Archives / july 2021

എ. അയ്യപ്പൻ
വെയിൽ തിന്ന പക്ഷി

   ദേശാടനപ്പക്ഷികൾ, ദേശാന്തരഗമനത്തിനിടയിൽ കൊണ്ടുപോകുന്ന ദേശഗതികളും വിഗതികളും നമ്മുടെ മനോസഞ്ചാരങ്ങൾക്കും മനോഗതികൾക്കും എത്തിപ്പിടിക്കാനാവാത്തത്ര അകലത്തിലായിരിക്കും. അനന്തശായിയായ കടൽനീലിമയുടെ ഉള്ളാഴംപോലെ കാവ്യാത്മകമായിരിക്കും അവയുടെ സഞ്ചാരഗതി. ഇതേ അവസ്ഥയിൽ കാവ്യസഞ്ചാരവും ദേശസഞ്ചാരവും നടത്തിയ കവിയാണ് എ. അയ്യപ്പൻ. മാളമില്ലാത്ത പാമ്പ് എന്ന് സ്വയം വിശേഷിപ്പിച്ച്, അമ്ലരസവാഹകനായി, ദേശമലയാളത്തിലും കാവ്യമലയാളത്തിലും ഒഴുകിനടന്നിരുന്ന, പെരുമയില്ലാത്ത, ചേക്കാറിനിടമില്ലാത്ത, എന്നാൽ എങ്ങും ചേക്കയുള്ള വെയിൽ തിന്ന പക്ഷിയായിരുന്നു, അയ്യപ്പൻ.

       ഒക്ടോബർ 21 ന് എ. അയ്യപ്പൻ ഓർമ്മയായിട്ട് പത്ത് വർഷമാകുന്നു. ഒരിടത്ത് വാക്ക് പൂക്കുന്ന കവിതയായി...ഇനിയൊരിടത്ത് അലഞ്ഞലഞ്ഞ് വിയർപ്പൊഴുക്കി, ഭൂമിയോളം ആഴ്ന്നപോലെ സഹനമായിരുന്നു അയ്യപ്പൻ. 

      ജന്മം കൊണ്ട് നെടുമങ്ങാട്ടുകാരനും കർമ്മംകൊണ്ട് സമസ്ത കേരള ദേശവാസിയൂം കാവ്യം കൊണ്ട് മലയാളത്തിന്റെ ആത്മാവുകണ്ടവനുമാണ് അയ്യപ്പൻ. ദേശകാലാതിവർത്തിയായി, സൗഹൃദങ്ങൾ ഈടുവയ്പുകളായി കാത്തുസൂക്ഷിക്കാതെ, തെരുവിടത്തിൽ വീണടിഞ്ഞ് , തിരിച്ചറിയപ്പെടാത്തവനായി,ആതുരാലയ വരാന്തയിൽ ഉറഞ്ഞു പോയവൻ! ഗ്രാമത്തിന്റെ നൈർമല്യവും പട്ടണത്തിന്റെ ത്വരിത ഗതീയും ഒരുപോലെ കണ്ടറിഞ്ഞ നിഷ്കാമ പ്രഭു! സൗഹൃദം മണത്തവന്റെ പോക്കറ്റിൽ നിന്നും സർവ സ്വാതന്ത്ര്യത്തോടെ പത്ത് രൂപ കയ്യിട്ടെടുത്ത് നടന്നവൻ!

       സർവസമ്പന്നതയിൽ പിറന്ന്, നിത്യദാരിദ്രത്തിൽ അവസാനിച്ചവൻ. കവിതയിൽ.ലക്ഷപ്രഭുവായി ഇന്നും എന്നും പരിശോധിക്കാനുള്ള വിത്ത് പാകി, മുളപ്പിച്ച്, കൊയ്തെടുക്കാൻ നമ്മെ ഏല്പിച്ച് കടന്നു പോയവൻ...

  

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

Share :