Archives / October 2020

അശോക് കുമാർ. കെ, 
അടച്ചിട്ട  ജാലകം. 

തിരയടങ്ങാത്ത 

പുഴയുടെ തൃഷ്ണപ്രവാഹം 

ഓർമയുടെ  മണൽതിട്ടയിൽ 

തരിച്ചു നിന്നു....... 

അവളാണ്  വരി  മുറിച്ചത്, 

ജാലക  വിരി..... 

 

കുപ്പിയിലെ  ഭൂതം 

കുപ്പി വിഴുങ്ങിയതുപോലെ,

 

സ്വാതന്ത്ര്യത്തിന്റെ  

ദീപ്ത നിശ്വാസങ്ങൾ... 

 

മധുര നാരങ്ങായിലെ  

കയർപ്പിന്റെ പുറം ചട്ട നീക്കി 

മധുരം നുണഞ്ഞത് പോലെ... 

 

രസമുകുളത്തിന്റെ 

തീഷ്ണ ആപേക്ഷികങ്ങൾ... 

 

അടച്ചിട്ട ജാലകത്തിന്റെ 

കണ്ണാടി ചില്ലിയിൽ, 

പുറത്തെ  മാവിൻ  ചില്ലയിലെ 

കിളിബിംബങ്ങൾ പതിഞ്ഞു.. 

 

കൊക്കൊരുമിനിന്ന ഒരു കിളി 

താഴേക്കു  നിപതിച്ചിട്ടും, 

മറുകിളി അറിഞ്ഞില്ലയോ?.... 

 

എന്റെ  മുറിക്കുള്ളിലെ 

ചിത്ര ഭിത്തിയിൽനിന്നു 

കണ്ണാടിക്കൂടു പൊട്ടിച്ചു 

ഒരു  കഴുകൻ പറന്നുവോ? 

 

മന്ത്രകോടിപ്പുടവയിലെ 

കസവു ഞൊറിയിൽ.. 

ഞാൻ , തലോടിയപ്പോൾ 

ജാലകപ്പഴുതിലെ കിളി 

ചില്ലു വാതിൽ കൊത്തി 

ഉറക്കെ പറഞ്ഞുവോ? 

 

മഴവില്ലിൻ ഏഴു നിറങ്ങളിൽ 

അതൊന്നെന്ന് .... 

 

നിലാവിന്റെ ചേല ചുറ്റിയ നിശ 

ഉറക്കത്തിലേക്കു  വഴുതിയിരുന്നില്ല.. 

 

പക്ഷേ, 

 

ആ ചേലത്തുമ്പിന്റെ 

കസവ്‌ഞൊറിയിൽ 

ഒരു  പെൺകാക്ക 

കൂടൊരുക്കുന്നുണ്ടായിരുന്നു....

 

ദൂരേ, 

വഴിതെറ്റി പറക്കുന്ന 

കുയിലിണകളുടെ 

ചേതനയ്ക്കു 

ചൂടേകുവാൻ.... 

 

വിരിയുംവരെ 

അടച്ചിട്ട  ജാലകം....... 

 

 

Share :