Archives / October 2020

ബിനു. ആർ. 
 പാടാത്ത സങ്കീർത്തനം.

പാടൂ നിലാവേ, ഒരു മൗനരാഗസങ്കീർത്തനം 

ഇരുൾവീഴാൻ തുടങ്ങുമീ 

ഏകാന്തതയിലിരുന്നൊരു കിളിപാടി, 

കളമൊഴീ പാടി, പാടൂ നിലാവേ ഒരു

 മൗനരാഗസങ്കീർത്തനം !

 

ഉണരുവാൻ വെമ്പുമാ 

നാളെയുടെ കനവിലും 

ഉറങ്ങിക്കിടക്കുമീ ഇന്നലെയുടെ 

മൂകതയിലും, ഏറ്റുപാടുക 

ഒരു മൗനരാഗസങ്കീർത്തനം !

 

പിറക്കുവാനേറെ നാഴികയുണ്ടെങ്കിലും

 മൂളുക, പ്രഭാതഭേരിതൻ നിസ്വനം 

മൂളുക, രാവേ ഒരു ഉണർവിന്റെ 

സംഗീതം പാടുക, 

 

പാടുവാനേറെയുണ്ടെങ്കിലും 

മൗനത്തിൻ വിഴുപ്പുകളഴിക്കുക, 

ദൂരെയേതോ മർമ്മരത്തിൻ 

ചിറകുകളുയരുന്നൂ, 

 

ശ്രീരാഗം തേടിയീ ശാന്തതയെ 

പ്രശാന്തയാക്കീടുക, 

മൗനത്തിൻ പാശമഴിച്ചുവിടുക, 

നിർവൃതിതന്നുയരത്തിൽ ചെന്നുടനെ 

താഴേക്കുപതിക്കുവാനായ് മാത്രം 

നീയുഴറീടുക ; പാടൂ നിലാവേ 

ഒരു മൗനരാഗസങ്കീർത്തനം !

 

ഉഷസ്സിൻ ചഞ്ചലിത നാദത്തിൽ, 

ഒരുകുളിർമ്മയുടെ ലാളനത്തിൽ, 

ഏതോ നിർവൃതിയുടെ സ്വനം തേടി 

ഈ ഏകാന്തമാം തമസ്സിൽ നിന്നും 

മടങ്ങുക ; പാടൂ നിലാവേ 

ഒരു മൗനരാഗസങ്കീർത്തനം !

 

നിറഞ്ഞുതൂവാൻ വെമ്പും 

തുള്ളികൾ ഏതോയിലയുടെ

കുമ്പിളിൽക്കിടന്നു 

ചാഞ്ചാടിമറിയുന്നതു നീയറിയുക, 

 

ഒരു നീർമണിമുത്തുപോൽ 

എന്നിൽ നിറയുക, 

ഏതോ പാനപാത്രത്തിൻകീഴെ 

തണുത്തുറയുന്ന നീർത്തുള്ളിയുടെ 

ഏകാന്തതയിൽ ഒരുചുറ്റുതെളിമയായ് 

പടരുക, ഉറയുമീ തുള്ളിയുടെ 

മോക്ഷവും കാത്തു നീപാടുക, 

ഹേ നിലാവേ 

ഒരു മൗനരാഗസങ്കീർത്തനം !

Share :