Archives / October 2020

ഷീല ലൂയിസ്
നന്മകള്‍ നനയുന്നിടം.

അലക്സാ...മലയാളം മ്യൂസിക് ചിത്രാ സോങ്....

മുന്നിലിരിക്കുന്ന ഇത്തിരിപ്പോന്ന ബോക്സിനോട് നന്ദഗോപന്‍ പറഞ്ഞു.

അയാളുടെ ശബ്ദം ദുര്‍ബലമായിരുന്നത് കൊണ്ടാകാം അലക്സാ അനങ്ങിയില്ല..

അയാള്‍ ഒന്നുകൂടി ഉച്ചത്തില്‍ വിളിച്ചു..

അലക്സാ....

നീല പ്രകാശവലയമൊന്നു മിന്നി അനങ്ങിയപ്പോള്‍ നന്ദഗോപന്‍ ഉച്ചത്തില്‍ പറഞ്ഞു.

ചിത്രാ സോങ്സ് പ്ലീസ്...

ചിത്രാ സോങ് മലയാളം ഹങ്ഗാമാ മ്യൂസിക്.. മധുരമായ സ്ത്രീ ശബ്ദത്തില്‍ അറിയിപ്പ് വന്നു.

ചിത്രാ പാടാന്‍ തുടങ്ങി..

കാര്‍മുകില്‍ വര്‍ണ്ണന്‍റേ ചുണ്ടില്‍.......ചേരും ഓടകുഴലിന്റെയുള്ളില്‍

വീണുറങ്ങുന്ന ശ്രീരാഗമേ '....

മധുരമായി ആലപിക്കുന്ന ചിത്രയുടെ കോകിലനാദം..

ശാസ്ത്രം എത്രത്തോളം മുന്നോട്ട് പോകുന്നു...

ഏത് ഗാനവും ഒന്നു ചോദിച്ചാല്‍ മതി.. ഉടന്‍ പാടി തുടങ്ങും..

നന്ദഗോപന്‍ കണ്ണടച്ചിരുന്നു പാട്ട് ആസ്വദിക്കാന്‍ തുടങ്ങിയപ്പോള്‍.വിളി വന്നു.

'അങ്കിളെ.. .. ജാഡൂ.. '

കിട്ടുമോന്‍റെ മഞ്ജിമദീദി ചുലുമായി മുന്നിലുണ്ട്.. അവള്‍ അടിച്ചു തുടക്കാന്‍ വന്നാല്‍ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് മാറികൊടുത്തില്ലേല്‍ ഇരുന്നിടം പ്രദക്ഷിണം വച്ച് അവിടം തൊടാതേ മഞ്ജിമയങ്ങു പോകും.. ..

"അലക്സാ.മ്യൂസിക് ഓഫ്.. “ അയാള്‍ പറഞ്ഞു... .പാട്ട് നിന്നു.

മരുമകള്‍ രേഖയാണെല്‍ ക്ലീനിങ് മാനിയ എന്ന അവസ്ഥക്ക് പൂര്‍ണ്ണമായും അടിമയാണ്.. പറയുന്നതു ഒരു തരി പൊടി മതി അവള്‍ക്ക് അലര്‍ജിയുണ്ടാകും....

രാവിലെ മകന്‍ സുരേഷ് ഓഫീസില്‍ പോയതിന് ശേഷം ഹാളില്‍ വന്നതാണ് നന്ദഗോപന്‍.

അഞ്ചുവയസുകാരന്‍ കിട്ടുമോന്‍ യൂകെ ജി ഓണ്‍ലൈന്‍ പഠനത്തിന് കമ്പൂട്ടറിന്റെ മുന്നിലിരിക്കുന്നു.. രേഖയും അവന്‍റോപ്പം ഉണ്ട്.

അവന്‍റെ ക്ലാസ്സിന് ശേഷം മാത്രമേ ഇനി ടി വിയുടെ റിമോട്ട് കിട്ടുകയുള്ളൂ.

അതും വീട്ടിലിരുന്നു നെറ്റില്‍ ഓഫീസ് വര്‍ക്ക് ചെയ്യുന്ന രേഖയുടെ ദയാവായ്പ..

