Archives / july 2021

കുളക്കട പ്രസന്നൻ
കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് രീതികൾക്ക് മാറ്റം വേണം

ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതൊരു ഓർമ്മപ്പെടുത്തൽ അല്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി 73 വർഷമായിട്ടും ജനാധിപത്യം അതിൻ്റെ ശരിയായ പാതയിൽ എത്തിയോ എന്ന ചോദ്യമുന്നയിക്കാതെ നിവൃത്തിയില്ല. എന്തെന്നാൽ കഴിവുറ്റ ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുന്നിടത്തെ ജനാധിപത്യം അതിൻ്റെ ഉത്തരവാദിത്വത്തിലേക്ക് കടക്കുകയുള്ളു.

543 തെരഞ്ഞെടുക്കപ്പെടുന്ന  അംഗങ്ങളും 2 നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങളും ഉൾപ്പെടുന്ന ലോക്സഭയിൽ എത്ര പേർ കാര്യപ്രാപ്തിയുള്ളവർ ഉണ്ട് എന്നറിയാൻ ഒരു മാനദണ്ഡമുണ്ടോ ? അതുപോലെ നിയമസഭാംഗങ്ങളുടെ വോട്ടിൻ്റെ പരിധിയിൽ തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാംഗങ്ങൾ. ലോക്സഭാംഗങ്ങളെ  പോലെ എല്ലാ അവകാശങ്ങളുമുള്ള അംഗങ്ങൾ.   സ്ഥിര സംവിധാനമാണ് രാജ്യസഭ. രാജ്യസഭാംഗങ്ങളുടെ കാലാവധി 6 വർഷമാണ് എന്നതുകൂടി മനസ്സിലാക്കണം. 250 അംഗ രാജ്യസഭയിൽ 12  പേരെ നിർദ്ദേശിക്കുന്നത് രാഷ്ട്രപതിയാണ്.  ആ 12 പേർ ശാസ്ത്രം, കല, കായികം തുടങ്ങിയ മേഖലകളിൽ നിന്നുമാണ് .

 രാജ്യസഭ, ലോക്സഭാ നിയമ സഭാ,   എന്നിങ്ങനെ ജനാധിപത്യത്തിൻ്റെ നിയമനിർമ്മാണ സഭകൾ ഉണ്ട്. ജനാധിപത്യത്തിൻ്റെ നാല് തൂണുകളിൽ ഒന്നാണ് നിയമനിർമ്മാണ സഭകൾ.

കതിരുകാക്കുന്ന കർഷകനും അതിരുകാക്കുന്ന ജവാനും പോലെ പ്രധാനമാണ് ജനാധിപത്യം സംരക്ഷിക്കുന്ന ജനപ്രതിനിധികളും . ആ ജനപ്രതിനിധികളെ കുറിച്ച് ജനങ്ങൾക്ക് ഒരു കാഴ്ചപ്പാട് ഉണ്ടാവണം.

ഒരു ജനപ്രതിനിധി നല്ല വിദ്യാർത്ഥിയെ പോലെയാവണം . ലോകത്തിൻ്റെ മാറ്റത്തിനൊപ്പം വിഷയങ്ങൾ അറിയാനും പഠിക്കാനും കഴിവുണ്ടാവണം. ഈ വിഷയം ചർച്ച ചെയ്യുമ്പോൾ  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ നിന്നാവാം .ആയിരത്തി അഞ്ഞൂറ് വോട്ടർമാർക്കിടയിൽ നിന്നു തെരഞ്ഞെടുക്കുന്ന ഒരു ജനപ്രതിനിധി എന്ന നിലയിൽ ആ വാർഡിലെ എല്ലാ വോട്ടറെയും നേരിൽ പരിചയം കാണും. അവരുടെ നിരവധി വിഷയങ്ങളിൽ നേരിട്ട് ഇടപെടേണ്ടി വരുന്നത് ഈ വാർഡ് മെമ്പർ ആകും. ഇവിടെയാണ് വിഷയത്തിൻ്റെ പ്രസക്തി.

വസ്തു തർക്കം, കുടുംബ പ്രശ്നങ്ങൾ തുടങ്ങി ആത്മഹത്യ, കൊലപാതകം തുടങ്ങിയ വിഷയങ്ങളിലും വിവാഹം, മരണം , പോലീസ് കേസ്, നാട്ടിൻ പുറത്തെ അടിപിടി അങ്ങനെ എന്തുമാവട്ടെ, നിവാസികൾ ആദ്യം അന്വേഷിക്കുക വാർഡ് മെമ്പറെയാവും. ആ സമയത്ത് വീട്ടാവാശ്യത്തിനോ, ബന്ധുവിൻ്റെ വീടു സന്ദർശനത്തിനോ, തീർത്ഥയാത്രക്കോ മറ്റോ പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വിച്ചിട്ടതു പോലെ പഞ്ചായത്തു മെമ്പർ അവിടെയുണ്ടാവണം. 

നാട്ടിൽ മോഷണം നടന്നാലും അജ്ഞാത ജീവി ഇറങ്ങിയാലും വനപ്രദേശത്തിനു സമീപമാണെങ്കിൽ ആന ഇറങ്ങിയാലും നമ്മുടെ മെമ്പർ എവിടെ എന്നാവും ആളുകളുടെ ചോദ്യം. പഴയ നാട്ടുരാജാവിനെപ്പോലെയോ, കര പ്രമാണിയെപ്പോലെയോ, ഒരു സ്ഥാനം പഞ്ചായത്തു മെമ്പർക്ക് ലഭിക്കാറുണ്ട്.

