Archives / july 2021

ഷീജ രാധാകൃഷ്ണൻ. ദില്ലി.
മനുഷ്യ സ്നേഹത്തിൻ കാവ്യ അദ്വെെത പ്രഭ അണഞ്ഞു

മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെഴുതിയ മഹാകവി
അക്കിത്തം അച്യുതൻ നംബൂതിരി ഇനിയും ഓർമ്മയിൽ മാത്രം.  ആ സ്നേഹ സൗരപ്രഭ പൊലിഞ്ഞു.

ആറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നംബൂതിരിയുടേയും ചേകൂർ മനയ്ക്കൽ  പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായി 1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിൽ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്.

മലയാളവും, വേദത്തോടുമൊപ്പം ഇംഗ്ലീഷ്, തമിഴ്, കണക്ക് എന്നീ വിഷയങ്ങളിൽ പ്രാവിണ്യം നേടിയിരുന്ന ഇദ്ദേഹം എട്ട് വയസ്സ് മുതൽ കവിതയെഴുതുമായിരുന്നു. ചിത്രകലയിലും സംഗീതത്തിലും തൽപ്പരനായിരുന്നു.  കോഴിക്കോട് സാമൂതിരി കോളേജിലെ ഇന്റർമീഡിയേറ്റ് പഠനം രോഗം മൂലം നിർത്തി വയ്ക്കേണ്ടി വന്ന കവി തൃശ്ശൂർ മംഗളോദയം പ്രസ്സിൽ കുറച്ചു കാലം ജോലി നോക്കിയിരുന്നു.

ക്രാന്തദർശിത്വം വേണ്ടുവോളം ഉണ്ടായിരുന്ന ഋഷി തുല്യനായ കവിയായിരുന്നു അക്കിത്തം.
അക്കിത്തത്തിന്റെ ആദ്യകവിതാ സമാഹാരത്തിന് "വീരവാദം" എന്ന പേര് നൽകിയത് ചങ്ങംബുഴ കൃഷ്ണപിള്ളയാണ്.

കവി കവിതയെഴുതും വേളകളിൽ വരികൾ വഴിമുട്ടും നേരങ്ങളിൽ, എഴുതിയും തിരുത്തിയും മുഷിയുംബോൾ, കവിയൊന്നു മുറുക്കുമായിരുന്നു.  ഈ മുറുക്കിനേക്കുറിച്ച് വെെലോപ്പള്ളി പറഞ്ഞ വാക്കുകൾ " മുറിക്കിക്കോട്ടെ, മുറുക്ക് അക്കിത്തത്തിനു മാത്രമല്ലാ അദ്ദേഹത്തിന്റെ കവിതകൾക്കും ഉണ്ട് മുറുക്കും തുടിപ്പും".

തൃശ്ശൂർ ആകാശവാണിയിൽ "വയലും വീടും"പരിപാടിയുടെ എഡിറ്ററായി കവി ജോലി നോക്കിയിരുന്ന കാലത്ത്, കവിമനസ്സും ഈ എഡിറ്റർ ജോലിയുമായി വലിയ ബന്ധമില്ലായിരുന്നു, അപ്പോൾ കവിയേ കുറിച്ച് സഹപ്രവർത്തകനും കവിയുമായിരുന്ന എസ്. രമേശൻ നായർ പറഞ്ഞതിങ്ങനെയായിരുന്നു:- " ഡെെമക്രോൺ, നുവാക്രോൺ തുടങ്ങിയ കീടനാശിനികൾ പത്തു ലിറ്റർ കവിതയിൽ കലർത്തി ചെള്ളിന്റെ ബാധയുള്ള തെങ്ങിൻ മണ്ടകളിൽ തളിക്കുകയായിരുന്നു അക്കിത്തം".

അക്കിത്തത്തേക്കുറിച്ച് ഇടശ്ശേരി പറഞ്ഞത് " ഇയാൾക്ക് ചിരിക്കാനറിയാം, ചിരിക്കാനറിയാവുന്നവർക്ക് കരയാനും കഴിയും" കവിതയിൽ കണ്ണുനീർതുള്ളി കുഴിച്ചെടുക്കൂ എന്ന ഇടശ്ശേരിയൂടെ ഉപദെശം പാലിച്ച കവി....അന്നു മുതൽ കണ്ണുനീരിനേ തോഴനാക്കി, അദ്ദേഹത്തിന്റെ കവിതകളിൽ കണ്ണീരുപ്പ് ദർശ്ശിക്കാനായി. കണ്ണുനീർകടലുകൾക്കൊപ്പം തന്നെ കവിതകളിൽ സ്നേഹത്തിന്റെ പ്രത്യാശകൾ കൊളുത്താൻ കവിക്കായത് സ്നേഹത്തിലുള്ള അചഞ്ചല വിശ്വാസമൊന്നുകൊണ്ടു മാത്രമാണ്.

