Archives / september 2020

ഗാഥ
പൊട്ടിയൊലിക്കുന്ന ഓർമ്മപെയ്ത്തിലലിയുന്ന  ഭൂതകാല മയിൽപ്പീലിക്കുഞ്ഞുങ്ങൾ*

മഹാനഗരത്തിലെ അംബരചുംബിയായൊരു കെട്ടിടത്തിലെ ഓഫീസ് മുറിയിലെ ജാലകപ്പഴുതിലൂടെ പുറത്തെ പെരുമഴപെയ്തിലലിഞ്ഞില്ലാതാവുകയായിരുന്നു ഗീതികയുടെ നൊമ്പരചിന്തുകൾ. മനസ്സിൽ ആർത്തലച്ചുള്ള ഓർമ്മപ്പെയ്ത്ത്.. 

ഇന്നവളുടെ അവസാന ദിനമാണാ ഓഫീസിലെ... യാത്രയയപ്പിൽ അവളെത്തേടിയെത്തിയ സമ്മാനപ്പൊതി... 

കൈയിലെ സമ്മാനപ്പൊതിയിലിരുന്നു ചിരിച്ചു കാണിക്കുന്ന ഭൂതകാല മയിൽപ്പീലിത്തുണ്ടുകൾ കണ്ണീർപ്പെയ്ത്തിൽ നനഞ്ഞൊട്ടി..

അറിയില്ല ഇപ്പോഴും ആരായിരുന്നു നീ ?

പെയ്യാതെ പോയ പ്രണയ മഴ മേഘമോ ?  

ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ലയെങ്കിലും ഇരു ഹൃദയങ്ങളും ഒരു ജന്മം തന്നെ കൈമാറിയിരുന്നു...

മനകടലിലെ തിരയിളക്കത്തിൽ പുഞ്ചിരിയുടെ പൊയ്‌മുഖത്തിനുള്ളിൽ മറച്ചു വെച്ച നോവിൻ ചെപ്പിന്നിതാ തുറന്നിരിക്കുന്നു...

നാഴികമണി പുറകോട്ടോടി... 

അവളുടെ ഓർമ്മക്കാറ്റോടിയണഞ്ഞു കിതപ്പാറ്റിയത്  ഒരു മംഗല്യ പന്തലിലായിരുന്നു. അവിടെ നവവധുവായി അവളും. മിന്നു കെട്ടാനായി ഉയർത്തിയ കൈകളിൽ നിന്നും ഊർന്നു വീണ താലിയും പുറകെ പിടഞ്ഞു വീണ വരന്റെ ശരീരവും മാത്രേ അവൾക്കോർമ്മയുള്ളു. സിന്ദൂരം ചാർത്തേണ്ട നെറ്റിയിൽ വീണ ചുടുചോരയുടെ മണം ... 

 

വിവാഹത്തെക്കുറിച്ചുപോലും ചിന്തിക്കാത്ത സമയത്തുണ്ടായ പ്രഹരത്തിൽ കലങ്ങിയൊലിച്ചു പോയ് സ്നേഹവും പ്രണയവും വിവാഹവും എല്ലാം... മനസ്സിന്റെ അടിവേരിളകിയപ്പോൾ കാല് ചങ്ങലയ്ക്കിട്ടു... നാട്ടുകാരവളെ വട്ടുള്ളവൾ, തലയ്ക്കു സുഖമില്ലാത്തവൾ, ഭ്രാന്തി അങ്ങനെ അങ്ങനെ...  ഭ്രാന്തിന്റെ നാടൻ  സ്ത്രീലിംഗപദങ്ങൾ....

വിധിയുടെ വിളയാട്ടത്തിൽ മുളയിലേ നുള്ളിക്കളഞ്ഞ അനുരാഗത്തിന്റെ വേരിൽ നിന്നും വമിക്കുന്ന  അഴുകിയ കിനാക്കളുടെ ഗന്ധം. അന്ന് കൊട്ടിയടച്ച മനസ്സിന്റെ കവാടമാണ്... 

വിധിയെ തോല്പിക്കാനായി ഉയിർത്തെഴുന്നേറ്റ മനസ്സിലന്നണിഞ്ഞ ശുഭ്രവസ്ത്രം മാറ്റിയിട്ടില്ലിന്നുവരെ... 

കാണാനേരങ്ങളിൽ സംഹാരതാണ്ഡവമാടുന്ന സ്‌മൃതിപഥങ്ങളെ ഉള്ളിലൊളിപ്പിച്ച കരിങ്കടലാഴങ്ങൾക്കുമേൽ അടിവേരൂന്നിയാണ് അവളുടെ ശാന്തസാഗരത്തിന്റെ തെളിനീരൊഴുകിക്കൊണ്ടിരുന്നത്. അവിടെയാണിന്ന് വേലിയേറ്റമുണ്ടായിരിക്കുന്നത്...

ഇന്നലെകളുടെ വേരറുത്തുകളഞ്ഞ തൊലിപ്പുറത്തേക്ക് നോക്കിനിൽക്കുന്നവളുടെ ചങ്കിൽ നോവിന്റെ മുറിപ്പാടുകളുടെ ഞരക്കങ്ങൾ ഇടമുറിയാതെ പെയ്തിരുന്നു. ചിലപ്പോൾ ഒച്ചയില്ലാതെ ... മറ്റുചിലപ്പോൾ വല്ലാതെ ഒച്ചപ്പെട്ടുകൊണ്ട്.

