ചരിത്രം മറക്കുന്ന നാരായണഗുരുവിന്റെ 'അവകാശി'കള്‍
മലയാളനാടിന്റെ ഒരു കാലഘട്ടത്തെ ശ്രീനാരായണ ഗുരുവിലൂടെ വായിക്കണം. അവിടെ ഗുരുവിനെ ഒരു സന്യാസിയായി കാണാം. ചിലപ്പോള്‍ നവോത്ഥാന നായകനായി കാണാം. സാമൂഹ്യ പരിഷ്‌കര്‍ത്താവായും കവിയായും സമരനായകനായും ദലിത് വിമോചകനായും അയിത്തോച്ചാടകനായും ധീരവിപ്ലവകാരിയായും ഗുരുദേവന്‍ ചരിത്രത്തിന്റെ താളുകളില്‍ വ്യാപിച്ചുകിടക്കുന്നു. ഇത്തരത്തില്‍ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായ മഹാത്മാക്കള്‍ ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. ഏതെങ്കിലും ഒരു ഇടുങ്ങിയ സങ്കേതത്തില്‍ ഒളിച്ചിരുന്ന് തപസ്സു ചെയ്യുക ആയിരുന്നില്ല ഗുരു ചെയ്തത്. ഒരു ജനതക്ക് അര്‍ഹമായ സാമൂഹ്യ ജീവിതം പകര്‍ന്നുനല്‍കാന്‍ മുന്നില്‍ നിന്ന് പട നയിക്കുകയായിരുന്നു. സവര്‍ണമേധാവികളുടെ ക്രൂരമായ പ്രഹരമേറ്റുവാങ്ങുമ്പോഴും 'മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന മഹത്തായ ദാര്‍ശനികയെ മുറുകെ പിടിച്ച സമരനായകനായിരുന്നു ഗുരു. അങ്ങനെയുള്ള ശ്രീനാരായണന്‍ എപ്പോഴാണ് ഈഴവ സമുദായത്തിന്റെ ആചാര്യനായത്? എന്നുമുതലാണ് സമുദായത്തിന്റെ ദൈവമായത്?.
മതനിരപേക്ഷ മാനവിക ദര്‍ശനം മുന്നോട്ടുവെക്കുകയും 'നാം ഒരു ജാതിയിലും പെടുന്നയാളല്ല' എന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഗുരുദേവനെ വില്‍പനക്ക് വെക്കുന്ന ഒരു കെട്ടകാലത്താണ് നാം ജീവിക്കുന്നത്.
കേരളത്തിലെ ഈഴവ സമുദായത്തിന്റെ ആചാര്യനായി ലഘൂകരിക്കുന്നതോടെ ഗുരുവിനെ അപമാനിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരു ഓപ്പണ്‍ സര്‍വകലാശാലക്ക് തുടക്കം കുറിക്കുമ്പോള്‍ അതിന് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കുന്നു. ഗുരുവിന് ഒരു സ്മാരകം എന്ന വിശാലമായ അര്‍ത്ഥമാണ് അതിനുള്ളത്. സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ആരാണ് വരേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സര്‍ക്കാരിന് തന്നെയാണ്. മുബാറക് പാഷയെ വി.സി ആയി നിയമിച്ചതാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചൊടിപ്പിച്ചത്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. ശ്രീനാരായണ ഗുരുവുമായി വെള്ളാപ്പള്ളി നടേശനുള്ള ബന്ധം എന്താണ് എന്നതാണ് ആ ചോദ്യം. എന്താകരുത് എന്ന് ഗുരു ഉപദേശിച്ചോ അതാണ് വെള്ളാപ്പള്ളിയെ നയിക്കുന്ന വികാരം.
