Archives / july 2021

കുളക്കട പ്രസന്നൻ
ഐക്യകേരളത്തിൽ മാതൃഭാഷ സംരക്ഷിക്കപ്പെടുന്നുണ്ടോ ?

ഐക്യകേരളം രൂപീകൃതമായത് 1956 നവംബർ ഒന്നിന് . തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്നു പ്രദേശങ്ങൾ ഒന്നായത് ഭാഷാടിസ്ഥാനത്തിലാണ്. എന്നാലിന്ന് മലയാളത്തോട് ചിലർ കാട്ടുന്ന അവഗണനയും അവഹേളനവും പരിധി കടക്കുന്നു. ഈ വിഷയം സമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് ഭാഷാ തീവ്രവാദമോ അത്തരത്തിലുള്ള ചിന്ത കൊണ്ടോ അല്ല. ഭാഷ എന്നത് സംസ്കാരമാണ്. അതോർമ്മിപ്പിക്കാനാണ്.

ആരോ കുറിച്ചതു പോലെ നദിയിലെ വെള്ളം വറ്റി പോയാൽ നദി ഇല്ലാതാകും. അതിനു തുല്യമാണ് ഭാഷ നശിക്കുന്നത്. അതായത് ഭാഷ നശിച്ചാൽ സംസ്കാരം ഇല്ലാതാവും. കേരളത്തിൻ്റെ സംസ്കാരം ഉരുത്തിരിഞ്ഞ് വന്നത് നമ്മുടെ അക്ഷരങ്ങളിലൂടെയും അതുകൂട്ടി ചേർക്കുന്ന ഭാഷയിലൂടെയുമാണ്. കാഴ്ചയുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല എന്നതു പോലെയാണ് അതാതു നാടിൻ്റെ ഭാഷ. അതായത് ഭാഷ നമ്മുടെ കാഴ്ച കൂടിയാണെന്നർത്ഥം.

ഇന്ത്യയിൽ മലയാള ഭാഷയുടെ സ്ഥാനം എട്ടാമതാണ്. ലോകത്ത് മുപ്പതാം സ്ഥാനവും . മലയാളം പ്രധാന ഭാഷയായിട്ടുള്ളത് കേരളവും ലക്ഷദ്വീപുമാണ്. ഈ ഭാഷയെ കേരളത്തിലെ ചില പൊങ്ങച്ചക്കാർ അവഗണിക്കുന്നു എന്നതൊഴിച്ചാൽ മലയാളം പഠിക്കുന്നവരുണ്ട്. അതിൽ നിരവധി ഇതര ഭാഷക്കാരുമുണ്ട്. കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ മലയാളം പറയാൻ പഠിച്ചു. അതിൽ കുറെ പേർ മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ട്. കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന ഐ എ എസ്,  ഐ പി എസ് ഉദ്യോഗസ്ഥരും മലയാള സിനിമയിൽ അഭിനയിക്കുന്ന ഇതര ഭാഷയിൽ നിന്നുള്ള വരും മലയാളം വശത്താക്കുന്നു.  

1999 നവംബർ 17 യുനെസ്കോ മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചിട്ടുള്ള ഫെബ്രുവരി 21 ന് മാതൃഭാഷയെ കുറിച്ച് ഒരു ചർച്ചയും സെമിനാറും നടത്തി പിരിയുന്നതോടെ ഭാഷ സ്നേഹം അവസാനിച്ചാൽ പോര. ശ്രേഷ്ഠ ഭാഷാ പദവി നേടിയുള്ള മലയാളത്തിന് ഒരു സർവ്വകലാശാലയുണ്ട്. ആ സർവ്വകലാശാല കൂടുതൽ ഉത്തരവാദിത്വത്തിലേക്ക് കടക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ലെ. മലയാളത്തിന് പുതിയ പദങ്ങൾ സംഭാവന ചെയ്യാൻ മലയാള സർവ്വകലാശാലയ്ക്ക് കഴിയണം.

നിരവധി ഭാഷകളിൽ നിന്ന് പദങ്ങൾ മലയാളത്തിൽ കടന്നു കൂടിയിട്ടുണ്ട്. സംസകൃതം, അറബി, ഇംഗ്ലീഷ് അങ്ങനെ നിരവധി ഭാഷകളിൽ നിന്ന്. അങ്ങനെയാണ്‌ മലയാളം ഇന്നത്തെ രീതിയിൽ വികസിതമായതും. തമിഴിൽ പല ഇംഗ്ലീഷ് പദങ്ങൾക്കും തമിഴ് വാക്കുകൾ കണ്ടെത്തുന്നു. മൊബൈൽ ഫോൺ എന്നതിന് തൊലൈപേച്ച് എന്ന പദം നൽകുമ്പോൾ   തമിഴ് സമ്പുഷ്ടമാകുന്നു. 

ഈ ലേഖനം കുറിക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. സാനിറ്റൈസർ, മാസ്ക് എന്നിവാക്കുകൾ ലോകമെങ്ങും ചർച്ച ചെയ്യപ്പെടുകയാണ്. ഈ പദങ്ങൾ നേരത്തെയും ഉണ്ടായിരുന്നു എങ്കിലും കൊവിഡ് 19 ൻ്റെ പ്രതിരോധത്തിനായി ഏവരും ഉപയോഗിക്കുന്നവയാണ് സാനിറ്റൈസറും മാസ്കും എന്നതുകൊണ്ടാണ് ഈ പദങ്ങൾ എപ്പോഴും കേൾക്കുന്നതും പറയുന്നതും.

ഈ ഘട്ടത്തിൽ ചില ദോഷൈകദൃക്കുകൾ സാനിറ്റൈസറിൻ്റെയും മാസ്കിൻ്റെയും മലയാള അർത്ഥം കണ്ടെത്തി നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. ആ അർത്ഥവും അർത്ഥ തലവും മലയാളികൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്  എന്ന ചിന്തയിൽ ഇവിടെ കുറിക്കട്ടെ.  മാസ്കിനുള്ള അർത്ഥം ' രോഗാണു പ്രതിരോധിത വദന നാസിക സംരക്ഷണ വായു സഞ്ചാര യുക്ത ശീല നിർമ്മിത വദന കവചം ' എന്നാണ് വികല ചിന്താഗതിക്കാർ പ്രചരിപ്പിക്കുന്നത്. സാനിറ്റൈസർ എന്ന വാക്കിന് ' അംഗുലീ മർദ്ദിത ദ്രാവക ബാഷ്പ സമഞ്ജസ രൂപിത രോഗ കൃമീശ മനോപാധിത ഹസ്ത ക്ഷാളന ദ്രാവകം ' എന്നും . സാനിറ്റൈസറിനും മാസ്കിനും  മലയാള പദം  കിട്ടി എന്നു വിളിച്ചുകൂവി കൊണ്ടാണ് ഇവ്വിധം പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണം നടത്തുന്നവർ അറിയുന്നില്ല സ്വന്തം ഉടുതുണിയാണ് അഴിഞ്ഞു പോകുന്നതെന്ന്.

സ്വന്തം ഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രയോഗക്ഷമതയും തിരിച്ചറിയാതെ മാതൃഭാഷയോട് വികല കാഴ്ചപ്പാട് പുലർത്തുന്നവർ കേരളത്തിലല്ലാതെ മറ്റൊരു ദേശത്തും കാണില്ല.

വാട്ടർ എന്ന ഇംഗ്ലീഷിന് വെള്ളം എന്ന മലയാള പദം നമ്മൾ ഉച്ചരിക്കുന്നു. അതല്ലാതെ, രൂപ രസ ഗന്ധങ്ങളൊന്നുമില്ലാത്ത ദ്രവ പദാർത്ഥം എന്നല്ലല്ലോ വാട്ടർ എന്നതിന് മലയാള പദമായി ഉപയോഗിക്കുന്നത്. ഇക്കൂട്ടർ മലം എന്നതിന് ഭക്ഷണസാധനം ദഹിച്ചതിനു ശേഷം വയറ്റിൽ നിന്ന് വിസർജ്ജിക്കപ്പെടുന്ന വസ്തു എന്നാണോ പറയുന്നത്. 

