സാഹിത്യ ലോകം  / ആസ്വാദനം

കവിത മനോഹർ
എരി-- കീഴാള ബോധത്തിന്റെ ഉയർത്തെഴുന്നേൽപ്പ്

 കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ആദ്യത്തെ നോവലാണ് എരി.

ഞാന്‍ എഴുതാന്‍ തുടങ്ങി എന്ന വാക്യത്തോടെ അവസാനിക്കുന്ന ഈ നോവല്‍ പക്ഷേ അപൂര്‍ണമാണ് എന്ന് വായനയില്‍ തോന്നിയില്ല . മറിച്ച് തുടക്കം ഒടുക്കം എന്നീ സാമാന്യ ബോധങ്ങളെ അതിലംഘിച്ചുകൊണ്ട് നോവല്‍  ഘടനയിലൂടെപ്പോലും അത് സംസാരിക്കുവാനുദ്ദേശിച്ച വിഷയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായി തോന്നി.

                                            

എരിയാണ് നോവലിന്റെ മുഖ്യ കഥാപാത്രം. എരിവ്,മധുരം എന്നീ രുചികളെ ദ്വന്തബോധങ്ങളായി കണക്കാക്കിയാല്‍ സമൂഹ്യശ്രേണിയുടെ രണ്ട് വിഭാഗങ്ങളിലേക്ക് അതിനെ ചേര്‍ത്തുവായിക്കാമല്ലോ, ആ വിധം   എരി അയ്യങ്കാളിയെപ്പോലെ, അംബേദ്കറിനെപ്പോലെ ചരിത്രത്തില്‍ നെഞ്ചുവിരിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ഉജ്വലനായ മനുഷ്യനാകുന്നു.

രേഖപ്പെടുത്താതെ പോയ ചരിത്രത്തിന്റെ അഥവാ കീഴാള ചരിത്ര രചനയുടെ പുതിയൊരേടാണ് പാമ്പിരിക്കുന്നിന്റെ എരി. ഐതിഹാസികമായ എരിയുടെ ജീവിതം വിവിധ ശ്രോതസ്സുകളിലൂടെ പുനസൃഷ്ടിക്കുകയാണ് പാമ്പിരിക്കുന്ന്.

കീഴടക്കാനാവാത്ത ശരീര ബലം, തളരാത്ത മനസ്സ്, തികഞ്ഞ ജ്ഞാനം ഒരു കീഴാളദൈവമായിത്തന്നെ എരി പരിണമിക്കുന്നു.

പറയന്‍ എന്നാല്‍ പറകൊട്ടി അറയിക്കുന്നവന്‍. രാജവിളംബരങ്ങള്‍ അറിയിച്ചിരുന്നത് പറയരായിരുന്നു. ആദ്യം പറഞ്ഞവനായതിനാല്‍ പറയന്‍. പില്‍ക്കാലം ആരാലും പറയപ്പെടാത്തവനായി.കേള്‍ക്കപ്പെടാത്തവനായി, പകല്‍വെളിച്ചത്തില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ലാത്തവനായി. പറയരെ അദൃശ്യരാക്കിയ അന്യായമായ ഒരു മേലാള ചരിത്രത്തെ തിരുത്തുകയാണ് നോവലിലെ ചരത്രകാരനായ ഗവേഷകന്‍ എന്ന് കല്‍പ്പറ്റ നാരായണന്‍മാഷ്  ഓര്‍മ്മിപ്പിക്കുന്നു.

പ്രിന്‍സിപ്പിള്‍സ് ഓഫ് സോഷ്യല്‍ ഇവലൂഷന്‍ -സി. ആര്‍ ഹാള്‍പിക്ക് പറയുന്നുണ്ട് പ്രാചീനമായതല്ലാം പ്രാകൃതമായിക്കാണുന്നതിനോളം വൃത്തികെട്ട കാര്യമില്ലെന്ന്. കുറുമ്പ്രനാട്ടില്‍ നിറഞ്ഞുനില്‍ക്കുന്ന പദാവലികളിലൂടെ, പാട്ടുകളിലൂടെ കടന്നുപോകുന്ന എരി പ്രാദേശികവും അരികുവല്‍ക്കരിക്കപ്പെട്ടതുമായി നിരവധി ബോധ്യങ്ങളെ തിരിച്ചുകൊണ്ടുവരുന്നു.

എരി എന്ന പ്രഭാഷകനിലൂടെ എഴുത്തുകാരന്‍ അന്യവത്ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ  അവസ്ഥയെ യഥാതഥമായി അവതരിപ്പിക്കുന്നു.

നക്ഷത്രങ്ങള്‍ക്കു പോലുമറിയാം പക്ഷേ അറിയേണ്ട ജാനുമാത്രം ചാപ്പന്‍ കോമരത്തിന്റെ ഉള്ളറിഞ്ഞില്ല. എരിവുള്ള പ്രണയത്തിന്റെ ഉച്ഛസ്ഥായിയില്‍ ചാപ്പന്‍കോമരം ജാനുവിന്റെ ആദിമൂലമായ പറയനാര്‍പുരത്തെ പൊട്ടന്‍ തെയ്യത്തിന്റെ പ്രതിഷ്ഠക്ക് മുന്നില്‍ സാഷ്ടാംഗം വീണ് ഈ വിധം പ്രാര്‍ഥിച്ചു...

“നായരായ എന്നെ തിയ്യനാക്കൂ...ദേവീ

അല്ലെങ്കിലെന്നെ ജാതിയില്ലാത്ത ദേഹിയാക്കൂ...”

നാരായണഗുരുവിനും മുമ്പ് പറയരില്‍ ആത്മബോധം നേടിയ ഒരാള്‍ ഇങ്ങ് വടക്ക് പറയനാര്‍പുരത്ത് ജീവിച്ചിരുന്നു. ചരിത്രപുസ്തകങ്ങളവഗണിച്ച ചരിത്രസംഭവങ്ങളെ എഴുത്തുകാരന്‍ രേഖപ്പെടുത്തിവെക്കുന്നു.

എരിയിലെ വളരെ ആഴത്തില്‍ സ്പര്‍ശിച്ച ചില വരികള്‍ ചേര്‍ക്കുന്നു...

•  എന്റെ നീതിക്കനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത് അതില്‍ ദൈവത്തിന് കാര്യമില്ല.

•  അവളുടെ കൊട്ടയില്‍ മുളകുകള്‍ പൂത്തു, അവളെന്റെ നെഞ്ചില്‍ കനലെരിച്ചു.

•  തിറ കെട്ടുമ്പോള്‍ മാത്രം ദൈവം ,അത് കഴിഞ്ഞാല്‍ അശുദ്ധി

•  മനസ്സിന്റെ ചരിത്രം ഇനിയും എഴുതപ്പെടേണ്ടതായിട്ടുണ്ടെന്ന് എനിക്ക് തോന്നി.

•  ദൃശ്യതയില്ലാത്ത ഒരു സമുദായത്തിലെ ഒരു വ്യക്തിയുടെ ചരിത്രം ഒരു സമുദായത്തിന്റ ചരിത്രം തന്നെയായിരിക്കും. അതുകൊണ്ടാണ് സ്ത്രീകള്‍ക്കും അഥസ്ഥിതര്‍ക്കും ഒന്നിലധികം ആത്മകഥകളുണ്ടായത്.


 

Share :