Archives / October 2020

ഫില്ലിസ് ജോസഫ്
പാലും പഞ്ചസാരയും പിന്നെ പാലപ്പവും.....( ഓർമച്ചില്ലകൾ പൂത്തപ്പോൾ_6)

 


അക്കാലത്ത് ഞായറാഴ്ച കുർബാന എല്ലാ വീട്ടിലും നിർബന്ധമായിരുന്നു. വെള്ളമുണ്ടും നേര്യതും ചുറ്റി,ജപമാലമണികളുരുട്ടി, ഉത്തരീയം ധരിച്ച് ഭക്തിയോടെ പള്ളിയിലെത്താറുണ്ടായിരുന്ന അമ്മച്ചിമാരാണ് അന്നുമിന്നും  ഒടുങ്ങാത്ത സ്വപ്നമാതൃകകൾ എൻ്റെ ജീവിതത്തിൽ തുന്നിചേത്തവരെന്ന്  നിസംശയം പറയാം .

ശനിയാഴ്ചകളിലാണ് ഞങ്ങളുടെ നാട്ടിൽ  ഇറച്ചിവെട്ട്. അന്ന് അവനവന് ആകും പോലെ മാട്ടിറച്ചി വാങ്ങും . കട്ട് ഊറ്റിക്കളഞ്ഞ് ഉടച്ച് വേവിച്ച മരച്ചീനിക്കൂട്ടാനും ചോറും ഉരുളക്കിഴങ്ങിട്ട മാട്ടിറച്ചിക്കറിയും ഞായറാഴ്ച കുർബാന പോലെ തന്നെ നിർബന്ധമായിരുന്നു. ... അതൊക്കെ നാടിന്റെസ്പന്ദനങ്ങളായിരുന്നു..
എല്ലാ ഞായറാഴ്ചയും രാവിലെ കുടുംബത്തിലുള്ള സ്ത്രീ ജനങ്ങളെല്ലാം കുളിച്ച് കുന്നു കയറി പളളിലേക്ക്.......

ഏകദേശം മൂവായിരത്തോളം കുടുംബങ്ങളിലധികം ഔസേപ്പിതാവിന്റെ നാമധേയത്തിലുള്ള പള്ളിയിലെ അംഗങ്ങളായിരുന്നു. എങ്കിലും  പള്ളിക്ക്  ഇത്രയും പേരെ ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല.   അതുകൊണ്ട്  മൂന്ന് കുർബാനകൾ ഉണ്ടായിരുന്നു എല്ലാ ഞായറാഴ്ചയും . 

പടപ്പക്കര എന്ന കായലോരഗ്രാമത്തിന്റെ കേന്ദ്രബിന്ദുവായ പള്ളിയുടെ നേരേ എതിർ വശത്തായിരുന്നു അക്കരെയപ്പച്ചന്റെ കട ആ കാലഘട്ടത്തിലെ വാർപ്പ് മേൽക്കൂരയുള്ള ചായക്കട..... ഫാൻസി ഐറ്റംസിന് മറ്റൊരു മുറി
 
ഞായറാഴ്ച കുർബാന കഴിഞ്ഞാൽ അപ്പവും പാലും പഞ്ചസാരയും ലീനാമോൾക്ക് ചായക്കടയിലുണ്ടാവും. നാവിലിന്നും കൊതിപിടിപ്പിക്കുന്ന യഥാർത്ഥ പാലപ്പത്തിന്റെ രുചി. ജാനിയക്കയുടെ കൈപുണ്യം കൊണ്ട് മനോഹരമാക്കിയ മറ്റൊരോർമ്മപൂവ്....

അപ്പന്റെ നേരേ ഇളയ സഹോദരനായിരുന്നു അന്ന് ചായക്കടയുടെ ചുമതലക്കാരൻ സ്‌റ്റീഫൻ ....ലീനാമോളുടെ "ശീവാങ്കി '' അതൊരു  മാറ്റേറിയ ബന്ധം തന്നെയായിരുന്നു. 

ഗൾഫ് നാടുകൾ സ്വപ്നം കണ്ടു നടന്നിരുന്ന ശീവാങ്കിയുടെ കഥകളിലൂടെയാണ് ലീനാമോൾ ഈ ലോകം മുഴുവൻ യാത്ര ചെയ്തിട്ടുള്ളത്! ഇത്രയും ആസ്വാദ്യകരമായി ഒരിക്കലും പോയിട്ടില്ലാത്ത നാടുകളെക്കുറിച്ച് , രാജ്യങ്ങളെക്കുറിച്ച്, അവിടുത്തെ മനോഹാരിതയേയുംജീവിതരീതിയേയും എന്തിന്,ആഹാരത്തെക്കുറിച്ച് പോലും ശീവാങ്കി പറഞ്ഞ കഥകൾ ഇന്നും ഉള്ളിലൊരു ചെപ്പിൽ വിസ്മയലോകം തീർത്ത് നിത്യവിസ്മയമായി തന്നെ നിലകൊള്ളുന്നു.

