Archives / March 2018

ഗീതാ മുന്നൂർകൊട്
ചിന്താദേവി സന്നിധിയിലേക്കുള്ള സായാഹ്നനടത്തകൾ

തൻ്റെ അധ്യാപക ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവമാണ് ശ്രിമതി ഗീതാ മുന്നൂർകൊട് എന്റെ സ്കൂൾ എന്ന പംക്തിയില് വിവരിക്കിന്നത്. ഇതു വടക്കേ ഇന്ത്യയിൽ നടന്ന ഒരു സംഭവമാണ് എങ്കിലും ഇന്നും ഇതിനു പ്രസക്തിയുണ്ട്

-മുല്ലശ്ശേരി




നാസിക്ക് ഓജ്ജർ കേന്ദ്രീയവിദ്യാലയത്തിലെരണ്ടാം വർഷം... 1982-83 . ഒമ്പതും പത്തും ക്ലാസ്സുകളിൽ ഫിസിക്സും കണക്കും പഠിപ്പിക്കാനാണു കിട്ടിയത്. ഒമ്പത് ഒരു സെക്ഷനിലെ ക്ലാസ്സ് ടീച്ചറുമായി..കുട്ടികൾ കാഴ്ചയിൽ മുതിർന്നവർ . നല്ല അച്ചടക്കമുള്ളവർ. എന്റെ ഒമ്പതാം ക്ലാസ്സിലെ കുട്ടികളുമായി ഒരാഴ്ച കൊണ്ട് മാനസികമായി അടുപ്പം നേടിയെടുക്കാനായി. അക്കാലത്ത് ഞാനും സഹോദരൻ അജിയ്ക്കൊപ്പം എയർഫോർസ് ക്വാർട്ടേർസിലാണ് താമസിച്ചിരുന്നത്. ഞാനും അജിയും ദിവസവും വൈകുന്നേരം നടക്കാനിറങ്ങുമായിരുന്നു. ഒരാഴ്ച്ചകുള്ളില്‍ ഇതു കണ്ടെത്തിയ എന്റെ ക്ലാസ്സിലെ കുട്ടികളും ഞങ്ങൾക്കൊപ്പം വരാൻ തുടങ്ങി. ഞാനവരെ തടഞ്ഞതുമില്ല. കുട്ടികളെ മനസ്സിലാക്കാനുള്ള ഒരവസരമാക്കി ഈ സായാഹ്നനടത്തങ്ങള്‍ ഉപകരിക്കുമല്ലോ എന്നു ചിന്തിച്ചു. എയർഫോഴ്സ് സ്റ്റേഷന് പിറകിലൂടെ ഒന്നര കി മീ കുത്തനെയുള്ള നീണ്ട പാതയിലൂടെ നടന്നാൽ സ്റ്റേഷന്‍റെ പിറകു വശത്തെ അതിർത്തിയിലെത്താം. ആ വഴി വണ്ടികളൊന്നും കാര്യമായി ഓടിയിരുന്നില്ല എന്നതിനാൽ ഞങ്ങളുടെ നടത്തം എന്നും ആ വഴിയിലൂടെയാക്കി. ഗെയ്റ്റു വരെ പോയി തിരിച്ചു വരും. ഗെയ്റ്റിനപ്പുറത്ത് ഏതാണ്ട് രണ്ടു ഫർലോങ് ദൂരത്ത് ഒരു വളരെചെറിയ മണ്ണുകൊണ്ട് നിർമ്മിച്ച ഒരു തറ ഞങ്ങൾ കണ്ടെത്തിയത് ഒരു നാൾ അതിനകത്തു തെളിഞ്ഞു കത്തിയ മൺചിരാതു കണ്ടപ്പോഴായിരുന്നു. അടുത്തുള്ള മരക്കൊമ്പുകളിൽ മണികൾ കെട്ടിയിയിരുന്നു; കുറെ പട്ടുതുണികളുടെ ചീന്തുകളും അവിടവിടെ തൂങ്ങിക്കിടന്നിരുന്നു. അല്പം അകന്നു മാറി തകരട്ടിന്നുകളാൽ പണിത ഒരു കുടിലിൽ പോയി ഇതെപ്പറ്റി തിരക്കി. അവിടെ കണ്ട ഒരു സ്ത്രീ മറാഠിയിൽ പറഞ്ഞു. അത് ഉഗ്രശക്തിയുള്ള ചിന്താദേവിയുടെ ക്ഷേത്രമാണെന്ന്. അവിടെ വിളക്കു വയ്ക്കുകയും മണികൾകെട്ടുകയും ചെയ്യാൻ ഗ്രാമവാസികളും വായുസേനയിലെ ആളുകളും വരുമെന്നത് ഞങ്ങൾക്ക് പുതിയ അറിവായിരുന്നു. എന്നാൽ നിത്യേനയുള്ള ഞങ്ങളുടെ സന്ദർശനങ്ങളിൽ നിന്ന് അതെല്ലാം ശരിയായിരുന്നു എന്നും തിരിച്ചറിഞ്ഞു. ശാന്തിക്കാരനില്ലാത്ത അടച്ചുറപ്പില്ലാത്ത ഒരു ചെറിയ അമ്പലം. കുട്ടികൾ കളിക്കാനായി ഉണ്ടാക്കിയതാണതെന്നേ തോന്നിക്കൂ.