Archives / july 2021

മാങ്ങാട് രത്‌നാകരൻ
അക്കിത്തം: കവിതയും ദർശനവും

 

അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കവിതകളെക്കുറിച്ച്,  വിശ്വാസപ്രമാണങ്ങളെക്കുറിച്ച് മലയാളത്തിന്റെ കാവ്യാന്തരീക്ഷത്തിലും സാമൂഹികാന്തരീക്ഷത്തിലും ധാരാളം ചർച്ചകൾ നടന്നു, കവിയസ്തമിച്ച വേളയിലും അതു തുടരുന്നു. ഒരെഴുത്തുകാരൻ എന്ന നിലയും സാമൂഹികജീവിതത്തെക്കുറിച്ച് ജാഗ്രതയുള്ള വ്യക്തി എന്ന നിലയിലും അതു പിന്തുടർന്നിട്ടുണ്ട്.

എന്റെ ഭാവുകത്വത്തിന്റെ പ്രശ്‌നമായിരിക്കാം, അക്കിത്തത്തിന്റെ സമകാലീനരായ വൈലോപ്പിള്ളി ശ്രീധരമേനോൻ, ഇടശ്ശേരി ഗോവിന്ദൻ നായർ, പി.കുഞ്ഞിരാമൻ നായർ എന്നിവരുടെ കവിതകൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്തതുപോലെ, അക്കിത്തത്തിന്റെ കവിതകളിൽ മുഴുകാൻ കഴിഞ്ഞിട്ടില്ല. 'കുടിയൊഴിക്ക'ലിന്റെ ഗരിമ 'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിൽ അന്തർഭവിച്ചിട്ടില്ല. ഇടശ്ശേരിക്കവിതകളുടെ ദർശനദീപ്തിയോ പി.കുഞ്ഞിരാമൻ നായരുടെ കവിതയുടെയും ഗദ്യത്തിന്റെയും അപ്രതിരോധ്യമായ ഉദ്ഗമമോ അക്കിത്തത്തിൽ അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. എം.എൻ.വിജയൻ ഒരിക്കൽ നിരീക്ഷിച്ചതുപോലെ, 'അക്കിത്തത്തിന് വാക്കുകളോട് അനുരാഗമില്ല, സംബന്ധമേ ഉള്ളൂ' എന്നത് എന്റെയും അഭിരുചിയായിത്തീർന്നതുകൊണ്ടാവാം.

അക്കിത്തം വലിയ കവിയാണ് എന്ന കാര്യത്തിൽ തർക്കമില്ല. താൻ ജീവിച്ച കാലഘട്ടം, ആ കാലത്തെ സാമൂഹികചലനങ്ങൾ, ആശയങ്ങൾ എല്ലാം ആ കവിതകളിൽ തീവ്രമായ പ്രതികരണങ്ങൾ ഉളവാക്കിയിട്ടുണ്ട്. കവിയുടെ മികവുറ്റ കവിതകളിൽ അതനുഭവിക്കാം. വരികൾ ഉദ്ധരിക്കേണ്ടാത്തത്രയും സുപരിചിതമാണവ.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അർബുദമായ സ്റ്റാലിനിസത്തെ പൂർണ്ണമായും നിരാകരിച്ചു എന്നത് അക്കിത്തത്തിന്റെ മഹത്തായ മാനവികതയായാണ് ഞാൻ കാണുന്നത്. അപ്പോൾ ഹൈന്ദവസംസ്‌കൃതിയുടെ അർബുദമായ ആർ.എസ്.എസുമായുണ്ടായ സൗഭ്രാത്രമോ?

ഏഷ്യാനെറ്റ് ന്യൂസിൽ യാത്ര എന്നു പ്രതിവാര പരിപാടി ചെയ്യുമ്പോൾ (2016), തൃത്താലയിലും പരിസരങ്ങളിലുമെല്ലാം സഞ്ചരിക്കുമ്പോൾ, അതിൽ അക്കിത്തം ഉണ്ടാവണമെന്ന് ഞാൻ എന്നോടുതന്നെ നിർബന്ധം പിടിച്ചിരുന്നു. കവിതയെക്കുറിച്ചെന്നപോലെ, വിവാദം സൃഷ്ടിച്ച രാഷ്ട്രീയനിലപാടിനെക്കുറിച്ചും ചോദിക്കണമെന്ന് ഉറപ്പിച്ചിരുന്നു.

കുമാരനെല്ലൂരിലെ 'ദേവായന'ത്തിലെത്തിയപ്പോൾ, അക്കിത്തം നന്നേ ക്ഷീണിതനായിരുന്നു. മുറിയിൽ കവിയുടെ തലയ്ക്കുമീതെ, ആദിമൂലം വരച്ച, ഗാന്ധിശിരസ്സിന്റെ ഉജ്ജ്വലമായ രേഖാചിത്രം തൂങ്ങിക്കിടന്നിരുന്നു. കവി ഗാന്ധിജിയെക്കുറിച്ച്, തന്റെ കുട്ടിക്കാലത്ത് ഗാന്ധിജി പട്ടാമ്പിയിലും ഗുരുവായൂരിലും വന്നപ്പോൾ കാണാൻ കഴിയാഞ്ഞതിനെക്കുറിച്ചുള്ള സങ്കടത്തെക്കുറിച്ച്, ഗാന്ധിജിയിൽ നിന്നും ഇന്ത്യ അകന്നതിനെക്കുറിച്ച് വിവശതയോടെ സംസാരിച്ചു. അത് ഒത്തുവന്ന സന്ദർഭമായിരുന്നു.

കവി എങ്ങനെ ഗാന്ധിഘാതകരുടെ പ്രത്യയശാസ്ത്രവുമായി സഹകരിച്ചു? സ്വല്പം വളച്ചുകെട്ടിയാണ് ചോദിച്ചത്. ''അതെല്ലാം വീക്ഷണഭേദങ്ങളല്ലേ? ഒരിക്കൽ കമ്യൂണിസത്തോട് അനുഭാവമുണ്ടായിരുന്നു. കമ്യൂണിസ്റ്റുകൾ എന്റെ പത്തായപ്പുരയിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ചിലർ ഇപ്പോൾ പറയുന്നു ഞാൻ ആർ.എസ്.എസ് ആണെന്ന് ഞാൻ കമ്യൂണിസ്റ്റുമല്ല, ആർ.എസ്.എസുമല്ല,'' കവി പറഞ്ഞു.അതുവരെ ഇടമുറിഞ്ഞ കവിയുടെ ശബ്ദത്തിന് ഇടർച്ചയേതുമുണ്ടായിരുന്നില്ല.

Share :