Archives / October 2020

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
സൂചി കുത്താനുള്ള ഇടം

 സാഹിത്യത്തിൽ സൂചി കുത്താനുള്ള ഇടം ആരാണ് അനുവദിക്കേണ്ടത്? പത്രാധിപന്മാരോ, പുസ്തക പ്രസാധകരോ, ദൃശ്യശ്രവ്യ മാധ്യമങ്ങളോ, മറ്റ് പ്രകാശന വേദികളോ? ഇവരാരുമല്ല, അനുവാചകൻ അഥവാ വായനക്കാരനാണ് അതിനുള്ള ഇടമനുവദിക്കേണ്ടത്. നിർഭാഗ്യവശാൽ അത് ഇവിടെ സംഭവിക്കുന്നില്ല എന്നതാണ് ദുര്യോഗം. നാം എന്ത് വായിക്കണം എന്ന് തീരുമാനിക്കുന്നത് നാമല്ലാതായി തീർന്നിരിക്കുന്നു. ഞാൻ തരുന്നത് അത് മാത്രം നീ നിൻറെ ചെലവിൽ വായിച്ചാൽ മതി എന്നായിരിക്കുന്നു. ഓരോ ആനുകാലികാകാരനും വളരെ വ്യക്തമായ അജണ്ടയുണ്ട്. അത് രാഷ്ട്രീയമോ ജാതിയോ മതമോ വർഗമോ എന്തുമാകാം. എഴുത്തുകാരെ പോലും ഗണം തിരിച്ചു മാറ്റിനിർത്തുന്നു. എഴുത്തിന്റെ ഗുണമല്ല ഗണമാണ് ഇഷ്ടം. സ്വീകരിക്കപ്പെടുക എന്നതുപോലെ തന്നെ തിരസ്കരിക്കപ്പെടുക എന്നതും സാഹിത്യ പ്രവർത്തനമാണ്. വായനക്കാരുടെ ആസ്വാദ്യതയ്ക്കോ താല്പര്യങ്ങൾക്കോ യാതൊരു വിലയും കല്പിക്കപ്പെടുന്നില്ല എന്നുമാത്രമല്ല, അവന്റെ നെഞ്ചിൻ അവന്റെ സമ്മതമില്ലാതെ തന്നെ സൂചി കുത്താനുള്ള ഇടം കവർന്നെടുക്കപ്പെടുകയാണ്.

      ഭാഷയിൽ ലിറ്റിൽ മാഗസിനുകളുടെ ഒരു കാലത്ത്, അതായത് എഴുപതുകളിൽ തുടങ്ങി തോണ്ണൂറുകളിൽ അവസാനിച്ച ദശകങ്ങളിലാണ് എഴുത്തുകാരന് യഥാർത്ഥ വായനക്കാരുമായി സംവദിക്കാനും, എഴുത്തുകാരന് സൂചി കുത്താനുള്ള ഇടം വായനക്കാർ തന്നെ കാണിച്ചു കൊടുത്തതും. അക്കാലത്താണ് നിരവധി ചെറുകിട പ്രസാധകർ രംഗപ്രവേശം ചെയ്തതും എന്നതുകൂടി കാണേണ്ടതുണ്ട്. അവരിൽ പലരും നല്ല എഴുത്തുകാർ കൂടി ആയിരുന്നു എന്നതുകൂടി ഓർക്കണം. പ്രസാധകഭീമന്മാർ അവരെ ഒന്നാകെ വിഴുങ്ങിക്കളയുക മാത്രമല്ല, അവരിൽ പലരും എഴുത്താണി തറച്ച് മരിച്ചുപോവുകകൂടി ചെയ്തു എന്നതാണ് വസ്തുത. 

       ഒരു തനിയാവർത്തനം ഇവിടെ സംഭവിക്കുന്നു എന്ന് സൂചിപ്പിക്കാനാണ് ചരിത്രം പറഞ്ഞത്. ഇത് ഓൺലൈൻ മാഗസിനുകളുടെ കാലം കൂടിയാണ്. സാങ്കേതികതയുടെ വളർച്ചയ്ക്കൊപ്പം സംഭവിച്ച പരിണാമമായി മാത്രമല്ല ഇതിനെ കാണേണ്ടത്. ഇതൊരു വിപ്ലവമാണ്. സ്വത്വം തിരിച്ചുപിടിക്കാനുള്ള സമരമാണ്. പക്ഷെ, ലോകത്ത് ഇന്നേവരെ പൊട്ടിപ്പുറപ്പെട്ട ഏതൊരു വിപ്ലവത്തിനുമെതിരെ ഉണ്ടായ പ്രതിപ്രവർത്തനങ്ങൾ ഇവിടയും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. നശിപ്പിക്കലിന്റെ പ്രത്യയശാസ്ത്രം മാത്രമേ വിജയിക്കുന്നുള്ളു. Be careful or handle with Care എന്നുമാത്രം പറയാനേ കഴിയൂ.

Share :