കിട്ടിയാലും ജുറാസിക് വേള്‍ഡും മൌഗ്ലിയുമല്ലാതെ ഒന്നും കാണാന്‍ കിട്ടുമോന്‍ സമ്മതിക്കുല്ല. നെറ്റ്ഫ്ളെക്സും ആമസോണും പ്രൈം സ്പോര്‍ട്സും ഒക്കെ ഉണ്ടായിട്ടു എന്താ കാര്യം..കുട്ടികളുള്ളത് കൊണ്ട് ഒന്നും നടക്കില്ല. എല്ലായിടത്തും കുട്ടികളാണ് രാജാവ്..

സുരേഷ് ബാംഗ്ലൂരില്‍ നാലാംനിലയിലെ ത്രീ ബെഡ് ഫ്ളാറ്റ് വാങ്ങിയപ്പോള്‍ നന്ദഗോപനും ജാനകിയ്ക്കു ആദ്യം സന്തോഷമായിരുന്നു.. വാടക കൊടുക്കണ്ട..

ധാരാളം സ്ഥലമുണ്ട്.. എന്നാലോ ഇല്ലതാനും.. കൊച്ചിയിലെ നഗര പ്രാന്തത്തിലുള്ള വീട്ടിലെപ്പോലെ തുറസ്സായ വാരാന്തയും അടുക്കള കോലായയും വര്‍ക്ക് ഏരിയയും ഒന്നുമില്ല. പുതിയ മോഡേണ്‍ ഫ്ളാറ്റ്.

കിച്ചനും ഊണുമുറിയുമായി വിഭജനം ഇല്ല.. ഓപ്പണ്‍ കിച്ചന്‍..

ജാനകിക്ക് അതൊരു അസൌകര്യമാണ്. എന്നാലും അവള്‍ അഡ്ജസ്റ്റ് ചെയ്തു പോകുന്നു....

നന്ദഗോപനാണ് ബുദ്ധിമുട്ട്. കാലത്തെയുള്ള പത്രം വായന തീരെയില്ല..

മലയാളം പേപ്പര്‍ കിട്ടില്ല.. ബാംഗ്ലൂരെ വര്‍ത്തകള്‍ക്ക് നന്ദഗോപന് തല്‍പര്യമില്ല..

ഗരീബ് രഥം നമ്മളെ പ്പോലെയുള്ള മാതാപിതാക്കള്‍ക്കുള്ള തീവണ്ടിയാല്ലേ.'. ജാനകി ചോദിക്കും..

മാസത്തിലൊരിക്കല്‍ ബാംഗളൂര്‍ക്ക് അവര്‍ തീര്‍ച്ചയായും വന്നിരിക്കും..

കാരണം സുരേഷിനും രേഖക്കും തിരക്കാണ്.. ലീവില്ല..

പേരകുട്ടികളുടെ ഓര്‍മ്മകള്‍ മനസ്സില്‍ തിക്കുമുട്ടുണ്ടാക്കുമ്പോള്‍ ഉടന്‍ ഗരീബുരഥം തന്നെ ആശ്രയം..താല്‍ക്കല്‍ എങ്കില്‍ അത്..

ട്രയിന്‍ ഫുള്‍ എ‌സി യാണ്.. രാത്രി നോര്‍ത്തില്‍ നിന്നു കയറി ഒന്നുറങ്ങി എണിക്കുമ്പോള്‍ ബാനസ്വാഡി സ്റ്റേഷന്‍ എത്തി. തൊണ്ണുറ്റൊമ്പത് ശതമാനം യാത്രക്കാരും അവിടെ യിറങ്ങും..മിക്കവരും നന്ദഗോപനെ പോലെതന്നെ ഒറ്റക്കും ഇരട്ടക്കും വരുന്ന മാതാപിതാക്കള്‍.. മലയാളികള്‍...

ചെല്ലുബോള്‍ തന്നെ മക്കള്‍ സന്തോഷത്തോടെ അവരെ വണ്ടിയുമായി വന്നു കൊണ്ടുപോയക്കോളും..

