ഭാഗ്യലക്ഷ്മിയുടെ ഭാഷ ( വാക്കും വാപ്പയും 11)
പരമരസികനായ ഒരു സുഹൃത്തെനിക്കുണ്ട്. പേര് പ്രസക്തമല്ല. ഒഴിച്ചുവെച്ച ബ്രാണ്ടി ഗ്ലാസ്സ് കൈതട്ടിമറിഞ്ഞാൽ അവൻ പറയും ''ഏ, കാറൽ മാർക്‌സേ!''
വേരിൽ കാലിരടിയാൽ, ഉരച്ച തീപ്പെട്ടിക്കൊള്ളി കത്താതിരുന്നാൽ, സിഗരറ്റിന്റെ ഫിൽറ്റർ ഉള്ള ഭാഗത്ത് അബദ്ധത്തിനു തീയുരച്ചാൽ: ''ഏ, കാറൽ മാർക്‌സേ!''
സംഗതി പിടികിട്ടിക്കാണുമല്ലോ, ആൾ മുട്ടൻ നിരീശ്വരവാദിയാണ്.
നിരീശ്വരവാദിയായ, അഥവാ ഈശ്വരവിശ്വാസിയല്ലാത്ത കാൾ മാർക്‌സ്, തന്റെ അനുയായികളുടെ മാർക്‌സിസ്റ്റ് ഗീർവാണം കേട്ട്, പക്ഷേ ദൈവത്തെയാണ് വിളിച്ചതത്രെ:''താങ്ക് ഗോഡ്, അയാം നോട്ട് എ മാർക്‌സിസ്റ്റ്!'' എന്നാണ് അതിന്റെ ഇംഗ്ലീഷ്.
ഏതാനും ദിവസം മുമ്പ് അനുഗൃഹീത ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയും രണ്ടു സുഹൃത്തുക്കളും വിജയ് പി.നായർ എന്ന മനോരോഗിയെ കരിഓയിൽ ഒഴിച്ചും ചെപ്പക്കുറ്റിക്കടിച്ചും കൈകാര്യം ചെയ്തപ്പോൾ ഉപയോഗിച്ച ഭാഷ, സാമൂഹിക മാധ്യമങ്ങളിൽ വിശേഷിച്ചും വലിയമട്ടിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായല്ലോ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടും ഭാഷാവിശാരദന്മാരുമായി. 'നായിന്റെ മോനേ,'' എന്നതായിരുന്നു സഹോദരിമാരുടെ സംബോധനയിൽ അച്ചടിക്കാൻ കൊള്ളാവുന്ന ഒരു പ്രയോഗം. ബാക്കിയുള്ള 'പ' 'മ' കാരങ്ങളിലുള്ള പ്രയോഗങ്ങൾ ഊഹിക്കാൻ വിടുന്നു.
സുകുമാർ അഴീക്കോടിനെ 'എമ്പോക്കി' എന്നു വിളിച്ച സംസ്‌കാരസമ്പന്നനായ ഒരു രാഷ്ട്രീയ നിരീക്ഷകൻ ഒരു ചാനൽ ചർച്ചയിൽ ഹരിശ്ചന്ദ്രൻ ചമഞ്ഞുകണ്ടു, കേട്ടു: ''വിജയ് പി.നായരുടെ മേശപ്പുറത്തുണ്ടായിരുന്ന ശബ്ദതാരാവലി വലിച്ചെറിഞ്ഞ് ''അവന്റമ്മേടെ ശബ്ദതാരാവലി,'' എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. എന്തുകൊണ്ട് അച്ഛന്റെ ശബ്ദതാരാവലി എന്നു പറഞ്ഞില്ല?''
ബലേ ഭേഷ്!
വളരെ ലളിതം സഹോദരാ, അച്ഛന്മാർ ഉണ്ടാക്കിയ ഭാഷയാണത്. അതായത് അച്ഛൻ എന്ന പുരുഷൻ, പിതൃസ്വരൂപൻ. 'മാതൃസ്വരൂപ'രുടെ ഭാഷ ഇങ്ങനെയായിരിക്കില്ല. സ്ത്രീസമൂഹത്തിലെ, അഥവാ സ്ത്രീസമൂഹത്തിനകത്തെ തെറി എങ്ങനെയായിരിക്കും? അത് അന്വേഷിക്കേണ്ടതും, പഠിക്കേണ്ടതുമായ വിഷയമാണ്.
'മാന്യത'യുടെ ഭാഷയിൽ പറഞ്ഞാൽ ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും ഉപയോഗിച്ചത് 'അൺപാർലമെന്ററി' ഭാഷയായിരുന്നു. അപ്പോൾ ഒരു സംശയം. 'പാർലമെന്റുകൾ പന്നിക്കൂടുകളാണ്' എന്നു പറഞ്ഞ ലെനിന്റെ ഭാഷ 'അൺപാർലമെന്ററി' ആയിരുന്നില്ലേ? അപ്പോൾ, ഏതു കാഴ്ചപ്പാടിൽ നോക്കുന്നു എന്നതനുസരിച്ചാണ് 'പാർലമെന്ററി'യും 'അൺപാർലമെന്ററി'യുമാവുക എന്നു വരും.
