Archives / October 2020

ഫില്ലീസ് ജോസഫ്
നാലണക്കാശ് (ഓർമ്മചില്ലകൾ പൂത്തപ്പോൾ_5).

   

പിറ്റേന്ന് അതിരാവിലെ അപ്പച്ചൻ തിരികെയെത്തി. കൂടെ വള്ളത്തിൽ മീൻപണിയ്ക്ക് പോയവരും . അതിൽ ഒരാളുടെ കൈയ്യിൽ കഞ്ഞിക്കലം ഉണ്ടായിരുന്നു ' അത് അടുക്കളപ്പുറത്ത് കൊണ്ടുപോയി ജാനിയക്കയെ അയാൾ ഏൽപ്പിച്ചു .അപ്പച്ചന്റെ കൈയ്യിൽ നിന്ന് കൂലി വാങ്ങി കുന്നു കയറി മുകളിലെ റോഡിലേയ്ക്ക് പോയി. ഇപ്പോൾ ആ കുന്ന് വണ്ടിയിറങ്ങാൻ പാകത്തിൽ വെട്ടിയൊരുക്കി അതിലാകെ തറയോടുകൾ     നിരത്തിയിരിക്കുന്നു. ഒന്നു കാണാൻ കൊതിച്ചിട്ടെന്നോണം പുൽക്കൊടികളായി പുനർജനിക്കപ്പെട്ട ആത്മാവുകൾ  തറയോടുകൾക്കിടയിലൂടെ അഷ്ടമുടിക്കായലിലേയ്ക്ക് എത്തിനോക്കുന്നു. 

ഇന്നിപ്പോൾ കുന്നിറങ്ങി തറവാടിന്റെ അടുക്കള മുറ്റത്തെത്തുമ്പോൾ വള്ളത്തിലെ കഞ്ഞിക്കലം കഴുകി കമഴ്ത്തി വച്ച് ജാനിയക്ക തോളിൽ കിടന്ന തോർത്തിൽ കൈത്തുടച്ചിട്ടെന്നെ നോക്കി ചിരിച്ച് നിൽക്കും പോലെ എനിക്ക് തോന്നി.

ഒരു കാലഘട്ടം മുഴുവൻ കടമെടുത്ത ഈ കായൽച്ചന്തങ്ങളും ഇന്ന് എത്രമേൽ നിശബ്ദമാണ്!!

അന്നൊക്കെ വള്ളത്തിലെ മീനെടുക്കാൻ വരുന്നവർ കുട്ടകൾ നിറയെ കായൽമീനുമായി കുന്നു കയറിപ്പോകുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ആ നേരത്ത് മീനിന്റെ കാശ് അപ്പച്ചൻ എണ്ണി പെട്ടിയിലിടുകയും അക്കരെയമ്മച്ചി എല്ലാവർക്കുമായി കട്ടൻ ചായ കൊടുക്കുകയും ചെയ്യും.ജാനിയക്ക ആ നേരം ഉച്ചയൂണിനുള്ള മീനെടുത്ത് വൃത്തിയാക്കുന്നുണ്ടാവും. മൂത്തഅപ്പച്ചി അരകല്ലിൽ തേങ്ങയും മഞ്ഞളും ജീരകവും ചുവന്നുള്ളിയും പച്ചക്കുരുമുളകും വെണ്ണ പോലെ അരച്ചെടുക്കുന്ന തിരക്കിലാവും.. ഇളയ അപ്പച്ചിയും ഞാനും പാതിയുണങ്ങിയ  പൊടികൊഞ്ചിന്റെ ചാക്കുകളും  പനമ്പായയുമായി മുനമ്പത്തേയ്ക്ക് പോകും.

പക്ഷേ അന്ന് പനമ്പായയെടുത്ത് നടക്കവേ അപ്പച്ചൻ എന്നെ വിളിച്ചു. ലീനാ മോളേ ഇങ്ങു വന്നേ..' ഇല്യൂട്ടീയേ നീ പോയിട്ട് വാ എന്ന് അപ്പച്ചിയോടും പറഞ്ഞു. പഠിക്കുന്ന ഒരു പുസ്തകവും കൂടി കൈയ്യിലെടുത്ത് അപ്പച്ചി പൊടിക്കൊഞ്ചുണക്കാൻ മുനമ്പത്തേയ്ക്ക് പോയി.

