Archives / 

ശ്രീല കെ.ആർ
പകലുകൾ

കൊടുംചൂടിലിങ്ങനെ

ഉരുകുമ്പോൾ മിഴികൾ

പുകഞ്ഞു നീറുമ്പോൾ

മയങ്ങുന്നതെങ്ങനെ ?

 

അകമാകെ നീറ്റുന്നവെറുപ്പിൻ്റെ കാളിമയിൽ

മുഖമാകെ കറുക്കുമ്പോൾ

ഒരു തുള്ളി പ്രണയമെൻ

നാവിലിറ്റിയ്ക്കുക

ആ നറുതേനിലെൻ

അലിവാകെ ചാലിച്ചു

ലേപനം ചമച്ചിടാം!

അതിലെൻ്റെ തനുവും

മുഖവും പൊതിഞ്ഞ്

അല്പം ശീതമെൻ

ഹൃദയത്തിൽ തളിയ്ക്കുക ......

 

ഹാ .... സ്നേഹനിധിയാം

വെളിച്ചമേ

 

എന്നെ എനിയ്ക്കൊന്നു സ്നേഹിയ്ക്കണം

വരും കാലത്തിലെങ്കിലും

കരളാകെ കയ്ക്കുന്ന

നൊമ്പരങ്ങൾ

ഉടലാകെ പകരുന്ന

ചൂടിൽ പനിച്ചു വിറച്ചു

മരിയ്ക്കുന്നതിൻ മുൻപ്....

നോവിൻ്റെ സൂചിമുനയേറ്റ് പിടയുമ്പോഴും ഒരു തരി മധുരമെൻ ചുണ്ടിൽ

 

വശ്യമൊരു ചിരി കൊണ്ടീ

ആത്മാവു ചുംബിച്ചുണർത്തുക!

രാവുകൾ മാഞ്ഞങ്ങു പോകട്ടെ!

പുതുപുലരിയിൽ മുങ്ങി നിവരട്ടെ ഞാൻ

ചാരുവാം കുയിലെന്നിൽ

കൂകി പറക്കട്ടെ!

 

എങ്ങും തെളിയുന്ന വെളിച്ചത്തിൻ തിളക്കം

എല്ലാം മറയ്ക്കുന്ന രാത്രിയിലുണ്ടാവില്ല!

 

ഓർമ്മകൾ കൈപിടിച്ചീ

പുലരിമണം നുകർന്നീ

പാടവരമ്പിലൂടെ നടത്തുമ്പോൾ 

കലഹമോ തോഴാ ...

 

ഇന്നിനെ ചേർത്തു പിടിയ്ക്കുവാൻ

നാളെയൊരു കുഞ്ഞു പൂവു വിരിയുമെന്ന് 

മോഹിയ്ക്കുവാൻ

ഇന്നലെകൾ ഉണ്ടാവണം!

 

 

Share :