ഞായറാഴ്ചകളിൽ ശീവാങ്കിയ്ക്ക് ചായക്കടയിൽ തിരക്കേറെയാണ്. അക്കരെയപ്പച്ചനും അന്ന് കടയിലുണ്ടാവും. രാവിലത്തെ കുർബാന കഴിഞ്ഞ് തോളത്തെ കസവ്കരയുള്ള ചെറിയമുണ്ട് ഞൊറിഞ്ഞിട്ട് മുൻവശത്തൊരു കസേരയിൽ അപ്പച്ചൻ പള്ളിയിൽ വന്ന ബന്ധുജനങ്ങളെ കണ്ട് വിശേഷം തിരക്കുകയും .സന്തോഷച്ചിരി ചിരിക്കുകയും ചെയ്യുന്നത് സാകൂതം ഞാൻ നോക്കി നിന്നിട്ടുണ്ട്. കുടുംബത്തിലെ സ്ത്രീ ജനങ്ങൾ പള്ളിയിൽ നിന്നിറങ്ങി നേരേ വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഞാൻ എന്റെ അമ്മയുടെ കൈ പിടിച്ച് വലിച്ച് കടയിൽ കയറിയിരിക്കും.. പിന്നീട് പാലപ്പം എന്റെ നാവിലങ്ങനെ അമ്മ തരുന്ന രുചി ....ഹാ.... ഇനിയൊരിക്കലും തിരികെ കിട്ടാതെ, പോയനാളിൻ്റെ കൈയൊപ്പ് ചാർത്തി കിട്ടിയ നിമിഷങ്ങൾ !

ചായക്കടയിൽ ആളുകൾ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഹാളിൽ കുറച്ച് അകത്ത് നാല് സ്‌റ്റെപ്പുകൾ താഴേയ്ക്ക് ഇറങ്ങിയാൽ വിശാലമായഅടുക്കളയാണ്,അവിടെ ജാനിയക്ക ശരിക്കും കൈയ് മെയ് മറന്ന് പാലപ്പംചുട്ടുകൊണ്ടേയിരിക്കുന്നുണ്ടാവും. മുട്ടക്കറിയുംഇറച്ചിക്കറിയും തിളച്ച് മറഞ്ഞുള്ള മസാലമണം കൊതിച്ചാണ് ഞാനും അന്നേയൊരു പാചകക്കാരിയാവാൻമോഹിച്ചതും .

ചായക്കടയുടെ പുറത്തെ ഒരു ഭിത്തിയിൽ അന്ന് മുക്കടയിലുള്ള രാജു ടെക് സ്‌റ്റയിൽസിന്റെ പരസ്യം ചുവപ്പും നീലയും നിറത്തിൽ എഴുതിയിട്ടുണ്ടായിരുന്നു. അന്ന് മുക്കടയിലെയും കൊല്ലത്തെയും കച്ചവട പ്രമുഖരൊക്കെ അക്കരെയപ്പച്ചനുമായി ചങ്ങാത്തം ഉള്ളവരായിരുന്നുവെന്ന് പിന്നീട് പലപ്പോഴും നേരനുഭവങ്ങളും പരിചയപ്പെടലുകളും പറഞ്ഞു തന്നു.

ഞായറാഴ്ചകളിൽ നിറയെ കാശുമായിട്ടാവും അപ്പച്ചന്റെയും ശീവാങ്കിയുടെയും വരവ്. അത് തിട്ടപ്പെടുത്തി സൂക്ഷിക്കുന്നത് എന്നെ സംബന്ധിച്ച് വളരെ പ്രാധാനപ്പെട്ട ഒരു ചടങ്ങ്  തന്നെയായിരുന്നു.

ചിറ്റപ്പൻമാരുടെ ചെസ് കളിയും ചീട്ടുകളിയും ബന്ധു സന്ദർശനവും അമ്മാവൻമാരുടെയോ അവരുടെ കുടുംബ സമേതമോ ഉള്ള പ്രത്യേക സന്ദർശനവും ഞായറാഴ്ചകളിൽ പതിവുള്ള കാഴ്ചകളാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ഒരു ജോലികളും അന്ന് തറവാട്ടിൽ ഉണ്ടാവുകയില്ല   ----അടുക്കളയും തൊഴുത്തും പരിസരം വൃത്തിയാക്കലും ഒഴികെ .

 കാസറ്റിലെ ഭക്തിഗാന പാട്ടുകൾ കേട്ട് കായലോളങ്ങൾ വിശുദ്ധരായി ഉയിർത്തെഴുന്നേൽക്കപ്പെട്ട എത്രയെത്ര ഞായറാഴ്ചകളാണ് ഇന്നും കണ്മുന്നിൽ  വെളുത്തത്തുമ്പികളായി മിന്നിമറയുന്നത്. ......

 

Share :