ഞാൻ വളർന്ന ഗ്രാമം
എൻെറ ഗ്രാമം ധാരാളം വയലേലകളും കുളങ്ങളും തോടുകളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു. മുഖ്യ തൊഴിൽ കൃഷിയായിരുന്നു. കുടംബങ്ങൾ തമ്മിൽ പരസ്പരം ബഹുമാനം ഉണ്ടായിരുന്നതിനാൽ കുട്ടികൾ തമ്മിൽ ഒരു മാനസിക അടുപ്പമുണ്ടായിരുന്നു. കിലോമീറ്ററുകളോളം നടന്നാണ് ഞങ്ങൾ സ്ക്കൂളിൽ പോയിരുന്നത്. ഞങ്ങൾ രാവിലെ സ്ക്കൂളിൽ പോകുമ്പോൾ ഞങ്ങളുടെ വീട്ടിലെ വളർത്തു നായ ഞങ്ങളോടൊപ്പം പ്രധാന നടപ്പാതവരെ ഊടുവഴിയിലൂടെ ഒരു വഴികാട്ടിയെപ്പോലെ ഞങ്ങൾക്കുമുമ്പേ നടന്നു പോകും. തിരിച്ചു വരുമ്പോഴും അങ്ങനെ തന്നെയായിരുന്നു. അക്കാലത്ത് വഴിവിളക്കുകളൊന്നും ഉണ്ടായിരുന്നില്ല. ചൂട്ടുകറ്റ കത്തിച്ചുപിടിച്ചാണ് രാത്രികാലങ്ങളിൽ ആൾക്കാർ സഞ്ചരിച്ചിരുന്നത്. ഞങ്ങളുടെ ഗ്രാമത്തിൽ ഒരു വിശേഷദിവസം വന്നാൽ ആ നാട്ടിലെ എല്ലാവരും ചേർന്നാണ് നടത്തപ്പെടാറുള്ളത്. തർക്കങ്ങൾക്കുണ്ടാകുന്ന പരിഹാരങ്ങൾപോലും ഈ ഒത്തുകൂടലിൽ പരിഹാരങ്ങളുണ്ടാകുന്നു.
ഞങ്ങളുടെ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയായി. ഉന്നതവിദ്യാഭ്യാസത്തിനായി ഞാനും ഒന്നു രണ്ടു സുഹൃത്തുക്കളും നഗരത്തിലെ കോളേജുകളിൽ പഠിക്കുന്നതിനായി ഗ്രാമത്തിൽ നിന്നു മാറേണ്ടിവന്നു. ഇങ്ങനെ മാറേണ്ടി വന്നത് കാലഘട്ടത്തിൻെറ മാറ്റമാകാം എന്നു ചിന്തിച്ച് ആശ്വസിച്ചു. ഇനിയും ഞാൻ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ പ്പറ്റി പറയാം. പല ദേശങ്ങളിൽ നിന്നു വന്ന വിദ്യാർത്ഥികളാണിവിടെയുള്ളത്. 200 ഏക്കറെങ്കിലും കാണും ഈ വിദ്യാഭ്യസ സ്ഥാപനത്തിൻെറ ക്യാമ്പസ്. ഞാൻ പഠിക്കാൻ മിടുക്കനാണന്നു കണ്ടപ്പോൾ അദ്ധ്യാപകർക്ക് എന്നെ ഇഷ്ടമായി. ഞാൻ ഇവിടെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. വിദേശരാജ്യത്ത് ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കളാണധികവും.