കിട്ടുമോനും കൂട്ടുമോനും എഴുന്നേറ്റ് കുളിച്ചു ഉല്‍സാഹത്തോടെ മുത്തശ്ശനെയും മുത്തശ്ശിയെയും കാത്തിരിക്കുന്നുണ്ടാവും...

ഗ്രാന്‍റ്സ് വന്നു കഴിഞ്ഞാല്‍ അവ്ര്‍ക്ക് സുഖമാണ്.. സുരേഷിന്റെയും രേഖയുടെയും പട്ടാളഭരണത്തില്‍ നിന്നുള്ള ഇളവുകളുടെ അല്‍പാശ്വാസം. കോര്‍ണര്‍ പണിഷ്മെന്‍റില്‍ നിന്നുള്ള മോചനം.. പിന്നെ കേരളത്തില്‍ നിന്നു ചുമന്നു കൊണ്ട് വരുന്ന പലഹാരങ്ങള്‍ ഒന്നാമത്തെ ആകര്‍ഷണം കുഞ്ഞുങ്ങള്‍ക്ക്..

 

ജാനകി കുക്കിങ് ഏറ്റെടുക്കും.. ജാനകി എന്തുണ്ടാക്കിയാലും രുചിയാണ്..

രേഖ ബാംഗളൂരില്‍ ജനിച്ചു വളര്‍ന്നത് കൊണ്ടും മലയാള പാചകം വശം ഇല്ലാത്തത് കൊണ്ടും ജാനകി വന്നാല്‍ സുരേഷ് അമ്മയെ കൊണ്ട് അവനിഷ്ടമുള്ള മീന്‍ കറികള്‍.. ബീഫ് കറി ഇവയൊക്കെ ഉണ്ടാക്കിക്കും..

ഒരാഴ്ച.. മാക്സിമം.. അതുകഴിഞ്ഞാല്‍ നന്ദഗോപന് ശ്വാസം മുട്ടാന്‍ തുടങ്ങും..

നാട്ടിലെ എല്ലാ ചിട്ടകളും മുടങ്ങും..

ഇത്തവണ നാട്ടിലേക്കു തിരിച്ചു പോകാന്‍ തയ്യാറെടുക്കുന്നതിന്റെ തലേന്ന് ആണ് ലോക്ക്ഡൌണ്‍.പ്രഖ്യാപിച്ചതു.. ഇന്ത്യയൊട്ടാകെ ഇരുട്ട് പരക്കുന്നു...

കോവിഡ് .19.

ട്രെയിനുകള്‍ എല്ലാം കാന്‍സല്‍ഡ്.. ബസ്സും ഇല്ല.. ഫ്ലെയിറ്റും ഇല്ല.

ശരിക്കും പെട്ടുപോയി.

' എന്താ ഇരുന്നുറങ്ങുന്നോ ? '

ജാനകി വന്നു തൊട്ടുണര്‍ത്തി ചായ തന്നു.

ഇടക്കുള്ള ഈ ചായ ശീലം രേഖക്ക് ഇഷ്ടമല്ല.

'നിങ്ങളുടെ ഫുഡ് പാറ്റേണ്‍ ആകെ മാറ്റണം.. എന്നാലേ അച്ഛന് ബി പി കുറയു..ഷുഗറും കുറയും. ' സുരേഷും രേഖയും ഓഫ്ഫീസില്‍ പോകുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നും ഉണ്ടാകില്ല.

പക്ഷേ ഇപ്പോള്‍ കോവിഡ് ലോക്കുഡൌണ്‍ കാരണം എല്ലാവരും വീട്ടില്‍ തന്നെയുണ്ടല്ലോ... സുരേഷിന് മാത്രം ഇടക്ക് ഓഫ്ഫീസില്‍ പോയാല്‍ മതി.

സുരേഷ് വീട്ടിലുണ്ടെങ്കില്‍ ഇടക്ക് ഓരോ ഫിലിം ആമസോണില്‍ തിരഞ്ഞു

ഇട്ടു തരും.. വിദ്യാബാലന്‍ അഭിനയിച്ച ശകുന്തളദേവിയും , സൂഫി യും സുജാതയും ഒക്കെ അങ്ങനെ കണ്ടതാണ്.

