Archives / july 2021

അസീം താന്നിമൂട്
ഇന്ന് ( 15-10-2020) ഉഴമലയ്‌ക്കല്‍ മൈതീന്‍ ഓര്‍മ്മ ദിനം...

ഉഴമലയ്‌ക്കല്‍ മൈതീന്‍

എഴുതാനായ് നിവര്‍ത്തിയ ഡയറിത്താളിനും, തുറന്ന്
കൈവിരലുകള്‍ക്കിടയില്‍ വഴുതാതെ തിരുകിയുറപ്പിച്ച മഷിപ്പേനയ്ക്കും മധ്യേയുള്ള ഇടവേളയില്‍
എഴുത്തുമുറിയിലെ ഇരുപ്പിടത്തില്‍ നിന്നും വഴുതിവീണാണ് ഉഴമലയ്ക്കല്‍ മൈതീന്‍ എന്ന കവി 2018 ഒക്ടോബര്‍ 15ന് തൊളിക്കോട്ടെ സങ്കീര്‍ത്തനം വീടിന്‍റെ പടിയിറങ്ങിപ്പോയത്.സങ്കടകരമായ ഈ മടക്കയാത്ര അവശേഷിപ്പിച്ചത്,കുറേ ആകുലതകളും
പ്രതിഫലശ്ശൂന്യതയിലും തളരാതെ നാലു പതിറ്റാണ്ടിലധികം കാലം തുടര്‍ന്ന കാവ്യാ സപര്യയുടെ തിരുശേഷിപ്പുകളും മാത്രമാണ്.ഗ്രാമ്യമായ ഭാവുകത്വ പരിസരത്തു നിന്നും നിയതവും ജൈവികവുമായ മിടിപ്പുകളുള്ള കുറേ വരികളിലും അവയെ തുന്നിക്കെട്ടി സംയോജിപ്പിച്ച കുറേ കാവ്യസമാഹാരങ്ങളിലുമാണ് ആ അവബോധങ്ങളുടെ ചേക്ക.എഴുത്ത് വെറും ക്രിയയല്ല ഒരു പ്രതിപ്രവര്‍ത്തനം കൂടിയാണെന്ന ദീര്‍ഘവീക്ഷണം കൈമുതലാക്കിയ കവിയായിരുന്നു ഉഴമലയ്ക്കല്‍ മൈതീന്‍.അധികമാരുടേയും ശ്രദ്ധയില്‍പ്പെടാതെപോയിട്ടും നൈരന്തര്യമേ ശരണം എന്ന തിരിച്ചറിവ് കൃത്യമായും കാത്തുപോന്നൂ ഈ കവി.ആധുനിക മലയാളകവിതയുടെ കാവ്യപരിസരത്തില്‍ നിലയുറപ്പിച്ച്,സാമൂഹികവും സാംസ്കാരികവുമായ ബോധ്യങ്ങളില്‍ മനസ്സര്‍പ്പിച്ച് തന്‍റെ കാവ്യനിയോഗം നിറവേറ്റാന്‍ നിതാന്തജാഗ്ര മരണംവരെയും കരുതിപ്പോന്നു.
തൊണ്ണൂറുകളോടെയാണ് കാവ്യരംഗത്തു സജീവമായത്.മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം അക്കാലത്ത് നിരന്തരം കവിതകള്‍ എഴുതിയിരുന്നു.മലയോര താലൂക്കില്‍ ജനിച്ചുവളര്‍ന്നതിന്‍റെ ഉണ്മയും ഉയിരും പ്രസരിക്കുന്ന ബിംബങ്ങളും ഭാവതലങ്ങളും മൈതീന്‍റെ കവിതകളെ ജീവസ്സുറ്റതാക്കുന്നു.നിയതമായ കാവ്യപാരമ്പര്യത്തോടായിരുന്നു പ്രിയം.ഭാഷാവൃത്തങ്ങളുടെ ഘടനകളെ വഴക്കിയെടുത്ത് പുതിയഭാവുകത്വ പരിസരങ്ങളുമായി പൊരുത്തപ്പെടുംവിധം അതിനെ ചിട്ടപ്പെടുത്താന്‍ മൈതീന് അനായാസം കഴിഞ്ഞിരുന്നു.പുതിയ ഘടനാവൈപുല്യങ്ങളിലേയ്ക്കു ചേക്കേറാന്‍ ആഗ്രഹിച്ചിരുന്നുമില്ല.ജൈവികമായൊരു കരുത്ത് മൈതീന്‍റെ എല്ലാ കവിതകളും കരുതിവച്ചിട്ടുണ്ട്.
നിലാവിന്‍റെ കുന്നുകള്‍,ഒച്ച,കറുത്തമണ്ണു തിന്നുന്നവര്‍,
ഒറ്റവസ്ത്രം,ശിവപാര്‍വതീയം..മരണശേഷം പ്രസിദ്ധീകൃതമായ ഹിമരൂപികള്‍..തുടങ്ങിയവയാണ് കൃതികള്‍..