ചിന്താദേവിയെ ആരാധിച്ചാൽ നല്ല ബുദ്ധിയുണ്ടാകുമെന്നും പരീക്ഷകളിൽ പാസ്സാകാൻ അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ മതിയെന്നും ആളുകൾ..... എന്റെ കുട്ടികളും അവിടെ വിളക്കു കൊളുത്താനും തിരി പുകയ്ക്കാനും തുടങ്ങി. ഇതെല്ലാം വെറും അന്ധവിശ്വാസം മാത്രമാണെന്നും എന്തു തന്നെ ചെയ്താലും നിങ്ങൾക്ക് സ്വന്തമായി പഠിച്ചാലേ പാസ്സാകാനാകൂ എന്നും ഞാനവരെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും അവരെ ഇതിൽ നിന്നൊക്കെ പിന്തിരിപ്പിക്കാനും ആവതും ശ്രമിച്ചു. ഞാൻ തന്നെ വരുത്തി വച്ച വിനയായോ, സായാഹ്നനടത്ത നിര്‍ത്തിവച്ചാലോ എന്നു ചിന്തിക്കുമ്പോഴേക്കും എന്‍റെ അധീനതയിലാക്കാൻ കഴിയാത്ത വിധം ചിലതൊക്കെ സംഭവിച്ചു. നിധിൻ ഗയ്ക്ക്വാഡ് എന്ന ഒരു മറാഠിക്കുട്ടിക്ക് ദേവിയിൽ അന്ധമായ വിശ്വാസം വേരിട്ടത് അമ്പരപ്പിക്കും വിധം . ഈ വിശ്വാസം അവന്‍ അമ്മയിലേക്കും പകര്‍ന്നുകൊടുത്തത് അതിലും കഷ്ടം! വിവേചനബുദ്ധി നഷ്ടപ്പെട്ടവരെപ്പോലെ അമ്മയും മകനും ! .അവന്റെ അമ്മ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ദേവിക്ക് മാലചാർത്തുകയും വിളക്കു വക്കുകയും ചെയ്യാൻ തുടങ്ങി.നിധിന് ദേവിയുടെ നിത്യദർശനം കൂടിയേ തീരൂ എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. കൂട്ടത്തിലുള്ളവർ അവനെ കളിയാക്കി. പഠിച്ചില്ലെങ്കിലും ദേവി കാത്തോളും എന്ന് അന്ധമായി വിശ്വസിച്ച് അവൻ അല്പം ഉഴപ്പാനും തുടങ്ങി. വാർഷികപ്പരീക്ഷയ്ക്കു മുമ്പ് ഒരാഴ്ച തൊട്ട് മറ്റു കുട്ടികളെ ആരേയും കൂട്ടാതെ ചിന്താദേവീസമക്ഷം അവൻ ഹാജരായി, ഗംഭീര പ്രാർഥന! വല്ലാത്തൊരു അഡിക്ഷൻ പോലെ. പുസ്തകം കയ്യിലെടുക്കുമ്പോൾ ദേവിയെ ഓർമ്മവരുമെന്നും ഉടൻപ്രാർഥനയിൽ മുഴുകുമെന്നുമുള്ള അവസ്ഥ വന്നു. ഇക്കാര്യം അവൻ എന്നോടു വന്നു പറഞ്ഞതും അവന്‍റെ അച്ഛനെ വിളിച്ച് ഞാൻ കാര്യം അറിയിച്ചു. കുട്ടിയെ ഒരു സൈക്കാട്രിസ്റ്റിനെ കാണിക്കാനും ഉപദേശിച്ചു. എന്തായാലും പരീക്ഷ കഴിയട്ടെ എന്ന തീരുമാനം അദ്ദേഹം എടുത്തു കാണും . പരീക്ഷ ജയിക്കാൻ ദേവി മാത്രം അനുഗ്രഹിച്ചാൽ മതിയെന്ന കുട്ടിയുടെ ബോധ്യം! അമ്മയും അതേ കാര്യം അവനെ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു എന്നത് ഞങ്ങളാരും അറിഞ്ഞുമില്ല. നിധിൻ പരീക്ഷയുടെ ആദ്യദിവസം നല്ല ആത്മവിശ്വാസത്തിലായിരുന്നു. പരീക്ഷക്ക് കയറും മുമ്പ് എന്നെ വന്നു കണ്ട്, അനുഗ്രഹിക്കണം മാം എന്ന്‍ കാലു തൊട്ടു വന്ദിച്ചപ്പോൾ ഞാനാരാഞ്ഞു ..മോനേ നീ നന്നായി.. പഠിച്ചിട്ടുണ്ടല്ലോ, അല്ലേ ? ഒന്ന് തലയാട്ടുക മാത്രം ചെയ്താണ് അവന്‍ ഹാളിൽ കയറിയത് അവൻ പ്രതീക്ഷിച്ചിരിക്കും അവന് ഉത്തരമറിയാവുന്ന ചോദ്യങ്ങളേ വരൂ,ദേവി അവനെ തുണയ്ക്കുമെന്ന്. എന്നാൽ..... സയൻസിന്റെ ചോദ്യപ്പേപ്പറിൽ അവനൊട്ടും അറിയാത്ത ചോദ്യങ്ങൾ.... ഉത്തരങ്ങളൊന്നും എഴുതാനറിയാതെ തിരിഞ്ഞും മറിഞ്ഞും, ശ്രദ്ധാപൂർവ്വം എഴുതിക്കൊണ്ടിരിക്കുന്ന മറ്റു കുട്ടികളെ നോക്കി അവൻ പരിഭ്രാന്തനായി. പെട്ടെന്നാണ്... അവന്‍ സീറ്റിൽനിന്നും ചാടി എഴുന്നേറ്റതും ഉത്തരക്കടലാസ് തുണ്ടം തുണ്ടമായി കീറിയെറിഞ്ഞ് ക്ലാസ്സിൽ നിന്നുമോടിയതും...എവിടേയ്ക്കെന്നറിയാതെ. പിറകെ ഒരു പ്യൂൺ ഓടിയെത്തി അവനെ ബലമായി പിടിച്ചു നിർത്തി. ഉച്ചത്തിലെന്തെല്ലാമോ വിളിച്ചു പറഞ്ഞ് അവൻ വാവിട്ടു നിലവിളിച്ചു. സ്ക്കൂളിൽ ആ ശബ്ദം മുഴങ്ങി. ഞാൻ വേറൊരു ക്ലാസ്റൂമിൽ ഇന്വിജിലേഷനിലായിരുന്നു. ക്ലാസ്സ് ടീച്ചറായിരുന്ന എന്നെ വിളിപ്പിച്ച് പ്രിൻസിപ്പൽ കുട്ടിയുടെ രക്ഷിതാക്കളെ വിളിക്കാനാവശ്യപ്പെട്ടു. അവരെത്തും മുമ്പ് കുട്ടി ഇറങ്ങിയോടി. ഞാനും പ്യൂണും ആവുന്നതും തടഞ്ഞു നിർത്താൻശ്രമിച്ചിട്ടും അവൻ വഴങ്ങിയില്ല, കുതറിയോടി. ഞങ്ങളും അവന്‍റെ പിറകെ കിതച്ചു കൊണ്ട് ഓടിത്തുടങ്ങി. അവൻ നേരെ പോയത് ചിന്തദേവിയുടെ അരികിലേയ്ക്ക്. അവിടെ എത്തിയതും മറാഠിയിൽ പുലഭ്യങ്ങൾ ഉറക്കെ വിളിച്ച് അവിടമെല്ലാം അലങ്കോലമാക്കി.മൺവിളക്കുകൾ എറിഞ്ഞുടച്ചു. അകത്തിരുന്ന ചെറിയ ദേവിയുടെ കൽപ്രതിമയിളക്കി ദൂരെയെറിഞ്ഞു. ആ തറതന്നെ അടിച്ചു നിരത്തി. എന്നെ രക്ഷിക്കാൻ കഴിയാത്ത ദേവി സുഖിക്കേണ്ട... നീ നശിച്ചു പോ എന്നുമൊക്കെ ഉച്ചത്തിൽ കൂവാനും തുടങ്ങി.