താനും ജാനകിയും ഭയങ്കര സിനിമ പ്രേമികളാണ്‍ എന്ന് ഇതിനാല്‍ കുറ്റസമ്മതം നടത്തുന്നു. പിന്നെയുള്ള ഒരു ആശ്വാസം അലെക്സായാണ്. ഒന്നു ചോദിച്ചാല്‍ മതി.. ഏത് പാട്ടും ഏത് ഭാഷയിലും പാടികേള്‍പ്പിക്കും.. എത്ര നേരം വേണമെങ്കിലും.പാടിക്കൊളും...

അതിനിടയ്ക്ക് മഞ്ജിമ ദീദിയുടെ കസേരകളിയും...

പതിവ് പോലെ ഒരിടത്തുന്നു വേറൊരിടത്ത്..

മാറികൊടുത്തു നന്ദഗോപന്‍.

മഞ്ജിമദീദി ഇടക്കിടക്ക് കൈകഴുകി കൊണ്ടിരിക്കണം.. രേഖയുടെ കര്‍ക്കശ ഉത്തരവാണ്.. മുന്പെ ചെയ്യ്തിരുന്നത് പോലെ കുട്ടികളെ കവിളത്തോ താടിയിലോ പിടിച്ചു കൊഞ്ചിക്കാന്‍ പാടില്ല.

ഒരുപക്ഷേ അടിച്ചു തുടക്കാന്‍ വരുന്ന അവളായിരിക്കും കോവിട് വാഹി..

ഇപ്പോള്‍ രേഖയ്ക്ക് ഏറ്റവും ഇഷ്ടകേട് മഞ്ജിമ അവളുടെ ഇളയ കുട്ട്യേ കൂടെ കൂട്ടുന്നതാണ്.. മുന്‍പാണെങ്കില്‍ അവള്‍ കിട്ടുനോടും കൂട്ടുനോടും ഒത്തു കളിക്കുമായിരുന്നു...ഇപ്പോള്‍ അതിനു വിലക്കുണ്ട്..

കൌസ്തുബ് എന്നു പേരുള്ള കൌസു.. മൂന്നു വയസുകാരി ഒരിടത്തും അടങ്ങി ഇരിക്കില്ല. മാസ്ക് ഇടില്ല..ആദ്യമൊക്കെ അവളെ പ്ലാറ്റിന് പുറത്തു നിര്‍ത്തി നോക്കി.. പാവം കുട്ടി..ജാനകിയുടെ ഇടപെടലില്‍ ഇപ്പോള്‍ അവരുടെ ബെഡ്റൂമിന്റെ ബാല്‍കണിയില്‍ ഒരു മൂലക്ക് ഇരുത്തിയേക്കുകയാണ്..

അനങ്ങിപ്പോകരുത് എന്ന രേഖയുടെ ഓര്‍ഡര്‍ അവള്‍ ഒരുവിധം അനുസരിക്കുന്നുണ്ട്..

ജാനകി ഇടക്ക് എന്തെങ്കിലുമൊക്കെ തിന്നാന്‍ കൊടുക്കും.. ഇഡലിയോ ദോശയോ..

രണ്ടു മണികൂര്‍ പണിയും കഴിഞ്ഞു അവളെയുംകൊണ്ട് മഞ്ജിമ പോകുന്നത് വരെ കഴുകന്റെ കണ്ണുകള്‍ പോലെ രേഖ അവളെ വാച്ചു ചെയ്യ്തു കൊണ്ടിരിക്കും..

ആ സമയത്ത് രേഖക്ക് നൂറു കണ്ണുകള്‍ ഉണ്ടെന്ന് നന്ദഗോപന് തോന്നും..

പോയി കഴിഞ്ഞാല്‍ ഉടന്‍ ഡെറ്റോളിട്ടു ആ ഭാഗം പ്രതേകം തുടച്ചു വൃത്തിയാക്കും.

കുട്ടികള്‍ ഓടിനടക്കുന്ന സ്ഥലമാണ്..

പണിചെയ്യാന്‍ മഞ്ജിമയ്ക്ക് അനുവാദം കൊടുത്തിരിക്കുന്നത് അവള് വേറെ ഒരു വീട്ടിലും പോകൂന്നില്ല ഇവിടെ മാത്രമേ വരുന്നുള്ളൂ എന്നുള്ള വസ്തുത കൊണ്ടാണ്.