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളില്‍ പ്രധാന പങ്ക് വഹിച്ച പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി. 1903 മെയ് 15ന് കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ശ്രീനാരായണഗുരു അധ്യക്ഷനും മഹാകവി കുമാരനാശാന്‍ ആദ്യ സെക്രട്ടറിയും ആയ ചരിത്രപ്രാധാന്യമുള്ള പ്രസ്ഥാനം. ഇന്ന് എസ്.എന്‍.ഡി.പി എന്താണ്? ശ്രീനാരായണ സന്ദേശ പ്രചാരകനും ഗുരുനിത്യചൈതന്യ യതിയുടെ ശിഷ്യനുമായ സ്വാമി വിനയചൈതന്യ ഇങ്ങനെ അഭിപ്രായപ്പെടുന്നു: ''ഗുരുവിന് മനുഷ്യസമുദായമാണ് സ്വന്തം സമുദായം. ഗുരുവിനെ ലോകം ആദരിക്കുന്നില്ലെങ്കില്‍ അതിന് തീയര്‍ക്ക് അല്ലെങ്കില്‍ ഈഴവര്‍ക്ക് മാത്രമായി ഉത്തരവാദിത്തമുള്ളതായി തോന്നുന്നില്ല. ഗുരുവിനെ എന്തിനാണ് തീയര്‍ക്ക് മാത്രമായി വിട്ടുകൊടുക്കുന്നത്. നാരായണഗുരു എല്ലാവര്‍ക്കും ഗുരുവാണ്. എസ്.എന്‍.ഡി.പിയുടെ മാത്രം ഗുരുവല്ല. എസ്എന്‍ഡിപി യോഗത്തിന് ഒരു 'ജാതി' എന്ന നിലയില്‍ സംഘടിക്കാനും സാമൂഹികമായ ചില നേട്ടങ്ങള്‍ കൈവരിക്കാനും ഗുരുവിനെ ആവശ്യമായിരുന്നു. ആ ആവശ്യം കഴിഞ്ഞപ്പോള്‍ എസ്എന്‍ഡിപി ഗുരുവിനെ തള്ളി. തള്ളിയത് മുപ്പതുകോടി ദേവതകളുടെ കൂട്ടത്തിലേക്കായിരിക്കാം. പക്ഷേ, ആ പ്രസ്ഥാനത്തിന് 'ഗുരുത്വം' നഷ്ടപ്പെട്ടു. യോഗത്തിന് ജാത്യാഭിമാനം വര്‍ദ്ധിച്ചുവരുന്നതു കൊണ്ടും യോഗത്തിന്റെ തീരുമാനങ്ങള്‍ നമ്മെ അറിയിക്കാതെ എടുത്തുവരുന്നതു കൊണ്ടും നമ്മെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് യോഗത്തിന്റെ ആനുകൂല്യം ഒട്ടും ഇല്ലാതിരിക്കുന്നതുകൊണ്ടും മുന്‍പേ തന്നെ മനസില്‍ നിന്നും വിട്ടിട്ടുള്ളതു പോലെ മേലില്‍ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും കൂടി നാം എസ്എന്‍ഡിപി യോഗത്തെ വിട്ടിരിക്കുന്നു എന്ന് നാരായണഗുരു ഡോ. പല്‍പ്പുവിന് കത്തെഴുതിയിരുന്നു''.
സ്വാമി വിനയചൈതന്യയുടെ അഭിപ്രായം ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട പല ഗ്രന്ഥങ്ങളിലും ഉള്ളതാണ്. എസ്എന്‍ഡിപിയെ സംബന്ധിച്ചിടത്തോളം സമുദായത്തിന് ചിലതെല്ലാം പിടിച്ചുവാങ്ങാനുള്ള ഒരു ഉപാധി മാത്രമാണ് ഗുരു. ഇത്തരത്തില്‍ ലോകത്ത് ഒരു സമുദായവും സ്വന്തം സമുദായം ഉള്‍പെടുന്ന പിന്നാക്കക്കാരെ ഉദ്ധരിച്ച നായകനെ അവഹേളിച്ചിട്ടില്ല. ''കൊല്ലത്ത് സ്ഥാപിച്ച സര്‍വകലാശാലയുടെ തലപ്പത്ത് ശ്രീനാരായണീയ വിഭാഗത്തിലുള്ള ആളെ വി.സിയാക്കണം'' എന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. ആരാണ് ശ്രീനാരായണ വിഭാഗം?. പറയപ്പെടുന്ന ശ്രീനാരായണ വിഭാഗത്തില്‍ മുസ്‌ലിംകളും ഉള്‍പെടുന്നതാണെന്ന് ശ്രീനാരായണ ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രകാരന്മാര്‍ പറയുന്നത് ഈഴവരുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് മുസ്‌ലിംകള്‍ വളരെയധികം സംഭാവന നല്‍കിയിട്ടുണ്ടെന്നാണ്. ഗുരുവിന്റെ പേരിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങളായ കൊല്ലത്തെയും വര്‍ക്കലയിലെയും എസ്.എന്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് മുസ്‌ലിം സമുദായത്തിലെ പ്രമുഖര്‍ ഉദാരമായി സംഭാവന നല്‍കിയതായി ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവ് ജി. പ്രിയദര്‍ശനന്‍ പറയുന്നു.
