/ 

കവിത മനോഹര്‍
തിളങ്ങുന്ന കാര്‍ബണ്‍ തരികള്‍

സംവിധായകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത കാര്‍ബണ്‍ ജീവിത്തിന്റെ അനിശ്ചിതത്വങ്ങളെ അതിന്റെ സൌന്ദര്യത്തെ മനോഹരമായി അവതരിപ്പിക്കുന്ന സിനിമയാണ്. നമുക്കിഷ്ടമുള്ളവയെ പരിഗണനയുടെ ഒന്നാം പന്തിയിലേക്ക് എടുത്തുവെക്കാനാണ് കാര്‍ബണ്‍ ആവശ്യപ്പെടുന്നത്. അവിടെയാണല്ലോ അവിടെ മാത്രമാണല്ലോ ജീവിതത്തിന്റെ രസം. ഓരോ ജീവിതത്തിനും അതിന്റേതായ രസമുള്ളതുപോലെ കാര്‍ബണും ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും എന്നുറപ്പ്.

പിരിമുറുക്കത്തിന്റേതായ ജീവിതത്തെ ഒന്നിറക്കിവെക്കാം കാര്‍ബണിലേക്ക്. അതിജീവിച്ചു പോയി എന്നുമാത്രം ഭൂതകാലത്തെ അടയാളപ്പെടുത്തേണ്ടി വരുമ്പോള്‍ അത് നല്‍കുന്ന വിരസതയും ദുഃഖവുമാണ് മനുഷ്യനെ സര്‍ഗ്ഗാത്മകതയിലേക്കും സാഹസികതയിലേക്കും നയിക്കുന്നത്. മനുഷ്യസ്വഭാവത്തിന്റെ ആകെത്തുകയെന്ന് സംസ്കാരത്തെ നിര്‍വചിക്കുമ്പോള്‍ ജീവിത്തെ ജനനത്തിനും മരണത്തിനുമിടയിലുള്ള ഒരു കാലഘട്ടമെന്നുമാത്രമേ നിര്‍വചിക്കാനാവൂ എന്നതു തന്നെയാണ് അതിന്റെ മാറ്റമില്ലാത്ത രസക്കൂട്ടുകള്‍ക്ക് അടിസ്ഥാനേ ഹേതു.

നിര്‍ബന്ധങ്ങള്‍ക്കും നിബന്ധനകള്‍ക്കുമപ്പുറം ഏറ്റവും സ്വതന്ത്രമായ ഒരു വിഹാരഭൂമിയാക്കി ജീവിതത്തെ മാറ്റാനുള്ള ആഹ്വാനമുണ്ടിതില്‍. എന്റെ തീരുമാനങ്ങള്‍ക്ക്, ഇഷ്ട്ങ്ങള്‍ക്ക് ഒക്കെ എന്റെതായ ന്യായീകരണങ്ങളുണ്ടാകുമ്പോള്‍ എന്തിന് ഞാന്‍ ഭയക്കണം എന്ന് സിനിമയോര്‍മ്മിപ്പിക്കുന്നു.
ഭയത്തിന്റെയും, ഉത്തരമില്ലാത്ത ചില ചോദ്യങ്ങളുടെയും, ഒപ്പമാരുമില്ലെന്ന തോന്നലില്‍ ജീവിത്തിലേക്ക് ഇടിച്ചുകയറി വരുന്ന ചില ശക്തിസ്രോതസ്സുകളുടെയും ഒക്കെ സംയുക്തമായ ജീവിത്തെ വരച്ചുവെക്കാനുള്ള ശ്രമമാണിത്. ജീവത്തിലേക്ക് വന്നുകയറുന്ന ഫാന്റസികളിലൂടെ സിനിമ ജീവിത്തത്തെക്കുറിച്ചു തന്നെയാണ് സംസാരിക്കുന്നത്.

ഒരിക്കൽ നമ്മൾ ഉപേക്ഷിച്ച വഴിയിലൂടെ അന്വേഷണം തുടരണമെന്നും പോയ വഴികളിൽ അടയാളം വെക്കാൻ മറക്കരുതെന്നും കൊടുക്കുന്ന മുന്നറിയിപ്പുകൾ ജീവിതത്തെയല്ലാതെ മറ്റെന്തിനെയാണ് അടയാളപ്പെടുത്തുന്നത്.
കാര്‍ബണിലെ ഏറ്റവും ഭംഗിയുള്ള വാചകങ്ങളിലൊന്ന് സമീറയുടെ അത്ര വലിയ ഒരു നിധിയും ജീവിതം ഒരിടത്തും ഒളിപ്പിച്ചു വെച്ചിട്ടില്ല എന്നതാണ്. സിനിമയിലുടനീളം പറയുന്ന പല വാചകങ്ങളും സന്ദര്‍ഭങ്ങള്‍ക്കപ്പുറം ഏറെ ചിന്ത ആവശ്യപ്പെടുന്നു. എന്നാല്‍ ലളിതമാം വിധമാണ് അത് പ്രേക്ഷകര്‍ക്കുമുന്നിലേക്ക് അവതിപ്പിക്കപ്പെടുന്നത്. അവിടെയാണ് ജീവിതത്തിന്റെയും സിനിമയുടെയും ലാളിത്യവും ഏറ്റവും പ്രകടമാകുന്നത്.

സ്വാഭാവികമായ അഭിനയം സിനിമയിലെല്ലായിടത്തും പ്രകടമായിരുന്നു. സൌബിന്‍ ഷാഹിര്‍ എത്ര നിസ്സാരമായി വന്ന് ഭയപ്പെടുത്തിക്കടന്നുപോകുന്നു. ഗപ്പിയിലെയും കമ്മട്ടിപ്പാടത്തിലും തിളങ്ങിയവര്‍ കാര്‍ബണിലെത്തുമ്പോള്‍ മിന്നിത്തിളങ്ങുന്നു.
വിശാല്‍ ഭരദ്വാജിന്റെ സംഗീതവും ബിജിബാലിന്റെ പശ്ചാത്തല സംഗീതവുമാണ് സിനിമയിലുള്ളത്. എങ്കിലും സിനിമയില്‍ പ്രത്യേകിച്ച് പാട്ടുകള്‍ വേണമെന്ന് തോന്നിയില്ല. അല്ലാതെ തന്നെ അത് പൂര്‍ണമാകുന്നപോലെ. (പൂര്‍ണമായ ജീവതങ്ങളില്ലെങ്കിലും)
പൂര്‍ണവിരാമത്തിലെത്തും മുന്നേ കൊഴിയുന്ന മനുഷ്യ ജീവിതങ്ങളിലേക്ക് ഒരു കല്ലെറിയുകയാണ് കാര്‍ബണ്‍ - ഒരു കറുത്ത കല്ല്. അത് ജീവിതത്തില്‍ വീണ് ഓളങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കും

കവിത മനോഹർ
ഫസ്റ്റ് ഇയർ

എം.എ സോഷ്യോളജി
കാര്യവട്ടം ക്യാമ്പസ്
തിരുവനന്തപുരം

Share :

Photo Galleries