അവിധിദിനങ്ങളിൽ ഞാൻ വീട്ടിൽ പോകാറുണ്ടായിരുന്നു. ഓരോ അവിധിക്കു ചെല്ലുമ്പോഴും ഗ്രാമത്തി പലപല മാറ്റങ്ങൾ സംഭവിക്കുന്നതു കാണാമായിരുന്നു. ഇനിയും എൻെറ കുടുംബത്തെ പരിചയപ്പെടുത്താം. പാലക്കാടു ജില്ലയിൽ നെന്മാറ എന്ന സ്ഥലത്ത് വരിക്കാട്ടുശ്ശേരി കുടുംബത്തിൽ ബാലകൃഷ്ണൻ എന്നയാളാണ് എൻെറ അച്ഛൻ. അമ്മ സീതാലക്ഷ്മി. മക്കൾ മൂന്നു പേർ 2 പെൺകുട്ടികളും ഞാനും എൻെറ പേര് വിശ്വനാഥൻ. ഇങ്ങനെ വർഷങ്ങൾ കടന്നുപോയി. ഒരു ദിവസം അമ്മയുടെ ഒരു കത്തു കിട്ടി. നാട്ടിലാകെ സാമ്പത്തികമായി കുടുംബങ്ങളൊക്കെ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. കൃഷിയിടങ്ങളൊക്ക തരിശായി കിടക്കുകയാണ്. പണിക്കാരെ കിട്ടാനില്ല. തൊഴിലാളികൾ യൂണിയനുണ്ടാക്കി. അവർ പറയുന്ന കൂലി കൊടുത്താലെ പണിക്ക് ആളെ കിട്ടുകയുള്ളുവെന്ന അവസ്ഥയായിട്ടുണ്ട്. രണ്ടു വർഷമായി പാടത്തും പറമ്പിലും കൃഷിയില്ലണ്ടായി. നിൻെറ മൂത്ത സഹോദരിയുടെ വിവാഹം ഏതാണ്ട് ഉറച്ചതു പോലെയായിട്ടുണ്ട്. ഇതിനുവേണ്ടി അച്ഛൻ കുറച്ചു സ്ഥലം വിൽക്കേണ്ടിവന്നു. എൻെറ ഗ്രാമത്തിൻെറ ഇപ്പോഴത്തെ അവസ്ഥ ഈ എഴുത്തിലൂടെ എനിക്കു ബോധ്യമായി.
ഞാൻ എൻെറ വിദ്യാഭ്യാസമൊക്കെ പൂർത്തിയാക്കി ഞാൻ എൻെറ ഗ്രാമത്തിലേക്കു തിരിച്ചു. വഴിയിൽവച്ച് എൻെറ കൂട്ടുകാരൻ അനന്തുവിനെ കാണാനിടയായി. ഒരു വിലകൂടിയ കാറിലാണവൻെറ വരവ്. അനന്തു പഠിത്തം പൂർത്തിയാക്കാതെ അവൻെറ അച്ഛനോടൊപ്പം എൻെറ പുരയിടത്തിലും മറ്റും ജോലി ചെയ്തിരുന്നവരാണ്. ഈ അനന്തുവും കൂട്ടുകാരുമാണ് നാട്ടിൽ തൊഴിലാളി യൂണിയനുണ്ടാക്കിയത്. കൃഷിയില്ലാണ്ടയപ്പോൾ വയലുകളെല്ലാം നികത്തി കരഭൂമിയാക്കി, ഇതിലൂടെ റോഡുകളുണ്ടാക്കി വസ്തുക്കളെല്ലാം വിറ്റു കാശുണ്ടാക്കുകയായിരുന്നു ഇവരുടെ പണി. അങ്ങനെ ഗ്രാമത്തിൻെറ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞു. ഈ വിവരമെല്ലാം അച്ഛനാണെനിക്കു പറഞ്ഞുതന്നത്. പിന്നിട് പറഞ്ഞത് എന്നെ വല്ലാതെ സ്പർശിച്ചു. "നല്ല വെയിലത്ത് ഇവറ്റകളെല്ലാം വാടിപ്പൊകും. ഇത്തരത്തിലൂടെ ഉണ്ടാക്കുന്നതെല്ലാം നശിച്ചുപോകാം. അതുകൊണ്ട് മകൻ അനന്തുവിൻെറ ഇപ്പോഴത്തെ വളർച്ചയിൽ അസൂയപ്പെടണ്ട".