ഇതെല്ലാം ഉണ്ടെങ്കിലും പല പഞ്ചായത്തുമെമ്പറുമാരും ഉത്തരവാദിത്വങ്ങളിൽ ഏറെ അകലെയാണ്. ഇതിലെ അപാകതകൾ പരിഹരിക്കപ്പെടണം. അതായത് ഒരു മെമ്പർ തെരഞ്ഞെടുക്കപ്പെടുന്നത് 5 വർഷത്തേക്കാണ്. വളരെ കാര്യ ഗൗരവത്തോടെ പ്രവർത്തിക്കാനുള്ള വർഷം. പണ്ടുള്ള അവകാശങ്ങളും ശമ്പളവുമല്ല ഇപ്പോഴുള്ളത്.

 കൊവിഡ് 19 ൻ്റെ വ്യാപനത്തെ പ്രതിരോധിക്കാൻ ജനങ്ങളിലേക്ക് ആവശ്യമായ സന്ദേശങ്ങൾ എത്തിക്കുന്നതിന് വാർഡ് മെമ്പർക്ക് കഴിയും. അതിന് കൊവിഡ് 19 നെ കുറിച്ചും അതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പ് കൈമാറുന്ന വിവരങ്ങൾ ഒരു വാർഡ് മെമ്പർക്ക് ഉടനടി മനസ്സിലാക്കുവാൻ കഴിയണം. ഒരു മെമ്പർ ഇങ്ങനെ കാര്യപ്രാപ്തിയുള്ള ആളാണോ എന്ന് ജനം എങ്ങനെ അറിയും. അതിനാണ് തെരഞ്ഞെടുപ്പ് വേളയിൽ മുന്നണി സ്ഥാനാർത്ഥികൾ തമ്മിൽ ആരോഗ്യകരമായ സംവാദങ്ങൾ നടത്തേണ്ടതിൻ്റെ ആവശ്യകത.

അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥികൾ തമ്മിൽ സംവാദം നടത്താറുണ്ട്. അതുപോലെ ഒന്നും വേണ്ട. നിഷ്പക്ഷനായ ഒരു മോഡറേറ്ററെ വച്ച്  ജനങ്ങൾക്ക് കേൾക്കാനും കാണാനും കഴിയും വിധം കുറെ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ സംവാദം സംഘടിപ്പിക്കണം.

തെരഞ്ഞെടുപ്പ് വേളയിലെ പോസ്റ്റർ, നോട്ടീസ്, ബോർഡ് ഇത്യാദി പ്രചരണോപാധി ഒഴിവാക്കേണ്ട കാലഘട്ടമാണ് കൊവിഡ് പശ്ചാത്തലം. ലക്ഷങ്ങൾ  ചെലവഴിക്കുന്ന ഈ തെരഞ്ഞെടുപ്പ് രീതി മാറ്റേണ്ടതല്ലെ ? ഓൺലൈൻ വഴിയും നവ മാധ്യമങ്ങളിലൂടെയും പ്രചരണമാവാം. പോസ്റ്ററിനും നോട്ടീസിനും വേണ്ടി എത്രയോ പേപ്പർ നഷ്ടമാകാതിരിക്കും. അങ്ങനെ വന്നാൽ പേപ്പറിനുള്ള അസംസ്കൃത വസ്തുക്കൾ നഷ്ടപ്പെടില്ല.

പ്രദേശത്തെ കോൺട്രാക്ടറുമാരുടെ പ്രതിനിധിയായിട്ടാണ്  തെരഞ്ഞെടുപ്പ് വേളയിൽ പല സ്ഥാനാർത്ഥിയുടെയും രംഗ പ്രവേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒരു ശാപമാണിത്. ഇവിടുത്തെ റോഡും കലുങ്കു പണിയും തരപ്പെടുത്തുക എന്നതാണ് ഈ കോൺട്രാക്ടർമാരുടെ ലക്ഷ്യം. ഇതൊക്കെ ഒഴിവാക്കാൻ ജനങ്ങൾ ജാഗരൂകരാകണം.

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മെമ്പർക്ക് കിട്ടുന്ന ശമ്പളവും സിറ്റിംഗ് ഫീയും കൂടാതെ കിമ്പളത്തിനുള്ള കുറുക്കുവഴി കണ്ടെത്തി കൊള്ളയടിക്കാനുള്ള അവസരം അടയേണ്ടതുണ്ട്. അതിന് അടിത്തറ നന്നാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന പ്രാദേശിക സർക്കാരുകളെ ജനങ്ങൾക്ക് നേരിട്ടു വീക്ഷിക്കാനും ഇടപെടാനും സാധിക്കും. അതിനുള്ള തയ്യാറെടുപ്പ് കൂടിയാവണം ഈ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.

കമൻ്റ്: കൊവിഡ് 19 പോലെയാണ് അഴിമതിയും. ഒരാളിൽ നിന്ന് എത്ര പേരിലേക്കും വ്യാപിക്കാം.  കൊവിഡിനോടുള്ള ജാഗ്രത പോലെ അഴിമതി തുടച്ചു മാറ്റാനും അതീവ ശ്രദ്ധ വേണം. എന്നാലെ ജനാധിപത്യം വിജയിക്കു.
 

Share :