അക്കരെയപ്പച്ചൻ വിളിച്ചെങ്കിൽ അതിലെന്തോ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. അപ്പച്ചിക്കഥകൾ നഷ്ടമാകുമെങ്കിലും പനമ്പായ അപ്പച്ചിയെ ഏൽപിച്ച് ഞാൻ പിന്തിരിഞ്ഞു ചാരു കസേരയ്ക്ക് അരികിലേയ്ക്ക് പോയി."നമുക്ക് ജാനിയക്കയെ കാശ് സൂക്ഷിക്കാൻ പഠിപ്പിക്കണ്ടേ?" അക്കരെയപ്പച്ചന്റെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അതെങ്ങനെ? ... അതൊക്കെയുണ്ട്. മോള് പോയി അമ്മച്ചിയോട് പറയൂ ജാനിയെ ഇങ്ങോട്ട ഒന്ന് പറഞ്ഞയക്കണമെന്ന്.... ഞാൻ മൂളി ഒറ്റയോട്ടത്തിന് അടുക്കളയിലെത്തി കാര്യം പറഞ്ഞു. ജാനിയക്ക വേഗത്തിൽ അക്കരെയപ്പച്ചന്റെ ചാരു കസേരയ്ക്ക് അരികിലെത്തി.

 കോളാമ്പിയെടുത്ത് മുറുക്കി തുപ്പിയ അപ്പച്ചൻ അപ്പോൾ വല്ലാത്ത ദേഷ്യഭാവത്തിലായിരുന്നു. ഞാൻ ഞെട്ടിപ്പോയി. ഇതെന്താ ഇങ്ങനെ? ആവോ? ചിന്താക്കുഴപ്പത്തിലായ ഞാൻ അപ്പച്ചനെയും ജാനിയക്കയെയും മാറിമാറി നോക്കി. ജാനീ ഇന്ന് രാവിലെ ഞാൻ നിന്നെ ഏൽപിച്ച കാശിങ്ങെടുത്തേ? എന്താ ഇതുവരെ അത് ഓർമ്മപ്പെടുത്താതിരുന്നത്..? എന്താണത് എന്നെ തിരികെ ഏൽപിക്കാതിരുന്നത്? ഒന്നും മിണ്ടാതെ ജാനിയക്ക കരയാൻ തുടങ്ങി. "അയ്യോ അന്തോൻസച്ചാ അത്.... അതെന്റെ മോൻ വന്ന് വാങ്ങിച്ചു. അവന്റെ ആവശ്യോം പറഞ്ഞ് എന്റേന്ന് പറിച്ചെടുത്തോണ്ടാ പോയത്.... കൊണം പിടിക്കാത്തവൻ. ഞാനറിഞ്ഞൊരണക്കാശ് പോയിട്ടില്ലേ. അവനാ അത് കൊണ്ടോയത് ....അതുകൊണ്ട്... അതുകൊണ്ടാണ് എനിക്കത് തിരികെ തരാൻ പറ്റാണ്ടെ പോയത്." അവർ വാവിട്ട് നിലവിളിച്ചു.അവിടേയ്ക്ക് വരാറുള്ള അവരുടെ മകൻ ലാലനെക്കുറിച്ചാണ് അവർ പറയുന്നത് എന്നെനിക്ക് മനസിലായി. "പക്ഷേ... ഇന്ന് ലാലനങ്കിൾ ഇവിടേയ്ക്ക് വന്നില്ലല്ലോ....." ആശങ്കയുടെ നൂൽ പാലത്തിൽ എന്റെ ആത്മഗതം എപ്പോഴത്തേതും പോലെ ഉച്ചത്തിലായി. പെട്ടെന്ന് അക്കരെയപ്പച്ചൻ എന്നെ നോക്കി കണ്ണിറുക്കി. ഞാൻ ചുണ്ടുകളും കൂടി കൂട്ടിയടച്ചു. അപ്പോഴും ജാനിയക്ക നിലത്ത് കുത്തിയിരുന്ന് പതം പറഞ്ഞ് കരയുന്നുണ്ടായിരുന്നു. "സത്യാണേ അന്തോൻസച്ചാ നാലണക്കാശെന്റെ കൈയ്യിലില്ലേ ...... എല്ലാം ആ പന്നചെറുക്കൻ കൊണ്ടുപോയേ..." അപ്പോൾ അപ്പച്ചൻ ജാനിയക്കയോട് 'കരയണ്ട' എന്ന് പറഞ്ഞിട്ട് കുറച്ചു നോട്ടുകൾ അവരുടെ കൈകളിലേയ്ക്ക് വച്ചു കൊടുത്തു. എനിക്ക് അമ്പരപ്പൊഴിയുന്നുമില്ല. എന്തൊക്കെയാണ് അപ്പച്ചൻ ഈ കാണിക്കുന്നത്