മലയാളം പെറ്റമ്മയും മറ്റു ഭാഷകൾ പോറ്റമ്മയും ആയി കാണാൻ മലയാളികൾക്ക് കഴിയണം.  അതു കഴിയാത്തിടത്താണ് നമ്മുടെ നാടിൻ്റെ അടിത്തറ ഇളകുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ മൻഡാറിൻ ആണ്. ചൈനീസ് ഭാഷയായ മൻഡാറിൻ ലോകത്താകെ 102 കോടിയാളുകൾ സംസാരിക്കുന്നുണ്ട്.    ഭാവിയിൽ ചൈന ലോകത്ത് വ്യാവസായികമായി  അധീശത്വം നേടിയാൽ ഇംഗ്ലീഷ് ഒരു ലോകഭാഷയായി നിലക്കൊള്ളുമോ എന്ന് വെറുതെ ഒന്ന് ചിന്തിക്കണം. അതായത് ഇംഗ്ലീഷിനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ മാതൃഭാഷയെ പുച്ഛിക്കാനും ഇല്ലാതാക്കാനും ഓരോ കല്ലെടുത്ത് വയ്ക്കുമ്പോൾ അത് നമ്മുടെ മുഴുവൻ ആളുകളിലേക്കും ആകും എന്ന തിരിച്ചറിവു വേണം. 

മലയാളം പഠിച്ചു വന്ന് ഉന്നത നിലകളിലെത്തിയ നിരവധി പേരുണ്ട്. അതു കാണാതെയാണ് ചിലർ പറയുന്നത് ഞാൻ ഇംഗ്ലണ്ടിൽ ജനിക്കാത്തതു കൊണ്ടാ രക്ഷപ്പെടാതെ പോയത് എന്ന്. ആര് എവിടെ ജനിക്കുന്നു എന്നതിലല്ല പ്രധാനം. സ്ഥിരോത്സാഹവും സമർപ്പണവും ആണ് പ്രധാനം.

ഈ അവസരത്തിൽ കൊവിഡ് 19 നെ കുറിച്ചും പറയേണ്ടി വരുന്നു. കേരളത്തെ പുച്ഛിച്ചിരുന്ന ചിലരുണ്ട്. കൊവിഡ് 19 ൻ്റെ പ്രതിരോധത്തിൽ മാനസ്സികമായി തളർന്ന കൂട്ടത്തിൽ നാട്ടിലെത്താൻ ആഗ്രഹിച്ചവർ എത്രയോ ഉണ്ട്. അതാണ് മാതൃ നാടിൻ്റെയും മാതൃഭാഷയുടെയും മഹത്വം.

കമൻ്റ്:  ഐക്യ കേരളം രൂപീകൃതമായിട്ട് വരുന്ന നവംബർ ഒന്നിന് 64 വർഷമാകുന്നു . ഈ 64 വർഷം മലയാള ഭാഷപെരുമ എവിടെയെത്തി എന്ന് മലയാള നാട് വിശകലനം ചെയ്യേണ്ടതുണ്ട്. മലയാളം വളരണം. മലയാള നാടും . മലയാള ഭാഷയ്ക്ക് 1500 വർഷം പഴക്കമുണ്ടെന്ന് അവകാശപ്പെട്ടും രേഖകൾ നൽകിയും നേടിയ ശ്രേഷ്ഠ ഭാഷ പദവി മലയാള ഭാഷയുടെ വളർച്ചയ്ക്കു വേണ്ടി ഭാഷാശാസ്ത്രതലത്തിലേക്ക് മാറണം.
 

Share :