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വരിക്കാട്ടുശ്ശേരി കുടുംബത്തിലെ ഞങ്ങളുടെ തലമുറയിലെ ആദ്യത്തെ മംഗല്യം വളരെ മംഗളമായി നടന്നു. ആ ഗ്രാമം മൊത്തം എൻെറ വീട്ടിൽ പങ്കെടുത്തുവെന്നു വേണം പറയാൻ. ഇതു കഴിഞ്ഞതോടെ ശാരീരികമായും മാനസികമായും ഒരു അവശത അച്ഛനിലും അമ്മയിലും കാണാമായിരുന്നു. സമ്പത്തികമായ ഒരു തളർച്ച അനുഭവപ്പെട്ടിരുന്നു. എൻെറ മുമ്പോട്ടുള്ള വിദ്യാഭ്യാസം, രണ്ടാമത്തെ മകളുടെ വിദ്യാഭ്യാസം ഇവയെല്ലാം അവരെ അലട്ടിയിരുന്നു. സാമ്പത്തികനില വളരെ മോശമായതിനാൽ പോസ്റ്റുഗ്രാഡുവേഷന് പാലക്കാട്ടു ഗവണ്മൻ്റുകോളജിൽ ചേർന്നു. അതോടൊപ്പം പബ്ളിക്ക് സർവീസ് കമ്മീഷൻ മുഖേന തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ അസിസ്റ്റൻ്റായി ജോലി ലഭിച്ചു. ഇതറിഞ്ഞ് അച്ഛനും അമ്മയ്ക്കും ആശ്വാസമായി. ഇതോടൊപ്പം സഹോദരി വിമലക്ക് വിദേശത്ത് ജോലിയുള്ള ഒരു പയ്യനുമായി വിവാഹ ആലോചന ഉറപ്പിച്ചു. വിമലക്ക് സ്ത്രീധനമായി കുടുംബസ്വത്തിൽ നിന്നും വസ്തുവായിട്ടാണ് കൊടുത്തത്. ചടങ്ങുകളൊക്കെ കഴിഞ്ഞതോടെ അച്ഛനും അമ്മക്കും ഒരു ഒറ്റപ്പെടൽ അനുഭവപ്പെടുന്നതുപോലെയായി. ഞാൻ തിരുവനന്തപുരത്ത് ജോലിക്ക് പ്രവേശിക്കുക കൂടി ചെയ്തതോടെ ഇതു വളരെ കലശലായി. അലധി കിട്ടമ്പോഴൊക്കെ വീട്ടിൽ വരുമായിരുന്നു. ഓരോ വരവിലും എൻെറ ഗ്രാമത്തിൻെറ മുഖച്ഛായ മാറിക്കൊണ്ടിരുന്നു. കുട്ടികൾ തമ്മിൽ ഏതു വീട്ടിലേതാണന്നുപോലും പരസ്പരം അറിയില്ല.
