Archives / October 2020

ഷീജ രാധാകൃഷ്ണൻ. ദില്ലി
ആത്മാവിലലിഞ്ഞ ഓർമ്മകൾ. 

ദയനീയ കാഴ്ചകൾ

കണ്ടെന്റെ ഹൃദയത്തിൽ

ശോകങ്ങൾ വന്നങ്ങ്

കൂടുകെട്ടിടവേ.

 

അഴൽപൂണ്ട

ദിനങ്ങളങ്ങോരോന്നായ്

കൊഴിഞ്ഞപ്പോൾ...

ഒന്നുമേ ചെയ്യുവാനാകാതെ

നിമിഷങ്ങൾ

ഇലയടരുംപോലെ

കൊഴിഞ്ഞ നേരം, 

 

ബാല്യത്തിലേക്കൊന്ന്

കാലടിവയ്ക്കാതെ

കാൽദൂരമൊന്നു

നടന്നുപോയി.

മഴതുള്ളി കിലുക്കങ്ങൾ

കാതിൽ മുഴങ്ങുന്നു

തുമ്പകൾ പൂക്കുന്നു

തുമ്പികൾ​ പാറുന്നു.

 

ആടലന്യേ

ലീലപൂണ്ടങ്ങ്

സതീർത്ഥ്യരോടൊപ്പം

ബാലത്വമങ്ങനെ കഴിച്ചുനടന്നതും.

 

ദൂരെയാ.....

ഉഭയാദ്രി മേലേയായ്

ഉത്പ്പന്ന ശോഭയായ്

ഉദയ സൂര്യൻ

തെളിയുവാനായ്

ഞങ്ങൾ കാത്തിരുന്നു,

ഒന്നിച്ച് പുഴയിൽ പോയ്

നീന്തി തുടിച്ചതും,

പുഴയിലെ മണലിന്മേൽ

കിലുക്കി ചിരിപ്പിച്ച

കുലുസോർമ്മയൊക്കെയും

മണിയൊച്ചയായതും.

 

ഈണമായ് ഗാനമോടെത്തുന്ന

കിളികളുടെ

ചാരത്തണഞ്ഞങ്ങ്

ശീലിച്ച ഗാനമതും.

ഇലഞ്ഞികൾ പൂക്കുന്ന

തൊടികളിലൂടെയും

മിന്നിമറഞ്ഞു നടന്നകന്നതും.

മാവിന്റെ കൊമ്പിൽ

നിന്നുതിർന്നൂ വീഴുന്നോരു

മാംമ്പഴം മുറിച്ചങ്ങ്

പങ്കിട്ട് ഭുജിച്ചതും.

അപ്പൂപ്പൻ താടിയ്ക്കായ്

പാറിപറന്നതും.

മരച്ചീനി തണ്ടിനാൽ

മാലയൊന്നുണ്ടാക്കി

കൂട്ടത്തിലൊരുവന്

ഹാരമായണിയിച്ചതും.

പപ്പായ തണ്ടിനാൽ

പുല്ലാംകുഴലുണ്ടാക്കി

പുല്ലാഞ്ഞിചോട്ടിലായ്

കൃഷ്ണ-രാധയായാടി

കളിച്ചതും. 

 

കുങ്കുമസന്ധ്യകൾ

ചെമ്പട്ട് വിരിയിച്ച

പാടത്തിൻ

വരമ്പിലൂടെ

കൊക്കിനേ പിടിക്കാനായ്

പറ്റമായ് ഓടിയതും.

 

ഒരു നല്ല കാലത്തിൻ

ഓർമ്മ നിറച്ചത്

ശോകമായിന്നുമെ൯

കൂടെയുണ്ടെപ്പോഴും.

 

Share :