കൊല്ലം എസ്എന്‍ കോളജിന്റെ നിര്‍മ്മാണത്തിന് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിന്റെ സ്ഥാപകനും കൊല്ലത്തെ ബിസിനസുകാരനുമായ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ അന്ന് 5,000 രൂപ സംഭാവന നല്‍കിയിരുന്നു. ഈ വലിയ സഹായത്തിന് ആര്‍. ശങ്കര്‍ തങ്ങള്‍കുഞ്ഞ് മുസലിയാരെ അനുമോദിച്ചിരുന്നു. എസ്.എന്‍ ട്രസ്റ്റില്‍ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ അംഗമായിരുന്നു. ജാതിയും മതവും നോക്കാതെ അംഗത്വം നല്‍കണമെന്ന് ശ്രീ നാരായണ ഗുരു പറഞ്ഞിരുന്നു. ഇത്തരം വിഷയങ്ങളെല്ലാം കാല്‍നൂറ്റാണ്ടിന് മുന്‍പ് കായംകുളം യൂനുസ് എഴുതിയ തങ്ങള്‍കുഞ്ഞ് മുസലിയാരുടെ ജീവചരിത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബര്‍മയിലും സിംഗപ്പൂരിലും ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന വര്‍ക്കലയിലെ സമ്പന്നര്‍ എസ്.എന്‍ കോളേജിനായി പണം സംഭാവന ചെയ്തതായും അദ്ദേഹം രേഖപ്പെടുത്തുന്നു.
എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂറിന്റെ പിതാമഹന്‍ മണപ്പാട് കുഞ്ഞഹമ്മദ് ഹാജി എന്‍.എസ്.എസിന് കോളേജ് നിര്‍മിക്കാന്‍ അദ്ദേഹത്തിന്റെ എസ്റ്റേറ്റ് വിട്ടുകൊടുത്തതും ചരിത്രത്തില്‍ വായിക്കാം. ഇത്തരത്തില്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് മതസാഹോദര്യം പുലര്‍ത്തിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. അതുകൊണ്ടുതന്നെ നാരായണ ഗുരുവിന്റെ അവകാശികളില്‍ കേരളത്തിലെ എല്ലാ സമുദായങ്ങളും ഉള്‍പെടുന്നു. സര്‍വകലാശാലയുടെ തലപ്പത്ത് ഒരു മുസ്‌ലിം നാമധാരി വരുന്നതുകൊണ്ട് ഗുരുവിന്റെ മഹത്വം കൂടുതല്‍ ഉയര്‍ത്തപ്പെടുകാണെന്ന വസ്തുതയിലേക്ക് വെള്ളാപ്പള്ളി കണ്ണുതുറക്കണം. വെള്ളാപ്പള്ളിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവ് സ്വയം ചെറുതായിപ്പോകരുത്. കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ നായകനെ ഈഴവന്റെ ദൈവമായി പരിമിതപ്പെടുത്തുന്നത് ചരിത്രത്തോടുള്ള നീതികേടാണ്.
(ലേഖകൻ ചന്ദ്രിക ദിനപ്പത്രത്തിൻ്റെ സബ് എഡിറ്ററാണ് )