
മുദ്രമോതിരം
എണ്ണിയെണ്ണിത്തീരാതെ , നിൻ
നാമാക്ഷരിയിലൊടുങ്ങീയെൻ ജീവിതം.
പരീക്ഷയ്ക്കായെടുവിൽ മുന്നിലെത്തവെ
മുക്കുപണ്ടമെന്ന പഴി കേട്ടാകെ പകച്ചുപോയ്.
വസ്ത്രം പകുത്തു കടന്നു നീ,യെങ്കിലും
കലിയേറ്റു ബാഹുകനായ് തിരിച്ചെത്തുന്നു.
ഋതുപർണ്ണനെ വേൾക്കാനുറച്ചു ഞാൻ
പെരുമ്പറയടിച്ചല്ലേയൊഴിപ്പിച്ചു നിൻ ശല്യം!
അവതാരമോരോന്നിലും തെറ്റാതെ, നിഴലായ്
പുരുഷോത്തമരെപ്പെറ്റോൾ, എൻ
പശിയിലമരു, മടിവയറ്റിനെപ്പാഴ്ക്കാവ്യ --
പാരായണം ചതിക്കുന്നു വീണ്ടും
പൊയ്ക്കാലിൽ കുതിയ്ക്കാണിന്നെൻ്റെ ജീവിതം
കവലയിലൊന്നിൽ കാത്തുനിന്നീടുമെന്നു
വാക്കു തന്നിടാതെ നിൻ തന്ത്ര, മിന്നെത്ര
ഭിന്നപാഥേയമൊത്തു പോകുവാൻ വിധിക്കുന്നു.
സഖേ, യിരുളും വെളിച്ചവും കളങ്ങളാകുമീ-
കളിപ്പായയിൽ ഇനിയേതു കരുക്കളായ് നാം നേർക്കണം.