അങ്ങനെ നെന്മാറ ഗ്രാമം എന്നത് നെന്മാറ നഗരത്തിൻെറ പശ്ചാത്തലത്തിലേക്കു നീങ്ങുകയാണ്. ഇങ്ങനെ ജീവിതം മൻപോട്ടു പോകുമ്പോൾ അമ്മക്ക് ഒരു അവശത.അമ്മയെ കാണിച്ച ഡോക്ടർ പറഞ്ഞു. ഹാർട്ടു സംബന്ധമായ അസുഖമാണ്. കുറെ മരുന്നുകൾ കൊടുത്തിട്ടു പറഞ്ഞു. ഇനിയും ജീവിതത്തിൽ റെസ്റ്റെടുക്കുകയാണു നല്ലത്. ഈ വിവരം അറിഞ്ഞിട്ട് അച്ഛൻ ആകെ തകർന്നു പോയി. ഇതോടെ മകനെ എത്രയും പെട്ടന്ന് വിവാഹം കഴിപ്പിക്കാനുള്ള ശ്രമമായി അച്ഛന്. അച്ചൻ എന്നോടു പറഞ്ഞു. നിനക്ക് തിരുവനന്തപുരത്ത് ജോലിയായതിനാൽ അവിടത്തന്നെ ജോലിയുള്ള കുട്ടികളെ വിവാഹം കഴിക്കുന്നതാണ് നല്ലത്. ഞാനങ്ങനെ അച്ഛൻെറ ഉപദേശം സ്വീകരിച്ച് ഇവിടെ കോളജ് ലക്ചറായി ജോലിചെയ്യുന്ന ഒരു കുട്ടിയുടെ ആലോചന ഉറപ്പിച്ചു. വിവാഹം തിരുവനന്തപുരത്തായതിനാൽ എൻെറ ഗ്രാമത്തിൽ നിന്നും വളരെ കുറച്ചുപേർക്കെ പങ്കെടീക്കാനായുള്ളു. വിവാഹത്തിൻെറ പുതുമൊടിയൊക്കെ കഴിഞ്ഞ് ഒരിക്കൽ അച്ഛൻ എന്നോടു പറഞ്ഞു. ഒരു ദിവസം നിൻെറ ഭാര്യ ജ്യോതിയെയും കൂട്ടി വീട്ടിൽ വരണം. അങ്ങനെ ഞങ്ങൾ ഒരു ദിവസം ചെന്നു. അച്ഛനും അമ്മയും കൂടി ഞങ്ങൾക്ക് അവരുടെ വ സ്തുവിൻെറ പ്രമാണം ഏല്പിച്ചിട്ടു പറഞ്ഞു. എനിക്ക് എല്ലാം കാര്യത്തിലും ഒരു മറവി അനുഭവപ്പെടുന്നുണ്ട്, അതുകൊണ്ടാണ് ഇതു നിന്നെ ഏല്പിച്ചത്. അടുത്ത ദിവസം തിരിച്ചു പോന്നെങ്കിലും എൻെറ മനസിൽ വേദന തിങ്ങി നിറഞ്ഞിരുന്നു. അങ്ങനെ മാസങ്ങൾ കടന്നുപോയി. അമ്മയുടെ ആരോഗ്യനില വളരെ മോശമായി. അമ്മയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. ഈ സംഭവം അച്ചനെ വല്ലാതെ തളർത്തിക്കളഞ്ഞു. അച്ചന് ഒരു കൈത്താങ്ങ് ഇല്ലാതെപോയി. പിന്നിടുള്ളകാലഘട്ടം അച്ഛൻ ഒതുങ്ങി കൂടുന്ന അവസ്ഥയായി. മിക്ക സമയത്തും ഓർമ ഒട്ടും കിട്ടാത്ത നിലയിലേക്കായി. ഞാൻ തിരുവനന്തപുരത്തെ ഒരു ഡോക്ടറെ അച്ഛനെ കാണിച്ചു പരിശോധനക്കുശേഷം ഡോക്ടർ പറഞ്ഞു മറവി രോഗത്തിൻെറ ആരംഭമാണ് . സൂക്ഷിക്കണം. ഓർമയില്ലാതെ വീട്ടിൽ നിന്ന് ഇറങ്ങി പോകുകയും മറ്റും ചെയ്യാം . ഇതു കേട്ട് ഞാൻ വല്ലാതെ പരിഭ്രമിച്ചു. ഒന്നു രണ്ടു വർഷങ്ങൾ മരുന്നിൻെറ ബലത്തിൽ കുഴപ്പമില്ലാതെ കടന്നുപോയി