        തോർത്തുമുണ്ട് വലത്തേത്തോളിലേയ്ക്ക് ആഞ്ഞുവീശിയിട്ടിട്ട് അക്കരെയപ്പച്ചൻ കോളാമ്പിയിലേയ്ക്ക് വീണ്ടും മുറുക്കിത്തുപ്പി .എന്നിട്ടെഴുന്നേറ്റു ജാനിയക്കയെ നോക്കി പ്പറഞ്ഞു. "കാശ് ലാലൻ കൊണ്ടുപോവാതെ വച്ചോണം കേട്ടല്ലോ ജാനീ"കണ്ണീര് തുടച്ചു നോട്ട് കെട്ട് ജാനിയക്ക കൈലി കോന്തലയിൽ കെട്ടിവച്ചു. അധികമൊന്നും ചിരിച്ചു കാണാത്ത, വിഷാദം മുറ്റിയ മുഖമുള്ള ജാനിക്കയുടെ  അന്നത്തെ മനോഹരമായ  ചിരിയിൽ നിന്ന് ആ നോട്ടുകളുടെ മൂല്യം ഞാൻ തിരിച്ചറിയുകയായിരുന്നു.

        അപ്പച്ചൻ ഇറയത്തെ കിണ്ടിയിൽ നിന്ന് വെള്ള മെടുത്തു വായ കഴുകി. എന്നിട്ട് ഞങ്ങളോട് പറയാറുള്ള പോലെ മൂന്ന് വട്ടം വായിൽ വെള്ളം നിറച്ച് കൊപ്ളിച്ച് തുപ്പി ക്കളഞ്ഞു. കിണ്ടി വാങ്ങി പഴയ സ്ഥാനത്ത് വച്ച് ജാനിയക്ക പിന്നാമ്പുറത്തേയ്ക്ക് നടക്കവേ ഇലയും ചുക്കയുമെടുത്ത് ബീഡി ധൃതിയിൽ തെറുത്ത് കെട്ടാനൊരുങ്ങിയ അക്കരെയപ്പച്ചന്റെ അരികിലേയ്ക്ക് ഞാൻ ഓടി. "അപ്പച്ചാ .... അപ്പച്ചോയ്.... ഈയിടെയെങ്ങും ഇവിടെ വരാത്ത ലാലനങ്കിൽ വന്ന് കാശ് കൊണ്ടുപോയെന്ന് ജാനിയക്ക കള്ളം പറഞ്ഞപ്പോ അവർക്ക് നോട്ട് കൊടുക്ക്വാ ചെയ്യ" അപ്പച്ചൻ ഉറക്കെ ചിരിച്ചു "ഹ ..ഹ ...ഹ ..മോളേ ...ഇതല്ലേ നമ്മുടെ സൂത്രം... മോൾക്കറിയാമോ ? നമ്മുടെ ജാനിയക്ക ശരിക്കും പേടിച്ചു പോയി. അതാണവർ അങ്ങനെ പറഞ്ഞത്. കുടുംബം നോക്കാതെ നടക്കുന്ന ലാലച്ചൻ കൊണ്ടുപോയി എന്ന് പറഞ്ഞ് രക്ഷപെടുകയാണ് അവർ ചെയ്തത്. ഞാനത് വിശ്വസിച്ച പോലെ കാണിച്ചത് അവരുടെ കൈയ്യിലെ കാശ് പോയെന്ന് അവർ വിചാരിച്ചിരിക്കുന്നു എന്ന് മനസിലായത് കൊണ്ടും . നമുക്കതല്ലേ വേണ്ടത്?ബോധ്യപെടലുണ്ടായാലല്ലേ തിരുത്തുവാൻ സാധിക്കൂ മോളേ...." അപ്പച്ചൻ തുടർന്നു. "ഇനി അവർ കാശ് സൂക്ഷിക്കും ഉറപ്പാണ്. എപ്പോഴും ലാലന്റെ പേര് പറയാൻ പറ്റില്ലല്ലോ....." മനസിലായോ എന്റെ മന്ത്രിണിക്കുട്ടിയ്ക്ക്...ഹ....ഹ.... ഹ .അപ്പച്ചൻ ചിരിച്ചു. ആയിടെ ബാലരമയിൽ വായിച്ച ചിത്രകഥയിലെ മൂല്യങ്ങൾ മുറുകെപ്പിടിച്ച് രാജ്യം ഭരിക്കുന്ന ഒരു രാജാവിന്റെ ചിരി ഞാനന്ന് നേരിട്ട് കണ്ടു. ഇന്നിന്റെ ആഢംബരപട്ടാഭിഷേകങ്ങൾക്ക് അന്യമായത്!!. പക്ഷേ ജാനിയക്കയ്ക്ക് അന്നു മുതൽ തറവാട്ടിലെ നെല്ല്സംഭരണമുറിയിൽ സ്വന്തമായി ഒരു അടച്ചുറപ്പുള്ള ഈയപ്പെട്ടി ഉണ്ടായി. വെള്ളകള്ളി കൈലിയിൽ ഒരു കുഞ്ഞു താക്കോലും....!

Share :