വിയര്‍പ്പ്
നിറം വാര്‍ന്നുപോയ
ചോരയാണ്.

ചിരി
തീപിടിച്ച ഒരു
പതാകയാണ്.

മിഴി
കാറ്റടങ്ങാത്ത
ഉള്‍ക്കടലാണ്(മനുഷ്യന്‍)

മൈതീന്‍ മനുഷ്യന്‍ എന്നു നാമകരണം ചെയ്ത ഈ കവിതയ്ക്ക് `ഞാന്‍'എന്നു പുനര്‍നാമകരണം നല്‍കി ഉഴമലയ്ക്കല്‍ മൈതീന്‍ എന്ന കവിയെ ഞാനതില്‍ പ്രതിഷ്ഠിക്കുന്നു.കാരണം നിറം വാര്‍ന്നുപോയ വിയര്‍പ്പുകണങ്ങളുടെ നനവില്ലാത്ത ഒരു കവിതയും ഈ കവിയുടേതായില്ല.തീപിടിച്ച പതാകകള്‍ പാറുന്ന വരികളാണ് എഴുതിയിട്ടുള്ളവയില്‍ ഏറെയും.കവിതയുടെ നിഗൂഢമായ ചിരികളാണ് അതിലുപയോഗിക്കുന്ന അനുയോജ്യമായ വരികള്‍.കാറ്റടങ്ങാത്ത കടലുകളുടെ ഇരമ്പമില്ലാത്ത ഇമേജുകളൊന്നും മൈതീന്‍റേതായില്ല.
അനുയോജ്യമായ ഇമേജുകള്‍ മിഴികളല്ലാതെ മറ്റെന്താണ്....?ഈ വിധം മൈതീനെ ഞാന്‍ നിരീക്ഷിക്കാന്‍ തുടങ്ങുന്നത് മരണത്തിനും ഏതാനും നാളുകള്‍ക്കു മുമ്പാണ്‌.വീണ്ടും കവിതയെഴുതാന്‍ ആഗ്രഹിച്ചു ഞാന്‍ അതിനു കഴിയാത്തതിന്‍റെ നോവില്‍ നടക്കുമ്പോഴാണ്.ആ ഘട്ടത്തില്‍ ഒരിക്കല്‍ നെടുമങ്ങാട് നഗരമധ്യത്തില്‍ വച്ച് മൈതീന്‍ മാഷിനെ നേരില്‍ കണ്ടു.പഴയ സൗഹൃദകാലത്തെ വീണ്ടും ഓര്‍ത്തെടുക്കാനും എന്‍റെ ആഗ്രഹ വൈഷ്യമങ്ങളെ പങ്കുവയ്ക്കാനും ആഗ്രഹിച്ച് ഞങ്ങള്‍ രാജേഷ് ബേക്കറിയിലും തുടര്‍ന്ന് കോയിക്കല്‍ പുരാവസ്തു മ്യൂസിയം വളപ്പിലും ഇരുന്ന് കുറേയേറെ സംസാരിച്ചു.അന്ന് എന്നോടു പറഞ്ഞ ഈ വരികള്‍ ഞാന്‍ മറക്കാതെ കരുതിവയ്ക്കുന്നു:

നാം തമ്മിലിത്രമാത്രം നാമിനിയിതുമാത്രം
നമ്മുടെ ദേഹങ്ങളില്‍ പുരണ്ട ചളിമാത്രം
നാമൊരാള്‍ക്കിനിയെത്ര ജീവിതം ജീവിക്കണം?
നാമിനി പണ്ടേപ്പോലെ ജീവിതം പകുക്കണം.
എന്തിനീ നാറും വേഷം?എന്തിനീ പാഴ്വസ്ത്രം? നീ-
എന്തിനു ജരാനര ചുംബിച്ചു നടക്കണം..?
എന്തിനു മരണത്തെ ചുമന്നു മടുക്കണം.
മണ്ണിലെ മനുഷ്യന്‍റെ
മണമാണിവിടെങ്ങും..

ഹിമരൂപികള്‍ എന്ന പുതിയ പുസ്തകത്തില്‍ മണം എന്ന പേരില്‍ ഈ കവിത ഉള്‍പ്പെടുത്തി കാണുന്നു.എന്‍റെ ആന്തലുകളെ ആട്ടിപ്പായിക്കാന്‍ മൈതീന്‍ മാഷ് കരുതിക്കൂട്ടിത്തന്നെയാണ് ഈ വരികള്‍ എന്നോടു പറഞ്ഞതെന്നു തന്നെ ഞാന്‍ കരുതുന്നു.കാരണം ഞാനില്ലാതിരുന്നതിന്‍റെ ആധികള്‍ക്കോ ഉണ്ടാകാനുള്ള ആഗ്രഹങ്ങളുടെ സന്ത്രാസങ്ങള്‍ക്കോ ഏതൊരു പ്രസക്തിയുമില്ല എന്ന് ആ വരികള്‍ തറപ്പിച്ചു പറയുന്നു.
എന്തിനു വീണ്ടും മരണത്തെ ചുമന്നു മടുക്കണം.. ...കണ്ടില്ലേ മണ്ണിലെ മനുഷ്യന്‍റെ മണമാണ് ഇവിടെങ്ങും...പിരിയുമ്പോള്‍ ഇതുകൂടി എന്നോടു പറഞ്ഞു:
`എന്‍റെ തോളത്തൊരു കൈചേര്‍ത്ത് നീയെന്‍റെ കൂടെ നടപ്പതായ് കാണുന്നു'(ചാഞ്ഞ കൊമ്പിലെ വൃദ്ധന്‍' എന്ന അവസാനകാല കവിതയില്‍ ഞാനാവരികള്‍ പിന്നീടു കണ്ടെത്തി.കവിതയുടെ ഉരുവത്തിന് മൈതീനില്‍ കാരണമായിട്ടുള്ള സംഗതികള്‍ നോക്കൂ...പച്ചക്കറികള്‍ കൊണ്ടുള്ള ശവശരീരങ്ങള്‍

വെണ്ടക്കാ വിരലുള്ള
പെണ്ണിനെപ്പോലെ പണ്ടു
പ്രേമിച്ചപ്രേതം കെട്ടി-
പ്പിടിച്ചു നടക്കുന്നു.

നക്ഷത്രക്കണ്ണുവച്ച
കത്രിക്ക,തൊലിചുങ്ങി
യൗവ്വനം തീപ്പെട്ടപോല്‍
മൗനത്തിലിരിക്കുന്നു

ഉന്തിയ വയറുള്ള
മത്തങ്ങച്ചെക്കന്‍ തീരെ
മുടന്തും കൈകാലുമായ്
ചിടുങ്ങിയനങ്ങുന്നു.

