതിരവളയം പത്തുവിരലുകളിലുമണിഞ്ഞ് ആഢ്യത്തത്തോടെ ഓടി നടന്നിരുന്ന ബാല്യവും ഓർമ്മകൾ നിറഞ്ഞു നിന്നിരുന്ന ആ മുറ്റവും ഇനിയൊരിയ്ക്കലും തിരിച്ചെടുക്കാനാവില്ല എന്നോർത്തപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു. ആ പിടച്ചിലിനെ ഭ്രാന്ത് എന്ന് പറഞ്ഞ് ' ന്യൂജനറേഷൻ ' മക്കൾ പരിഹസിക്കുമ്പോൾ  ആ ഭ്രാന്തിന്റെ സ്വതന്ത്രമായ ചിറകുകളിലേറി പറന്നുയർന്ന് ആകാശത്തലിഞ്ഞില്ലാതാകാൻ മനസ്സ് പലപ്പോഴും തുടിക്കാറുണ്ട്. 

മുറ്റം നിറഞ്ഞു നിന്നിരുന്ന പൂച്ചെടികളും നാട്ടുവൃക്ഷങ്ങളുമൊക്കെ മനുഷ്യമനസ്സുപോലെ മുരടിച്ച കുറ്റിച്ചെടികളും വളരാൻ മണ്ണുപോലും വേണ്ടാത്ത ഇലച്ചെടികളും കയ്യടക്കിയിരിക്കുന്നു. മഴ പെയ്യുമ്പോൾ നിറയുന്ന പുതുമണ്ണിൻ സുഗന്ധവും ഇളങ്കാറ്റു വീശുമ്പോൾ ഉണ്ടാകുന്ന കുളിർമ്മയുമൊക്കെ തിരിച്ചറിയാനാവാത്ത ഏതൊക്കെയോ സ്മരണകളിലേക്കു മനസ്സിനെ പായിക്കുമായിരുന്നു... 'ഓർമ്മകൾക്കെന്തു സുഗന്ധം '.... 

പഴയതെല്ലാം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. പഴയ ഓടിട്ട നീണ്ട വീട് പ്രൗഢിയ്ക്കു യോജിച്ചതല്ലെന്ന് കണ്ടപ്പോൾ അതിന്റെ സ്ഥാനത്ത് പുതിയ രണ്ടുനില വീടുയർന്നു. ജീവിതത്തിലെ തിരിച്ചെടുക്കാനാവാത്ത ആദ്യനഷ്ടം. ഓർമ വെച്ച നാൾ മുതൽ ഓടിനടന്നു കളിച്ചു വളർന്ന ആ വലിയ സുന്ദരമായ വീട് നഷ്ടപ്പെട്ടപ്പോഴും മനസ്സ് വല്ലാതെ ആകുലപ്പെട്ടെങ്കിലും പതിയെ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു. എന്നാൽ ഈ മണ്ണുമായി വല്ലാത്തൊരു മാനസിക അടുപ്പമുണ്ടായിരുന്നെന്നു അത് നഷ്ടപ്പെട്ടപ്പോഴാണ് മനസ്സിലായത്. അകന്നിരിക്കുമ്പോൾ സ്നേഹത്തിന്റെ വില തിരിച്ചറിയുന്നത് പോലെ.. നഷ്ടപ്രണയത്തിന്റെ തീവ്രത പോലെ മനസ്സിനെ നീറ്റുന്ന ഒരു നൊമ്പരം വരിഞ്ഞു മുറുക്കുന്നു. 

ഒരു കഥയുണ്ടാക്കാൻ കിട്ടിയ ത്രെഡ് തന്റെ പേർസണൽ ഡയറിയിലേക്ക് പകർത്തിയതിന് ശേഷം ടൈൽ പാകിയ തറ തൂത്തുവൃത്തിയാക്കാനായി ചൂലുമെടുത്തിറങ്ങിയ  ലീനയ്ക്ക് വല്ലാത്ത സന്തോഷം തോന്നി. എത്ര എളുപ്പത്തിൽ ഇപ്പോൾ അടിച്ചു വാരാം. തൂക്കുന്നതിനിടയിൽ മുറ്റത്തിന്റെ ഒഴിച്ചിട്ട മൂലയ്ക്ക് നിൽക്കുന്ന മാവിനെ നോക്കി അവൾ പിറുപിറുത്തു. "ഹോ... ഈ നശിച്ച മാവും കൂടിയൊന്ന് വെട്ടിക്കളഞ്ഞിരുന്നെങ്കിൽ "....

 

 

Share :