അപ്പോഴേക്കും അടുത്തുള്ള ചില ഗ്രാമവാസികൾ ഓടിക്കൂടി ഏറെ പാടുപെട്ടാണ് അവനെ അടക്കിനിർത്തിയത് . മാതാപിതാക്കളും പ്രിൻസിപ്പളും സ്ഥലത്തെത്തി അവനെ ആംബുലൻസിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. പാവം നിധിൻ... ഒരു മാസത്തോളം ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടവനെപ്പോലെ കഴിഞ്ഞുകൂടി. ആ വർഷം അവൻ ക്ലാസ്സിൽ തോറ്റു. എനിക്കും മറ്റു കുട്ടികള്‍ക്കും അത് വളരെ അസഹനീയവേദന തന്നെയായിരുന്നു. കൂട്ടത്തിലൊരാള്‍ പെട്ടെന്നില്ലാതാകുമ്പോഴുള്ള ശൂന്യത. അവനെ നല്ല ഒരു മനശ്ശാത്രവിദഗ്ദ്ധനെ കാണിച്ച് ചികിൽസ തുടങ്ങി ഞാൻ അവന്റെ നിത്യ സന്ദർശകയായി മാറിയതും കുട്ടിയെന്നെ മറ്റാരേക്കാളും വിശ്വസിക്കാനും തുടങ്ങിയപ്പോൾ ഡോക്ടർ പറഞ്ഞു , ഇനി മാഡം വിചരിച്ചാൽ അവനെ നോർമ്മലാക്കാമെന്ന്. അതെനിക്ക് വലിയൊരു ചാലഞ്ചായിരുന്നു. വളരെ സ്നേഹത്തോടെ കൂടെ ഞാനുമുണ്ടെന്ന വിശ്വാസം അവന്‍റെ മനസ്സിൽ ഉറപ്പിച്ച് കുറച്ചു നാളുകൾക്കൊണ്ട് പഴയ നിധിനാക്കി അവനെ മറ്റു കുട്ടികളുടെ സഹായത്താൽ മാറ്റാനായി. അവനെ വീണ്ടും പഠിക്കാൻ ശുഷ്കാന്തിയുള്ള കുട്ടിയാക്കി മാറ്റാനായി പല വിദ്യകളും പ്രയോഗിക്കേണ്ടി വന്നു. വലിയ മാറ്റങ്ങള്‍ അവനിൽകണ്ടു തുടങ്ങി. പക്ഷേ ജയിച്ചു പോയ കൂട്ടുകാർക്കൊപ്പം പോകാൻ കഴിഞ്ഞില്ലല്ലോ എന്നും അവൻ എത്ര മണ്ടനായിരുന്നു എന്നും പലപ്പോഴും വിലപിച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെ, ചിന്താദേവിയെ അമിതമായി വിശ്വസിക്കുമ്പോഴും മാഡം പറഞ്ഞതു കേട്ടില്ല,സ്വയം പഠിച്ചില്ല എന്നത് അവനിൽ കുറ്റബോധം ഉണ്ടാക്കുക തന്നെ ചെയ്തു. ഈ സംഭവത്തിനു ശേഷം എന്റേയും കുട്ടികളുടേയും സായാഹ്നനടത്തയുടെ ദിശ മാറി. പിന്നീട് ഒരിക്കല്‍പ്പോലും ഞങ്ങൾ ആ വഴി പോയില്ല. അടുത്ത വർഷം പത്താം ക്ലാസ്സിലെത്തിയതും തുടക്കത്തിലേ നന്നായി ശ്രദ്ധവച്ച് പഠിച്ച് നല്ല ശതമാനം മാർക്കുകളും വാങ്ങി സ്ക്കൂൾമാറിപ്പോകുമ്പോൾ അവൻ എനിക്ക് വാക്കു തന്നു; ഇനിയൊരിക്കലും ഇതരശക്തികളില് അന്ധമായി വിശ്വസിച്ച് ആത്മവിശ്വാസം കളഞ്ഞ് ഒന്നും ചെയ്യില്ലെന്ന്. പിന്നീട് പ്ലസ് ടു കഴിഞ്ഞ് ഹോട്ടൽമാനേജ്മെന്റിന് ചേർന്നപ്പോൾ എനിക്കവൻ ഒരു കത്തയച്ചു. എല്ലാം നന്നായിപ്പോകുന്നുണ്ടെന്നും അവന്‍റെ ഭാവി സുരക്ഷിതമാണെന്നും..ആ കത്തു വായിച്ച് അൽപനേരം ഞാൻ മൗനമായി കരഞ്ഞു പോയി. സന്തോഷം കൊണ്ട്.

Share :