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ 'കാല്പനിക വിപ്ലവകാരി'യായ യേശു, പരീശന്മാരെയും കപടഭക്തരെയും 'അണലിസന്തതികളേ' എന്ന് വിളിച്ചത് (മത്തായി 23:33) സഭ്യമായിരുന്നോ? ഒട്ടും കാല്പനികല്ലാത്ത-പ്രേമിക്കുമ്പോൾ ഒഴികെ-വിപ്ലവകാരിയായിരുന്ന കാൾ മാർക്‌സ് എതിരാളികൾക്കു നേരെ ഉപയോഗിച്ച വംശീയവും ലൈംഗികവും വിധ്വംസകവുമായ തെറികളുടെ പട്ടിക ഇവിടെ എഴുതിയാൽ പിണറായി വിജയൻ പോലും ലജ്ജിച്ചു തലതാഴ്ത്തും. അതുവച്ചു നോക്കുമ്പോൾ 'നികൃഷ്ടജീവി'യും 'പരനാറി'യും മറ്റും തീർത്തും 'വെജിറ്റേറിയ'നാണ്!
ചരിത്രത്തിൽ നിന്നാണ് ഭാഗ്യലക്ഷ്മിയും ചങ്ങാതിമാരും തെറി പറഞ്ഞത്. ശൂന്യതയിൽ നിന്ന് തെറിയെന്നല്ല ഭാഷ പോലും ഉപയോഗിക്കാൻ കഴിയില്ല. സംസ്‌കൃതത്തിലെ 'ചരിത്ര'ത്തിന്റെ വിശാലാർത്ഥമില്ലാത്ത history-യിൽ നിന്നാണ് മനുഷ്യഭാഷ വരുന്നത്; അതായത് his-story യിൽ നിന്ന്. Her-story യിൽ നിന്നല്ല. (ഓക്‌സ് ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ herstory ഉണ്ട്. റോബിൻ മോർഗൻ 1970-കളിലാണ് ഈ വാക്ക് ഉപയോഗിച്ചതെന്നും കാണുന്നു.) Man എന്നാൽ പുരുഷൻ എന്നല്ല മനുഷ്യൻ എന്നാണ് വിശാലമായ അർത്ഥം. അതാണ് കൈമറിഞ്ഞുകിട്ടിയ ചരിത്രത്തിലൂടെ വന്നാണ്.
ആ ചരിത്രത്തിലാണ് സ്ത്രീയുടെ ലൈംഗിക അവയവം തെറിയായി മാറിയത്. പുരുഷലൈംഗിക അവയവത്തിന് ഈ 'ദുർവിധി' കുറവാണ്. തൃശ്ശൂരുകാർ പുരുഷലിംഗത്തെ ഉപയോഗിച്ചു പറയുന്ന വാക്കിനും പ്രയോഗത്തിനും തെറിയുടെ 'കാഠിന്യം' ഇല്ല. എന്നു മാത്രമല്ല, ആരാധനയുടെയും സൗഹാർദ്ദത്തിന്റെ ധ്വനി ഉണ്ടായെന്നും വരും.
തൃശ്ശൂരുകാരനും എഴുത്തുകാരനുമായ ചങ്ങാതിയുമായി ഒരിക്കൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കെ, ആ 'തെറിവാക്കി'ന്റെ ധ്വനി തിരനോക്കി.
ഒളിവിലായിരുന്ന എ.കെ.ജി. കമ്യൂണിസ്റ്റുപാർട്ടിയുടെ ഒരു യോഗത്തിലേക്ക് പൊങ്ങുകയാണ്. എ.കെ.ജിയെ ആരാധിക്കുന്ന, രണ്ട് സഖാക്കളിൽ ഒരാൾക്ക് വേഷപ്രച്ഛന്നനായ എ.കെ.ജിയെ മനസ്സിലായി. ആവേശം മൂത്ത് മറ്റേ സഖാവിനോട് ചെവിയിൽ പറഞ്ഞു:
''ഡാ, അദ് ഏത് കു-ആണെന്നറിയ്യോ?''
''ഇല്ല, ശവീ!''
''അതേയ്, നമ്മടെ എ.കെ.ജിക്കു-യാ!''
നമ്മുടെ നാട്ടിൽ 'നായിന്റെ മോൻ' തെറിക്കും വാത്സല്യത്തിനും ചേരുമല്ലോ, അതുപോലെ.
ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ 'അബോധം' വ്യക്തിപരമല്ല. അതായത്, 'സാമൂഹിക അബോധം' ചരിത്രമാണ്. ആ ചരിത്രമാണ് തെറിയിലൂടെയും വെളിപ്പെടുന്നത്.
നവതിയിലേക്കെത്തുന്ന ചെറുപ്പക്കാരനായ മാധ്യമപ്രവർത്തകൻ, എനിക്കു ഗുരുതുല്യനായ ബി.ആർ.പി. ഭാസ്‌കർ, മുഖപുസ്തകത്തിൽ ഈയിടെ ഇങ്ങനെ ചോദിച്ചു:
Feminist നെ ഫെമിനിച്ചി എന്ന പരിഭാഷപ്പെടുത്തിയ മലയാളി Male Chauvinist Pig-നെ പരിഭാഷപ്പെടുത്തിയോ?
ഫെമിനിച്ചി എന്നു വിളിച്ചതും ഈ അബോധമാണ്. ഇനി, ബോധമാണെങ്കിൽ, അത് പുരുഷമേധാവിത്തത്തിന്റെ ബോധമാണ്.
രത്‌നച്ചുരുക്കം ഇത്രയുമാണ്. ഭാഗ്യലക്ഷ്മിയുടെ ഭാഷയെ കുറ്റംപറയാം. പക്ഷേ അതിന്റെ കുറ്റം നാളിതുവരെയുള്ള ചരിത്രത്തിനും കൊടുക്കണം.