Archives / july 2021

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
കാവ്യോത്സവം

കവിത നിറഞ്ഞു തുളുമ്പുകയെന്നാൽ അനുവാചക മനസ് നിറയുക എന്നു കൂടിയാണ് അർത്ഥമാക്കുന്നത്. ഈ ആഴ്ച വായിച്ച ആനുകാലികങ്ങളിൽ വായിച്ച കവിതകൾ ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണ് എന്നത് മാത്രമല്ല, കവികൾ, വിഷയം സ്വീകരിക്കുന്നതിലും ആവിഷ്കരിക്കാരീതിയിലും രസഭാവസന്നിവേശത്തിലും ഏറെ ശ്രദ്ധപുലർത്തികാണുന്നു എന്നതുകൂടി യാണ് സന്തോഷത്തിനാധാരം. 

       മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1181 മികച്ച ആറ് കവിതകളുമായാണ് പുറപ്പെട്ടിട്ടുള്ളത്. പഴയ തലമുറയിൽ പെട്ടവരും ഇളമുറക്കാരും ഏറെ ആഹ്ലാദിപ്പിക്കുന്ന കവിതകൾ നൽകി എന്നത് എടുത്തു പറയേണ്ടതുണ്ട്. 

       ഒന്നാമത്തെ കവിത പ്രശസ്ത തിരക്കഥാകൃത്ത് രൺജി പണിക്കരുടെ ഒക്ടോബർ 2 ഹാഥറസ് എന്ന വർത്തമാന ഇന്ത്യനവസ്ഥയുടെ പരിച്ഛേദമാണ്. ഉത്തര പ്രദേശത്തെ ഹാഥറസിൽ , സവർണരുടെ കാമാസക്തിക്ക് ഇരയായി കൊല്ലപ്പെടുന്ന ദലിത് പെൺകുട്ടികളുടെ വിഹ്വലമായ നിലവിളികൾ. ഹാഥറസിൽ സംഭവിച്ച ക്രൂരത വെറും ചാനൽ ചർച്ചയിൽ മാത്രം ഒടുങ്ങിപ്പോകുന്ന ദയനീയത. ഉറ്റവരെ ഒരുനോക്ക് കാണാൻ പോലുമനുവദിക്കാതെ ജയിലറയിലും തോക്കിൻ മുനയിലും നിറുത്തി ഒരു കുഞ്ഞു പെൺകുട്ടിയുടെ ഛിന്നഭിന്നമായ മൃതശരീരം കാവലാളാകേണ്ട നിയമപാലകർ മറവുചെയ്തു എന്നവാർത്ത! ഹാം, ഭാരതമേ, ഞാനും ഒരു ഭാരതീയനോ എന്ന് ആത്മനിന്ദയിൽ ചിലരെങ്കിലും വേദനിപ്പിക്കുന്ന ഈ നാടിന്റെ പ്രതിഷേധമാകുന്നു രൺജി പണിക്കരുടെ ഈ കവിത. 
   " കൊന്നവർ കൊണ്ടുപോയി
      കൊള്ളിവെച്ചു,
      ജന്മദിനത്തിൽ
      മരിച്ചു ഗാന്ധി...! "

എന്നവസാനിക്കുന്ന കവിത രൺജി പണിക്കരുടെ തിരക്കഥകളുടെ ശക്തിയിൽ തന്നെ തുടിച്ചുനിൽക്കുന്നു.

 പ്രദീപ് രാമനാട്ടുകരയുടെ ഉരുള എന്ന കവിത, കവിതയ്ക്ക് മനസിലേക്ക് ഇടിച്ചു കയറാനുള്ള കഴിവുകൂടിയുണ്ട് എന്ന് തെളിയിക്കുകയാണ്.പാമ്പര്യമായി പറഞ്ഞു വച്ച കാവ്യവഴികളെന്തുമാകട്ടെ,രൂപമോ രസമോ രൂപകമോ എന്തുമാകട്ടെ, ഇത്ര ലളിതമായി ജീവിതം പറയാൻ പുതു തലമുറയിലെ ഒരു കവിക്കും ഈ അടുത്ത കാലത്തൊന്നും കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ഈ കവിതക്ക് ഒരാശംസ പറയാതെ കടന്നു പോകുന്നത് ഒട്ടും യുക്തമാകില്ല എന്നു കരുതുന്നു. അത്രമേൽ ആകർഷണം ഈ കവിത നൽകുന്നുണ്ട്.

     മാധവൻ പുറച്ചേരിയുടെ പരോൾ എന്ന കവിത മറ്റൊരു ജീവിതം പറയുന്നു. ഒട്ടും ചെടിപ്പിക്കാതെ, വളരെ ലളിതമായി,ഒരു വലിയ സന്ദേശം എങ്ങനെ കവിതയിൽ സന്നിവേശിപ്പിക്കാമെന്നതിന് തെളിവുകൂടിയാണ് ഈ കവിത.