കവിളില്‍ മുത്താനാഞ്ഞ
അമ്മയ്ക്കു പിടികിട്ടാ-
തങ്ങനെ പഴുത്തുപോയ്
തക്കാളിപ്പെണ്‍കുട്ടികള്‍(പച്ചക്കറികൊണ്ടുള്ള ശവരീരങ്ങള്‍)

കവിയെന്നതിനു പുറമ
നല്ല സംഘാടകനും സാമൂഹിക,സാംസ്കാരിക പ്രവര്‍ത്തകനും പുരോഗമന പ്രസ്ഥാനത്തിന്‍റെ സജീവ സഹയാത്രികനുമായിരുന്നു.
അധിനിവേശത്തിനെതിരെ പോരാടിയതിന്‍റെ ആയംപേറുന്ന കുടുംബപശ്ചാത്തലത്തിലായിരുന്നു മൈതീന്‍റെ ജനനം.മലബാര്‍ ലഹളയിലെ പ്രധാനപ്രതികളില്‍ ഒരാളും ബ്രിട്ടീഷ് പട്ടാളത്തിന്‍റെ നോട്ടപ്പുള്ളിയുമായിരുന്ന
മലപ്പുറം മുഹമ്മദാണ് മൈതീന്‍റെ പിതാവ്.ലഹളയ്ക്കുശേഷം നെടുമങ്ങാടു താലൂക്കില്‍ രഹസ്യവാസമുറപ്പിച്ച മുഹമ്മദ് തുടര്‍ജീവിതം ഈ കുഗ്രാമത്തിന്‍റെ സ്വാസ്ഥ്യത്തില്‍ സ്ഥിരമാക്കി.വിതുര സ്വദേശിനിയായ ഫാത്തിമാ ബീബിയെ വിവാഹം ചെയ്ത് കുടുംബജീവിതം തുടങ്ങി.അവരുടെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയമകനായി പിറന്ന മൈതീന്‍ വിതുര ഹൈസ്കൂള്‍,ഉഴമലയ്ക്കല്‍ ശ്രീനാരായണാ ഹൈസ്കൂള്‍,ഇക്ബാല്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.തുടര്‍ന്ന് വാട്ടര്‍ അതോറിട്ടി വകുപ്പില്‍ ജോലിക്കു പ്രവേശിച്ചു.കലാലയകാലത്തേ കലാ,സാംസ്കാരിക,സാഹിത്യ,രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തല്പരനായിരുന്നു. റേഡിയോ ഗാനങ്ങളും നാടകഗാനങ്ങളും കഥകളും ആദ്യകാലത്ത് അനവധി എഴുതിയിട്ടുണ്ട്.പാത,ആവിഷ്കാരം,ഘടികാരം എന്നീ സമാന്തര മാഗസിനുകളില്‍ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു.തൊണ്ണൂറുകളോടെയാണ് കാവ്യരംഗത്തു സജീവമായത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സജീവ എഴുത്തു ജീവിതത്തില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും എഴുത്തും സാംസ്കാരിക സാന്നിധ്യവും പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നില്ല.മരിക്കുമ്പോള്‍ കേരള യുവസാഹിത്യസംഘത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റും പുരോഗമന കലാസാഹിത്യസംഘം നെടുമങ്ങാട് ഏരിയ വൈസ് പ്രസിഡന്‍റുമായിരുന്നു.
രണ്ടായിരത്തിലെ മാനവീയം സാഹിത്യ പുരസ്കാരം രണ്ടായിരത്തി അഞ്ചിലെ ഒരുമ പുരസ്കാരം എന്നിവ ലഭിച്ചിണ്ടുണ്ട്.ആറു കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.
നിലാവിന്‍റെ കുന്നുകള്‍,ഒച്ച,ഒറ്റവസ്ത്രം,ഉടമ്പടി,ശിവപാര്‍വതീയം,കറുത്തമണ്ണു തിന്നുന്നവര്‍,ആളൊഴിഞ്ഞ ഒരിടം,ജഹനാര(കാവ്യസമാഹാരങ്ങള്‍),കടക്കാലം(ബാലസാഹിത്യം)തുടങ്ങിയവയാണ് കൃതികള്‍.ആര്‍ജ്ജവമുള്ള ആ വരികളിലൂടെ മൈതിന്‍ ഇനിയും ജീവിക്കും.

 

Share :