Archives / October 2020

വിഷ്ണു പകൽക്കുറി
മുറിച്ചെവിയൻ

അകലേയ്ക്കൊഴുകുന്ന
പുഴയുടെ മാറിൽ 
തലചായ്ക്കുന്നൊരുനരജന്മം

കുറുകിയമിഴികളാൽ
ആപാഥചൂഢം
നോക്കുമ്പോൾ
ഉരുകിത്തീരുന്നുവെയിൽ

പാതിമുറിഞ്ഞുപോയചെവി
അബദ്ധസഞ്ചാരികളുടെ
സിൽക്കാരങ്ങളാൽ
തഴമ്പിച്ചിരുന്നു 

നിരാഹാരസമരത്തിൽ
പങ്കുചേരുന്നമനസ്സുമായി
വെള്ളിമേഘക്കീറുകൾ
ശിരസ്സിലേയ്ക്കെടുത്തുവച്ച്
പളുങ്കുകൾനഷ്ടപ്പെട്ട
മോണകാട്ടിചിരിക്കുന്നൊരു
മുറിച്ചെവിയൻ

കഴിഞ്ഞകാലത്തിൻ്റെ
ഓർമ്മകുറുപ്പുകളിലേയ്ക്ക്
മുറുക്കിതുപ്പുമ്പോൾ
ഹൃദയമുറിവുകൾ
ചുവക്കുന്നു

പരാതികത്തുകൾ
പുഴയിലേയ്ക്കെറിഞ്ഞു
പരൽമീനുകളെ
ചുംബിയ്ക്കുമ്പോൾ
മുറിച്ചെവിയൻ്റെ
ഇന്നലെകളിൽ മഴപെയ്യുന്നത്
പതിവായിരുന്നു

   

Share :