അച്ഛൻ രോഗിയായതോടെ കൃഷിയിടങ്ങളെല്ലാം കാടു പിടച്ചതുപോലെയായി. അച്ഛനെ ശുശ്രൂഷിക്കാൻ അടുത്തുള്ള ഒരു സ്ത്രീ വരുമായിരുന്നു. അവർ പറഞ്ഞു. അച്ഛന് തീരെ ഓർമയില്ല.ആഹാരം തീരെ കഴിക്കുന്നില്ല, ദൂരെയെവിടെയോ നോക്കി ചിന്തിച്ചിരിക്കുന്നതു കാണാം. കൂടെക്കൂടെ കരയുന്നതും കാണാം. ഇതു കേട്ടപ്പോൾ അച്ഛൻെറ രോഗം മൂർദ്ധന്യവസ്ഥയിലാകുകയാണന്നു മനസ്സിലായി. ഞാൻ ലീവെടുത്ത് അച്ഛനെ ചികത്സിക്കുന്നതിനായി നെന്മാറയിലെത്തി. അച്ഛൻെറ ഇപ്പോഴത്തെ അവസ്ഥ കണ്ട് എനിക്കു ഭയമായി. ഒരു ദിവസം ഞാൻ അച്ഛനെയു കൂട്ടി ഞങ്ങൾ കൃഷി ചെയ്തിരുന്ന സ്ഥലത്തുകൂടി നടക്കുവാൻ കൊണ്ടുപോയി. ഇപ്പോൾ ആ സ്ഥലങ്ങളെല്ലാം എനിക്കുതന്നെ തിരിച്ചറിയാൻ കഴിയാത്തവിധമായി. എങ്കിലും അച്ഛൻെറ മുഖത്ത് എന്തോ ഒരാനന്ദം കാണാമായിരുന്നു. എങ്കിലും ഞാൻ ചോദിച്ചു നമ്മളുടെ കൃഷിസ്ഥലം എവിടെയാണന്ന് അച്ഛനറിയാമോ. അച്ഛൻെറ മുഖം വളരെപ്പെട്ടന്ന് വല്ലാതെയാകുന്നതു കാണാമായിരുന്നു. ഒരു വശത്ത് അച്ഛൻെറ ഓർമ്മ നശിച്ചു, അതുപൊലെ നെന്മ്റയെന്ന ഗ്രാമവും ആകെ മാറി. എൻെറ ഗ്രാമത്തിൻെറ മാത്രമല്ല.കേരളത്തിലെ തന്നെ എല്ലാ ഗ്രാമങ്ങളുടെയും അവസ്ഥയിതാണ്. അങ്ങനെ അച്ഛൻെറ കൂടെ നടന്ന് മുമ്പോട്ടു ഞങ്ങൾ നീങ്ങി. പരിചയക്കാരെയും സഹോദരങ്ങളെയും വഴിയിൽവച്ചു കണ്ടിട്ട് പരിചയഭാവം പോലും അച്ഛൻ പ്രകടിപ്പിച്ചില്ല. അങ്ങനെ ഞാൻ വളർന്ന ഗ്രാമം എന്നിൽ നിന്നും അച്ഛനിൽ നിന്നും പൂർണ്ണമായി അകന്നതായി എനിക്കു ബോധ്യപ്പെട്ടു. അച്ഛൻെറ മറവി രോഗം കാരണമാണ് ഗ്രാമത്തെ മറന്നതെങ്കിൽ, ഔദ്യോഗിക ജീവിതത്തിലൂടെയാണ് ഞാൻ ഗാരാമത്തിൽ നിന്നകന്നത്. അങ്ങനെ മൂന്നു നാലു മാസങ്ങൾ കഴിഞ്ഞു . അച്ഛന് അസുഖം വളരെ കൂടുതലായി. രാത്രിയായപ്പോൾ അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റാക്കി. അന്നു രാത്രിയിൽ തന്നെ അച്ഛൻ ഈ ലോകത്തോടു വിട പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്കുശേഷം ഞാൻ ജോലിസ്ഥലത്തേക്കു തിരിച്ചുപോയി. പിന്നിട് വല്ല വിശേഷദിവസങ്ങളിലും മാത്രമായി നാട്ടിലേക്കുള്ള യാത്ര.
ഓരോ യാത്രയിലും ഗ്രാമത്തിൻെറ മാറുന്ന മുഖച്ഛായ മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.. കാലക്രമേണ എൻെറ പഴയ ഗ്രാമം എന്നത് ഏതോ കഥയിലെ ഗ്രാമം പോലെയൊന്നായി മാറി.