Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
നീതിനിരോധനം

ഒരു സാധാരണ വൈകുന്നേരം
സൽക്കാരമുറിയിലെ ടെലിവിഷൻ പെട്ടിയിൽ
പെട്ടന്നൊരു ചുടു വാർത്തയോടി
അതെ
അവർ പ്രഖ്യാപിച്ചിരിക്കുന്നു,
ഇന്ന് രാത്രി പന്ത്രണ്ടു മണിയോടെ
രാജ്യത്തു നീതിനിരോധിക്കപെടുമെന്നു .
കയ്യിലവശേഷിക്കുന്ന
പഴയ നീതികൾ
നാളെ മുതൽ ബാങ്കിൽ
മാറ്റി കൊടുക്കുമെന്നും
നീതികൾക്കു പകരമായ്
കുറച്ചു  പണം  കിട്ടാനിടയുണ്ട്
കൂടുതൽ നീതികൊടുത്താൽ
മതവും ജാതിയും കിട്ടും
ഉന്തും തള്ളുമേറെ സഹിച്ച്
വരി നിന്നാൽ ചിലപ്പോൾ
രാജ്യസ്നേഹിയെന്ന പേരും പൗരത്വവും കിട്ടും
പഴയ  നീതി കയ്യിൽ വയ്ക്കുന്നതിനി
രാജ്യദ്രോഹമത്രെ....
കാലപ്പഴക്കം കൊണ്ട ഒരു പെണ്ണിന്റെ രോദനം
കാത്തുകിടന്ന നീതി
പൊടിപിടിച്ച ഫയൽകെട്ടുകൾക്കിടയിൽ
നിന്നും എത്തിനോക്കി
തൂക്കികൊല്ലാൻ ഇനിയും
ആരാച്ചാരും കയറുമെത്താത്ത അഹങ്കാരത്തിൽ
അനീതി അത് നോക്കി പല്ലിളിച്ചു .
രണ്ടു പിഞ്ചു ജീവനുകൾ
കുഞ്ഞുകൈകളിൽ ഇറുക്കിപ്പിടിച്ചു
അലിഞ്ഞുതീർന്ന നാരങ്ങാമിട്ടായിയിൽ
കുതിർന്ന നീതിയുമായ് മരക്കൊമ്പിൽ തൂങ്ങിയാടി.
അവരീ നിരോധന വാർത്തയറിഞ്ഞോ ആവോ.
അറിഞ്ഞും കാര്യമില്ല,
നീതിക്കു പകരം കൊടുക്കാനുള്ള തെളിവുകൾ
പണം പെയ്ത പ്രളയത്തിൽ
ഒലിച്ചുപോയി.
എവിടെയോ പെട്രോൾ മണം പൊന്തി.
പിന്നാലെ കത്തിയെരിഞ്ഞ മാംസത്തിന്റെയും.
മുക്കാലും കരിഞ്ഞ ജീവനിൽ തുടിച്ച
ഹൃദയവും പഴയ കീറിമുഷിഞ്ഞ കുറച്ച്‌  നീതികൾ
കൊണ്ട് മിടിച്ചിരുന്നു.
വീടുമുറ്റത്തു കളിച്ചിരുന്ന കുരുന്നിന്റെ കൈകളിൽ
പട്ടത്തിന്റെ  നൂലിൽ കോർത്ത
നീതിപൊട്ടിച്ചെടുത്തു
അടുപ്പിലൂതുന്ന അമ്മയുടെ കയ്യിലെ കുഴലിൽ
പുകയിലൊളിപ്പിച്ച കുറച്ചു നീതിയും വാങ്ങി
കോളേജിലേക്കിറങ്ങിയ കുഞ്ഞുപെങ്ങളുടെ
പാവാടയിറക്കമളന്നു നോക്കി.
ഇല്ല ഇതിലിനി നീതികിട്ടില്ല.
കൂട്ടുകാരന്റെ കൂടെ നടക്കാൻ പോയ
അയല്പക്കത്തെ പരിഷ്‌ക്കരിപ്പെണ്ണിന്റെ
ബാഗിൽ തീരെയുമുണ്ടാവില്ല .
സൂര്യനുറങ്ങിയിട്ട് പുറത്തിറങ്ങിയ
പെണ്ണുങ്ങൾ പഴ്സുകളിൽ ആകെ തപ്പി.
പഴ നീതി ഒന്ന് പോലും ഇല്ല .
ഘടികാരസൂചിയിൽ ഉടുതുണിയളവിൽ
നീതികൾ അളക്കപെട്ടു.
വടിയൂന്നി നടന്ന ഒരു മുത്തശ്ശിയും
ചെല്ലപ്പെട്ടിയിൽ നിന്നും കുറച്ചു  നീതിയെടുത്തു
പുറത്തിട്ടു
അവർ ഇതെല്ലം പെറുക്കിയോടി.
ബാങ്കിന് മുന്നിൽ നീണ്ട ക്യൂ
ഇരുകണ്ണും കെട്ടി ഒരു കയ്യിൽ വാളും
മറുകയ്യിൽ തുലാസ്സുമായൊരു രൂപം വഴിയിലൊരാണിയിൽ
വികൃതികുരുന്നുകൾ തുലാസിൽ കല്ലുകളിട്ട് 
തൂക്കിക്കളിക്കുന്നു.
എത്ര അളന്നിട്ടും ഒപ്പം നിൽക്കുന്നില്ലത്രേ....
കണ്ണുകെട്ടിയ തുണിയിൽ ചെറിയൊരു
ഓട്ടയുണ്ടെന്നാരോ സംശയം പറഞ്ഞു.
ബാങ്കിൽ തിരക്കേറിയത്രെ
പ്രതിമയെ വഴിയിൽ വിട്ട് എല്ലാരും  ക്യൂവിലേക്കോടി.
അവരുടെ ആധാർ ചോദിക്കുന്നുണ്ട്
ജാതിയും മതവും തെളിയിക്കണമത്രേ
പണക്കെട്ടുകൾ എണ്ണപ്പെടുന്നുണ്ട്
ചളി പുരണ്ട ചില്ലറ തുട്ടുകൾ
പെറുക്കി ചിലർ തിരികെ വരുന്നു
നഷ്ടപെട്ട നീതിയുടെ പരിശുദ്ധി
തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇനിയും
ഒപ്പ് കിട്ടാൻ കാത്തു കിടപ്പുണ്ട്
ആയിരം മേശകൾ കേറിയിറങ്ങും
ഇനിയും സീൽ പതിയാനായി
ബാക്കിയുള്ള അവസാന തുള്ളി നീതിയും
ഊറ്റിയെടുക്കും......
എന്തായാലും ഇനി രാജ്യത്ത് നീതിയില്ല.
ഭാവിയിൽ
ചിരകാല ഓർമകളുടെ
പൊടിപിടിച്ച ചരിത്രപുസ്തകങ്ങളുടെ
ചിതൽവിശപ്പിന് ഇരയാവാതെ
അവശേഷിക്കുന്ന ചില ഏടുകളിൽ
കണ്ടുമുട്ടിയേക്കാം.

വർഷാവസാനം രാജ്യത്ത് നഷ്ടപെട്ട
നീതിയാകെയും തിരികെയെത്തിക്കുമത്രേ
ആർക്കറിയാം

 

 

Share :