മാസം നാലായിരം രൂപ.. മാസം 40 മണിക്കൂര്‍..

അയാള്‍ ബാല്‍കണിയില്‍ നിന്നു നമ്മ മെട്രോ ട്രാക്കുകള്‍ മുകളില്‍ അനക്കമറ്റു കിടക്കുന്നതു കണ്ടു നിന്നു. മെട്രോയും ഓടുന്നില്ല..താഴെ ട്രാഫിക് ഐലന്‍ഡ് ശൂന്യം,.. ഇനി എന്നാവുമോ തനിക്ക് നാട്ടിലേക്കു പോകാന്‍ സാധിക്കുക. ..

മകന്‍റെ വീടാണെങ്കിലും നമ്മുടെ ശീലങ്ങള്‍ എത്രാന്നു വച്ചാണ് വേണ്ടന്നു വെക്കുക...

നോണ്‍വെജിയുള്ള ദിവസം സുരേഷ് ഏതെങ്കിലും വിസ്കിയോ ബ്രാണ്ടിയോ ഒന്നോ

രണ്ടോ പെഗ് തരും.. അവനും കഴിക്കും.. വീട്ടില്‍ തന്നെ അവനൊരു സെറ്റപ്പുണ്ട്..

ചെറിയോരു ബാര്‍ കൌണ്ടര്‍..

രേഖയുടെ അന്നേരത്തെ തുറിച്ചു നോട്ടങ്ങള്‍ അവന്‍ മന:പൂര്‍വം മൈന്‍ഡ് ചെയ്യാറില്ല.

നന്ദഗോപന്‍ അപ്പോള്‍ നാട്ടിലെ കൂട്ടുകാരെ ഓര്‍ക്കും.. റോക്കിയും ആന്‍സലും ഇടക്ക് വിളിക്കുമ്പോള്‍ കളിയാക്കും..

'എടോ നന്ദഗോപാ.. താന്‍ മോന്റെ ബാറില്‍ ഓസിനടിച്ചോണ്ടിരിക്കുമ്പോ..ഞങ്ങളെ ഓര്‍ക്കണേ.. ഇവിടെ തുള്ളിക്ക് പോലും കിട്ടാനിത്തിരി പാടാണ്.. താനുള്ളപ്പോള്‍ വല്ലപ്പോഴും തന്റെ അടുത്തു വന്നല്ലേ തൊണ്ട നനക്കുന്നത്.. അതും ഇല്ലാണ്ടായി.. ' അവരുടെ വാക്കുകളില്‍ വെസനം തുളുമ്പി..

'സുരേഷ് പറഞ്ഞിട്ടുണ്ട് വണ്ടികള്‍ ഓടിത്തുടങ്ങിയാല്‍ ഉടന്‍ ടിക്കറ്റ്

ശരിയാക്കി തരാമെന്ന്..' നന്ദഗോപന്‍ പ്രതീക്ഷയോടെ കൂട്ടുകാരെ സമാധാനിപ്പിക്കാന്‍ പറയും.. പ്രതീക്ഷകള്‍ അവസാനിച്ചു തുടങ്ങിയോ.”?.

ഈ കെട്ട കാലം ഇനി എന്നാണാവോ ഒന്നു വെത്യാസപ്പെടുന്നത്.'

അലക്സാ.. ഇംഗ്ലിഷ് മ്യൂസിക്.. ഹാളില്‍ കൂട്ടുവിന്‍റെ കല്പനകള്‍ കേട്ടു അലക്സാ പാടാന്‍ തുടങ്ങി.

കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കഴിഞ്ഞുവെന്ന് തോന്നുന്നു.

നന്ദഗോപന്‍ പുറത്തെ കാഴ്ചകളുടെ നിശ്ചലതകളില്‍ നിന്നു മനസ്സിനെ പറിച്ചെടുത്തു.

'ഗ്രാന്‍റ്പ്പാ വാ.. സിനിമ കാണാം....' കിട്ടു ഓടി വന്നു വിളിച്ചു.