കവി വീ.ടി. ഭട്ടതിരിപ്പാടിനോടൊപ്പം യോഗക്ഷേമസഭയിലെ പുരോഗമന പക്ഷത്ത് പ്രവർത്തിച്ചിരുന്നു.  രാജ്യസ്നേഹിയായിരുന്ന അദ്ദേഹം പോകെ ഗാന്ധിജിയുടെ ദേശീയപ്രസ്ഥാനത്തിലും പ്രവർത്തിച്ചിരുന്നു, ആ കാലയളവിൽ ഗാന്ധിജിയേക്കുറിച്ച് അഗാധമായ പഠനം നടത്തിയിരൂന്നു അതിന്റെ വെളിച്ചത്തിൽ കൂടെയാണ് അദ്ദേഹത്തിന് ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളെ അവലംബിച്ചു കൊണ്ട് "ധർമ്മസൂര്യൻ" എഴുതാനായത്. വലിയ രിഷ്ട്രീയ മാനങ്ങളുള്ള ഒരു ഉജ്ജ്വലകാവ്യമായിരുന്നു അത്.

"ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" എന്ന ഒറ്റ കവിതയോടെ പുരോഗമനവാദികൾ അദ്ദേഹത്തേ നാസികനും വിപ്ലവകാരിയും ഒക്കെയാക്കിമാറ്റി.
പക്ഷേൽ അശരണരുടേയും അനാഥരുടേയും, പരാജിതരുടേയും, യുദ്ധങ്ങളിൽ തോറ്റവരുടേയും പക്ഷത്തുനിന്നദ്ദേഹം കഥനവും കണ്ണീരും, സ്നേഹത്തിൽ ചാലിച്ച് ഇതിഹാസ കാവ്യങ്ങൾ രചിച്ചു. ഈ മനുഷ്യ സ്നേഹിക്ക് മറ്റുള്ളവർക്കായി കണ്ണീർപൊഴിക്കുംബോൾ ഉള്ളിലൊരായിരം സൗരമണ്ഡലപ്രഭയുദിക്കുന്ന പ്രതീതിയായിരുന്നു.

ത്യാഗത്തിന്റെ ബൗദ്ധവഴികൾ ആത്മാവിലാവാഹിച്ച് മഹാപരിത്യാഗനിർവ്വാണ മാർഗ്ഗത്തിൽ കവിതയേ വഴിനടത്തിയ ഈ മഹാകവിക്ക് സുഖ ദു:ഖങ്ങളും, ഇരുളും വെളിച്ചവും, ഇഹവും പരവും, രതിനിവ്വേദങ്ങളും, ജനന-മരണവും  ഒരേ പോലെയായിരുന്നു.

"വെളിച്ചം ദുഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം"
ഈ വരികളിലൂടെ ആഴത്തിലിറങ്ങി വായിച്ചാൽ ...അതിന്റെ ആന്തരീക അർത്ഥം സമകാലീകയുഗദു:ഖങ്ങൾ വ്യക്തമായികാണാനാകും.

യോഗക്ഷേമം, മംഗളോദയം, എന്നീ മാസികയുടെ പത്രാധിപസമതിയംഗമായിരുന്നു, ആകാശവാണിയിൽ ഉദ്യോഗസ്തനായിരുന്നു 1985 ൽ വിരമിച്ചു.  "അടുക്കിളയിൽ നിന്നും അരങ്ങത്തേക്ക്", "കൂട്ടുകൃഷി" തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടു. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം,തുടങ്ങി 50 ഓളം കൃതികൾ രചിച്ചൂ.

പത്മശ്രീ, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യഅക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്ക്കാരം, എന്നീ ബഹുമതിൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ ശ്രീദേവി അന്തർജ്ജനം, മക്കൾ- പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ.  പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.

ആത്മകഥയോ, ജീവചരിത്രമോ ഇല്ലാത്തതെന്തേ എന്ന ചോദ്യങ്ങൾക്ക് എന്റെ കാവ്യങ്ങൾ തന്നെയാണെന്റെ എന്റെ ജീവിതം എന്ന് അദ്ദേഹ൦ പറയുമായിരുന്നു. എന്നാൽ കവിയുടെ കാവ്യജീവിതം പുസ്തകരൂപത്തിൽ  ഇംഗ്ലീഷിൽ ദില്ലിയിൽ നിന്നും ഉടൻ വിപണിയിലെത്തും.

" ഒരു കണ്ണീർക്കണം
   മറ്റൂള്ളവർക്കായി
   ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം
   സൗരമണ്ഡലം-
   ഒരു പുഞ്ചിരി ഞാൻ
   മറ്റുള്ളവർക്കായി
   ചെലവാക്കവേ
    ഹൃദയത്തിലുലാവുന്നു
    നിത്യനിർമ്മലപൗർണ്ണമി".

പോരാളിയും,  സന്യാസിയും ഒന്നിച്ചുദിച്ചിരുന്ന  ദാർശ്ശനീകനും, മനുഷ്യസ്നേഹത്തിന്റെ സൗരപ്രഭയിൽ ഇതിഹാസ കാവ്യങ്ങൾ രചിചിരുന്ന് മലയാളത്തിന്റെ മഹാകവിയ്ക്ക്
"പ്രണാമം".

 

Share :