       പയർ കിനാവുകൾ എന്ന കവിതയുമായി ശിവകുമാർ അമ്പലപ്പുഴ നേർക്കുവരുമ്പോൾ, ഇങ്ങനെയാണ് കവിത വേണ്ടത് എന്ന് പറയാതിരിക്കാനാവുന്നില്ല. ടെലിഫോൺ കേബിളിൽ പടർന്ന പയർവള്ളികളുടെ പൂ കൊഴിക്കാൻ, കേബിളിനെ പാവമാക്കി അങ്ങോട്ടിങ്ങോട്ട് നിരയിടുന്ന ഉറുമ്പുകൾ... കേബിൾ കൊണ്ടുവരുന്ന ദുരന്തം വാർത്തകൾ ഒടുവിൽ ശുഭവാർത്തകളായി മാറുന്ന പരിണതി. വളരെ നന്നായി കവിത പറഞ്ഞു.

    പ്രസന്ന കെ വർമയുടെ ഫ്രെയിമിൽ നിന്ന് പുറത്തു പോയവർ, ബിജു കാഞ്ഞങ്ങാടിന്റെ നിശ്ചല പ്രതിഷ്ഠ എന്നീ കവിതകളും ഉത്തമ കാവ്യങ്ങളായി തന്നെ നിലകൊള്ളുന്നു.

     ഇതിനെല്ലാമുപരി, വർത്തമാന മലയാള കവിത കഥയായി മാറുമ്പോൾ, കഥ കവിതയായി മാറുന്ന അനുഭവ സന്നിവേശനമാകുന്നു പി.കെ. പാറക്കടവിന്റെ ഒറ്റവരി കഥകൾ. അദ്ദേഹം കുഞ്ഞു കഥകളിലൂടെ വലിയ ലോകം തുറന്നിടുന്നത് ആദ്യമായല്ല നാം കാണുന്നത്. മിനിക്കഥകൾ ഒരു ശാഖയായിതന്നെ മലയാളത്തിൽ വളർന്നിട്ടുണ്ട്. എമ്നാൽ പി.കെ.പാറക്കടവിന്റെ കഥകളെ ആ ഗണത്തിൽ പെടുത്തി ചെറുതാക്കാനാവില്ല. കുഞ്ഞുണ്ണി കവിതകളെ മിനിക്കവിതകൾ എന്നുവിളിച്ച് മാറ്റി നിറുത്താമോ? അതുപോലെയായിരിക്കും പി.കെ.പാറക്കടവിന്റെ കഥകളെ ആ കള്ളിയിൽ ഉൾപ്പെടുത്തുന്നത്. ഇവിടെ പത്ത് ഒറ്റവരി കഥകൾ നൂറ് വരികൾക്ക്പകരം നിൽക്കുന്ന പത്ത് കവിതകളായി മാറുന്നു.

സമകാലിക മലയാളം വാരിക ലക്കം 22 ഇതാ മുന്നിൽ. ശിവകുമാർ അമ്പലപ്പുഴ വീടന്തരം എന്ന കവിതയുമായി വീണ്ടും ഞെട്ടിക്കുന്നു. വീട്, എല്ലാ കാലത്തും കവികൾക്ക് ഒരു നൊസ്റ്റാൾജിയയാണ്. ഒരു പകർന്നാട്ടത്തിന്റെ പ്രതിധ്വനിയായി വീട് ഇവിടെ പുനർഭാവപരമ്പരയായി പുനരവതരിക്കുന്നു. പകർന്നടിയുന്ന ഓർമ്മകളുടെ സന്നിവേശനമായി, ഏറ്റെടുക്കാൻ മാത്രം ഉരുവമായിതീരുന്ന ഓർമ്മകളായി, വീട് ഒരു സ്വര ചിഹ്നമായി ഈകവിതയിൽ പരഭാവമായി പരിഗണനീയമാകുന്നു. നല്ല ഭാവം ശുദ്ധി, നല്ല ഭാവ തല്പം. കവിത ഭാവ രസ ലയങ്ങളുടെ തന്മയീ ഭാവം!

 

 ഇതേ ആഴ്ച ചന്ദ്രിക ആഴ്ചപ്പതിപ്പ് ലക്കം 1 ൽ മലയാളത്തിന്റെ പ്രിയ കവി പി.കെ.ഗോപി, രാഷ്ട്രം മരിക്കുന്നതെങ്ങനെ എന്ന പേരിൽ ഒരു കവിതാ പ്രവേശനം നടത്തിയിട്ടുണ്ട്. പ്രിയ കവീ, ഈ രീതി താങ്കൾക്ക് ചേർന്നതേയല്ല എന്ന് പറയുന്നതിൽ ഖേദമുണ്ട്. താങ്കൾ കവിത്വമുള്ള കവിയാണ്. ഇത്തരം ഗിമ്മിക്കുകളിലൂടെ പ്രത്യക്ഷപ്പെടേണ്ട അവസ്ഥ താങ്കൾക്കില്ല എന്നുതന്നെ ഇപ്പോഴും കരുതുന്നു. എന്നാലും ഇത് കഷ്ടമായിപ്പോയി എന്ന് പറയാതിരിക്കാനാവുന്നില്ല.

    തീരെ ചെറിയ ചില ദുർനിമിത്തങ്ങൾ ഒഴിച്ചു നിർത്തിയാൽ, ഈ ആഴ്ച സാഹിത്യ ലോകം ഈടുകൾ കരുതി വയ്ക്കുന്നുണ്ട് ! ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

Share :