കൈയ്യിലിരുന്ന കഡ്ബെറി ചോക്‍ലറ്റുകളില്‍ ഒരെണ്ണം കൌസുന് നീട്ടി അവന്‍ പറഞ്ഞു. ' ഇന്നാ ..കൌസു.. തിന്നോ.'

രേഖ കണ്ടാല്‍ അവനെ വഴക്കു പറയും. എന്നാലും അഞ്ചുവയസുകാരന്റെ

നന്‍മ.... നന്ദഗോപന്‍റെ ഹൃദയം തുടിച്ചു..

'മോന്‍ പൊയ്ക്കൊ.. മുത്തച്ഛന്‍ ദാ വരുന്നു. ' അയാള്‍ പറഞ്ഞു.

മൊബൈല്‍ മിന്നി..

അയാള്‍ എടുത്തു നോക്കി. സുരേഷാണു..

. ' അച്ഛാ ബോറടിക്കുന്നുണ്ടോ.. സീ യൂ സൂണ്‍ ഇന്ന് ആമസോണില്‍ വന്നിട്ടുണ്ട്.. ഫഹദിന്‍റെ പടമാണ്... ഞാന്‍ രേഖയോട് ഇടാന്‍ പറഞ്ഞിട്ടുണ്ട്.. പുതിയ സിനിമയാ.'

'കുട്ടികളോ.'. നന്ദന്‍ ചോദിച്ചു.

'അവര് ലാപ്പില്‍ കാര്‍ട്ടൂണ്‍ കണ്ടോളും...'

ഇപ്പോള്‍ നന്ദഗോപന്‍റെ മിഴികള്‍ നനഞ്ഞു.. സുരേഷ് തിരക്കിലും അച്ഛന്റെ ബോറടിയേ കുറിച്ച് ചിന്തിക്കുന്നു. പാവം..

പെട്ടെന്നയാള്‍ ഒന്നു തെന്നി.. വേഗത്തില്‍ തിരിഞ്ഞപ്പോള്‍ ഇടറിയതാണ്.

ബാല്‍ക്കണിയിലെ റയിലില്‍ പിടിച്ചത് കൊണ്ട് തറയില്‍ വീണില്ല.. പക്ഷേ കാലുളുക്കിയതിനാല്‍ എഴുന്നേല്‍ക്കാന്‍ സാധിക്കാതെ അങ്ങനെ നിന്നു.

ജാനകി കണ്ടില്ല.. അല്ലേല്‍ അവള് അയ്യോ പത്തോ എന്നു നിലവിളിച്ചു ഓടി വരും..

രേഖയാണെല്‍ വഴക്കു പറയും.

അച്ഛാ സൂക്ഷിക്ക്ണ്ടേച്ഛാന്ന് ചോദിക്കും...

അയാള്‍ കാലു വലിച്ചു വച്ചു എഴുന്നേല്‍ക്കാന്‍ ഒരു ശ്രമം നടത്തി. മെല്ലെ കൈ കുത്തി എഴുന്നേറ്റു..

പെട്ടെന്നാണ് ഒരു കുഞ്ഞി കൈ അയാളുടെ നേര്‍ക്ക് നീണ്ടു വന്നത്..

കൌസു..മൂന്നു വയസുകാരി.. അവള് അയാളുടെ ഊരിപ്പോയ ചപ്പല്‍ കാലില്‍ പിടിച്ചിട്ടു തന്നു. തെറിച്ചുപോയ കണ്ണട എടുത്തു കൊണ്ട് വന്നു നീട്ടിപ്പിടിച്ചു.. നിഷ്കളങ്കതയോടെ കൌസു ചോദിച്ചു..

'ദാദു... കുച്ച് ഹോ ഗയാക്യാ.. ആപ് ടികേക്യാ..'

ഇത്തവണ നന്ദഗോപന്‍റെ ഹൃദയം വല്ലാതെ നൊന്തു തുടിക്കുകയും കവിളുകള്‍ നനയുകയും ചെയ്തു ..

അയാള്‍ കൌസുന്‍റെ താടിക്ക് പിടിച്ചു കുസൃതിയോടെ മന്ദഹസിച്ചു..

Share :