ഇന്നലെകളിൽ കൊരുത്തുപോയ ഹൃത്തടത്തിൽ മേയുന്ന ഓർമ്മപ്പൈക്കിടാങ്ങൾ, സ്മരണപ്പെയ്ത്തിൽ നനഞ്ഞൊട്ടി കോലായിലേക്ക് കയറുമ്പോൾ പുച്ഛിക്കുന്ന മുഖങ്ങളിലേക്ക് നോട്ടമെത്താതെ മിഴികളെ അനന്തതയിലേക്ക് നട്ടുവയ്ക്കുമ്പോഴും തിരഞ്ഞത് ജീവന്റെ മറുകരയിൽ ചിരിയ്ക്കുന്ന മുഖം... ഇല്ല, വെന്തുണങ്ങിയ പകൽ, ഒരു തുലാമഴയെ ഞൊറിഞ്ഞുടുക്കുന്നുണ്ട്...

കടലാഴങ്ങളിൽ ഒളിച്ചിരിക്കുന്ന ചുഴികളെ താണ്ടി ഉയരങ്ങളൊന്നൊന്നായി വെട്ടിപ്പിടിച്ചപ്പോഴും അലഞ്ഞുതിരിയുന്ന മനസ്സിന്റെ പിടച്ചിലുകൾ ആരും കാണാതെ ചിരിപ്പൊട്ടുകൾക്കിടയിൽ ഒളിപ്പിച്ചിരുന്നു. 

വാക്കുകളില്ലാതെ വരണ്ട ചിന്തകള്‍ അവൾക്കു ചുറ്റിലും ചിതല്‍പ്പുറ്റുകളായി രൂപാന്തരപ്പെടുന്നു. ചിതലുകള്‍ അവളെ തിന്നുന്നതിനെക്കുറിച്ച് അവളോര്‍ക്കുന്നു. അപ്പോള്‍, അനശ്വരമായ ചില ഓർമ്മകളെച്ചുമന്ന് ഒരാത്മാവ് ദീര്‍ഘദൂര യാത്രായ്ക്കിറങ്ങി. തിരിഞ്ഞുനടത്തങ്ങളെ മാത്രമോര്‍മ്മിച്ച്...

മഴയുമ്മവെച്ച വരമ്പിലൂടെ വഴുക്കി വഴുക്കിയുള്ള നടത്തം പോലെയാണ് അവളുടെ കിനാക്കളും ...

ഓര്‍മ്മകള്‍ കോർത്ത ചിന്തകള്‍ വെള്ളത്തിൽ, ഗൂഢലിപികളില്‍ എഴുതിയിടുന്നുണ്ട്, വളരെ നല്ലക്ഷരക്കൂട്ടങ്ങളാൽ അവനില്ലാത്ത അവളുടെ വിരസമായ പകലുകളെ... നിലാവിലൂടെ അവളെ ഒളികണ്ണിട്ടുനോക്കും അവന്റെ ഓർമ്മപ്പൂക്കും രാവുകളെ ... അകവേവുകളില്‍ മരിച്ച അവളുടെ കിനാഭ്രൂണങ്ങളെ...

അസ്തമയമാണ്... ചുവക്കുന്ന പകലില്‍ അകമേ കൊഴുത്തുറഞ്ഞ ഏതോ നിര്‍വികാരതയോടെ നില്‍ക്കുന്ന അവൾക്കുള്ളിലേക്ക് മഴക്കാടുകള്‍ക്കൊപ്പം അവൻ വന്നുനിറയുന്നതുപോലെ... 

വാക്കുകള്‍ അവളുടെ ചങ്കിലിഴഞ്ഞു... അവൾക്കു പറയാൻ കഴിയാതിരുന്ന അവനു കേൾക്കാൻ കഴിയാതെ പോയ വാക്കുകൾ കൂട്ടിവെച്ചതു കൊണ്ടാവാം... ശ്വാസം മുട്ടി ചെറുതായി കിതച്ചു... ആ കിതപ്പിന്റെ നീളം കൂടിക്കൂടി വന്നു. 

ഇടവേള അവസാനിച്ചതു പോലെ മുറിയിലേക്ക് മൂകത കൂട്ടമായി കയറി വന്നു... കൂട്ടത്തിൽ രംഗബോധമില്ലാത്ത കോമാളിയും...

അടുത്ത ദിവസത്തെ പത്രത്താളുകളിലെ ചരമകോളത്തിൽ ചിരിച്ചു കൊണ്ടുള്ള പടത്തിനു താഴെയുള്ള കുറിപ്പിങ്ങനെയായിരുന്നു തുടങ്ങിയത് ഒദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ചു മരണത്തിലേക്ക് യാത്രയായ ഗീതിക... 

അതെ... ജീവിതത്തിന്റെ മടുപ്പിക്കുന്ന ലഹരിയുടെ വല്ലാതെ മടുപ്പിക്കുന്നൊരു ചവര്‍പ്പിൽ നിന്നും വഴുതി വീഴാതെ നടന്നു കേറിയ ഒരേയൊരു വയൽ... 

 

 

 

 

Share :